ലോകത്തെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പ്

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 500 കോടി ഡോളറാണ് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ ചെലവഴിച്ചത്. അതായത് ഒരു വോട്ടർക്കായി 550 രൂപ (8 ഡോളർ)യിൽ കൂടുതൽ ചെലവഴിക്കുന്നു.

ലോകത്തെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പ്

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ലോകത്ത് തെരഞ്ഞെടുപ്പിനായി ഏറ്റവും കൂടുതൽ തുക ചെലവിടുന്നതും ഇന്ത്യയിൽ തന്നെയാണ്. രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവിന് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുണ്ടെങ്കിലും ഇന്ത്യയിലത് നടപ്പാകുന്നില്ലെന്നതാണ് സത്യം. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാൻ ആറ് ആഴ്ച സമയമാണ് എടുക്കാറുള്ളത്. ഈ കാലയളവിൽ ചെലവഴിക്കുന്നത് 50,000 കോടി രൂപയാണ്. ഈ വർഷം തെരഞ്ഞെടുപ്പ് ഏപ്രിൽ 11ന് തുടങ്ങി മെയ് 19ന് അവസാനിക്കും. ഇക്കാലയളവിലാണ് ഇത്രയും തുക ചെലവഴിക്കുന്നത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ മീഡിയ സ്റ്റഡീസാണ് (സി.എം.എസ്) ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്.

2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അമേരിക്കയിൽ ചെലവായത് 650 കോടി ഡോളറാണെന്ന് ഓപ്പൺ സീക്രട്‌സ് ഓർഗ് പറയുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 500 കോടി ഡോളറാണ് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ ചെലവഴിച്ചത്. അതായത് ഒരു വോട്ടർക്കായി 550 രൂപ (8 ഡോളർ)യിൽ കൂടുതൽ ചെലവഴിക്കുന്നു. രാജ്യത്തെ 60 ശതമാനം ജനങ്ങളും പ്രതിദിനം 200 രൂപ (3ഡോളർ) കൊണ്ട് ജീവിക്കുമ്പോഴാണ് ഈ ധൂർത്ത്.

സാമൂഹ്യമാദ്ധ്യമങ്ങൾക്കും പര്യടനങ്ങൾക്കും പരസ്യത്തിനുമായാണ് തുകയുടെ ഏറിയ പങ്കും ചെലവാക്കപ്പെടുന്നതെന്ന് സി.എം.എസ് ചെയർമാൻ ഭാസ്ക്കര റാവു പറയുന്നു. സർക്കാറിന്റെ കണക്കുകൾക്ക് പുറമെ കോൺട്രാക്ട് നൽകിയവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചും അഭിമുഖം നടത്തിയുമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

