സാഹിത്യത്തിനുള്ള നൊബേല്‍ ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്ക്, 2018 ലെ അവാര്‍ഡ് ഓള്‍ഗ തകാര്‍ചുകിന്

ലൈംഗിക പെരുമാറ്റദൂഷ്യ ആരോപണത്തെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം സാഹിത്യത്തിനുള്ള നൊബേല്‍ പ്രഖ്യാപിക്കാതിരുന്നത്.

സാഹിത്യത്തിനുള്ള നൊബേല്‍ ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്ക്, 2018 ലെ അവാര്‍ഡ് ഓള്‍ഗ തകാര്‍ചുകിന്

ഓസ്‌ലോ: 2018ലെയും 2019 ലെയും സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ പുരസ്‌കാരം ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്കാണ്. പോളിഷ് എഴുത്തുകാരി ഓള്‍ഗ തൊകാര്‍ചുകിനാണ് 2018ലെ പുരസ്‌കാരം.

ലൈംഗിക പെരുമാറ്റദൂഷ്യ ആരോപണത്തെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം സാഹിത്യത്തിനുള്ള നൊബേല്‍ പ്രഖ്യാപിക്കാതിരുന്നത്.

20-ാ നൂറ്റാണ്ടിന്റെ രണ്ടാം പാതിയിലെ ജര്‍മന്‍ എഴുത്തുകാരില്‍ അഗ്രഗണ്യനായി അറിയപ്പെടുന്നയാളാണ് ഹാന്‍ഡ്‌കെ. നോവലിസ്റ്റ്, കവി, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്.

1966ല്‍ എഴുതിയ ഒഫന്‍ഡിങ് എന്ന ഓഡിയന്‍സ് എന്ന നാടകത്തിലൂടെയാണ് ഹാന്‍ഡ്‌കെ അറിയപ്പെടുന്നത്. 1968ല്‍ കസ്പര്‍ എന്ന നാടകമെഴുതി. ദാസ് മുണ്ടെല്‍ വില്‍ വോര്‍മുണ്ട്‌സീന്‍ (1969), മൈ ഫൂട്ട് മൈ ട്യൂട്ടര്‍ (1971), ദ റൈഡ് അക്രോസ് ലേക് കോണ്‍സ്റ്റന്‍സ് (1971) എന്നിവയാണ് മറ്റു പ്രധാന നാടകങ്ങള്‍.

1970ല്‍ എഴുതിയ ദ ഗോളീസ് ആന്‍ക്സൈറ്റി അറ്റ് ദ പെനാല്‍റ്റി കിക്കാണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ നോവല്‍. ഫുട്‌ബോളിനെ കുറിച്ചുള്ള ത്രില്ലര്‍ നോവലാണിത്. ദ ലഫ്റ്റ് ഹാന്‍ഡഡ് വുമണ്‍, വിഷ്‌ലസ് അണ്‍ ലക്ക് തുടങ്ങിയവയാണ് മറ്റു നോവലുകള്‍.

ദക്ഷിണ ഓസ്ട്രിയലിലെ കാര്‍ന്തന്‍ മേഖലയിലെ ഗ്രിഫിന്‍ ഗ്രാമത്തില്‍ 1942ലാണ് ഹാന്‍ഡ്‌കെയുടെ ജനനം.

പോളിഷ് എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമാണ് ഓള്‍ഗ തൊകാര്‍ചുക്. ജെന്നിഫര്‍ ക്രോഫ്റ്റ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയത അവരുടെ ഫ്‌ളൈറ്റ്‌സ് എന്ന നോവല്‍ നേരത്തെ മാന്‍ ബുക്കര്‍ പ്രൈസിന് അര്‍ഹമായിരുന്നു. മാന്‍ ബുക്കര്‍ നേടുന്ന ആദ്യ പോളിഷ് എഴുത്തുകാരിയാണ്.

1989ല്‍ പുറത്തിറക്കിയ സിറ്റീസ് ഇന്‍ ദ മിറര്‍ എന്ന കവിതാസമാഹാരമാണ് ആദ്യ പുസ്തകം. ദ ജേര്‍ണി ഓഫ് ദ ബുക്ക് പീപ്പ്ള്‍ ആദ്യ നോവല്‍. 2017ല്‍ പുറത്തിറങ്ങിയ ഡ്രൈവ് യുവര്‍ പ്ലോ ഓവര്‍ ദ ബോണ്‍സ് ഓഫ് ദ ഡെഡ് ആണ് അവസാന നോവല്‍.

Next Story
Read More >>