ഗോരഖ്പൂർ പഠിപ്പിച്ച പാഠവും മഹാസഖ്യവും

വടക്കേ ഇന്ത്യയിൽ ഇപ്പോഴും സജീവമായ, ഹിന്ദു-മുസ്ലിം പാരസ്പര്യത്തിലൂടെ വളർന്നുവന്ന മദ്ധ്യകാല നാഥ്‌ പാരമ്പര്യത്തിന്റെ തുടർച്ചയാണ് ഗോരക്ഷനാഥ്‌ മഠം. എന്നാൽ, ഇതിൽ നിന്നും പൂർണമായി വേറിട്ടു പോകുന്ന, ഇതിനെ മുസ്ലിംവിരുദ്ധതയിൽ ഉറപ്പിക്കുന്ന ബോധപൂർവ്വമായ ഒരു പ്രക്രിയ 1930കൾ മുതൽ ആരംഭിച്ചു. അതിന്റെ ഏറ്റവും കഠിനഘട്ടമാണ് യോഗി ആദിത്യനാഥിന്റെ കാലം

ഗോരഖ്പൂർ പഠിപ്പിച്ച പാഠവും മഹാസഖ്യവും

ഐ. വി. ബാബു

ലോക്സഭാ തെരഞ്ഞെടുപ്പു പോലുള്ള മഹാസംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ അപരിചിത ദേശങ്ങളിലൂടെ സഞ്ചരിക്കുന്ന പത്രക്കാരുടെ പതിവ് ആചാരം ഇവിടെയും തെറ്റിക്കേണ്ടെന്നു കരുതി. അതാതിടങ്ങളിൽ ചെന്നിറങ്ങുന്നതു മുതൽ തുടങ്ങണം ചോദ്യംചെയ്യൽ. ഓട്ടോറിക്ഷക്കാർ, സിഗരറ്റ്-മുറുക്കാൻ കടക്കാർ, ഹോട്ടൽ ജീവനക്കാർ, റസ്റ്റോറന്റുകളിലെ സപ്ലയർ എന്നിങ്ങനെ വിവിധതരക്കാരോട് വേണ്ടാതീനങ്ങൾ തരാതരം പോലെ ചോദിക്കണം. അവരുടെ ഉത്തരങ്ങളിലൂടെ വേണം രാഷ്ട്രീയ-സാമൂഹിക അടിയൊഴുക്കുകൾ അറിയാൻ. ഒന്നര മണിക്കൂർ വൈകിയെത്തിയ ബസ്സിൽ ലഖ്‌നോവിൽ നിന്ന് ഗോരഖ്പൂരിലെത്തിയത് രാവിലെ ഒമ്പത് മണിയോടെയാണ്. നഗരപ്രാന്തത്തിലെ ഏതോ ഒരു അങ്ങാടിയിലാണ് ബസ്സ് യാത്ര അവസാനിപ്പിച്ചത്. അവിടെ നിന്ന് ഗോരഖ്പൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള ഹോട്ടലിലേക്കുള്ള അഞ്ചു കിലോ മീറ്റർ യാത്രയിയ്ക്കിടയിൽ; രണ്ടുമൂന്നിടങ്ങളിൽ കണ്ട രാഹുൽ-പ്രിയങ്ക- ജ്യോതിരാദിത്യമാരുടെ ചെറിയ ബോർഡുകൾ ഒഴിച്ചാൽ, ഒരിടത്തും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ മറ്റ് ചുമരെഴുത്തോ ബോർഡുകളോ പോസ്റ്ററുകളോ ഒന്നും കാണാനേയില്ല. ഓട്ടോറിക്ഷക്കാരനുമായുള്ള രാഷ്ട്രീയാഭിമുഖത്തിനിടയിൽ ഇതേപ്പറ്റി തിരക്കിയപ്പോൾ എന്തോ നിരോധനാജ്ഞ ഉണ്ടെന്നായിരുന്നു ഡ്രൈവർ സൂരജ്കുമാറിന്റെ മറുപടി. പൊതുസ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ സ്ഥാപിക്കുന്നത് നിരോധിച്ചതു കൊണ്ടാണ് ഗോരഖ്പൂരിൽ പൊതു പ്രചാരണങ്ങൾ ഇല്ലാത്തതെന്ന് പ്രാദേശികപത്രപ്രവർത്തകനായ മനോജ്കുമാർ സിങ് വ്യക്തമാക്കി. സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ പ്രചാരണ സാമഗ്രികൾ പ്രദർശിപ്പിക്കണമെങ്കിൽ ഉടമസ്ഥരുടെ അനുവാദം വേണം. അതിനു മിക്കവരും അനുമതി നൽകാറില്ല-മനോജ് വിശദീകരിച്ചു.

