ശാസ്ത്രം പഠിക്കുന്നവരോട്; പഠിപ്പിക്കുന്നവരോടും

ശാസ്ത്രം എന്ന വാക്കിന്റെ ഭാരതീയമായ അര്‍ത്ഥം 'ശാസിക്കപ്പെട്ടത് ' എന്നാണ്. ഗുരു പറഞ്ഞു തന്നത് എന്തോ അതാണ് ശാസ്ത്രം എന്ന വാക്കുകൊണ്ടു വിവക്ഷിക്കുന്നത്....

ശാസ്ത്രം പഠിക്കുന്നവരോട്; പഠിപ്പിക്കുന്നവരോടും

ശാസ്ത്രം എന്ന വാക്കിന്റെ ഭാരതീയമായ അര്‍ത്ഥം 'ശാസിക്കപ്പെട്ടത് ' എന്നാണ്. ഗുരു പറഞ്ഞു തന്നത് എന്തോ അതാണ് ശാസ്ത്രം എന്ന വാക്കുകൊണ്ടു വിവക്ഷിക്കുന്നത്. എന്നാല്‍ ഈ ലേഖനത്തില്‍ ശാസ്ത്രം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് അതല്ല. ഇന്ന് സ്‌കൂളുകളില്‍ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യപ്പെടുന്ന ആധുനിക ശാസ്ത്രമാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

ഗുരു എന്നല്ല ആരും പറഞ്ഞതുകൊണ്ട് വിശ്വസിക്കപ്പെടുന്ന ഒന്നല്ല ശാസ്ത്രം. അത് ആര്‍ക്കും സ്വയം അന്വേഷിച്ചറിയാവുന്ന, തെളിവുകളുടെ സഹായത്തോടെ നിര്‍മ്മിച്ചെടുത്ത അറിവുകളുടെ സഞ്ചയമാണ്. പുതിയ തെളിവുകള്‍ ഉണ്ടായി വരുമ്പോള്‍ മുന്നേയുള്ള ധാരണകള്‍ക്ക് മാറ്റം വരുത്താന്‍ തയ്യാറാവുക മാത്രമല്ല അങ്ങനെ മാറുക എന്നത് മൗലിക സ്വഭാവമായ ഒരു പ്രസ്ഥാനമാണ് ശാസ്ത്രം. ഇത് ഏതെങ്കിലുമൊക്കെ മതങ്ങളില്‍ ജനിച്ചു വളര്‍ന്ന് വന്ന നമുക്ക് പരിചിതമായ കാര്യമല്ല. എല്ലാ കാലത്തേക്കും നിലനില്‍ക്കുന്ന കഥകളാണ് മതങ്ങള്‍ പറയുക. എത്രയേറെ തെളിവുകള്‍ മറിച്ചുണ്ടായാല്‍ പോലും സ്വയം തിരുത്തുക എന്നത് മതങ്ങളുടെ രീതിയല്ല. അത്തരത്തിലുള്ള ഒരു ജ്ഞാനബോധത്തില്‍ വളര്‍ന്നു വരുന്ന കുട്ടികളെ ശാസ്ത്രം എന്ന, അനുദിനം നവീകരിക്കപ്പെടുന്ന, സ്വയം മാറുന്ന, പണ്ടത്തെ നിയമങ്ങള്‍ കയ്യൊഴിഞ്ഞു പുതിയ നിയമങ്ങള്‍ സൃഷ്ടിക്കുന്ന, ജനാധിപത്യപരമായ, നിറയെ സര്‍ഗ്ഗാത്മകമായ ഒരു പ്രക്രിയ എന്ന നിലയില്‍ ശാസ്ത്രത്തെ പഠിപ്പിക്കുകയും, പഠിക്കുകയും ചെയ്യുക എന്നതാണ് ഇന്നത്തെ സ്‌കൂളുകള്‍ ശാസ്ത്രാധ്യാപനത്തില്‍ നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി. ഈ വെല്ലുവിളി എങ്ങനെ ഏറ്റെടുക്കണമെന്നാണ് ഈ ലേഖനം പറയാന്‍ ഉദ്ദേശിക്കുന്നത്.

