നിങ്ങളെപ്പോള്‍ വരും? പ്രധാനമന്ത്രി മോദിയെ ചായ് പേ ചര്‍ച്ചയ്ക്ക് വിളിച്ച് ഷഹീന്‍ബാഗിലെ സ്ത്രീകള്‍

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞടുപ്പ് പ്രചാരണത്തിലെ പ്രധാനഇനമായിരുന്നു ചായ് പേ ചര്‍ച്ച.

നിങ്ങളെപ്പോള്‍ വരും? പ്രധാനമന്ത്രി മോദിയെ ചായ് പേ ചര്‍ച്ചയ്ക്ക് വിളിച്ച് ഷഹീന്‍ബാഗിലെ സ്ത്രീകള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചായ് പേ ചര്‍ച്ചയ്ക്കു ക്ഷണിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു മാസമായി സമരമിരിക്കുന്ന ഷഹീന്‍ബാഗിലെ സ്ത്രീകള്‍. തങ്ങളുടെ മന്‍കി ബാത് കേള്‍ക്കാന്‍ ഒരു ചായ് പേ ചര്‍ച്ചയ്ക്കു സന്നദ്ധമാകണം എന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ മോദിക്ക് പോസ്റ്റ് കാര്‍ഡുകള്‍ അയച്ചു. ശനിയാഴ്ച വൈകിട്ട് 5.30നാണ് മോദിക്ക് ക്ഷണമുള്ളത്.

ദേശീയ പൗരത്വ രജിസ്റ്ററിന് മുമ്പോടിയായി നടത്തുന്ന ദേശീയ ജനസംഖ്യാ രജിസ്റ്ററും മതപരമായ വിവേചനം കാട്ടുന്ന ദേശീയ പൗരത്വഭേദഗതി ബില്ലും പിന്‍വലിക്കണം എന്നാണ് ഷഹീന്‍ബാഗിലെ പ്രതിഷേധക്കാരുടെ ആവശ്യം. സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് പേരാണ് ഡല്‍ഹിയിലെ തെരുവില്‍ ഒരു മാസമായി പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇതുവരെ ഒരു സര്‍ക്കാര്‍ പ്രതിനിധിയും ഇവരുമായി ചര്‍ച്ച നടത്തിയിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇവിടേക്ക് ഏകദേശം 17 കിലോമീറ്റര്‍ മാത്രമാണ് ദൂരം.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞടുപ്പ് പ്രചാരണത്തിലെ പ്രധാന ഇനമായിരുന്നു ചായ് പേ ചര്‍ച്ച. യു.പി.എ സര്‍ക്കാറിനെതിരെയുള്ള ആരോപണങ്ങളാണ് ഇതില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ അധികാരത്തിലെത്തിയ ശേഷം ജനങ്ങളുമായി നേരിട്ട് സംസാരിക്കാനോ അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനോ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടുമില്ല.

പ്രതിഷേധക്കാരുടെ ആവശ്യം പ്രധാനമന്ത്രി സ്വീകരിക്കുമോ ഇല്ലയോ എന്നതില്‍ വ്യക്തതയില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ക്ഷണത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടുമില്ല.

അതിനിടെ, ഷഹീന്‍ബാഗിലെ പ്രതിഷേധ സമരത്തില്‍ അടഞ്ഞുകിടക്കുന്ന ഷഹീന്‍ബാഗ്-കാളിന്ദി കുഞ്ച് വഴി യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കണമെന്ന ആവശ്യവുമായി ഡല്‍ഹി പൊലീസ് രംഗത്തെത്തി. നോയ്ഡക്കും ഡല്‍ഹിക്കും ഇടയിലെ സുപ്രധാന റോഡാണിത്. പ്രതിഷേധത്തെ തുടര്‍ന്ന് ഒരു മാസമായി ഇത് അടഞ്ഞു കിടക്കുകയാണ്.

ഡല്‍ഹിയിലെ യാത്രക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്ക് റോഡ് ഉപയോഗിക്കാന്‍ കഴിയാതെ വരുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും അതു കൊണ്ടു തന്നെ വഴി തുറന്നു കൊടുക്കണമെന്നുമാണ് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ കേസും നിലവിലുണ്ട്.

അതിനിടെ, ഷഹീന്‍ ബാഗിലെ റോഡ് തുറന്നു കൊടുക്കാന്‍ ആവശ്യപ്പെട്ട ഡല്‍ഹി പൊലീസ് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കൃഷ്മേനോന്‍ മാര്‍ഗ് തുറന്നു കൊടുക്കാന്‍ തയ്യാറായിട്ടില്ല എന്നതാണ് ഏറെ കൗതുകകരം. ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഔദ്യോഗിക വസതിയുള്ള റോഡാണിത്. പ്രതിഷേധങ്ങള്‍ ഭയന്ന് ഒരുമാസമായി റോഡ് അടച്ചിട്ടിരിക്കുകയാണ്.

Next Story
Read More >>