ഗോരഖ്പൂരിൽ ബി.ജെ.പി ജയിക്കും/ജയിക്കണം എന്നതിൽ സൂരജിന് സംശയമില്ല. ബി.ജെ.പി വന്നതോടെ ബിരുദമുള്ള എല്ലാവർക്കും പാർട്ടി നോക്കാതെ തൊഴിൽ ലഭിക്കുന്നു എന്നതാണ് സൂരജിന്റെ ന്യായീകരണം. മാത്രമല്ല, ഗോരഖ്പൂർ നഗരം ഇപ്പോൾ വൃത്തിയും വെടിപ്പുമുള്ളതായി. റോഡുകൾക്ക് വീതിയുണ്ടായി. അതിനു കാരണം മോദിജിയും യോഗിജിയും ആണ്. യോഗി മുഖ്യമന്ത്രിയായതോടെ വിദ്യാഭ്യാസരംഗത്തും ഒരടുക്കും ചിട്ടയും വന്നു. അദ്ധ്യാപകർ കൃത്യമായി പഠിപ്പിക്കാൻ തുടങ്ങിയതും ഇപ്പോഴാണ്. അതെല്ലാം കൊണ്ട് ബി.ജെ.പി ജയിക്കണം- സൂരജ് പറഞ്ഞു.

എന്നാൽ, ബി.എസ്.പി അദ്ധ്യക്ഷ മായാവതിയും എസ്.പി അദ്ധ്യക്ഷൻ അഖിലേഷ് യാദവും ആർ.എൽ.ഡി പ്രസിഡന്റ് അജിത് സിങ്ങും പങ്കെടുത്ത ചമ്പാദേവി പാർക്കിലെ മഹാസഖ്യത്തിന്റെ റാലിയിൽ പങ്കെടുക്കാൻ എത്തിയ പ്ലസ്‌ ടു കഴിഞ്ഞ് ജോലിതേടുന്ന രഞ്ജിത് യാദവ് പറഞ്ഞത് നേരെ വിപരീതമാണ്. എസ്.പിയുടെ വിദ്യാർത്ഥി സംഘടനാ പ്രവർത്തകനായ രഞ്ജിത് പറയുന്നത്, യു. പിയിൽ മഹാസഖ്യം വിജയിക്കുമെന്നാണ്. കാരണം, എപ്പോഴും തൊഴിൽസാദ്ധ്യത കൂടുതൽ ഉണ്ടാവുക എസ്.പി ഭരണകാലത്താണ്. അതുകൊണ്ടുതന്നെ ചെറുപ്പക്കാർ മഹാസഖ്യത്തിന് വോട്ട് ചെയ്യും എന്നാണ് രഞ്ജിത്തിന്റെ പ്രതീക്ഷ.

ആഹ്വാനവും താക്കീതും

ഇന്ത്യൻ രാഷ്ട്രീയത്തിലെ വഴിമാറ്റത്തിന്റെ തുടക്കമായിരുന്നു ഉത്തർപ്രദേശി(യു. പി)ലെ ഗോരഖ്പൂർ, ഫുൽപൂർ ലോക്സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം. ഇരുൾമൂടിയ തുരങ്കത്തിലകപ്പെട്ട യാത്രികർക്ക്, ദൂരെയെങ്ങോ ഗുഹാമുഖത്തു കണ്ട ഒരിറ്റ് വെളിച്ചം നൽകിയ ആശ്വാസത്തിന് സമാനമായിരുന്നു രാജ്യത്തെ മതനിരപേക്ഷ-ജനാധിപത്യവാദികൾക്ക് ആ ഉപ തെരഞ്ഞെടുപ്പ് ഫലങ്ങൾ. അത്, ഒരർത്ഥത്തിൽ, തമ്മിലടിച്ച പ്രതിപക്ഷ പാർട്ടികൾക്കുള്ള ജനങ്ങളുടെ ആഹ്വാനവും താക്കീതുമായിരുന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പിൽ ഗോരഖ്പൂരിനെ യോഗി ആദിത്യനാഥും ഫുൽപൂരിനെ കേശവ് പ്രസാദ് മൗര്യയുമായിരുന്നു ലോക്സഭയിൽ പ്രതിനിധീകരിച്ചത്. നോട്ട് നിരോധനത്തിന്റെ കൊടുംയാതനകൾക്കും

