അയോദ്ധ്യ കേസില്‍ വിധി നാളെ; തീര്‍പ്പാകുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ കേസ്

നാളെ അവധി ദിനമായിട്ടും ചീഫ് ജസ്റ്റിസ് വിധി പറയാന്‍ ശനിയാഴ്ച തെരഞ്ഞെടുക്കുകയായിരുന്നു

അയോദ്ധ്യ കേസില്‍ വിധി നാളെ; തീര്‍പ്പാകുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ കേസ്

ന്യൂഡല്‍ഹി: ബാബരി മസ്ജിദ്-രാമജന്മഭൂമി ഭൂമി തര്‍ക്ക കേസില്‍ സുപ്രിംകോടതി നാളെ വിധി പറയും. രണ്ടര ദശാബ്ദത്തോളം നീണ്ട, ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ കേസിലാണ് രാജ്യത്തെ പരമോന്നത കോടതി നാളെ രാവിലെ പത്തരയ്ക്ക് വിധി പറയുന്നത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസില്‍ തീര്‍പ്പു കല്‍പ്പിക്കുന്നത്. വിധിക്ക് മുമ്പോടിയായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സുരക്ഷ ശക്തമാക്കി. ഇന്ന് ചീഫ് ജസ്റ്റിസ് ഉത്തര്‍പ്രദേശിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. യു.പിയില്‍ മാത്രം 40 കമ്പനി അര്‍ദ്ധ സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്.

നാളെ അവധി ദിനമായിട്ടും ചീഫ് ജസ്റ്റിസ് വിധി പറയാന്‍ ശനിയാഴ്ച തെരഞ്ഞെടുക്കുകയായിരുന്നു. വിധി റിപ്പോര്‍ട്ട് ചെയ്യുന്ന അക്രഡിറ്റേഷന്‍ ഉള്ള മാദ്ധ്യമ പ്രവര്‍ത്തകര്‍ രാവിലെ ഒമ്പതു മണിക്ക് മുമ്പായി കോടതിയില്‍ പ്രവേശിക്കണമെന്ന നിര്‍ദ്ദേശമുണ്ട്.

അയോദ്ധ്യയിലെ 2.7 ഏക്കര്‍ വരുന്ന ഭൂമി മൂന്നായി ഭാഗിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 14 അപ്പീലുകളാണ് കോടതി പരിഗണിച്ചത്. 40 ദിവസം തുടര്‍ച്ചയായാണ് കോടതി കേസില്‍ വാദം കേട്ടത്.

Next Story
Read More >>