വിശാല സഖ്യം യഥാര്‍ഥ്യമായാല്‍ ദേശീയ രാഷ്ട്രീയം അടിമുടി മാറും

കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ രൂപംകൊണ്ട ബിജെപി വിരുദ്ധ വിശാലഐക്യം നിലവിലുള്ള ഇന്ത്യന്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയ...

വിശാല സഖ്യം യഥാര്‍ഥ്യമായാല്‍ ദേശീയ രാഷ്ട്രീയം അടിമുടി മാറും

കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ രൂപംകൊണ്ട ബിജെപി വിരുദ്ധ വിശാലഐക്യം നിലവിലുള്ള ഇന്ത്യന്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയ ഘടനയില്‍ സമൂലമാറ്റങ്ങളുണ്ടാക്കിയേക്കും. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി വിരുദ്ധ സംഘടനകള്‍ 2019 ലോകസഭ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു നിന്നാല്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് വലിയ തിരിച്ചടി നല്‍കാനാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.

കോണ്‍ഗ്രസിനൊപ്പം മുന്നണി എന്ന സങ്കല്‍പത്തെ ചെറുത്തിരുന്ന സിപിഎം അടക്കമുള്ള ഇടതുസംഘടനകള്‍ വിശാലഐക്യത്തോട് സഹകരിച്ചത് വലിയ മാറ്റമാണ്. പ്രാദേശികമായി പരസ്പരം മത്സരിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും വേദി പങ്കിട്ടത് ഒരു തുടക്കവും. ബദ്ധശത്രക്കളായി നിലനില്‍ക്കുന്ന ഇത്തരം സംഘടനകളെ 2019 ലെ തെരഞ്ഞെടുപ്പിനു മുമ്പെ ഒന്നിപ്പിക്കുക എന്നത് ശ്രമകരമാണ്. അതിന് കഴിവുള്ള ഒരു ദേശീയ നേതൃത്വം വിശാലസഖ്യത്തിന് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.

സിപിഎം മുന്‍ ജനറല്‍സെക്രട്ടറി പ്രകാശ് കരാട്ടിന്റെ നിലപാടിന് വിരുദ്ധമായി സീതാറാം യെച്ചുരിയുടെ നിലപാടിന് പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്വീകാര്യത ലഭിച്ചത് ഈ മാറ്റത്തിന്റെ സൂചനയായി കാണാനാകും. എങ്കിലും തെരഞ്ഞെടുപ്പിനു മുമ്പുള്ള മുന്നണി സംവിധാനത്തോട് സിപിഎം മുഖംതിരിച്ചു നില്‍പാണ്. പ്രാദേശിക നേതൃത്വങ്ങള്‍ കൈകോര്‍ക്കുമ്പോള്‍ തെരഞ്ഞെട്ുപ്പ് ധാരണകളില്‍ നിന്ന് മാറി നിന്നാല്‍ സിപിഎം ദേശീയതലത്തില്‍ ഒറ്റപ്പെടുമെന്നതിനാല്‍ അവസാന നിമിഷം അവരും ഈ സംവിധാനത്തിലേക്ക് ഭാഗികമായെങ്കിലും സഹകരിക്കും എന്ന പ്രതീക്ഷയിലാണ് വിശാലസഖ്യ സാരഥികള്‍.

മമതാബാനര്‍ജിയുടെ നേതൃത്വത്തെ ഇടതുസംഘടനകള്‍ അംഗീകരിക്കാന്‍ തയാറാവില്ല എന്നതിനാല്‍ മുന്‍പ്രധാനമന്ത്രി ദേവഗൗഡ അടക്കമുള്ള ഇതര നേതാക്കളെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതാണ് കര്‍ണാടകയില്‍ കണ്ടത്. സോണിയഗാന്ധി, മായാവതി, മമതാബാനര്‍ജി തുടങ്ങിയവരുടെ സംയുക്ത നേതൃത്വവും വിശാലസഖ്യത്തിന് സാധ്യത വര്‍ധിപ്പിക്കുന്നു. ഉത്തര്‍പ്രദേശില്‍ വിവിധ മുന്നണികളിലായി മത്സരിച്ച ബിഎസ്പിയും സമാജ്വാദി പാര്‍ട്ടിയും ബിജെപിയെ തോല്‍പിക്കാന്‍ ഒറ്റക്കെട്ടായത് വിശാലസഖ്യ സാധ്യതകള്‍ക്ക് വലിയ ശക്തിയാണ് നല്‍കിയത്.

ബിജെപി വിരുദ്ധ വിശാല സഖ്യം യാഥാര്‍ഥ്യമായാല്‍ രണ്ടുമുന്നണികളിലായി മത്സരങ്ങള്‍ നടക്കുമെന്നും അത് ബിജെപിയുടെ ജയസാധ്യത കെടുത്തുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്തരം കണക്കുകൂട്ടലുകളുമായി മുന്നണി വിപുലീകരണ ശ്രമങ്ങളിലേക്ക് നീങ്ങുകയാണ് നേതൃത്വം. 'എക്ണോമിക്സ് ടൈംസ്' കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇതിന്റെ വ്യകതമായ കണക്കുകള്‍ എടുത്തുപറയുന്നുണ്ട്. അതിങ്ങനെ:

ഗുജറാത്തില്‍ ബിജെപിക്കെതിരെ പത്ത് ശതമാനം വോട്ടുകള്‍ അധികം നേടാനായാല്‍ ഏഴ് സീറ്റുകള്‍ എന്‍ഡിഎക്ക് നഷ്ടമാകും. ഇത് 13 ശതമാനമായാല്‍ 26 ല്‍ 15 സീറ്റെങ്കിലും വിശാലസഖ്യത്തിന് നേടാനാകും. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും കയ്യടക്കിയ ബിജെപിക്കെതിരെ 15 ശതമാനം വോട്ടുകള്‍ അധികം നേടാനായാല്‍ രാജസ്ഥാനില്‍ ബിജെപിക്ക് 15 സീറ്റുകള്‍ നഷ്ടമാകും.

മധ്യപ്രദേശില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 54 ശതമാനം വോട്ടും 27 സീറ്റും നേടിയ ബിജെപിക്കെതിരെ 14 ശതമാനം അധികവോട്ട് നേടാനായാല്‍ ബിജെപിയുടെ ശക്തി പകുതിയായി കുറയ്ക്കാനാവും. ഉത്തര്‍പ്രദേശില്‍ എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മത്സരിച്ചാല്‍ ബിജെപിക്ക് വലിയ തിരിച്ചടി നല്‍കാനാവും. 73 സീറ്റുള്ള ബിജെപി മുന്നണിയെ 37 സീറ്റിലേക്കൊതുക്കാന്‍ ഇതുകൊണ്ട് കഴിയും.

ആംആദ്മി പാര്‍ട്ടിയും വിശാല സഖ്യത്തില്‍ വന്നാല്‍ ഡല്‍ഹിയില്‍ ബിജെപിയെ ഒറ്റ സീറ്റിലൊതുക്കാം. ഒഡീഷ, പ.ബംഗാള്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ മുന്നേറ്റം തടയാനും വിശാലസഖ്യത്തിനാകും. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലും വിശാലസഖ്യത്തിന് വലിയ സാധ്യതയുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

Story by
Next Story
Read More >>