ബീഫ് നിരോധനത്തിന്റെ പേരിൽ നടന്ന ആൾക്കൂട്ട കൊലകളുടെയും പശ്ചാത്തലത്തിൽ നടന്ന 2017ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം ലഭിച്ച ബി.ജെ.പി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായും കേശവ്പ്രസാദ് മൗര്യയെ ഉപമുഖ്യമന്ത്രിയായും നിയോഗിച്ചു. തുടർന്ന് ഇവർ രാജിവച്ച ഒഴിവിലേക്കായിരുന്നു ഈ മണ്ഡലങ്ങളിലെ ഉപ തെരഞ്ഞെടുപ്പ്.

ബി.ജെ.പിയുടെ അപ്രതിരോദ്ധ്യമെന്ന് തോന്നിച്ച കുതിപ്പിന് തടയിട്ട്, പാർട്ടിയുടെ ഔദ്ധത്യത്തിനേറ്റ കനത്ത അടിയായിരുന്നു സമാജ്‌വാദി(എസ്.പി)യുടെ പ്രവീൺ കുമാർ നിഷാദ് ഇരുപതിനായിരത്തിൽ പരം വോട്ടിന് നേടിയ വിജയം. പ്രവീൺകുമാർ 4,56,513 വോട്ട് നേടിയപ്പോൾ ഉപേന്ദ്രദത്തിന് കിട്ടിയത് 4,34,632 വോട്ട്. കോണ്ഗ്രസ്സിന്റെ സുർഹീത കരീമിനു ലഭിച്ചത് 18,858 വോട്ട്.

അഞ്ചുതവണ തുടർച്ചയായി രണ്ടു പതിറ്റാണ്ടു കാലം; അതിൽ തന്നെ അവസാനത്തെ മൂന്നുപ്രാവശ്യം 50 ശതമാനത്തിലേറെ വോട്ട് നേടിയാണ് യോഗി ആദിത്യനാഥ്‌ പ്രതിനിധീകരിച്ച ഗോരഖ്പൂരിനെ പ്രതിനിധീകരിച്ചത്. യോഗിക്ക് മുമ്പ് മൂന്ന് തെരഞ്ഞെടുപ്പിൽ മഹന്ത് അവൈദ്യനാഥ് ആണ് ഗോരഖ്പൂരിൽ നിന്ന് ജയിച്ചത്. ചുരുക്കത്തിൽ,1989 മുതൽ ബി.ജെ.പി ഏറ്റവും സുരക്ഷിതമായ 'ഹിന്ദു'മണ്ഡലമായിരുന്നു, രാമന്റെ സാമ്രാജ്യമായ കോസലത്തിന്റെ ഭാഗമായ പൂർവാഞ്ചൽ എന്ന് വിളിക്കപ്പെടുന്ന കിഴക്കൻ യു.പിയിലെ ഗോരഖ്പൂർ മണ്ഡലം. അതാണ് 25 വർഷത്തെ കടുത്ത ശത്രുതയ്‌ക്ക് വിരാമമിട്ട് ബഹുജൻ സമാജ് പാർട്ടി(ബി.എസ്.പി), ഇതാദ്യമായി ഒരുഎസ്.പി സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയതോടെ 2018 മാർച്ചിൽ ബി.ജെ.പിക്ക് നഷ്ടപ്പെട്ടത്. ഗോരഖ്പൂർ, ഫുൽപൂർ തെരഞ്ഞെടുപ്പുകൾക്കൊപ്പം ബീഹാറിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പി തിരിച്ചടി നേരിട്ടു. തൊട്ടുപിന്നാലെ പശ്ചിമ യു.പിയിലെ കൈരാനയിൽ നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ എസ്.പി-ബി.എസ്.പി പിന്തുണയിൽ ആർ.എൽ.ഡി സ്ഥാനാർഥി തബസും ഹസൻ ബി.ജെ.പിയെ പരാജയപ്പെടുത്തി. പിന്നീട് നടന്ന കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് തുടർച്ചയായ തിരിച്ചടിയായിരുന്നു. ഇത് നൽകിയ തിരിച്ചറിവാണ് അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദളിനെ(ആർ.എൽ.ഡി) കൂടി ഉൾപ്പെടുത്തിയ ഇന്നത്തെ മഹാസഖ്യത്തിലേക്ക് എത്തിച്ചത്.

