'രാജ്യത്തിന് നഷ്ടമായത് ധീരയായ നേതാവിനെ': രാഷ്ട്രപതി

നിരവധി രാഷ്ട്രീയനേതാക്കള്‍ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി

രാജ്യത്തിന് നഷ്ടമായത് ധീരയായ നേതാവിനെ: രാഷ്ട്രപതി

ഡല്‍ഹി: സുഷമാസ്വരാജിന്റെ നിര്യാണം വഴി രാജ്യത്തിന് നഷ്ടമായത് ധീരയായ വനിതാ നേതാവിനെയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഷമാസ്വരാജിന്റെ നിര്യാണത്തെ തുടര്‍ന്ന് അനുശോചന സന്ദേശത്തിലാണ് രാഷ്ട്രപതി ദു:ഖം രേഖപ്പെടുത്തിയത്. രാഷ്ട്രീയരംഗത്തെ മറ്റ് നിരവധി നേതാക്കള്‍ സുഷമാസ്വരാജിന്റെ വിയോഗത്തില്‍ ദു:ഖം അറിയിച്ചിരുന്നു.

ചൊവ്വാഴ്ച രാത്രി 11.15-ഓടെ ഡല്‍ഹിയിലെ എയിംസിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടര്‍ന്ന് രാത്രി 9.50-ഓടെയാണ് സുഷമയെ ആശുപത്രിയിലെത്തിച്ചത്. ജനകീയ നിലപാടുകളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ നേതാവാണവര്‍. ഏഴുതവണ ലോക്സഭാംഗമായ സുഷമ, 25-ാം വയസ്സില്‍ ഹരിയാണ മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രിയാകുന്നത്. ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും സുഷമയാണ്. 1996-ല്‍ 13 ദിവസംമാത്രം അധികാരത്തിലിരുന്ന എ.ബി. വാജ്പേയി മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന സുഷമയാണ് ലോക്സഭാ ചര്‍ച്ചകള്‍ തത്മയം സംപ്രേഷണം ചെയ്യാനുള്ള വിപ്ലവകരമായ തീരുമാനമെടുത്തത്. 15-ാം ലോക്സഭയില്‍ പ്രതിപക്ഷനേതാവായിരുന്നു. ബി.ജെ.പി.യുടെ അഖിലേന്ത്യാ സെക്രട്ടറിയും ഔദ്യോഗിക വക്താവുമായിരുന്നു. വിദേശകാര്യമന്ത്രിയായിരിക്കെ സമൂഹികമാധ്യമമായ ട്വിറ്ററിലൂടെ അടിയന്തരമായി പ്രശ്‌നങ്ങള്‍ പരിഹരിച്ച് സുഷമ ജനകീയയായി. കേന്ദ്രമന്ത്രിപദവിക്ക് മാനുഷികമുഖം നല്‍കിയവരില്‍ പ്രമുഖയായിരുന്നു അവര്‍. മികച്ച പാര്‍ലമെന്റേറിയനുള്ള ബഹുമതി രണ്ടുതവണ നേടിയ ഏക വനിതാ അംഗവും സുഷമയാണ്.

Read More >>