ഹൃദയപൂര്‍വം,തത്സമയം

ഒന്നര വര്‍ഷത്തെ കഠിന പ്രയത്നത്തിനും മൂന്നു ദിവസത്തെ 'പരിശീലനപ്പറക്കലി'നും ശേഷം തത്സമയം എന്ന വൈകുന്നേരപ്പത്രം വായനയ്ക്കു സമര്‍പ്പിക്കുകയാണ്....

ഹൃദയപൂര്‍വം,തത്സമയം

ന്നര വര്‍ഷത്തെ കഠിന പ്രയത്നത്തിനും മൂന്നു ദിവസത്തെ 'പരിശീലനപ്പറക്കലി'നും ശേഷം തത്സമയം എന്ന വൈകുന്നേരപ്പത്രം വായനയ്ക്കു സമര്‍പ്പിക്കുകയാണ്. മലയാളത്തിലെ ഏതാനും മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍, ഒരു സംഘം യുവ പത്രപ്രവര്‍ത്തകരോടൊത്തുള്ള സാഹസിക യാത്രയാണിത്.


വിപുലമായ മുന്നൊരുക്കങ്ങളോടും സംവിധാനങ്ങളോടും കൂടിയുള്ള ഒരു വൈകുന്നേരപ്പത്രം മലയാളത്തില്‍ ഇതാദ്യമായിരിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. പുതിയ ഒരു പത്രത്തെക്കുറിച്ചുള്ള ആലോചനയിലും ആശയവിനിമയത്തിലും സുഹൃത്തുക്കളിലും മാദ്ധ്യമ പ്രവര്‍ത്തകരിലും നിന്നുമുള്ള പ്രതികരണങ്ങള്‍ ആശങ്കമുറ്റിയതായിരുന്നു. എന്നാല്‍, വൈകുന്നേരത്തെ പത്രം എന്നു പറഞ്ഞതോടെ പലരുടെയും മുഖങ്ങളില്‍ ആകാംക്ഷയും പ്രതീക്ഷയും തെളിഞ്ഞു കണ്ടു; സാധാരണ ജനങ്ങളെയും പത്രവില്‍പ്പനക്കാരെയും നേര്‍ക്കുനേരെ നിര്‍ത്തിയപ്പോള്‍ ചിത്രം വ്യക്തമായി. പിന്നീട് അതൊരു അനിവാര്യതയായി മാറി.

പത്രങ്ങളുടെ പരീക്ഷണ വേദിയാണ് മലയാളക്കര. മൂന്നുകോടിയിലേറെ മലയാളികളുള്ള നാട്ടില്‍ നൂറു വര്‍ഷങ്ങള്‍ക്കകം അനേകമനേകം പത്രങ്ങള്‍ ജനി-മൃതി കൊണ്ടിട്ടുണ്ടെങ്കിലും നൂറുവര്‍ഷം പൂര്‍ത്തീകരിച്ച പത്രങ്ങള്‍ ഇപ്പോഴുമുണ്ട് എന്നത് അറിയാനുള്ള ആഗ്രഹവും ഭാഷാസ്നേഹവും എത്ര ആഴത്തിലാണ് മലയാളി കൊണ്ടുനടക്കുന്നത് എന്നതിന്റെ ഉദാഹരണമാണ്. വായന മരിച്ചു എന്ന അന്തസ്സാര ശൂന്യമായ പ്രലപനങ്ങളുടെ നടുവിലാണ് നമ്മള്‍. അടുത്ത കാലത്തായി പുറത്തുവന്ന എല്ലാ പഠനറിപ്പോര്‍ട്ടുകളം ഈ പ്രചാരണത്തെ പൊളിക്കുന്നതാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടിയില്‍ ഉണ്ടായ വലിയ വര്‍ദ്ധനയുടെ കണക്കുകള്‍ ബ്യൂറൊ ഓഫ് സര്‍ക്കുലേഷന്‍ റിപ്പോര്‍ട്ടുകളിലുണ്ട്. ഇന്ത്യയിലാകെയും മലയാളത്തിലും അച്ചടി മാദ്ധ്യമം വളരുക തന്നെയാണ്. ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വ്വെ (ഐ.ആര്‍.എസ്) റിപ്പോര്‍ട്ട് റിപ്പോര്‍ട്ടും ഇതേ ചിത്രമാണ് നമ്മുടെ മുന്നില്‍ വെച്ചിരിക്കുന്നത്. മലയാളികള്‍ക്കിടയിലും പത്രവായന വര്‍ദ്ധിക്കുക തന്നെയാണ്. 82.35 ശതമാനം മലയാളികളും മലയാളം പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നുണ്ട്. കേബിളും സാറ്റ്ലൈറ്റും ടെലിവിഷനും ഉള്‍പ്പെടെ മറ്റെല്ലാ മാധ്യമ വഴികളും ഒന്നിച്ചിട്ടും ഇതിനെ മറികടക്കാനായിട്ടില്ല.

