കഠ് വ സംഭവം: മോദിയുടെ പ്രതികരണം, രാജ്യത്ത് ധാര്‍മ്മികതയുളള രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവം

എന്താണ് ഒരു രാജ്യത്തെ പ്രധാനമന്ത്രിയുടെ യതാര്‍ത്ഥ കടമ? ഇത് ചിലപ്പോള്‍ ഒരു ആലങ്കാരികമായ ചോദ്യമായി നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ നമ്മുടെ...

കഠ് വ സംഭവം: മോദിയുടെ പ്രതികരണം, രാജ്യത്ത് ധാര്‍മ്മികതയുളള രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവം

എന്താണ് ഒരു രാജ്യത്തെ പ്രധാനമന്ത്രിയുടെ യതാര്‍ത്ഥ കടമ? ഇത് ചിലപ്പോള്‍ ഒരു ആലങ്കാരികമായ ചോദ്യമായി നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ നമ്മുടെ ഇന്ത്യയില്‍, ഇന്നത്തെ സാഹചര്യത്തില്‍ തീര്‍ച്ചയായും പ്രസക്തമായ ഈ ചോദ്യം. ഈ ചോദ്യത്തിന് നിങ്ങള്‍ നല്‍കാന്‍ പോകുന്ന ഉത്തരങ്ങള്‍ എനിക്ക് ഊഹിക്കാനാകും. ഒരു ഭരണാധികാരിയുടെ കടമ, രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി ജനങ്ങള്‍ക്ക് നല്ല ജീവിതം ഉറപ്പ് നല്‍കുക എന്നതാണെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. ചിലര്‍ പറയും രാജ്യത്ത് സുരക്ഷ ഉറപ്പ് വരുത്തുകയെന്നതാണെന്ന്. മറ്റു ചിലര്‍ പറയുക രാജ്യത്തിന്റെ വികസനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയാണെന്ന്. മുകളില്‍ പറഞ്ഞവയൊന്നും തെറ്റായ മറുപടികളല്ല. എന്നാല്‍ ഇവ മാത്രമല്ല ഒരു ഭരണത്തലവന്റെ കടമകള്‍. ഇതൊക്കെ ഏതൊരു പ്രധാനമന്ത്രിയും നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട കാര്യങ്ങളാണ്. എന്റെ ഉത്തരം വ്യത്യസ്തമാണ്. ഒരു രാജ്യം ഒന്നടങ്കം ആശങ്കയിലായിരിക്കുമ്പോള്‍, സ്വന്തം മണ്ണില്‍ നടക്കുന്ന കാര്യങ്ങള്‍ കണ്ട് ഭയത്തില്‍ കഴിയുമ്പോള്‍, ഭാരതത്തിലെ ഓരോ പൗരനും അംഗീകരിക്കാനാവുന്ന തരത്തിലുള്ള, വളരെ നിഷ്പക്ഷമായ ഒരു തീരുമാനം എടുക്കുക എന്നതാണ് ഒരു പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ കടമ.

