ഉള്‍പ്പോരില്‍ താത്പര്യമില്ല; നടി ഊര്‍മിള മതോണ്ട്കര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു

നേരത്തെ, പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെ കുറിച്ച് പ്രമുഖ നേതാവ് മിലിന്ദ് ദിയോറക്ക് ഇവര്‍ അയച്ച കത്ത് പുറത്തായിരുന്നു.

ഉള്‍പ്പോരില്‍ താത്പര്യമില്ല; നടി ഊര്‍മിള മതോണ്ട്കര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആറു മാസം മുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്ന നടി ഊര്‍മിള മതോണ്ട്കര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കവെയാണ് പാര്‍ട്ടിയിലെ ഉള്‍പ്പോരുകളെ കുറ്റപ്പെടുത്തി നടിയുടെ രാജി.

പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത് വില കുറഞ്ഞ രാഷ്ട്രീയക്കളിയാണെന്നും മുംബൈ കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രധാന നേതാക്കള്‍ക്ക് പാര്‍ട്ടിയെ മാറ്റിപ്പണിയാന്‍ ആഗ്രഹമില്ലെന്നും അല്ലെങ്കില്‍ അവര്‍ അതിന് അശക്തരാണെന്നും മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ അവര്‍ പറഞ്ഞു.

പാര്‍ട്ടിയിലെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കു വേണ്ടി തന്നെ ഉപയോഗിച്ച് കളിക്കാന്‍ തന്റെ സാമൂഹിക ഉത്തരവാദിത്വങ്ങള്‍ സമ്മതിക്കുന്നില്ല. തന്റെ പ്രത്യയശാസ്ത്രത്തില്‍ ഉറച്ചു നിന്ന് ജനങ്ങള്‍ക്കു വേണ്ടി ഇനിയും കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കും. ഇതുവരെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ട്- അവര്‍ കൂട്ടിച്ചേര്‍ത്തു.

വടക്കന്‍ മുംബൈ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഊര്‍മിള ബി.ജെ.പിയുടെ ഗോപാല്‍ ഷെട്ടിയോട് പരാജയപ്പെട്ടിരുന്നു.

നേരത്തെ, പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെ കുറിച്ച് പ്രമുഖ നേതാവ് മിലിന്ദ് ദിയോറക്ക് ഇവര്‍ അയച്ച കത്ത് പുറത്തായിരുന്നു. കത്ത് ചോര്‍ന്നതില്‍ നടി പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു. ഇതു വഞ്ചനയാണ് ഒരാളും തന്നോട് ക്ഷമ ചോദിക്കാനുള്ള മര്യാദ പോലും കാട്ടിയില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ രണ്ടു പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് ഊര്‍മിള നേതൃത്വത്തെ പരാതി അറിയിച്ചിരുന്നത്. ഇവര്‍ക്ക് രാഷ്ട്രീയ പക്വതയോ അച്ചടക്കമോ ഇല്ലെന്ന് ഇവര്‍ കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

മുതിര്‍ന്ന നേതാവ് സഞ്ജയ് നിരുപമിനോട് അടുപ്പം പുലര്‍ത്തുന്ന സന്ദേശ് കൊന്ദ്‌വില്‍ക്കര്‍, ഭൂഷണ്‍ പട്ടേല്‍ എന്നിവരായിരുന്നു ഇവര്‍.

Read More >>