തകര്‍ന്ന സമ്പദ്‌രംഗം: മോദി സര്‍ക്കാറിനെ പൂട്ടാന്‍ മന്‍മോഹനെ നിയോഗിച്ച് സോണിയ

മൂന്നു പതിറ്റോണ്ടോളം അസമില്‍ നിന്നുള്ള രാജ്യസഭാ എംപിയായ അദ്ദേഹം ഇത്തവണ രാജസ്ഥാനില്‍ നിന്നാണ് സഭയിലെത്തുന്നത്

തകര്‍ന്ന സമ്പദ്‌രംഗം: മോദി സര്‍ക്കാറിനെ പൂട്ടാന്‍ മന്‍മോഹനെ നിയോഗിച്ച് സോണിയ

ന്യൂഡല്‍ഹി: ദിനംപ്രതി തകരുന്ന സമ്പദ് രംഗത്തില്‍ മോദി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ കോണ്‍ഗ്രസ് തന്ത്രം മെനയുന്നു. സാമ്പത്തിക വിദഗ്ദ്ധന്‍ കൂടിയായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇതിന്റെ ചുമതലയേല്‍പ്പിച്ചത്. 86കാരനായ മന്‍മോഹനെ ഒരിക്കല്‍ക്കൂടി രാജ്യസഭയിലേക്ക് എത്തിക്കാന്‍ സോണിയ നിര്‍ബന്ധം പിടിച്ചതും ഈ തന്ത്രത്തിന്റെ ഭാഗമാണ്. രാഷ്ട്രീയത്തിന് അതീതമായി മുന്‍ പ്രധാനമന്ത്രിക്കുള്ള പ്രതിച്ഛായയും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്ന കോണ്‍ഗ്രസ് കരുതുന്നു.

കേള്‍ക്കുന്ന എല്ലാറ്റിനും മറുപടി പറയുന്ന പ്രകൃതമല്ല, പറയേണ്ട കാര്യങ്ങളില്‍ കൃത്യമായ പ്രതികരണം മാത്രം പറയുന്ന നേതാവാണ് മന്‍മോഹന്‍സിങ്. മൂന്നു പതിറ്റോണ്ടോളം അസമില്‍ നിന്നുള്ള രാജ്യസഭാ എംപിയായ അദ്ദേഹം ഇത്തവണ രാജസ്ഥാനില്‍ നിന്നാണ് സഭയിലെത്തുന്നത്.

രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ, കൃത്യമായ വാദങ്ങള്‍ മുന്നില്‍ വെച്ച് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇതിനെ കുറിച്ച് ആധികാരികമായി പറയാന്‍ മന്‍മോഹന്‍ സിങ്ങ് അല്ലാതെ മറ്റൊരാള്‍ ഇല്ല താനും.

വിദേശ നിക്ഷേപം ഗണ്യമായി കുറഞ്ഞതും ഉല്പാദനം ഇടിഞ്ഞതുമാണ് സമ്പദ് വ്യവസ്ഥ തകരാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. തൊഴിലില്ലായ്മ ഉയര്‍ന്ന നിലയില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. ഓട്ടോ മൊബൈല്‍ മേഖലയില്‍ നിന്നു മാത്രം മൂന്ന് ലക്ഷം പേരെയാണ് ഏതാനും മാസങ്ങളില്‍ പിരിച്ചുവിട്ടത് എന്ന് കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കടുത്ത മാന്ദ്യത്തിന്റെയും ലക്ഷണങ്ങളായാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ഇതിനെ വിലയിരുത്തുന്നത്.

നേരത്തെ, നോട്ടുനിരോധനത്തിന് ശേഷം മന്‍മോഹന്‍ നടത്തിയ പ്രസംഗവും പ്രവചനവും അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മന്‍മോഹന്റെ പ്രവചനങ്ങളെ സാധൂകരിക്കും വിധം രാജ്യത്തിന്റെ ജി.ഡി.പി കുറയുകയും അസംഘടിത മേഖലയെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു.

സമ്പദ് രംഗത്തെ ആധികാരിക ശബ്ദമായ മന്‍മോഹന്റെ നാമനിര്‍ദ്ദേശത്തെ, അതുകൊണ്ടു തന്നെ എതിര്‍ക്കാനോ എതിര്‍ ശബ്ദമുയര്‍ത്താനോ കോണ്‍ഗ്രസില്‍ ആരും ഉണ്ടാവില്ല. ബിജെപിയുടെ രാജ്യസഭാ എംപി മദന്‍ലാല്‍ സെയ്‌നി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് മന്‍മോഹന്‍ സിങ് സ്ഥാനാര്‍ഥിയാകുന്നത്. ഉപതെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യുന്നില്ലെന്ന് ബി.ജെ.പി തീരുമാനിച്ചാല്‍ എതിരില്ലാതെ മന്‍മോഹന്‍സിങ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടും.

100 എംഎല്‍എമാര്‍, 12സ്വതന്ത്രര്‍, ബിഎസ്പിയുടെ ആറ് എംഎല്‍എമാര്‍ എന്നിവരുടെ പിന്തുണയോടെയാണ് മന്‍മോഹന്‍ സിങ് മല്‍സരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മന്‍മോഹന്‍ സഭയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

Read More >>