ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15ന്, പാകിസ്താന്റേത് 14ന്; അക്കഥയിങ്ങനെ

മൗണ്ട്ബാറ്റണിന്റെ രഹസ്യവിവര പ്രകാരം 1947 ജൂലൈ നാലിന് ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സ് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ബില്‍ പാസാക്കി.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15ന്, പാകിസ്താന്റേത് 14ന്; അക്കഥയിങ്ങനെ

ന്യൂഡല്‍ഹി: 1947 ഓഗസ്റ്റ് 15നാണ് അവിഭക്ത ഇന്ത്യ ബ്രിട്ടീഷ് ഭരണകൂടത്തില്‍ നിന്ന് സ്വതന്ത്രമായത്. പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്നുള്ള മോചനം ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. അതിനു പിന്നില്‍ ഒരുപാട് കഥയുണ്ട്. ജീവാര്‍പ്പണങ്ങളും പോരാട്ടങ്ങളുമുണ്ട്. ബ്രിട്ടീഷുകാരുടെ അഹന്തയുമുണ്ട്. അക്കഥയിങ്ങനെ;

1929ല്‍ പാകിസ്താനിലെ ലാഹോറില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് ആദ്യമായി ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് പ്രസിഡണ്ട് ജവഹര്‍ലാല്‍ നെഹ്‌റു കൊണ്ടുവന്ന ആ പ്രമേയം പൂര്‍ണ്ണ സ്വരാജ് എന്ന പേരില്‍ അറിയപ്പെടുന്നു. കോണ്‍ഗ്രസ് പ്രമേയം പാസാക്കിയെങ്കിലും ഇന്ത്യ സ്വതന്ത്രമായില്ല. ജനുവരി 26നാണ് സ്വാതന്ത്ര്യ ദിനമായി കോണ്‍ഗ്രസ് തീരുമാനിച്ചത്. 1930 മുതല്‍ 1946 വരെ ജനുവരി 26ന് തന്നെയാണ് കോണ്‍ഗ്രസ് സ്വാതന്ത്ര്യ ദിനം കൊണ്ടാടിയത്. സ്വാതന്ത്ര്യം കിട്ടിയതോടെ അതുമാറി. ജനുവരി 26 പിന്നീട് റിപ്പബ്ലിക് ദിനമായി.

1948 ജൂണ്‍ 30ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നായിരുന്നു ബ്രിട്ടീഷ് പാര്‍ലമെന്റ് അന്നത്തെ വൈസ്രോയി ആയിരുന്ന ലോര്‍ഡ് മൗണ്ട് ബാറ്റനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 46ലെ ഇടക്കാല സര്‍ക്കാറില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായതോടെ സ്വാതന്ത്ര്യം നേരത്തെ കൈമാറാന്‍ മൗണ്ട്ബാറ്റന്‍ തീരുമാനിക്കുകയായിരുന്നു.

ഇതോടെ, രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ ബ്രിട്ടന്‍ അടങ്ങുന്ന സഖ്യകക്ഷികള്‍ക്കു മുമ്പില്‍ കീഴടങ്ങിയ ഓഗസ്റ്റ് 15നാണ് മൗണ്ട് ബാറ്റണ്‍ സ്വാതന്ത്ര്യ കൈമാറ്റത്തിനായി നിശ്ചയിച്ചത്. തിയ്യതി മുമ്പോട്ടാക്കുന്നതു കൊണ്ട് രക്തച്ചൊരിച്ചില്‍ ഉണ്ടാകില്ല എന്നും വൈസ്രോയി കരുതിയിരുന്നു. എന്നാല്‍ ഇന്ത്യയിലെ തെരുവുകളില്‍ വിഭജനത്തിന്റെ പേരില്‍ രക്തമുറ്റി. 'കൊളോണിയല്‍ ഭരണം അവസാനിച്ചിടത്ത് എല്ലാം രക്തച്ചൊരിച്ചില്‍ ഉണ്ടായിട്ടുണ്ട്. ഇത് നിങ്ങള്‍ കൊടുക്കേണ്ട വിലയാണ്' - എന്നു പറഞ്ഞ് പിന്നീട് മൗണ്ട്ബാറ്റന്‍ ഇതിനെ ന്യായീകരിച്ചു.

മൗണ്ട്ബാറ്റണിന്റെ രഹസ്യവിവര പ്രകാരം 1947 ജൂലൈ നാലിന് ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സ് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ബില്‍ പാസാക്കി. വൈകാതെ ബില്‍ പാസായി. 1947 ഓഗസ്റ്റ് 15ന് ബ്രിട്ടീഷ് ഭരണം ഔദ്യോഗികമായി അവസാനിച്ചു.

പാക് സ്വാതന്ത്ര്യദിനം

പിന്നെ എങ്ങനെ പാകിസ്താന് ഓഗസ്റ്റ് 14ന് സ്വാതന്ത്ര്യം കിട്ടി? ദ ഇന്‍ഡിപെന്‍ഡന്‍ഡന്‍സ് ബില്‍ പ്രകാരം അവിഭക്ത സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15നാണ്. പാകിസ്താന്‍ ആദ്യം ഇഷ്യൂ ചെയ്ത സ്റ്റാമ്പില്‍ ഓഗസ്റ്റ് 15നാണ് സ്വാതന്ത്ര്യ ദിനം എന്ന് അടയാളപ്പെടുത്തിയിരുന്നു. പാകിസ്താനെ ആദ്യമായി അഭിസംബോധന ചെയ്യവെ മുഹമ്മദലി ജിന്ന അതു പറയുകയും ചെയ്തിരുന്നു.

'സ്വതന്ത്ര പരമാധികാര പാകിസ്താന്റെ സ്വാതന്ത്ര്യ ദിനമാണ് ഓഗസ്റ്റ് 15. പിറന്ന നാടിന് വേണ്ടി മഹത്തായ ജീവാര്‍പ്പണങ്ങള്‍ നടത്തിയ ഒരു മുസ്‌ലിം രാഷ്ട്രത്തിന്റെ സാക്ഷാത്കാരമാണിത്' - എന്നായിരുന്നു ജിന്നയുടെ വാക്കുകള്‍.

1948 മുതലാണ് ഓഗസ്റ്റ് 14ന് പാകിസ്താന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. 1947 ഓഗസ്റ്റ് 14ന് കറാച്ചില്‍ വെച്ചാണ് പാകിസ്താന്റെ അധികാരക്കൈമാറ്റം നടന്നത്. ഇത് മുന്‍നിര്‍ത്തിയാണ് പാകിസ്താന്‍ തിയ്യതിയില്‍ മാറ്റം വരുത്തിയത്. ആ ദിവസം റമസാന്‍ 27 കൂടിയായിരുന്നു. മുസ്‌ലിംകള്‍ക്ക് ഏറെ സവിശേഷമായ ദിനമാണ് റമസാന്‍ 27.

Read More >>