നമ്മുടെ ചുറ്റുപ്പാടുകളില്‍ നിന്ന് ശാസ്ത്ര പഠനം തുടങ്ങുക എന്നതാണ് ആദ്യ വഴി. ചാള്‍സ് ഡാര്‍വിന്‍ എന്ന ശാസ്ത്രജ്ഞന്‍ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ വണ്ടുകളെ ശേഖരിക്കുക എന്നതായിരുന്നു പ്രധാന വിനോദം. പിടിക്കുന്ന വണ്ടുകളെ അവയുടെ വലുപ്പമനുസരിച്ചു വേര്‍തിരിച്ച് വയ്ക്കുക. അവധിക്കാലമാകുമ്പോള്‍ കുറച്ചകലെയുള്ള കോളേജിലെ മാഷിന്റെയടുത്ത് പോയി അവയുടെ പേരുകള്‍ പഠിക്കും. എന്നിട്ട് അവയെ വലുപ്പം കൊണ്ടല്ലാതെ, തമ്മിലുള്ള മറ്റു സാമ്യങ്ങളെ മുന്‍നിര്‍ത്തി വര്‍ഗ്ഗീകരിക്കും. ഡാര്‍വിന്‍ സ്‌കൂളില്‍ ശാസ്ത്രം പഠിക്കുമ്പോള്‍ ഈ വിനോദത്തിന്റെ മുന്നോട്ടുള്ള യാത്ര തന്നെയായിരുന്നു അത്. കൂടുതല്‍ സൂക്ഷ്മമായി ജീവജാലങ്ങളെ നിരീക്ഷിക്കുവാനും പുതിയ അറിവിനായി എപ്പോഴും സജ്ജമായിരിക്കുവാനും സഹായിക്കുന്നതായിരുന്നു സ്‌കൂളിലെ പഠനം. ഇത്തരുണത്തിലാണ് നമ്മുടെ കുട്ടികള്‍ സ്‌കൂളിലെത്തും മുന്നേ എത്ര തുമ്പിയെ പിടിച്ചാലും സ്‌കൂളിലെത്തുമ്പോള്‍ അതെല്ലാം മറന്ന് ശാസ്ത്രം എന്ന പേരില്‍ തന്റെ ജീവിതവുമായി നേരിട്ട് ബന്ധമില്ല എന്ന് തോന്നിപ്പിക്കുന്ന പലതും പഠിപ്പിക്കപ്പെടുന്നത്.

വഴിയിലെ കല്ല്, മണ്ണ്, തൊടിയിലെ പൂമ്പാറ്റകള്‍, പറവകള്‍,തവളകള്‍ ,പാമ്പുകള്‍, ചിലന്തികള്‍, മരങ്ങള്‍, പൂക്കള്‍, അടുക്കളയിലെ രാസപ്രവര്‍ത്തനങ്ങള്‍, വെളിച്ചം, ശബ്ദം എന്നിങ്ങനെ ഒരു കുട്ടിക്ക് പരിചയമുള്ളവയില്‍ നിന്ന് ഫിസിക്സും, കെമിസ്ട്രിയും, ബയോളജിയും, കണക്കുമെല്ലാം പഠിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ മാത്രമേ കേരളത്തിലെ സ്‌കൂളുകളില്‍ ശാസ്ത്രാധ്യാപനം തുടങ്ങുക.

മാതൃഭാഷയില്‍ പഠിക്കുക എന്നതാണ് രണ്ടാമതായി വേണ്ടത്. ഏതൊരു കുട്ടിക്കും ഏറ്റവും പരിചിതമായ, ഏറ്റവും സൗകര്യമായി ഉപയോഗിക്കാന്‍ പറ്റുന്ന ഭാഷയില്‍ പഠിപ്പിച്ചാല്‍ മാത്രമേ അവര്‍ക്ക് നന്നായി മനസിലാകൂ. എന്നാല്‍ മാത്രമേ അവര്‍ക്ക് സംശയങ്ങള്‍ ചോദിക്കാന്‍ സാധിക്കൂ. ഇംഗ്ലീഷ് മാത്രം സംസാരിക്കാന്‍ അനുവാദമുള്ള കേരളത്തിലെ സ്‌കൂളുകളില്‍ ശാസ്ത്രം പഠിപ്പിക്കുവാനോ, പഠിക്കാനോ സാധ്യമല്ല. അവിടങ്ങളില്‍ നടക്കുക ഏതാണ്ടൊക്കെ മനസ്സിലാവുകയും ബാക്കി കാണാതെ പഠിക്കുകയും ചെയ്യുക എന്ന മുറിവൈദ്യമാണ്. സ്‌കൂള്‍ ഇംഗ്ലീഷ് മീഡിയമായാലും കുട്ടികളോട് മാതൃഭാഷയില്‍ സംസാരിക്കാന്‍ അധ്യാപകര്‍ക്കും, മാതൃഭാഷയില്‍ സംശയങ്ങള്‍ ചോദിക്കാന്‍ കുട്ടികള്‍ക്കും സ്വാതന്ത്രമുണ്ടായിരിക്കണം.

