ഹോട്ടല്‍ മുറികള്‍ കാലി, ക്ലബും റിസോര്‍ട്ടും പൂട്ടി; കൊറോണയില്‍ ട്രംപിന്റെ ബിസിനസും അടി തെറ്റുന്നു

2,200ലേറെ മുറികളുള്ള ട്രംപിന്റെ യു.എസ്, കാനേഡിയന്‍ പഞ്ചനക്ഷത്ര ഹോട്ടലുകളെല്ലാം കാലിയായിക്കഴിഞ്ഞു.

ഹോട്ടല്‍ മുറികള്‍ കാലി, ക്ലബും റിസോര്‍ട്ടും പൂട്ടി; കൊറോണയില്‍ ട്രംപിന്റെ ബിസിനസും അടി തെറ്റുന്നു

വാഷിങ്ടണ്‍: കൊറോണ വൈറസ് യു.എസ് സമ്പദ് വ്യവസ്ഥയുടെ മാത്രമല്ല, പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ കൂടി നട്ടെല്ലൊടിക്കുകയാണ്. ട്രംപിന്റെ സ്വന്തം ബിസിനസ് സാമ്രാജ്യത്തെ വൈറസ് അതീവ ഗുരുതരമായി ബാധിച്ചതായാണ് യു.എസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2,200ലേറെ മുറികളുള്ള ട്രംപിന്റെ യു.എസ്, കാനേഡിയന്‍ പഞ്ചനക്ഷത്ര ഹോട്ടലുകളെല്ലാം കാലിയായിക്കഴിഞ്ഞു. യു.എസിലെ ഗോള്‍ഫ് കോഴ്‌സിലും ഇപ്പോള്‍ ആളില്ല. ഫ്‌ളോറിഡയിലെ പാം ബീച്ചിലുള്ള മാറ ലാഗോ ക്ലബ് ആളില്ലാത്തതിനെ തുടര്‍ന്ന് അടച്ചു പൂട്ടി. ട്രംപിന്റെ ഏഴില്‍ ആറ് ക്ലബ്-ഹോട്ടലുകള്‍ പൂട്ടിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലാസ് വെഗാസ്, ഡോറല്‍, ഫ്‌ളാ, ഐര്‍ലന്‍ഡ്, സ്‌കോട്‌ലാന്‍ഡ് എന്നിവിടങ്ങളിലെ ഹോട്ടലുകളാണ് പൂട്ടിയത്. ഫ്‌ളോറിഡയ്ക്ക് പുറമേ, ബെഡ്മിന്‍സ്റ്ററിലെ ഗോള്‍ഫ് ക്ലബും പൂട്ടി.

ലോകത്തുടനീളം വന്‍ ഹോട്ടല്‍ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമസ്ഥനാണ് ഡൊണാള്‍ഡ് ട്രംപ്. 2018ല്‍ 435 ദശലക്ഷം യു.എസ് ഡോളറായിരുന്നു ബിസിനസിന്റെ നിയന്ത്രണം വഹിക്കുന്ന ട്രംപ് ഓര്‍ഗനൈസേഷന്റെ വരുമാനം.

അതിനിടെ, രാജ്യത്തിന്റെ സമ്പദ് ഘടന ഉത്തേജിപ്പിക്കാന്‍ എന്ന പേരില്‍ ട്രംപ് പ്രഖ്യാപിച്ച രണ്ടു ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് ട്രംപിന്റെ ഹോട്ടല്‍ ബിസിനസിന് ആശ്വാസമേകാനാണ് എന്ന വിമര്‍ശനം ശക്തമാണ്.

ഹോട്ടലുകളുടെ പ്രചാരം കൂട്ടാന്‍ പ്രസിഡന്റ് പദവി ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണം ട്രംപ് ഭരണത്തിന്റെ ആരംഭം മുതല്‍ക്കെ നേരിടുന്നുണ്ട്. ബിസിനസ് പ്രമുഖരും നയതന്ത്രജ്ഞരും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ രാജാക്കന്മാരും അമേരിക്ക സന്ദര്‍ശിക്കുമ്പോള്‍ ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലിലാണ് താമസസൗകര്യം ഒരുക്കുന്നത്.

വൈറ്റ് ഹൗസുള്ളപ്പോഴാണ് അതിഥികളെ ട്രംപിന്റെ ഹോട്ടലില്‍ സത്കരിക്കുന്നത്. ഈയിടെ സൗദി രാജകുടുംബാംഗങ്ങള്‍ ട്രംപിന്റെ ഹോട്ടലില്‍ കൂട്ടമായി മുറി ബുക്ക് ചെയ്തത് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Next Story
Read More >>