വിമാനത്താവളത്തില്‍ അഞ്ചു മണിക്കൂര്‍ നീണ്ട നാടകം; ബി.ജെ.പി മുന്‍ കേന്ദ്രമന്ത്രിയെയും കശ്മീരില്‍ കടത്തിയില്ല

ഓഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം പുറത്തുനിന്നുള്ളവരില്‍ മിക്കവരെയും താഴ്‌വരയില്‍ പ്രവേശിപ്പിക്കുന്നില്ല.

വിമാനത്താവളത്തില്‍ അഞ്ചു മണിക്കൂര്‍ നീണ്ട നാടകം; ബി.ജെ.പി മുന്‍ കേന്ദ്രമന്ത്രിയെയും കശ്മീരില്‍ കടത്തിയില്ല

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹയെ കശ്മീരില്‍ നിന്ന് മടക്കി അയച്ച് അധികൃതര്‍. ശ്രീനഗര്‍ വിമാനത്താവളത്തില്‍ അഞ്ചു മണിക്കൂര്‍ നീണ്ട നാടകങ്ങള്‍ക്കൊടുവിലാണ് സിന്‍ഹയ്ക്ക് മടങ്ങേണ്ടി വന്നത്.

മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ ഭര്ത ഭൂഷണ്‍, മനുഷ്യാവകാശ പ്രവര്‍ത്തകരായ കപില്‍ കാക്, സുഷോഭ ഭര്‍വെ എന്നിവര്‍ക്കൊപ്പമാണ് സിന്‍ഹ ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. എന്നാല്‍ വിമാനത്താവളത്തിന്റെ ആഗമന ലോഞ്ചില്‍ ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ താരിഖ് അഹ്മദ് ഗനായ്, ബുദ്ഗാം എസ്.പി അമോദ് നാഗ്പുരി, എസ്.പി ജാവേദ് ഇഖ്ബാല്‍ എന്നിവര്‍ ചേര്‍ന്ന് മുന്‍ കേന്ദ്രമന്ത്രിയെ തടയുകയായിരുന്നു. മറ്റു മൂന്നു പേര്‍ക്കും സന്ദര്‍ശനാനുമതി നല്‍കുകയും ചെയ്തു.

തന്നെ തടഞ്ഞ വേളയില്‍ പൊലീസുകാരോട് സിന്‍ഹ തടയാനുള്ള കോടതി ഉത്തരവ് ആവശ്യപ്പെട്ടു. രണ്ടു മണിക്കൂറിനുള്ളില്‍, ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ഗനായ് ഉത്തരവ് തയ്യാറാക്കി. സമാധാന ലംഘനത്തിന് സാദ്ധ്യതയുണ്ടെന്നും അതു കൊണ്ടു തന്നെ പ്രവേശനം അനുവദിക്കാനാകില്ല എന്നായിരുന്നു ഉത്തരവ്.

വിമാനത്താവള ലോഞ്ച് കോടതിയാക്കി ആയിരുന്നു സിന്‍ഹയ്‌ക്കെതിരെയുള്ള ഉത്തരവ്. കോടതി ഉത്തരവ് തിരിച്ചു പോകാന്‍ തന്നോട് ആവശ്യപ്പെടുന്നില്ല എന്ന് സിന്‍ഹ ചൂണ്ടിക്കാട്ടിയതോടെ, ലോഞ്ച് താല്‍ക്കാലിക കോടതിയാക്കി അത്തരത്തിലുള്ള രഹസ്യവിവരം ഉണ്ടെന്നും അതു കൊണ്ടു തന്നെ തിരിച്ചു പോകണമെന്നും ഗനായ് ഉത്തരവിടുകയായിരുന്നു.

ഈ വേളയില്‍ തിരിച്ചു പോകാന്‍ കൂട്ടാക്കാതെ വിമാനത്താവളത്തില്‍ പ്രതിഷേധമിരിക്കുകയായിരുന്നു മുന്‍ കേന്ദ്രമന്ത്രി. അപ്പോഴാണ് തിരിച്ചു പോകാനുള്ള ഗനായിയുടെ രണ്ടാമത്തെ ഉത്തരവെത്തിയത്.

നേരത്തെ, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, മുന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവരെയും കശമീര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കാതെ വിമാനത്താവളത്തില്‍ നിന്ന് മടക്കിയിരുന്നു.

ഓഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം പുറത്തുനിന്നുള്ളവരില്‍ മിക്കവരെയും താഴ്‌വരയില്‍ പ്രവേശിപ്പിക്കുന്നില്ല.

അതേസമയം, തന്നെ തടഞ്ഞതിനെതിരെ സുപ്രിംകോടതിയെ സമീപിച്ച ഗുലാം നബി ആസാദ് അനുകൂലി വിധി സമ്പാദിച്ചിട്ടുണ്ട്്. നാലു ജില്ലകള്‍ സന്ദര്‍ശിക്കനാണ് ആസാദിന് അനുമതി നല്‍കിയിട്ടുള്ളത്.

Read More >>