അല്പം ചരിത്രം

മതസൗഹാർദ്ദത്തിന്റെയും സഹിഷ്ണുതയുടെയും ആശയങ്ങളുടെ കൊടുക്കൽ വാങ്ങലിന്റെയും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട് കാർഷിക സമ്പദ്ഘടനയിൽ ഊന്നി വികസിച്ച ഗോരഖ്പൂരിന്. ഹിന്ദു പുണ്യപുരുഷന്മാരായ ബാബ ഗോരക്ഷാനാഥും കാഖി ബാബയും മുസ്ലിം പുണ്യപുരുഷനായ ബാബ റോഷൻഅലി ബാബയും തമ്മിൽ 18ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ നിലനിന്ന പരസ്പര സ്നേഹത്തിന്റെയും സൗഭ്രാത്രത്തിന്റെയും കഥ മുതൽ അത് ഗോരഖ്പൂരിന്റെ ചരിത്രത്തിലുണ്ട്. മുസ്ലിങ്ങൾ തിങ്ങി പാർക്കുന്നിടത്താണ് ഗോരക്ഷാനാഥ് ക്ഷേത്രവും റോഷൻ അലിയുടെ ദർഗയും നിലകൊള്ളുന്നത്. അവിടത്തെ മുസ്ലിം കൈത്തറിക്കാർ അങ്ങേയറ്റം സൗഹാർദ്ദത്തോടെയാണ് ക്ഷേത്രവുമായി സഹവർത്തിക്കുന്നത്. ക്ഷേത്രവും അതിനു ചുറ്റുമുള്ള മുസ്ലിങ്ങളും തമ്മിൽ നിലനിന്ന പരസ്പര വിശ്വാസത്തോടൊപ്പം ഇവർക്കിടയിൽ സാമ്പത്തികമായ പരസ്പരാശ്രിതത്വവുമുണ്ടായിരുന്നു. മഠത്തിന്റെ ദൈനംദിന ആവശ്യങ്ങൾക്കുള്ള ഉൽപ്പന്നങ്ങളും തൊഴിൽശക്തിയും നൽകിയിരുന്നത് ക്ഷേത്രത്തിന് ചുറ്റും താമസിസിച്ചിരുന്ന ഒരു ലക്ഷത്തോളം വരുന്ന മുസ്ലിങ്ങൾ ആയിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടന്നുവരുന്ന കിച്ചടിമേള തങ്ങളുടെ കരകൗശല ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള ഒരവസരമായിരുന്നു. അവൈദ്യനാഥിന്റെ കാലം വരെ മുസ്ലിങ്ങൾ മഠത്തിന്റെ ഒരു വോട്ട് ബാങ്കും ആയിരുന്നു. രാമജന്മഭൂമി തർക്കത്തോടെ ഇതെല്ലാം ഗതകാല സ്മരണകൾ മാത്രമായി. സൗഹാർദ്ദത്തിന്റെ അന്തരീക്ഷം അവിശ്വാസത്തിനും സംഘർഷങ്ങൾക്കും വഴിമാറി.

