നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ നടി സുപ്രീം കോടതിയില്‍

ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ നടി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ നടി സുപ്രിംകോടതിയില്‍. കേസിലെ മുഖ്യ തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്നും അത് തന്റെ സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് നടി കോടതിയെ സമീപിച്ചത്. കേസില്‍ കക്ഷി ചേരാനുള്ള അഭ്യര്‍ത്ഥനയും നല്‍കി.

ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് തൊണ്ടിമുതലല്ല, രേഖയാണ് എന്നാണ് ദിലീപിന്റെ വാദം. അതു കൊണ്ടു തന്നെ പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും നടന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു.

ഓടിക്കൊണ്ടിരുന്ന വാഹനത്തിൽവച്ചു യുവനടി ഉപദ്രവിക്കപ്പെട്ട സംഭവം 2017 ഫെബ്രുവരി 17നായിരുന്നു. 14 പേരാണ് കേസിലെ പ്രതികള്‍. ദിലീപ് എട്ടാം പ്രതിയാണ്.

നേരത്തെ, ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. കേസില്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജി തീര്‍പ്പാകും വരെ കുറ്റം ചുമത്തരുതെന്ന് ദിലീപിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

Read More >>