ഒരാള്‍ക്ക് ഇത്രത്തോളം വിനയം ആവശ്യമുണ്ടോ എന്ന് തോന്നാവുന്ന അത്രയും വിനയം. അതേ സമയം അസാമാന്യമായ ഇഛാശക്തിയുടെ ഉടമ കൂടിയായിരുന്നു പിടി. അസുഖം ഏതാണ്ട് പൂര്‍ണമായും ശരീരത്തെ കീഴടക്കി എന്നറിഞ്ഞിട്ടും ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം അദ്ധേഹം നിര്‍വഹിച്ചത് ആ ഇഛാശക്തി കൊണ്ട് മാത്രമാണ്.

റഹ്മാന്‍ മുന്നൂര് എന്ന ബഹു ഭാഷാ പണ്ഡിതന്‍

Published On: 2018-10-19 04:55:47.0
റഹ്മാന്‍ മുന്നൂര് എന്ന ബഹു ഭാഷാ പണ്ഡിതന്‍

റഹ്മാന്‍ മുന്നൂരിനെ നാസര്‍ എരംമംഗലം അനുസ്മരിക്കുന്നു


നാസര്‍ എരംമംഗലത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്;

റഹ്മാന്‍ മുന്നൂര് എന്ന പി.ടി അബ്ദുറഹിമാന്‍ ബഹു ഭാഷാ പണ്ഡിതന്‍, പത്ര പ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, വിവര്‍ത്തകന്‍, ഗവേഷകന്‍ ,പാട്ടെഴുത്തുകാരന്‍, നാടക്യത്ത്, കഥാക്യത്ത് എന്നീ നിലകളിലെല്ലാം മൂന്ന് പതിറ്റാണ്ട് കാലം വൈജ്ഞാനിക-സാഹിത്യരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു. ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ പിടി നല്ലൊരു എഴുത്തുകാരനായി പേരെടുത്തിരുന്നു. നംഹര്‍ ശാന്തപുരം എന്ന തൂലികാ നാമത്തിലായിരുന്നു അക്കാലത്ത് പിടിയുടെ സാഹിത്യ പ്രവര്‍ത്തനം. പാട്ടെഴുത്ത് സംഗീത നാടക രചന, നാടക രചന, കഥാ രചന തുടങ്ങിയ സര്‍ഗ സാഹിത്യ മേഖലയിലും അക്കാലത്ത് തന്നെ പിടി നിറഞ്ഞു നിന്നു.

പഠനം കഴിഞ്ഞ ഉടനെ പിടി പ്രബോധനത്തില്‍ സഹ പത്രാധിപരായി ചേര്‍ന്നു. പ്രബോധന സബ് എഡിറ്റര്‍, ബോധനം എക്‌സിക്യൂട്ടീവ് എഡിറ്റര്‍, ആരാമം ചീഫ് എഡിറ്റര്‍, യുവസരണി സബ് എഡിറ്റര്‍, വിജ്ഞാന കോശം അസോസിയേറ്റ് എഡിറ്റര്‍, ഐ പിഎച്ച് എഡിറ്റര്‍, ധര്‍മ്മധാര കോ ഓഡിനേറ്റര്‍ തുടങ്ങി ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തിലുള്ള എല്ലാ പ്രസിദ്ധീകരണ സംരംഭങ്ങളുടെയും തലപ്പത്ത് പിടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി ദഅ്‌വത്ത് നഗര്‍ സമ്മേളന പതിപ്പ്, ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാര്‍ഷിക പതിപ്പ്, പ്രബോധനം കെസി അനുസ്മരണ പതിപ്പ് തുടങ്ങിയവയുടെ ചുമതലയും പിടിക്കായിരുന്നു.

