ഷുക്കൂര്‍ വധക്കേസ്: പി. ജയരാജനെതിരെ കൊലക്കുറ്റം

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജനെതിരെ കൊലക്കുറ്റം.

ഷുക്കൂര്‍ വധക്കേസ്: പി. ജയരാജനെതിരെ കൊലക്കുറ്റം

തലശേരി: കോളിളക്കം സൃഷ്ടിച്ച അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജനെതിരെ കൊലക്കുറ്റം. ടി.വി. രാജേഷ് എം.എല്‍.എക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. തലശേരി കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കുറ്റം ചുമത്തിയത്.

കൊലക്കുറ്റം, കൊലക്ക് കാരണമായ ഗൂഢാലോചനാ എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കും എതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ ജയരാജന്‍ 32ാം പ്രതിയും രാജേഷ് 33ാം പ്രതിയുമാണ്. സി.ബി.ഐ എസ്.പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നേരത്തെ എറണാകുളം സി.ബി.എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം തലശേരി കോടതിയിലേക്ക് മാറ്റുകയായിരുന്നു.

സുപ്രീംകോടതിയുടെ നിര്‍ദേശത്തിന് പിന്നാലെ മൂന്നു മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയാണ് സി.ബി.ഐ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഫെബ്രുവരി 14ന് കേസ് തലശേരി കോടതി വീണ്ടും പരിഗണിക്കും.

കേസ് നാള്‍ വഴി

തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫ് പ്രാദേശിക നേതാവുമായ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്. കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ചായിരുന്നു ഷുക്കൂര്‍ കൊല്ലപ്പെട്ടത്. രണ്ടര മണിക്കൂര്‍ നേരം ആള്‍ക്കൂട്ട വിചാരണ ചെയ്താണ് ഷുക്കൂറിനെ വകവരുത്തിയത്. സംഭവ ദിവസം തളിപ്പറമ്പില്‍ നിന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എം.എല്‍.എയും പട്ടുവം അരിയില്‍ ഗ്രാമത്തിലേക്ക് പൊലീസിനെ പോലും മുന്‍കൂട്ടി അറിയിക്കാതെ നടത്തിയ യാത്രയുടെ അനന്തരഫലമാണ് ഷുക്കൂറിന്റെ അരുംകൊല. ജയരാജന്റെ വാഹന വ്യൂഹം സഞ്ചരിച്ച വാഹനം അരിയില്‍ യു.പി സ്‌കൂളിന് മുന്നില്‍ വെച്ച് വഴിയാത്രക്കാരനായ അന്‍സാര്‍ എന്ന ചെറുപ്പക്കാരനെ ഇടിച്ച് തെറിപ്പിച്ചു. സംഭവം കണ്ട് സമീപത്തെ വയലില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന ചെറുപ്പക്കാര്‍ ജയരാജന്റെ വണ്ടിക്കുസമീപം ഓടിക്കൂടി. തുടര്‍ന്ന് അതിവേഗത്തില്‍ ഓടിച്ച് തിരികെ പോയ വണ്ടി വഴിമധ്യേ അജ്ഞാത കേന്ദ്രത്തില്‍ വെച്ച് തകര്‍ക്കപ്പെടുന്നു. പിന്നാലെ പാര്‍ട്ടി ചാനലില്‍ ബ്രേക്കിംഗ് ന്യൂസ് വന്നു. സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ കാര്‍ തകര്‍ത്തു. ജയരാജന് ഗുരുതര പരിക്ക്. ടി.വി രാജേഷ് എം.എല്‍.എയുടെ നില ഗുരുതരം... പാര്‍ട്ടി ചാനല്‍ പടച്ചുവിട്ട ഈ അപസര്‍പ്പകകഥയുടെ ഇരയായിരുന്നു അരിയില്‍ അബ്ദുല്‍ഷുക്കൂര്‍ എന്ന നിരപരാധിയായ യുവാവ്. കൂട്ടുകാരോടൊപ്പം പട്ടുവം പുഴകടന്ന് കണ്ണപുരത്തേക്ക് വരികയായിരുന്ന ഷുക്കൂറിനെ ജയരാജനെ ആക്രമിച്ചുവെന്നാരോപിച്ച് ക്രിമിനല്‍ സംഘം തടഞ്ഞുവെച്ചു. പിന്നീടായിരുന്നു പരസ്യവിചാരണയും കൊലപാതകവും.

Read More >>