പല തരം ശാസ്ത്രങ്ങളുണ്ട് എന്നും അറിഞ്ഞിരിക്കണം. സസ്യശാസ്ത്രവും, ജന്തുശാസ്ത്രവും ലോലശാസ്ത്രങ്ങളാണ്. പ്രവചനങ്ങള്‍ കുറവാകും ഇതില്‍. വര്‍ണ്ണനാത്മകവുമാണ്. കണക്ക് എന്ന കൃത്യമായ ഭാഷയില്‍ അതിലെ പല കാര്യങ്ങളും പറയുക വയ്യ. ദൃഡശാസ്ത്രങ്ങളാണ് രസതന്ത്രവും, ഊര്‍ജ്ജതന്ത്രവും, ഭൗമശാസ്ത്രവുമൊക്കെ. ഒരു റോക്കറ്റ് അയച്ചാല്‍ കുറച്ചു കഴിഞ്ഞ് അതെവിടെയാകുമെന്നു പറയാന്‍ കഴിയുന്ന പോലെ, അതല്ലെങ്കില്‍ ഒരു ടെസ്റ്റ് ട്യൂബില്‍ രണ്ടു രാസ പദാര്‍ത്ഥങ്ങള്‍ ഇട്ടാല്‍ എന്ത് സംഭവിക്കുമെന്ന് പറയാനാകുന്ന പോലെ പ്രവചനാത്മകമാണവ. അവയിലെ പല കാര്യങ്ങളും കണക്ക് എന്ന ഭാഷയില്‍ സംവദിക്കാനുമാകും. ഇവയോടൊപ്പം വ്യത്യസ്തമായ രീതി ശാസ്ത്രങ്ങളുള്ള സാമൂഹ്യ ശാസ്ത്രങ്ങളുമുണ്ട്. ഇവയെല്ലാത്തിനും വ്യത്യസ്തമായ ലോജിക്കുകളാണുള്ളത്. ഇന്നത്തെ സ്‌കൂള്‍ സിലബസ് വെച്ചു നോക്കിയാല്‍ ഹൈസ്‌കൂള്‍ തലത്തിലെത്തുമ്പോള്‍ തന്നെ ഒരു കുട്ടിയുടെ സ്വതസിദ്ധമായ ലോജിക് ഇവയിലേതെങ്കിലും ശാസ്ത്രത്തിന് ചേരുന്നതായി തിരിച്ചറിയാന്‍ പറ്റും. ചിലര്‍ക്ക് ലോലശാസ്ത്രങ്ങളാകും ഇഷ്ടം, മറ്റു ചിലര്‍ക്ക് ദൃഡശാസ്ത്രങ്ങളും. വേറെ ചിലര്‍ക്ക് സാമൂഹ്യ ശാസ്ത്രങ്ങളും.

