രാജ്യം നീങ്ങുന്നത് മാന്ദ്യത്തിലേക്ക്; മോദി സര്‍ക്കാര്‍ എന്നു കണ്ണു തുറക്കും- പ്രിയങ്ക ഗാന്ധി

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ആറര വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണിപ്പോള്‍

രാജ്യം നീങ്ങുന്നത് മാന്ദ്യത്തിലേക്ക്; മോദി സര്‍ക്കാര്‍ എന്നു കണ്ണു തുറക്കും- പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ആഴമേറിയ മാന്ദ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാമെന്നും മോദി സര്‍ക്കാര്‍ എന്നാണ് കണ്ണു തുറക്കുകയെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ട്വിറ്ററിലാണ് പ്രിയങ്കയുടെ പ്രതികരണം.

'സമ്പദ് വ്യവസ്ഥ മാന്ദ്യത്തിന്റെ ഗര്‍ത്തത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളുടെ ജോലിക്കു മുകളില്‍ വാള്‍ തൂങ്ങിക്കിടപ്പുണ്ട്. ഉത്പാദനത്തിലും കടത്തിലും ട്രക്ക്, ഓട്ടോ മേഖല നെഗറ്റീവ് വളര്‍ച്ചയാണ് കൈവരിച്ചിട്ടുള്ളത്. വിപണിയിലെ വിശ്വാസം തന്നെ ഛിന്നഭിന്നമായിരിക്കുന്നു. എന്നാണ് മോദി സര്‍ക്കാര്‍ കണ്ണു തുറക്കുക- ഹിന്ദിയില്‍ എഴുതിയ ട്വീറ്റില്‍ അവര്‍ ചോദിച്ചു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ആറര വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണിപ്പോള്‍. പത്ത് ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായാണ് ജി.ഡി.പി നിരക്ക് താഴ്ന്നത്.

ഇന്നലെ പുറത്തുവിട്ട യാത്രാ വാഹനങ്ങളുടെ വില്‍പ്പനക്കണക്കു പ്രകാരം മേഖല 22 വര്‍ഷത്തെ ഏറ്റവും മോശം സാഹചര്യത്തിലാണ്.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (സിയാം) തിങ്കളാഴ്ച പുറത്തു വിട്ട കണക്കു പ്രകാരം ഓഗസ്റ്റില്‍ യാത്രാ, വാണിജ്യ, മുച്ചക്ര, ഇരുചക്ര, നാലു ചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ മൊത്തം 18.45 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2018 ഓഗസ്റ്റില്‍ 2,816,187 യൂണിറ്റ് വാഹനങ്ങള്‍ ഉല്‍പ്പാദകര്‍ നിര്‍മിച്ചപ്പോള്‍ ഈ വര്‍ഷം ഇത് 2,296,711 ആണ്. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനിയില്‍ 34.22 ശതമാനം ഇടിവാണ് ഉണ്ടായത്. മേഖലയിലെ കയറ്റുമതി 14.73 ശതമാനം വര്‍ദ്ധിക്കുകയും ചെയ്തു.

Read More >>