എന്നാൽ, ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യദശകങ്ങളിൽ ദിഗ്‌വിജയ് നാഥ് ക്ഷേത്രത്തിന്റെ മേധാവിയായതു മുതലാണ് വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്കും പാർലമെന്ററി മോഹങ്ങളിലേക്കും മഠം വഴിമാറുന്നത്. പിന്നീട് അവൈദ്യനാഥിന്റെ കാലത്തോടെ ഈ മാറ്റത്തിന് വേഗം കൈവന്നു. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവായിരുന്ന അദ്ദേഹം 1969ലും 89ലും ഹിന്ദുമഹാസഭയുടെയും 91ലും 96ലും ബി.ജെ.പിയുടെയും പ്രതിനിധിയായി ലോക്സഭയിലെത്തി. അതിനു മുമ്പ് അദ്ദേഹം 1962, 67,74,77 വർഷങ്ങളിൽ എം.എൽ.എ യായിരുന്നു.

അവൈദ്യനാഥിന്റെ പിൻഗാമിയായി, ഇപ്പോഴത്തെ യു. പി മുഖ്യമന്ത്രി ആദിത്യനാഥ് എത്തുന്നതോടെ ഈ മാറ്റം പൂർണ്ണമായി. മുസ്ലിങ്ങൾക്കെതിരേ അക്രമാസക്തമായ കടുത്ത വർഗ്ഗീയതയുടെ വിഷംതുപ്പുന്ന പ്രചാരകനായ അദ്ദേഹം മൂന്നു പതിറ്റാണ്ട് എം.പിയും ഒടുവിൽ സംസ്ഥാന മുഖ്യമന്ത്രിയുമായി. "എന്റെ കാര്യപരിപാടി ഹിന്ദുയിസത്തിന്റേതാണ്. അതിന് എതിരായിരിക്കുന്നവർക്കെല്ലാം ഞാൻ എതിരാണ്" എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. "നിങ്ങൾക്ക് ഗോരഖ്പൂരിൽ ജീവിക്കണമെങ്കിൽ യോഗിയുടെ പേർ ഉരുവിടണം" എന്നായിരുന്നു ആദിത്യനാഥിന്റെ സ്വന്തം ഹിന്ദു യുവ വാഹിനിയുടെ ഉത്തരവ്.

വടക്കേ ഇന്ത്യയിൽ ഇപ്പോഴും സജീവമായ, ഹിന്ദു-മുസ്ലിം പാരസ്പര്യത്തിലൂടെ വളർന്നുവന്ന മദ്ധ്യകാല നാഥ്‌ പാരമ്പര്യത്തിന്റെ തുടർച്ചയാണ് ഗോരക്ഷനാഥ്‌ മഠം. എന്നാൽ, ഇതിൽ നിന്നും പൂർണമായി വേറിട്ടു പോകുന്ന, ഇതിനെ മുസ്ലിംവിരുദ്ധതയിൽ ഉറപ്പിക്കുന്ന ബോധപൂർവ്വമായ ഒരു പ്രക്രിയ 1930കൾ മുതൽ ആരംഭിച്ചു. അതിന്റെ ഏറ്റവും കഠിനഘട്ടമാണ് യോഗി ആദിത്യനാഥിന്റെ കാലം.

ഹിന്ദുത്വത്തിൽ അധിഷ്ഠിതമായ ഈ വഴിമാറ്റത്തിനൊപ്പം ജാതികലഹത്തിന്റെ മറ്റൊരു അന്തർധാരയും ഇവിടെയുണ്ട്. 1940 കളുടെ അവസാന വർഷങ്ങളിൽ ഗോരഖ്പൂരിൽ ഒരു യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്, ബ്രാഹ്മണനായ അന്നത്തെ ഗോരഖ്പൂർ ജില്ല മജിസ്‌ട്രേറ്റ് എസ്.എൻ.എം ത്രിപാഠിയും ഗോരക്ഷനാഥ്‌ ക്ഷേത്രത്തലവൻ, ഠാക്കൂർ ജാതിക്കാരനായ ദിഗ്‌വിജയ് നാഥ്മായി ഉണ്ടായ തർക്കവും ഉടക്കുകളും ആണ് ഈ ജാതീയമായ സംഘർഷത്തിന്റെ തുടക്കം.