മലയാള ഭാഷ അറിയുന്നവരില്‍ 66 ശതമാനം പേരും ഏതെങ്കിലുമൊരു മലയാള പ്രസിദ്ധീകരണം പതിവായി വായിക്കുന്നു എന്നത് വായനനാശത്തിന്റെ പ്രവാചകരെ അമ്പരപ്പിക്കുന്നതാണ്. വായന മരിച്ചിട്ടില്ലെന്നു മാത്രമല്ല, കൂടുതല്‍ യുവാക്കള്‍/യുവതികള്‍ വായനയിലേക്കു വരുന്നു എന്നാണ് ഇതെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നത്. എന്നാല്‍ പത്രങ്ങളുടെ രീതികളെക്കുറിച്ച് വായനക്കാര്‍ക്ക് വിയോജിപ്പുകളുണ്ട്. അതു തിരുത്തുക കൂടി ഞങ്ങള്‍ ലക്ഷ്യമായി എടുക്കുന്നു. തത്സമയം ഒരു പ്രദോഷ പത്രമാണ്. സായാഹ്നം എന്ന വാക്ക് തന്നെ ഉപേക്ഷിക്കാന്‍ ഞങ്ങള്‍ പ്രേരിതരായത് നിലവിലെ ചില വൈകുന്നേര പ്രസിദ്ധീകരണങ്ങളെക്കുറിച്ച് വായനക്കാര്‍ക്കുള്ള മുന്‍വിധി ഭയന്നിട്ടാണെന്ന് പറയാതെ വയ്യ. ഒട്ടും അഹങ്കാരമില്ലാതെ പറഞ്ഞാല്‍ ഇങ്ങനെയൊരു പത്രം മലയാളത്തില്‍ ആദ്യമായിരിക്കും. തത്സമയത്തിന്റെ ലിപിവിന്യാസത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പഴമക്കാര്‍ കൈകൊണ്ട് പടച്ചെടുത്ത മനോഹര അക്ഷരങ്ങള്‍ ടൈപ്പ്‌റൈറ്ററിലേക്ക് മാറ്റുന്നതിന്നിടയില്‍ നഷ്ടപ്പെട്ട മലയാളത്തനിമ, ഭാഷയുടെതന്നെ ദുരന്തമായിരുന്നു. ആ കെടുതിയില്‍ നിന്ന് നമ്മുടെ അക്ഷരങ്ങളെ കരകയറ്റിക്കൊണ്ടാണ് തത്സമയം വായനക്കെത്തുന്നത്. ശ്രേഷ്ഠ ഭാഷയുടെ തനതു ലിപി ഉപയോഗിച്ച് പുറത്തു വരുന്ന മലയാളത്തിലെ ആദ്യദിനപത്രം തത്സമയം ആണെന്ന് പറയാനാവും. കേരള ഗവണ്‍മെന്റ് ഈ ലിപി മാറ്റത്തിന് തുടക്കമിട്ടു കഴിഞ്ഞു. നമ്മുടെ കുട്ടികള്‍ നാളെ ഇടപഴകാന്‍ പോകുന്ന അക്ഷരങ്ങളെ നേരത്തെ പരിചയപ്പെടുത്താന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.