2014ൽ സാമൂഹ്യമാദ്ധ്യമങ്ങളിലെ പ്രചാരണത്തിനായി 250 കോടി ഡോളറായിരുന്ന പാർട്ടികൾ ചെലവിട്ടതെങ്കിൽ ഇത്തവണ അത് 5000 കോടി ഡോളറാണ്. മാത്രമല്ല ഹെലികോപ്ടറുകളുടെ ഉപയോഗവും പാർട്ടി പ്രവർത്തകരേയും നേതാക്കളേയും ദിവസങ്ങളോളം റിസോട്ടുകളിലും മറ്റും താമസിപ്പിക്കുന്നതുമെല്ലാം തെരഞ്ഞെടുപ്പ് ചെലവ് കൂടാൻ കാരണമാകുന്നുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മത്സരിക്കുന്നതിനായി കൂടുതൽ ആളുകൾ തയ്യാറാകുന്നതും ചെലവുകൂടാൻ കാരണമാണെന്ന് കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി പ്രഫ. സൈമൺ ചൗച്ചാർഡ് പറയുന്നു. പ്രചാരണം മറ്റു പാർട്ടികളേക്കാൾ വലിയ രീതിയിലും വ്യത്യസ്തവുമായി നടത്താനുള്ള നേതൃത്വത്തിന്റെ തീരുമാനവും ചെലവ് കൂടാൻ കാരണമാണ്. വലിയ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്ക് ഫണ്ട് പ്രശ്നമല്ലാത്തതിനാൽ കൂടുതൽ പണം ചെലവഴിക്കും. അവരോടു പിടിച്ചു നിൽക്കാൻ കുറഞ്ഞ വരുമാനമുള്ളവർ കടം വാങ്ങി പോലും പ്രചാരണം കൊഴുപ്പിക്കാറുണ്ട്. മാത്രമല്ല ഒരു സമ്പന്ന വർഗ്ഗം ഇവർക്ക് വലിയ തുകകൾ സംഭാവനയും നൽകാറുണ്ട്. കൊളമ്പിയ യൂണിവേഴ്‌സിറ്റിയിൽ ഇന്ത്യൻ തെരഞ്ഞെടുപ്പിനെ കുറിച്ച് അവതരിപ്പിച്ച പഠനത്തിനാലണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ 545 സീറ്റുകളിലേക്കായി 8000ലധികം സ്ഥാനാർത്ഥികൾ മത്സരിക്കാറുണ്ട്. അതുകൊണ്ടു തന്നെ വോട്ടിന്റെ കാര്യത്തിൽ കൃത്യമായ കണക്ക് ലഭിക്കുക എളുപ്പമല്ല. ഇത്തരം സാഹചര്യത്തിൽ കൈക്കൂലി നൽകി വോട്ട് ഉറപ്പിക്കാനുള്ള ശ്രമങ്ങൾ നേതാക്കൾ നടത്താറുണ്ട്. 90 ശതമാനം സ്ഥാനാർത്ഥികളും ഇത്തരം കാര്യങ്ങൾ ചെയ്യാറുണ്ടെന്നാണ് കലിഫോർണിയ യൂനിവേഴ്‌സിറ്റിയിലെ അസിറ്റന്റന്റ് പ്രൊഫസറായ ജനിഫർ ബസൽ പറയുന്നത്. മിക്സി, ടി.വി തുടങ്ങിയ ഉല്പന്നങ്ങൾ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ തെരഞ്ഞെടുപ്പ് സമയത്ത് സമ്മാനമായി നൽകാറുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്ത മത്സരം നടന്ന കർണാടകയിൽ കഴിഞ്ഞവർഷം 1300 കോടി രൂപ പിടിച്ചെടുത്തത് ഇതിനുദാഹരണമാണ്. ഇതിനു പുറമേ സ്വർണം, മദ്യം, മയക്കുമരുന്ന് എന്നിവയും വിതരണം ചെയ്യപ്പെട്ടു. പൊതുസ്ഥലങ്ങളിൽ വച്ചല്ല രാഷ്ട്രീയ പാർട്ടികൾ ഇത്തരം സാധനങ്ങൾ വിതരണം ചെയ്യുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് എത്ര തുക ചെലവഴിക്കാമെന്നതിനെ കുറിച്ച് കൃത്യമായ കണക്ക് കമ്മിഷൻ നൽകുന്നുണ്ട്. എന്നാൽ ഇവയൊന്നും ആ കണക്കിൽ വരാത്ത തുകയാണ്. ദേശീയ പാർട്ടികൾക്ക് 1300 കോടി രൂപയാണ് പ്രതിവർഷം തെരഞ്ഞെടുപ്പിന് ചെലവഴിക്കാനായി അനുവദിച്ചത്.