പിടി എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന ബോധനം ത്രൈമാസിക മലയാളത്തിലെ നല്ല നിലവാരമുള്ള ഗവേഷണ മാസികയെന്ന നിലയില്‍ അംഗീകാരം നേടിയിരുന്നു. സാഹിത്യകാരനായ എന്‍ പി മുഹമ്മദ് അതിനെ അഭിനന്ദിച്ചു ബോധനത്തില്‍ തന്നെ എഴുതിയത് ഓര്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം ഐ പി എച്ചില്‍ നിന്ന് ഔദ്വാഗികമായി വിരമിച്ചതിന് ശേഷം ജമാഅത്തെ ഇസ്‌ലാമി കേരളയുടെ ചരിത്ര രചനയില്‍ ഏര്‍പെട്ട് കൊണ്ടിരിക്കേയാണ് പിടി അപ്രതീക്ഷിതമായി രോഗ ബാധിതനായത്.

മലയാളത്തിലെ എണ്ണം പറഞ്ഞ വിവര്‍ത്തകരില്‍ ഒരാളാണ് പിടി. ഒരേ സമയം അറബി, ഇംഗ്‌ളീഷ്, ഉര്‍ദു ഭാഷകളില്‍ നിന്ന് അനായാസം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന പിടി പോലെ അധികം പേര്‍ മലയാളത്തിലില്ല. മനോഹരമാണ് പിടിയുടെ പരിഭാഷ. പിടി വിവര്‍ത്തനം ചെയ്ത പുസ്തകങ്ങളില്‍ മിക്കതും കാലത്തെ അതിജീവിക്കുന്ന മികച്ച രചനകളാണെന്ന സവിശേഷത കൂടിയുണ്ട്. സര്‍വത്ത് സൗലത്തിന്റെ ഇസ് ലാമിക ചരിത്രം സംഗ്രഹം (നാല് വാല്യം),അബ് ദുല്‍ ഹഖ് അന്‍സാരിയുടെ സൂഫിസവും ശരീഅത്തും, വിശ്വാസിയുടെ ജീവിത ലക്ഷ്യം, അമീന്‍ അഹ്സന്‍ ഇസ്ലാഹിയുടെ ആത്മ സംസ്‌കരണം, മൗലാനാ മൗദൂദിയുടെ സുന്നത്തിന്റെ പ്രാമാണികത, വ്യതാനുഷ്ഠാനം ,താരീഖ് സുവൈദാന്റെ ഫലസ്തീന്‍ സംപൂര്‍ണ ചരിത്രം.

അബ്ദുല്ലാ അടിയാറിന്റെ ഞാന്‍ സ്‌നേഹിക്കുന്ന ഇസ്‌ലാം, സദ് റുദ്ധീന്‍ ഇസ്ലാഹിയുടെ നിഫാഖ് അഥവാ കാപട്യം, സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വിയുടെ മാസ്റ്റര്‍ പീസായ മാദാ ഖസിറല്‍ ആലം ബിഇന്‍ഹിത്വാത്വില്‍ മുസ്‌ലിമീന്‍ തുടങ്ങിവ. ഇവയില്‍ അവസാന കൃതിക്ക് അറബിയില്‍ നിന്നുള്ള വിവര്‍ത്തനം ക്യതിക്കുള്ള പ്രഥമ സി കെ മുഹമ്മദ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

സുഫിക്കഥകള്‍, സഅ്ദി പറഞ്ഞ കഥ, മുഹമ്മദലി ക്ലേമറിയം ജമീല, കുട്ടികളുടെ മൗദൂദി, ഖുര്‍ആന്‍ അതുല്യ ഗ്രന്ഥം തുടങ്ങിയവ പിടിയുടെ സ്വതന്ത്ര രചനകളാണ്.

തസ്വവ്വുഫിനെകുറിച്ചടക്കം ഇസ്‌ലാമിക വിജ്ഞാന കോശത്തില്‍ എഴുതിയ നിരവധി ലേഖനങ്ങളും പ്രബോധനത്തില്‍ ഖുര്‍ആനിലെ 19 എന്ന സംഖ്യയെ കുറിച്ച് മര്‍ഹും മുട്ടാണിശേരിയില്‍ കോയക്കുട്ടി മൗലവിയുമായി നടത്തിയ ദീര്‍ഘമായ സംവാദവും പിടിയിലെ ഗവേഷകനെ അടയാളപ്പെടുത്തുന്നതാണ്. ഗാന രചയിതാവെന്ന നിലയില്‍ യു.കെ അബു സഹ്‌ലയുടെ യഥാര്‍ത്ഥ പിന്‍ഗാമിയായിരുന്നു റഹ്മാന്‍ മൂന്നൂര്. ഈ തമസ്സിന്‍ അപ്പുറത്തൊരു വെളിച്ചം മുണ്ടോ, ഒലിവു കൊന്പുള്‍ ആടിയാടി, പൂജാ പാട്ടുകളല്ല തുടങ്ങിയവ അദ്ധേഹത്തിന്റെ ഹിറ്റുകളാണ്.മീഡിയാ വണ്‍ പതിനാലാം രാവ് റിയാലിറ്റി ഷോയില്‍ പിടിയുടെ പല പാട്ടുകളും ആലപിച്ചിരുന്നു.