തത്സമയം വെബ് പ്രസിദ്ധീകരണം 2018 ഏപ്രില്‍ 11 മുതല്‍ വായനക്കാര്‍ കാണുന്നുണ്ട്. ഈ മാസാവസാനത്തോടെ കൂടുതല്‍ ആകര്‍ഷകവും സാങ്കേതിക മികവുള്ളതുമായി അതു മാറും. ആഗസ്ത് ഒന്നിന് പത്രത്തിന്റെ തിരുവനന്തപുരം എഡിഷന്‍ പ്രസിദ്ധീകരണം ആരംഭിക്കും. കണ്ണൂര്‍, കൊച്ചി, കോട്ടയം എഡിഷനുകള്‍ക്കു വൈകാതെ തുടക്കമിടും. മാധ്യമങ്ങളില്‍ ഉടമക്കും വാര്‍ത്തക്കുമിടയില്‍ ശ്വാസം മുട്ടി നില്‍ക്കുന്നവരാണ് മിക്കവാറും മാദ്ധ്യമപ്രവര്‍ത്തകര്‍. വെളിച്ചത്തു വരാനാവാതെ പിടഞ്ഞു മരിക്കുന്ന സത്യത്തിന്റെ മുഖം നോക്കി നിന്നു ദുഃഖിക്കുന്നവര്‍! അങ്ങനെയൊരു ഉടമ/പ്രസ്ഥാനം തത്സമയത്തിന് ഇല്ല എന്നത് ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകരുടെ അന്തസ്സും അഭിമാനവും വര്‍ദ്ധിപ്പിക്കുന്നതാണ്. പത്രം നടത്തിക്കൊണ്ടു പോകാന്‍ പണം ധാരാളമായി വേണം. എന്നാല്‍ പണമെറിഞ്ഞു പണം വാരാനുള്ള ഒരുപകരണമായി മാദ്ധ്യമങ്ങളെ ദുരുപയോഗം ചെയ്യുമ്പോള്‍ പത്രധര്‍മ്മത്തിനു മാറി നില്‍ക്കേണ്ടി വരും. അങ്ങനെയൊരു വിധി വരുന്നത് തത്സമയത്തെയും വെറുമൊരു ഉല്പന്നമായി തരംതാഴ്ത്തും. ഇന്ത്യയിലും മാദ്ധ്യമപ്രവര്‍ത്തകര്‍ കത്തിക്കും കാഞ്ചിക്കും മുമ്പില്‍ നിലകൊള്ളുന്ന കാലമാണിത്. ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ വധിക്കപ്പെട്ട രാജ്യം ഇന്ത്യയാണ്. ജനാധിപത്യ, മതേതര ഇന്ത്യയെ താങ്ങിനിര്‍ത്തുന്ന നാലു തൂണുകളില്‍ ഒന്നാണ് മാദ്ധ്യമങ്ങള്‍ എന്ന അടിസ്ഥാന ജനാധിപത്യസങ്കല്പം വെല്ലുവിളിക്കപ്പെടുകയാണ് ഇവിടെ. ഈ സാഹചര്യത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്.

സാഹിത്യത്തിലും കലയിലും എന്നപോലെ മാദ്ധ്യമ പ്രവര്‍ത്തനത്തിനുമുണ്ട് രാഷ്ട്രീയം. അതു മാദ്ധ്യമ പ്രവര്‍ത്തകന്റെ കക്ഷിരാഷ്ട്രീയം ആകരുതെന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്. അതിവൃഷ്ടിയാല്‍ അസ്വസ്ഥമായ കാലാവസ്ഥ, പരിശീലനം കഴിഞ്ഞിറങ്ങിയ യുവപത്രപ്രവര്‍ത്തകര്‍, നവീനമായ സാങ്കേതികക്കൂട്ടുകള്‍, വരിഞ്ഞു മുറുക്കുന്ന സാമ്പത്തിക മാന്ദ്യം, അച്ചടിക്കടലാസിന്റെ വിലക്കയറ്റം...... ഇങ്ങനെ എല്ലാ നിലയ്ക്കും പ്രതിസന്ധികള്‍ നേരിടുന്ന നേരത്താണ് കോഴിക്കോട്, മലപ്പുറം എഡിഷനുകളിലൂടെ തത്സമയം വായനക്കാരുടെ കൈയിലെത്തുന്നത്. ഇതിനിടയിലും ഞങ്ങള്‍ക്കൊപ്പം നിന്ന പലരുണ്ട്; എപ്പോഴും തോള്‍ ചേര്‍ന്ന് സഞ്ചരിച്ച മാനേജുമെന്റ്, പ്രവര്‍ത്തകപരിശീലകര്‍, പരസ്യം നല്‍കിക്കൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ കാലാവസ്ഥക്കെടുതികള്‍ക്കിടയിലും വിതരണത്തില്‍ വ്യാപൃതരായ ഏജന്റുമാര്‍, ഞങ്ങളുടെ വളര്‍ച്ചയെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന തത്സമയം ടീം. എല്ലാവര്‍ക്കും നന്ദി; സര്‍വശക്തന് സ്തുതി.

ടി.പി ചെറൂപ്പ

(ചീഫ് എഡിറ്റര്‍)

Next Story
Read More >>