ഇത് പിന്നീട് മാഫിയ- ഗുണ്ടാ രാഷ്ട്രീയത്തിലേക്ക് വഴിമറിയത് ഗോരഖ്പൂരിന്റെ സമീപകാല ചരിത്രം. ശാന്തിയുടെയും പരസ്പര ബഹുമാനത്തിന്റെയും ആശയപരവും സാമ്പത്തികവുമായ കൊടുക്കൽ വാങ്ങലുകളുടെയും പരസ്പരാശ്രിതത്വത്തിന്റെയും സമ്പന്നമായ ഒരു ഗതകാലത്തിൽ നിന്നും വിദ്വേഷത്തിന്റെയും പകയുടെയും രക്തച്ചൊരിച്ചലിന്റെയും പ്രതികാരത്തിന്റെയും അതിതീവ്ര വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്കുള്ള ഒരു പതനമാണ് ഗോരഖ്പൂരിന്റെ ചരിത്രം. ഈ പശ്ചാത്തലത്തിൽ നിന്നേ ഗോരഖ്പൂരിന്റെ തെരഞ്ഞെടുപ്പ് ചരിത്രവും വിലയിരുത്താനാവൂ.

ബ്രഹ്മണ-താക്കൂർ ജാതീയമത്സരത്തിനൊപ്പം മുസ്ലിം വിരുദ്ധതയുടെ ഹിന്ദുത്വ രാഷ്ട്രീയം സൃഷ്ടിച്ച ഹിന്ദു ഐക്യത്തിന്റെ മറ്റൊരു തലവും ഇവിടെയുണ്ട്. അധികാര രാഷ്ട്രീയവും ജാതീയമായ കിടമത്സരവും ഒരു വശത്ത് നിൽക്കുമ്പോൾ തന്നെ മറു വശത്ത് തീവ്ര ഹിന്ദുത്വത്തിന്റെ ഹിന്ദു ഏകീകരണം മറ്റൊരു തലത്തിലും നടക്കുന്നു.

ഗോരഖ്പൂരിലെ ഏറ്റവും അവസാനത്തെ ഉപ തെരഞ്ഞെടുപ്പ് ഫലത്തിലും ഹിന്ദുത്വ രാഷ്ട്രീയത്തിലെ ജാതി സംഘർഷത്തിന്റെ ഈ അടിയൊഴുക്ക് ഉണ്ടെന്ന് ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്.

ഇതുകൊണ്ടു തന്നെയാണ് മഹാസഖ്യത്തിന്റെ ഗോരഖ്പൂർ തെരഞ്ഞെടുപ്പ് റാലിയിൽ യാദവ-ദളിത്-മുസ്ലിം ഐക്യത്തിന്റെ പ്രാധാന്യം ബി.എസ്.പി നേതാവ് മായാവതി ഊന്നിപ്പറഞ്ഞത്. കഴിഞ്ഞ ഉപ തെരഞ്ഞെടുപ്പിൽ എന്ന പോലെ ഇത്തവണയും ബി.ജെ.പി സ്ഥാനാർത്ഥി ബ്രാഹ്മണനാണ്. ഭോജ്പൂരി സിനിമാനടനായ രവീന്ദ്ര ശ്യാമ നാരായണ് ശുക്ല എന്ന രവി കിഷൻ. ഒ. ബി.സി വിഭാഗക്കാരനായ രാംപുലാൽ നിഷാദ് ആണ് മഹാസഖ്യ സ്ഥാനാർത്ഥി. വൈരുദ്ധ്യവും സംഘർഷവും സഹവർത്തിത്വവും എല്ലാം ഉള്ള ജാതി രാഷ്ട്രീയത്തിന്റെ ഈ പരീക്ഷണശാലയിൽ വിജയം ആർക്കാവും? ജാതിക്കും മതത്തിനും അപ്പുറം കർഷകർക്ക് കൊടുക്കാനുള്ള പത്തു ലക്ഷം കോടിയുടെ സബ്‌സിഡി ഇനിയും കേന്ദ്ര സർക്കാർ കൊടുത്തു തീർത്തിട്ടില്ല എന്ന യാഥാർഥ്യവും നിലനിക്കുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലം മുതൽ ശക്തമായ കരിമ്പ് കൃഷി ക്കാരുടെ രോഷമോ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയമോ? ഇതിനുള്ള ഉത്തരം ഗോരഖ്പൂരിലെ മാത്രമല്ല, യു.പിയുടെ മുഴുവനുമാകും.

Story by
Read More >>