ജോളിക്ക് സയനൈഡ് നല്‍കിയത് രണ്ടു പേര്‍; കല്ലറ തുറന്നാല്‍ ദോഷമെന്ന് ജോളി പ്രചരിപ്പിച്ചു

പള്ളിയിലെ പൊന്നാമറ്റം കുടുംബത്തിലെ കല്ലറകള്‍ ക്രൈംബ്രാഞ്ച് തുറന്ന് പരിശോധിച്ചതോടെയാണ് കൂടത്തായി ദുരൂഹമരണക്കേസിലെ ചുരുള്‍ അഴിഞ്ഞിരുന്നത്.

ജോളിക്ക് സയനൈഡ് നല്‍കിയത് രണ്ടു പേര്‍; കല്ലറ തുറന്നാല്‍ ദോഷമെന്ന് ജോളി പ്രചരിപ്പിച്ചു

കോഴിക്കോട്: കൂടത്തായി ദുരൂഹമരണക്കേസിലെ പ്രതി ജോളിക്ക് സയനൈഡ് നല്‍കിയത് രണ്ടു പേരെന്ന് അന്വേഷണ സംഘം. ഒരാള്‍ പ്രജികുമാറാണ് എന്നും രണ്ടാമത്തെയാള്‍ ജീവിച്ചിരിപ്പില്ല എന്നും അന്വേഷണ സംഘം വ്യക്തമാക്കി.

മാത്യു ആണ് സയനൈഡ് എത്തിച്ചു നല്‍കിയത്. പെരുച്ചാഴിയെ കൊല്ലാനാണ് എന്നു പറഞ്ഞാണ് തന്റെ കൈയില്‍ നിന്ന് മാത്യു സയനൈഡ് വാങ്ങിയത് എന്ന് പ്രജുകുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

കോടഞ്ചേരി പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്താതിരിക്കാന് ജോളി ശ്രമിച്ചിരുന്നതായും അന്വേഷണ സംഘം പറയുന്നു. ഇതിനായി പള്ളി വികാരിയെ സമീപിച്ചിരുന്നു. കല്ലറ തുറന്ന് പരിശോധിച്ചാല്‍ ആത്മാക്കള്‍ക്ക് പ്രശ്‌നമുണ്ടാകുമെന്ന് കുടുംബത്തിനിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തു- ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പള്ളിയിലെ പൊന്നാമറ്റം കുടുംബത്തിലെ കല്ലറകള്‍ ക്രൈംബ്രാഞ്ച് തുറന്ന് പരിശോധിച്ചതോടെയാണ് കൂടത്തായി ദുരൂഹമരണക്കേസിലെ ചുരുള്‍ അഴിഞ്ഞിരുന്നത്.

ജോളിയുടെ ആദ്യ ഭാര്യ സിസിലി, മകള്‍ അല്‍ഫൈന്‍ എന്നിവരുടെ കല്ലറയാണ് അന്വേഷണ സംഘം തുറന്നിരുന്നത്.

അതിനിടെ, ജോളി രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും ജോളിയുടെ സുഹൃത്ത് ജോണ്‍സന്റെ ഭാര്യയേയും വധിക്കാന്‍ ശ്രമിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ജോണ്‍സണിനെ വിവാഹം ചെയ്യാനാണ് ഷാജുവിനേയും ജോണ്‍സണിന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ ജോളി ശ്രമിച്ചത്.

അദ്ധ്യാപകനായ ഷാജുവിനെ കൊലപ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിതനിയമനവും ജോളി ലക്ഷ്യമിട്ടിരുന്നു. ആദ്യഭര്‍ത്താവ് റോയി തോമസ് മരിച്ചതിന്റെ രണ്ടാംദിവസം പുരുഷസുഹൃത്തിനൊപ്പം ജോളി കോയമ്പത്തൂരിലെത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇത് ജോണ്‍സണ്‍ ആണെന്നാണ് സൂചന. ഐ.ഐ.എമ്മില്‍ എന്തോ ക്ലാസുണ്ടെന്നു പറഞ്ഞായിരുന്നു ജോളി വീട്ടില്‍നിന്നിറങ്ങിയത്.

ജോളിയും ജോണ്‍സണും കുടുംബാംഗങ്ങളുമൊത്ത് പലവട്ടം സിനിമയ്ക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോയിട്ടുണ്ട്. എന്നാല്‍ ഇതിനിടെ ജോളിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ജോണ്‍സണിന്റെ ഭാര്യ ഇവരുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. ഇക്കാര്യം ജോണ്‍സണിനോട് പറയുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ആദ്യഭര്‍ത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയ ശേഷം ജോളി ആദ്യം വിളിച്ചത് പൊലീസ് കസ്റ്റഡിയിലുള്ള എം.എസ് മാത്യുവിനെയാണെന്നും പൊലീസ് പറഞ്ഞു. റോയിയുടെ ഫോണില്‍നിന്നു തന്നെയാണ് മാത്യുവിനെ വിളിച്ചത്. അന്വേഷണ സംഘത്തലവനും റൂറല്‍ എസ്.പിയുമായ കെ.ജി സൈമണ്‍ ഇന്ന് ജോളിയെ വീണ്ടും ചോദ്യം ചെയ്തു.

Read More >>