ഭരണത്തെ കുറിച്ച് സിനിമാ സ്റ്റൈലില്‍ മോദി; ഇത് ട്രയിലര്‍ മാത്രം, മൂവി വരുന്നേയുള്ളൂ

രണ്ടാമൂഴത്തിലെ ആഴ്ചകള്‍ക്കുള്ളില്‍ സര്‍ക്കാര്‍ വമ്പന്‍ തീരുമാനങ്ങള്‍ നടപ്പാക്കിയിരുന്നു

ഭരണത്തെ കുറിച്ച് സിനിമാ സ്റ്റൈലില്‍ മോദി; ഇത് ട്രയിലര്‍ മാത്രം, മൂവി വരുന്നേയുള്ളൂ

ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ നൂറാം വാര്‍ഷികാഘോഷച്ചടങ്ങില്‍ വമ്പന്‍ അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ നൂറു ദിനം ട്രയിലര്‍ മാത്രമാണെന്നും സിനിമ വരാനിരിക്കുന്നതേയുള്ളൂ എന്നുമായിരുന്നു മോദിയുടെ സിനിമാ സ്റ്റൈല്‍ പ്രസ്താവന.

' തെരഞ്ഞെടുപ്പിന് മുമ്പ്, നന്നായി ജോലി ചെയ്യുന്ന ഒരു സര്‍ക്കാര്‍ ഞാന്‍ വാഗ്ദാനം ചെയ്തിരുന്നു. നേരത്തെയുണ്ടായിരുന്ന സര്‍ക്കാറിനേക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍. നിങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ്. നമ്മുടെ ഭരണത്തിന്റെ നൂറ് ദിനങ്ങള്‍ ഒരു ട്രയിലര്‍ മാത്രമാണ്. മുഴുവന്‍ മൂവി വരാനിരിക്കുന്നേ ഉള്ളൂ' - ബി.ജെ.പി ട്വീറ്റ് ചെയ്തു.

രണ്ടാമൂഴത്തിലെ ആഴ്ചകള്‍ക്കുള്ളില്‍ സര്‍ക്കാര്‍ വമ്പന്‍ തീരുമാനങ്ങള്‍ നടപ്പാക്കിയിരുന്നു. മുത്തലാഖ് നിരോധന ബില്‍, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയല്‍, വിവരാവകാശ ഭേദഗതി ബില്‍ എന്നിവ സര്‍ക്കാര്‍ ഇക്കാലയളവില്‍ കൊണ്ടുവന്നിരുന്നു.

അതേസമയം, കെടുകാര്യസ്ഥതയുടെയും അരാജകത്വത്തിന്റെയും നൂറു ദിനങ്ങളാണ് സര്‍ക്കാര്‍ ആഘോഷിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ആറു വര്‍ഷത്തെ ഏറ്റവും മോശം വളര്‍ച്ചാ നിരക്കിലേക്ക് കൂപ്പുകുത്തിയത് ഈ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

സാമ്പത്തിക മാന്ദ്യമാണ് ആദ്യ നൂറു ദിനത്തില്‍ സര്‍ക്കാര്‍ നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളി. ജി.ഡി.പി ആറു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ നില്‍ക്കുകയാണ്. ആഭ്യന്തര മേഖലയിലെ പണലഭ്യത എഴുപത് വര്‍ഷത്തിനിടെയുള്ള ഏറ്റവും ദുര്‍ബലമായ സാഹചര്യത്തിലൂടെയാണ് മുന്നോട്ടു പോകുന്നത്. വാഹന-നിര്‍മാണ വിപണികളെയും മാന്ദ്യം വന്‍താതോതില്‍ ബാധിച്ചു.

നോട്ടുനിരോധനവും തിടുക്കപ്പെട്ട് നടപ്പാക്കിയ ജി.എസ്.ടിയുമാണ് എല്ലാറ്റിനും കാരണം എന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്കൊപ്പം തന്നെ രാജ്യത്തുടനീളം സാമ്പത്തിക പ്രതിസന്ധി മുന്നില്‍ നിര്‍ത്തി സമരപരിപാടികള്‍ക്ക് കോണ്‍ഗ്രസ് ആസൂത്രണം നല്‍കുന്നുണ്ട്.

Next Story
Read More >>