29-ാം വയസ്സില്‍ അധികാരത്തിലെത്തി; ഒമാന്റെ മുഖച്ഛായ മാറ്റി-സുല്‍ത്താന്‍ ഖാബൂസ് വിട പറയുമ്പോള്‍

1970 ജൂലൈ 23നായിരുന്നു ഖാബൂസ് അധികാരമേറിയത്.

29-ാം വയസ്സില്‍ അധികാരത്തിലെത്തി; ഒമാന്റെ മുഖച്ഛായ മാറ്റി-സുല്‍ത്താന്‍ ഖാബൂസ് വിട പറയുമ്പോള്‍

മസ്‌ക്കത്ത്: പടിഞ്ഞാറന്‍ അറേബ്യയിലെ അറേബ്യന്‍ പെനിന്‍സുലയില്‍, സൗദി അറേബ്യയ്ക്കും യു.എ.ഇക്കും താഴെ അറബിക്കടലിനോട് ചേര്‍ന്നാണ് ഒമാന്റെ ഭൂമി ശാസ്ത്രപരമായ കിടപ്പ്. പ്രകൃതി വിഭവങ്ങള്‍ കൊണ്ട് സമ്പന്നമായ രാജ്യത്ത് ബ്രിട്ടീഷ് അധിനിവേശത്തിനു ശേഷമാണ്, 1932ല്‍ തൈമൂര്‍ ഭരണം ആരംഭിക്കുന്നത്, ബ്രിട്ടീഷ് പിന്തുണയോടെ തന്നെ. അത്രസുഖകരമായിരുന്നില്ല തൈമൂറിന്റെ കാലം. ആഭ്യന്തര യുദ്ധങ്ങള്‍, ബ്രിട്ടീഷുകാരുമായുള്ള അസ്വാരസ്യങ്ങള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ ധൊഫര്‍ മേഖല കേന്ദ്രീകരിച്ചുള്ള ഇടത് ശക്തികളുടെ ആഭ്യന്തര കലാപങ്ങള്‍ എന്നിവ തൈമൂര്‍ ഭരണത്തെ അസ്ഥിരപ്പെടുത്തി.

1970ല്‍ രക്തരഹിത വിപ്ലവത്തിലൂടെ ഖാബൂസ് ബിന്‍ സൈദ് അധികാരത്തിലെത്തി. ജൂലൈ 23നായിരുന്നു ഖാബൂസ് അധികാരമേറിയത്.

>രാജ്യത്തിന്റെ പേരുമാറുന്നു

അധികാരമേറുമ്പോള്‍ 29 വയസ്സായിരുന്നു ഖാബൂസിന്റെ പ്രായം. മസ്‌കറ്റ് ആന്‍ഡ് ഒമാന്‍ എന്നറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ പേരു മാറ്റുകയാണ് ഭരണാധികാരി എന്ന നിലയില്‍ സുല്‍ത്താന്‍ ഖാബൂസ് ആദ്യം ചെയ്തത്. ദ സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്നായിരുന്നു പുതിയ പേര്. വടക്കന്‍ യമനില്‍ രൂപപ്പെട്ടുവന്ന ധൊഫാര്‍ വിമതരെ (1962-1976) എങ്ങനെ നേരിടും എന്നതായിരുന്നു ഖാബൂസ് നേരിട്ട ആദ്യ വെല്ലുവിളി. ഇറാന്‍ ഭരണാധികാരിയായ ഷാ, ജോര്‍ദാന്‍ രാജവ് ഹുസൈന്‍, ബ്രിട്ടീഷ് എയര്‍ഫോഴ്‌സ് എന്നിവരുടെ സഹായത്തോടെ വിമതരെ അടിച്ചൊതുക്കാന്‍ ഖാബൂസിനായി.

>ദാരിദ്ര്യത്തില്‍ നിന്ന് കരകയറുന്നു

അടിസ്ഥാന സൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന ദരിദ്രരാഷ്ട്രമായിരുന്നു ഒമാന്‍. കൃഷിയും മീന്‍പിടിത്തവും മാത്രമായിരുന്നു വരുമാനമാര്‍ഗങ്ങള്‍. നല്ലൊരു റോഡു പോലും ഇല്ലാതിരുന്ന രാജ്യത്ത് എണ്ണ സ്രോതസ്സ് ഉപയോഗിച്ച് ഖാബൂസ് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു.

സ്‌കൂളുകളും ആശുപത്രികളും പണിതു. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് തുടക്കമിട്ടു. നൂറുകണക്കിന് കിലോമീറ്റര്‍ റോഡ് പണിതു. പുതിയ തുറമുഖങ്ങളും വിമാനത്താവളങ്ങളും ഉണ്ടാക്കി. സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കി. ബാങ്കുകള്‍, ഹോട്ടലുകള്‍, പത്രമാദ്ധ്യമങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയ മാറിയ ഒമാന്റെ അടയാളങ്ങളായി മാറി. അതുവരെ ഉപയോഗിച്ചിരുന്ന ഇന്ത്യന്‍ കറന്‍സിക്കും മരിയ തെരേസ തേലറിനും (വെള്ളി നാണയം) ഒമാനി റിയാല്‍ ദേശീയ കറന്‍സിയായി. അധികാരത്തിലെത്തിയ ആദ്യകാലത്തു തന്നെ രാജ്യത്ത് അടിമനിരോധനം പ്രഖ്യാപിക്കുകയും ചെയ്തു.

>മദ്ധ്യേഷ്യയിലെ രാജാവ്

ഏതെങ്കിലും ഒരു ഗള്‍ഫ് രാഷ്ട്രത്തില്‍ ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്ന ഭരണാധികാരിയും ഇദ്ദേഹമാണ്. ഏകദേശം അരനൂറ്റാണ്ടു കാലമാണ് അദ്ദേഹം അധികാരത്തിലിരുന്നത്. അവിവാഹിതനാണ്.

സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബര്‍ പതിനെട്ടിന് സലാലയില്‍ ജനനം. ഇന്ത്യയിലെ പുണെയിലും സലാലയിലും പ്രാഥമികവിദ്യാഭ്യാസം.

ലണ്ടനിലെ സ്റ്റാന്‍ഡേര്‍ഡ് മിലിട്ടറി അക്കാദമിയില്‍നിന്ന് ആധുനികയുദ്ധതന്ത്രങ്ങളില്‍ അദ്ദേഹം നൈപുണ്യംനേടി. തുടര്‍ന്ന് പശ്ചിമജര്‍മനിയിലെ ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ ഒരുവര്‍ഷം സേവനം. വീണ്ടും ലണ്ടനിലെത്തി ഭരണക്രമങ്ങളിലും രാഷ്ട്രതന്ത്രശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം. സ്ഥാനാരോഹണശേഷം അദ്ദേഹം ആദ്യമായി ചെയ്തത് രാജ്യത്തിന്റെ പേരുമാറ്റമായിരുന്നു. മസ്‌കറ്റ് ആന്‍ഡ് ഒമാന്‍ എന്ന പേരുമാറ്റി സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്നാക്കി സ്വന്തംരാജ്യത്തെ ലോകത്തിലടയാളപ്പെടുത്തി.

>വ്യത്യസ്തനായ ഭരണാധികാരി

വിഭാഗീയത, രാഷ്ട്രീയ വിയോജിപ്പുകള്‍, വൈദേശിക ഇടപെടല്‍ തുടങ്ങിയവ കൊണ്ട് കലുഷമായ മദ്ധ്യേക്ഷ്യയില്‍ ഈ മൃദുഭാഷിയായ സുല്‍ത്താന്‍ ഖാബൂസ് മറ്റു ഭരണാധികാരികളില്‍ നിന്ന് വ്യത്യസ്തനായിരുന്നു. വിദേശനയത്തില്‍ ഒരിടത്തും ചായ്‌വു കാണിക്കാതിരുന്ന ഖാബൂസ്, ഇറാന്‍, ഇസ്രയേല്‍, യു.എസ്, സൗദി അറേബ്യ, ഇന്ത്യ എന്നിവരുമായി എല്ലാം മികച്ച ബന്ധം പുലര്‍ത്തിപ്പോന്നു.

അധികാരത്തിലിരിക്കെ രാജ്യത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം സുല്‍ത്താന്‍ ഖാബൂസിന്റെ കൈകളിലായിരുന്നു. സൈനിക മേധാവിയും പ്രതിരോധ-വിദേശകാര്യ മന്ത്രിയും അദ്ദേഹം തന്നെ ആയിരുന്നു. കേന്ദ്രബാങ്കിന്റെ ചെയര്‍മാനും ഖാബൂസ് തന്നെ. 1996ലെ ബേസിക് ലോ അടക്കം രാജ്യത്തെ എല്ലാ നിയമങ്ങളും രാജകല്‍പ്പനയിലൂടെ വന്നതാണ്.

രാജ്യത്തിന്റെ ഔദ്യോഗിക മതം ഇസ്‌ലാം ആണ് എങ്കിലും മറ്റു മതവിഭാഗങ്ങള്‍ക്കും രാജ്യത്ത് സ്വതന്ത്രമായ ആരാധനാ സ്വാതന്ത്ര്യം ഉണ്ട്. രാജ്യത്ത് കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് ചര്‍ച്ചുകളും ഹിന്ദു ക്ഷേത്രങ്ങളുമുണ്ട്.

>ഇനിയാര്?

മറ്റു അറബ് ഭരണാധികാരികളില്‍ നിന്ന് വ്യത്യസ്തമായി, മക്കളില്ലാത്തു കൊണ്ട് സുല്‍ത്താന്‍ ഖാബൂസ് അടുത്ത ഭരണാധികാരിയെ പ്രഖ്യാപിച്ചിട്ടില്ല. പുതിയ ഭരണാധികാരിയെ ഔമാന്റെ ഔദ്യോഗിക നടപടിക്രമങ്ങള്‍ പ്രകാരം സ്വീകരിക്കും.

രാജ്യത്തിന്റെ അടിസ്ഥാന നിയമപ്രകാരം സുല്‍ത്താല്‍ മരിച്ചാല്‍ കുടുംബ കൗണ്‍സില്‍ ചേര്‍ന്ന അടുത്ത ഭരണാധികാരിയെ തെരഞ്ഞെടുക്കുകയാണ് പതിവ്.

രാജകുടുംബത്തിലെ സയ്യിദ് താരിഖ് ബിന്‍ തൈമൂര്‍ അല്‍ സൈദിന്റെ മൂന്നു മക്കളില്‍ ആരെങ്കിലും ഒരാള്‍ ഭരണാധികാരിയാകും എന്നാണ് കരുതപ്പെടുന്നത്. ആദ്യ മകന്‍ അസദ് നിലവില്‍ ഉപപ്രധാനമന്ത്രിയാണ്. മറ്റൊരു മകന്‍ ഷിഹാബ് റിട്ടയേഡ് നാവിക കമാന്‍ഡറാണ്. മൂന്നാമത്തെ മകന്‍ ഹൈസം സാംസ്‌കാരിക വകുപ്പു മന്ത്രിയാണ്.


തത്സമയം വാര്‍ത്തകള്‍, വിശകലനങ്ങള്‍, വീഡിയോകള്‍ ലഭിക്കാനായി താഴെയുള്ള വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

https://chat.whatsapp.com/BPwNVKD9XZA9tD3hJ4Lalu

Next Story
Read More >>