ഈ തരത്തിലുള്ള സ്വതസിദ്ധമായ കഴിവിനെ നശിപ്പിച്ചു കളയുന്നത് എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങണമെന്ന നമ്മുടെ വാശിയാണ്. ഈ വാശികൊണ്ട് കളയുന്നത് ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള നിരവധി മികച്ച സംഗീതജ്ഞരേയും, ചിത്രകാരന്മാരേയും, അഭിനേതാക്കളേയും ഒക്കെയാണ്. നന്നായി ചിത്രം വരയ്ക്കാന്‍ ജന്മവാസനയുള്ള ഒരു കുട്ടി കേരളത്തിലാണ് പഠിക്കുന്നതെങ്കില്‍ ലോക പ്രസിദ്ധമായ ഒരു ചിത്രകാരനായി വളര്‍ന്നു വരാനുള്ള സാധ്യത ഇല്ല എന്നു തന്നെ പറയാം. സര്‍ഗ്ഗാത്മകത ആവശ്യമുള്ള മേഖലകളാണ് ശാസ്ത്രവും, സംഗീതവും, വരയും, എഴുത്തും. നിറയെ സര്‍ഗ്ഗാത്മകതയുള്ള കുട്ടികളെ അവര്‍ക്കിഷ്ടമുള്ള വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാന്‍ അവസരമൊരുക്കാതെ എല്ലാ വിഷയങ്ങളിലും ഒരുപോലെ പ്രാവീണ്യം വേണമെന്ന വാശിയാണ് ഇന്ന് സ്‌കൂളുകളില്‍ കാണുക. വിദ്യാഭ്യാസം എന്നത് ഒരു വിദ്യാര്‍ത്ഥിയുടെ സര്‍ഗ്ഗാത്മകതയുടെ സമഗ്രമായ വളര്‍ച്ചയാവുന്നതിന് പകരം ഉള്ള സര്‍ഗ്ഗാത്മകത നശിപ്പിക്കുന്ന ഏര്‍പ്പാടായി മാറിയിരിക്കുന്നു എന്ന അപകടം പിടിച്ച അവസ്ഥയെ മറികടക്കാന്‍ സ്‌കൂളുകള്‍ക്കാകണം.

എല്ലാ ശാസ്ത്ര അദ്ധ്യാപകരും നിര്‍ബന്ധമായി ചെയ്യേണ്ട ഒരു പ്രവൃത്തി താന്‍ പഠിപ്പിക്കുന്ന ശാസ്ത്ര വിഷയത്തില്‍ ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക എന്നതാണ്. ഗണിതശാസ്ത്രത്തില്‍ ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുണ്ട് എന്ന അറിവാണ് ഒരു വിദ്യാര്‍ത്ഥിയെ സര്‍ഗ്ഗാത്മകമാക്കുന്നത്. ഇന്നത്തെ പഠനരീതി അനുസരിച്ച് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിക്കഴിഞ്ഞു എന്ന തോന്നലാണ് വിദ്യാര്‍ഥിയിലുണ്ടാവുക. എല്ലാ ശാസ്ത്രജ്ഞര്‍ക്കും ഇത് ബാധകമാണ്. ഓരോ ശാസ്ത്ര വിഷയത്തിലും ഇനി ഏതൊക്കെയാണ് അറിയാനുള്ളതെന്ന് കുട്ടികളറിയണം. കുട്ടികള്‍ അതറിയണമെങ്കില്‍ ആദ്യം അദ്ധ്യാപകര്‍ അറിയണം. അവര്‍ക്ക് പറഞ്ഞു കൊടുക്കുകയും വേണം. ദൈവത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് പ്രകൃതിയേയും, പ്രപഞ്ചത്തേയും വിശദീകരിക്കുന്ന പ്രസ്ഥാനമാണ് ശാസ്ത്രം. ശാസ്ത്ര വിഷയങ്ങള്‍ നന്നായി പഠിച്ചുകൊണ്ട് അതിനാകുമെന്നും, സാമൂഹ്യശാസ്ത്രം പഠിച്ചുകൊണ്ട് വ്യക്തികളേയും, സമൂഹങ്ങളേയും മനസിലാക്കാന്‍ കഴിയുമെന്നും കുട്ടികളറിയണം. അതല്ലാതെ ഇക്കാലമത്രയും ദൈവം സൃഷ്ടിച്ചു എന്ന വിശ്വാസത്തിലുറച്ച് നിന്നുകൊണ്ട് നടത്തുന്ന ശാസ്ത്രപഠനം ഒരു കള്ളക്കളിയാണ്. പരീക്ഷാമുറിയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥി ഒരിത്തിരി നേരം പ്രാര്‍ത്ഥിക്കുന്നത് ആത്മവിശ്വാസത്തിനു ഉപകരിക്കുമെങ്കില്‍ നല്ലത് തന്നെ. പക്ഷേ,അവിടെ നിന്ന് വളരാന്‍ അവരെ പ്രേരിപ്പിക്കുന്നതാകണം ശാസ്ത്രാധ്യാപനം.

Next Story
Read More >>