ഞങ്ങളെ ദേശദ്രോഹികള്‍ എന്നു വിളിച്ചു, ജീവനില്‍ ഭയമുണ്ട്- സുപ്രിംകോടതി സംഘത്തിന് മുമ്പില്‍ വിതുമ്പി ഷാഹിന്‍ബാഗിലെ പ്രതിഷേധക്കാര്‍

വഴി തടയാതെ സമരം തുടരാനാവില്ലേയെന്ന് മധ്യസ്ഥതയ്ക്കെത്തിയ അഭിഭാഷകരുടെ സംഘം സമരക്കാരോട് ആരാഞ്ഞു.

ഞങ്ങളെ ദേശദ്രോഹികള്‍ എന്നു വിളിച്ചു, ജീവനില്‍ ഭയമുണ്ട്- സുപ്രിംകോടതി സംഘത്തിന് മുമ്പില്‍ വിതുമ്പി ഷാഹിന്‍ബാഗിലെ പ്രതിഷേധക്കാര്‍

ന്യൂഡല്‍ഹി: സുപ്രിംകോടതി നിയോഗിച്ച മദ്ധ്യസ്ഥത സമിതിക്കു മുമ്പില്‍ വിതുമ്പി ഷാഹീന്‍ബാഗിലെ സമരക്കാര്‍. തങ്ങളെ രാജ്യദ്രോഹികള്‍ എന്നു വിളിച്ചെന്നും അതു ഞങ്ങളുടെ അഭിമാനത്തിനു ക്ഷതമേല്‍പ്പിച്ചെന്നും പ്രതിഷേധക്കാര്‍ മദ്ധ്യസ്ഥ സമിതി അംഗമായ അഭിഭാഷക സാധന രാമചന്ദ്രനോട് പറഞ്ഞു.

'സര്‍ക്കാര്‍ ഞങ്ങളെ കുറ്റപ്പെടുത്തുന്നു. മുദ്രയടിക്കുന്നു. ഞങ്ങള്‍ക്ക ദേഷ്യമില്ല. എങ്കിലും ഞങ്ങള്‍ക്ക് വേദനിച്ചു. ഞങ്ങളെ ദേശദ്രോഹികള്‍ എന്നു വിളിച്ചു. ഇവിടെ ഇരിക്കുന്ന ഞങ്ങളെ കേള്‍ക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. ഞങ്ങള്‍ സ്ഥലം മാറ്റിയാല്‍ അവര്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുമോ? ഞങ്ങള്‍ക്ക് സര്‍ക്കാറിനോട് സംസാരിക്കണം' - പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.

റോഡ് അടച്ചതിനെ പ്രതിഷേധക്കാരായ സ്ത്രീകള്‍ ന്യായീകരിച്ചു. 'ഞങ്ങള്‍ റോഡ് തുറന്നാല്‍ ആരെങ്കിലും വന്ന് ഞങ്ങളെ വെടിവച്ചു പോകും. രണ്ടു പേരെ ഞങ്ങള്‍ പിടിച്ച് ഡല്‍ഹി പൊലീസിന് കൈമാറിയിട്ടുണ്ട്. പൊലീസ് അവരെ വിട്ടയച്ചു. ഞങ്ങളെ കൊല്ലാന്‍ നടക്കുന്നവര്‍ ഇപ്പോഴും സ്വതന്ത്രരാണ്. ഞങ്ങള്‍ക്കു ഭയമുണ്ട്' - അവര്‍ പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് ശേഷം ആരംഭിച്ച ചര്‍ച്ച അവസാനിച്ചു. ഞായറാഴ്ച വരെ സംസാരിക്കാന്‍ സമയമുണ്ടെന്നും ചര്‍ച്ച തുടരുമെന്നും മദ്ധ്യസ്ഥര്‍ വ്യക്തമാക്കി.

മാധ്യമങ്ങള്‍ക്കു മുന്നില്‍ ചര്‍ച്ച വേണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. എന്നാല്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ചര്‍ച്ച പറ്റില്ലെന്ന് മധ്യസ്ഥസംഘം വ്യക്തമാക്കി. ഒടുവില്‍ ആവശ്യം സമരക്കാര്‍ ഉപേക്ഷിച്ചു.

> ഒന്നിച്ചിരുന്നു പരിഹരിക്കാമെന്ന് മദ്ധ്യസ്ഥ സംഘം

സുപ്രിംകോടതി നിര്‍ദേശങ്ങളും പരാമര്‍ശങ്ങളും മധ്യസ്ഥസംഘം വിശദീകരിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ ഇംഗ്ലീഷില്‍ വായിച്ച വിധി സാധന ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്തു. വഴി തടയാതെ സമരം തുടരാനാവില്ലേയെന്ന് മധ്യസ്ഥതയ്ക്കെത്തിയ അഭിഭാഷകരുടെ സംഘം സമരക്കാരോട് ആരാഞ്ഞു. നിങ്ങളുടെ അവകാശത്തിനു വേണ്ടി പോരാട്ടം നടത്തുമ്പോള്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാതെ നോക്കേണ്ടതുണ്ട് എന്നും സമിതി ചൂണ്ടിക്കാട്ടി.

തിങ്കളാഴ്ചയാണ് സുപ്രീം കോടതി മധ്യസ്ഥസംഘത്തെ നിയോഗിച്ചത്. പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും എന്നാല്‍ ഗതാഗത തടസ്സം സൃഷ്ടിക്കാതെ പ്രതിഷേധം തുടരാന്‍ അവര്‍ക്ക് കഴിയുന്ന ബദല്‍ മേഖല എതാണെന്നും പരാമര്‍ശം നടത്തിയ ശേഷമാണ് ജസ്റ്റിസ് എസ്. കെ. കൗള്‍, ജസ്റ്റിസ് കെ. എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് മധ്യസ്ഥസംഘത്തെ നിയോഗിച്ചത്.

അടുത്ത തിങ്കളാഴ്ച റിപ്പോര്‍ട്ട നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ടു മാസത്തോളമായി ഷാഹീന്‍ബാഗില്‍ പ്രതിഷേധം തുടരുകയാണ്.

Next Story
Read More >>