രാഷ്ട്രീയമോ സാമ്പത്തികമോ ആയ സുരക്ഷകള്‍ നല്‍കുന്നതിനേക്കാള്‍ എത്രയോ പ്രധാനമാണിത്. രാഷ്ട്രീയത്തലവന്‍ എന്നതിനേക്കാള്‍ അദ്ദേഹം ഒരു ജനതയുടെ തലവനാണെന്ന ഓര്‍മ്മ വേണം. യതാര്‍ത്ഥത്തില്‍ ഈ ധാര്‍മ്മിക ഭരണം എന്ന് പറയുന്നത് മരുന്നാണ്, മനുഷ്യന്റെ മനസ്സിലെ മുറിവുകള്‍ ഉണക്കാന്‍ പറ്റുന്ന മരുന്ന്. ഇതിന് വേദനയും സങ്കടവും മാറ്റാന്‍ സാധിക്കും. ആത്മവിശ്വാസം പകര്‍ന്ന് തന്ന് സ്വന്തം രാജ്യത്ത് ജീവിക്കാന്‍ നമ്മെ പ്രേരിപ്പിക്കും. ഒരു രാജ്യം മുഴുവന്‍ പ്രതിസന്ധിയിലായിരിക്കുമ്പോള്‍ അദ്ദേഹം ചെയ്യേണ്ടത് ഇത്തരം ചില കരുതലുകളാണ്. എങ്കില്‍ മാത്രമേ അദ്ദേഹത്തന് ഒരു നല്ല ഭരണാധികാരി ആയി മാറാന്‍ കഴിയൂ. ഇതിനുള്ള ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്.രണ്ടാം ലോക മഹായുദ്ധ കാലത്ത് വിന്റ്സണ്‍ ചര്‍ച്ചിലിനെ ഒരു മികച്ച ഭരണാധികാരിയാക്കി മാറ്റിയത് അദ്ദേഹത്തിന്റെ മഹത്തായ നേതൃത്വപാടവമാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് ഫ്രാങ്ക്ളിന്‍ റൂസ് വെല്‍റ്റിനെയും, സാംസ്‌കാരിക വിപ്ലവ സമയത്ത് ഡെങ് ഷൗപിങിനെയും, വര്‍ണ്ണവിവേചന സമയത്ത് നെല്‍സണ്‍ മണ്ടേലയെയുമൊക്കെ മഹാന്മാരാക്കിയത് ഇതേ നേതൃത്വ കഴിവുകള്‍ തന്നെയായിരുന്നു. ഇവരുടെ രാജ്യത്ത് പ്രതിസന്ധികളുയര്‍ന്നപ്പോള്‍ തങ്ങളുടെ ജനതക്ക് ആത്മവിശ്വാസം പകര്‍ന്ന് നല്‍കാനുള്ള കഴിവ് ഇവര്‍ക്കുണ്ടായിരുന്നു. അവരുടെ ധാര്‍മ്മിക നേതൃത്വം അവരുടെ മണ്ണില്‍ നിര്‍ണ്ണായക വ്യത്യാസങ്ങള്‍ വരുത്തി.

അങ്ങനെയല്ലായിരുന്നെങ്കില്‍ ഈ രാജ്യങ്ങളും അവിടുത്തെ ജനങ്ങളും എന്നേ തകര്‍ന്നു പോയേനെ! രാജ്യത്തെ നടുക്കിയ സൂറത്ത്, ഉന്നാവോ, കഠ്‌വ പീഡനക്കേസുകള്‍ക്ക് ശേഷം, ഇന്ത്യ അതിദാരുണമായ അവസ്ഥയിലാണ്. ഒരു വല്ലാത്ത പ്രതിസന്ധിയിലാണ് നാം, നമുക്ക് ഇവിടെ ജീവിക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ശരിക്കും തകര്‍ന്ന് പോവുന്ന അവസ്ഥ. 'എങ്ങനെയാണിതൊക്കെ ചെയ്യുന്നത്?' നാം തുടര്‍ച്ചയായി ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. ഉത്തരമില്ലാത്ത ഒരു ചോദ്യം. വളരെ സ്പഷ്ടമായ, രാജ്യത്തിന് ഒന്നടങ്കം സ്വീകാര്യമായ ഒരു തീരുമാനം പ്രധാനമന്ത്രി എടുക്കണമെന്ന് നാം ആവശ്യപ്പെടുന്നതും അത്കൊണ്ട് തന്നെയാണ്. ഒടുവില്‍ അദ്ദേഹം ഹം ഈ വിഷയത്തില്‍ പ്രതികരിച്ചുവെങ്കിലും അത് വളരെ പൊതുവായ രീതിയിലായിരുന്നു. വളരെ ലാഘവത്തോടെ പറഞ്ഞ് പോവുന്ന രീതി. അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ കഠുവ, ഉന്നാവോ വിഷയങ്ങളെക്കുറിച്ച് ഒന്നും തന്നെ സൂചിപ്പിച്ചില്ല. ഇതിനേക്കാളൊക്കെ പുറമേ, ആരുടെയൊക്കെയോ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പ്രതികരിച്ചതെന്ന് തോന്നുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

മോദിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ യാതൊരു വിധ നേതൃത്വപാടവവും എനിക്ക് അനുഭവപ്പെട്ടില്ല, മറിച്ച് വളരെ അലംഭാവത്തോട് കൂടിയാണദ്ദേഹം ഇതിനെ കാണുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യമെന്താണെന്ന് വെച്ചാല്‍, ഇതാദ്യമായല്ല അദ്ദേഹം ഒരു നേതാവെന്ന നിലയില്‍ പരാജയപ്പെടുന്നത്. 2014, 2015 വര്‍ഷങ്ങളില്‍ കൃസ്തീയവിശ്വാസികള്‍ക്ക് നേരെ ഭീഷണിയുയര്‍ന്നപ്പോളും, 2016, 2017 വര്‍ഷങ്ങളില്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ മുസ്ലിംകള്‍ക്കും ദളിതര്‍ക്കും നേരെ അക്രമങ്ങള്‍ അഴിച്ചുവിട്ടപ്പോഴും ഇതേ രീതിയില്‍ തന്നെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഒരു പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം പരാജയപ്പെട്ടതിന്റെ ഉദാഹരണങ്ങളായിരുന്നു ഇവ. എന്നത്തെയും പോലെ നമ്മള്‍ കാത്തിരിക്കുന്നു, പ്രധാനമന്ത്രിയുടെ പ്രതികരണത്തിനായി ഒരു നല്ല തീരുമാനത്തിനായി, എന്നാല്‍ അത് മാത്രം നടക്കുന്നില്ല. അഥവാ അദ്ദേഹം പ്രതികരിച്ചാല്‍ തന്നെ എങ്ങും തൊടാതെ എന്തൊക്കെയോ പറഞ്ഞ് പോകും. ഒരു വ്യക്തമായ തീരുമാനം അദ്ദേഹം എടുക്കാറില്ലെന്ന് വേണം പറയാന്‍. എത്ര ലളിതമായിട്ടാണ് അദ്ദേഹം ഈ സംഭവങ്ങള്‍ കാണുന്നത് എന്ന് നമ്മള്‍ ചിന്തിച്ച് പോകും.

ഇതിലൂടെ നാം മനസ്സിലാക്കേണ്ടത്, നമ്മുടെ രാജ്യത്തെ നല്ല രീതിയില്‍ ധാര്‍മ്മികതയോടെ നയിക്കാന്‍ അദ്ദേഹത്തിന് യാതൊരു ഉദ്ദേശ്യവുമില്ലെന്നാണ്. നിഷ്പക്ഷമായ ഒരു ഭരണം അദ്ദേഹത്തിന് കഴിയില്ലെന്നും അദ്ദേഹം പറയാതെ പറയുന്നു. നരേന്ദ്ര മോദിയുടെ ദീര്‍ഘമായ മൗനവും, സമയം തെറ്റിയുള്ള പ്രതികരണവുമൊക്കെ ചൂണ്ടിക്കാട്ടുന്നത് ഗൗരവമായ കാര്യങ്ങള്‍ പോലും അദ്ദേഹത്തില്‍ യാതൊരുവിധ കുലുക്കവും സൃഷ്ടിക്കുന്നില്ല എന്നാണ്. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ ഒരുപാട് നേട്ടങ്ങള്‍ മോദി ഉണ്ടാക്കിയിട്ടുണ്ടാകാം, എന്നാല്‍ ഒരു പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം പരാജയപ്പെട്ടു എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഒന്നുകില്‍ മോദി ഒരു നല്ല ഭരണത്തില്‍ വിശ്വസിക്കുന്നില്ല അല്ലെങ്കില്‍ അദ്ദേഹം അതാഗ്രഹിക്കുന്നില്ല. മോദിക്ക് വോട്ടു നല്‍കിയ ചിലരെ ഒഴിച്ച് നിര്‍ത്തിയാല്‍, മറ്റെല്ലാവരും അദ്ദേഹത്തെ വിമര്‍ശിക്കുന്നതും അത്കൊണ്ട് തന്നെയാണ്. എത്ര വലിയ നേട്ടങ്ങള്‍ കൊയ്താലും ജനത്തിന് വേണ്ടി പ്രവര്‍ത്തിക്കാത്ത, ധാര്‍മ്മികതയില്ലാത്ത ഒരു ഭരണം തന്നെയാണ് ഒരു പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ പോരായ്മ.

(പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ ദി ഇന്ത്യന്‍ എക്‌സപ്രസിനു നല്‍കിയ ലേഖനത്തിന്റെ പരിഭാഷ)

Read More >>