റാലിക്ക് ആളെ കൂട്ടാൻ കോഴിക്കറി

തെരഞ്ഞെടുപ്പു സമയത്ത് വലിയ റാലികൾ നടത്തുന്നത് രാഷ്ട്രീയക്കാരുടെ രീതിയാണ്. ഇതിനായി കോടിക്കണക്കിന് രൂപയാണ് ഇവർ ചെലവഴിക്കുക. റാലികളിൽ ആളക്കൂട്ടാൻ ഭക്ഷണം വിതരണം ചെയ്യും. ഇതിനായി കോടികളാണ് ചെലവിടുക. ബിരിയാണിയോ ചിക്കൻ കറിയോ ആയിരിക്കും പ്രധാന ഭക്ഷണം. മാത്രമല്ല വലിയ ശബ്ദ സംവിധാനങ്ങൾ, കസേരകൾ, സുരക്ഷാ സംവിധാനങ്ങൾ, വാഹനങ്ങൾ തുടങ്ങിയ ചെലവുകൾ വേറെയുമുണ്ടാകും. ശരാശരിക്കാരന് ഇത്തരം ഭക്ഷണം വിലയേറിയതാണ്. അതിനാൽ ഭക്ഷണം പ്രതീക്ഷിച്ച് ആളുകൾ റാലിക്കെത്തും. ഇവരെ റാലിക്കെത്തിക്കുന്നതും പാർട്ടി ചെലവിലാണ്. ബസ്സുകളിലും ടെബോകളിലും ആളുകളെ കുത്തി നിറച്ചു കൊണ്ടു വരുന്നത് തെരഞ്ഞെടുപ്പ് സമയത്തെ സ്ഥിരം കാഴ്ചയാണ്.

യോഗ്യതയുള്ള ആർക്കും ജനാധിപത്യ രാജ്യത്ത് മത്സരിക്കാൻ അവകാശമുണ്ട്. ഇത് മുതലെടുത്ത് പാർട്ടികൾ ചേരിതിരിഞ്ഞ് വ്യാജന്മാരെ ഇറക്കുന്നത് തെരഞ്ഞെടുപ്പിൽ പതിവാണ്. പ്രധാന സ്ഥാനാർത്ഥിയുടെ പേരിനോട് സാമ്യമുള്ള പേരുള്ളവരാകും വ്യാജന്മാർ. ഇത് വോട്ടുകൾ ഭിന്നിക്കുന്നതിന് സഹായിക്കുമെന്നതിനാലാണ് പാർട്ടികൾ ഇതിനു മുതിരുന്നത്. 2014ൽ പ്രശസ്ത നടിയായ ഹേമമാലിനി മത്സരിച്ചപ്പോൾ അവർക്ക് അപരന്മാരായി രണ്ട് ഹേമമാലിനിമാരാണ് മത്സരം രംഗത്തെത്തിയത്. രാജ്യത്തെ വ്യാജ സ്ഥാനാർത്ഥികൾക്ക് മാത്രമായി 12000 കോടി രൂപയാണ് ചെലവഴിക്കപ്പെടുന്നതെന്ന് ഇന്ത്യാ ടു ഡേ 2016ൽ റിപ്പോർട്ട് ചെയ്തിരുന്നു. എല്ലാ തെരഞ്ഞെടുപ്പിലും പ്രദേശിക തെരഞ്ഞെടുപ്പിൽ പോലും ഇത്തരം വ്യാജന്മാർ രംഗത്തുണ്ടാകും.

ബ്രാൻഡ് ബിൽഡിങ്ങ്

2600 കോടി രൂപയാണ് ബ്രാൻഡ് ബിൽഡിങ്ങിനായി പാർട്ടികൾ ചെലവിടുന്നതെന്ന് സെനിത്ത് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ടി.വിയിലും പത്രത്തിലും മാത്രമായി ബ്രാൻഡ് ബിൽഡിങ് നടത്താനാണിത്. 2012ൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചതിന്റെ ഇരട്ടി തുകയാണ് ഇതിനായി ചെലവഴിച്ചത്. ഫെബ്രുവരി മാസത്തിൽ മാത്രം 4000 കോടി രൂപയാണ് ഫെയ്‌സ്ബുക്കിന് മാത്രം ഇത്തരത്തിൽ ലഭിച്ചത്.

Read More >>