നാടക രചനാ രംഗത്ത് അബു വളയംങ്കുളം സംവിധാനം ചെയ്ത് അവതരിപ്പിച്ച മൗദൂദി നാടകം ശ്രദ്ധേയമായിരുന്നു.പിടിയുടെ നാടകമോ സംഗീത ശില്‍പമോ ഇല്ലാത്ത ഇസ്‌ലാമിയാ കോളോജ്, മദ്‌റസാ പരിപാടികളൊന്നും ഒരു കാലത്തുണ്ടായിരുന്നില്ല. ചില ടെലിവിഷന്‍ പരിപാടികളുടെ തിരക്കഥയും പിടി തയ്യാറാക്കിയിരുന്നു. തനിമാ കലാസാഹിത്യ വേദിയുടെ രൂപീകരണത്തിലും സംഘാടനത്തിലും പിടിക്ക് പ്രധാന പങ്കുണ്ടായിരുന്നു. അതിന്റെ വൈസ് പ്രസിഡന്റായിരുന്നു പിടി. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും ബഹു മുഖ പ്രതിഭയായ പിടി അതിന്റ തലക്കനം തീരെയില്ലാത്ത സൗമ്യനും വിനയാന്വിതനുമായിരുന്നു.

ഒരാള്‍ക്ക് ഇത്രത്തോളം വിനയം ആവശ്യമുണ്ടോ എന്ന് തോന്നാവുന്ന അത്രയും വിനയം. അതേ സമയം അസാമാന്യമായ ഇഛാശക്തിയുടെ ഉടമ കൂടിയായിരുന്നു പിടി. അസുഖം ഏതാണ്ട് പൂര്‍ണമായും ശരീരത്തെ കീഴടക്കി എന്നറിഞ്ഞിട്ടും ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം അദ്ധേഹം നിര്‍വഹിച്ചത് ആ ഇഛാശക്തി കൊണ്ട് മാത്രമാണ്. ഒരു സൂഫി ഭാവമായിരുന്നു പിടിയുടെ ജീവിതത്തിന് എന്ന് ഏറെക്കാലം അദ്ധേഹത്തിന്റെ സഹ പ്രവര്‍ത്തകനായ എനിക്ക് പറയാനാവും

പിടിയെന്ന റഹ് മാന്‍ മൂന്നൂര് വ്യക്തിപരമായി വിവര്‍ത്തനത്തില്‍ എന്റെ രണ്ട് ഗുരുക്കന്‍ മാരില്‍ ഒരാളാണ്. പിടി ബോധനം നടത്തുന്ന കാലത്ത് അറബിയില്‍ നിന്നും ഉര്‍ദുവില്‍ നിന്നും ഗവേഷണ ലേഖനങ്ങള്‍ വിവര്‍ത്തനം ചെയ്യിപ്പിക്കുമായിരുന്നു.

പ്രസിദ്ധീകരിച്ച് വരുമ്പോള്‍ അമ്പത് ശതമാനത്തില്‍ താഴേയെ ഞാന്‍ എഴുതിയതുണ്ടാകുകയുള്ളൂ. അതായിരുന്നു വിവര്‍ത്തനത്തില്‍ എന്റെ പാഠ ശാല. എന്റെ ആദ്യ വിവര്‍ത്തന കൃതി പരിശോധിച്ച് കറ തീര്‍ത്ത് തന്നതും പിടിയാണ്.


Top Stories
Share it
Top