ഹൈദരാബാദ് കോണ്‍ഗ്രസിനു ശേഷം: വിശകലനം-ഭാഗം രണ്ട്

സീതാറാം യച്ചൂരിയുടെ വ്യക്തിപ്രഭാവത്താലോ ആര്‍ക്കും സമീപിക്കാവുന്ന അദ്ദേഹത്തിന്റെ വ്യക്തിപരമായ സവിശേഷതകള്‍ കൊണ്ടോ പോളിറ്റ് ബ്യുറോ(പി.ബി)യിലെയും...

ഹൈദരാബാദ് കോണ്‍ഗ്രസിനു ശേഷം:  വിശകലനം-ഭാഗം രണ്ട്

സീതാറാം യച്ചൂരിയുടെ വ്യക്തിപ്രഭാവത്താലോ ആര്‍ക്കും സമീപിക്കാവുന്ന അദ്ദേഹത്തിന്റെ വ്യക്തിപരമായ സവിശേഷതകള്‍ കൊണ്ടോ പോളിറ്റ് ബ്യുറോ(പി.ബി)യിലെയും കേന്ദ്രക്കമ്മിറ്റി(സി.സി)യിലെയും 'ഭൂരിപക്ഷചേരി'യിലെ നയകോവിദരെ അസ്തപ്രജ്ഞരാക്കിയ കുശാഗ്രബുദ്ധിയാലോ മാത്രം പരിഹരിക്കാവുന്നതല്ല സി പി ഐ എമ്മോ രാജ്യമോ ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍. അല്ലെങ്കില്‍, ഹര്‍കിഷന്‍ സിങ് സൂര്‍ജിത് കളരിയില്‍ നിന്ന് സീതാറാം ഹൃദിസ്ഥമാക്കിയെന്ന് പലരും ചൂണ്ടിക്കാണിക്കുന്ന, പാര്‍ലമെന്ററി ചതുരംഗത്തിലെ കരുനീക്കങ്ങളിലുള്ള തഴക്കവും വഴക്കവും കൊണ്ടും ഇപ്പോള്‍ രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിയെ നേരിടാനാവില്ല.

https://www.deccanchronicle.com/opinion/op-ed/290418/sunday-interview-we-are-very-clear-that-the-rss-bjp-govt-has-to-b.html

ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ്(ഐ)മായി 'സഖ്യമോ ഒരുതരത്തിലുള്ള ധാരണയോ' ഉണ്ടാക്കില്ല എന്ന രാഷ്ട്രീയ പ്രമേയത്തിലെ ഭാഗം 'രാഷ്ട്രീയസഖ്യം' ഉണ്ടാക്കില്ല എന്നാക്കി മാറ്റിക്കൊണ്ടാണ് യച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ്ല്‍ തന്റെ നിലപാട് അംഗീകരിപ്പിച്ചത്. 'ഒരുതരത്തിലുള്ള ധാരണ'യും എന്നത് മാറ്റുക വഴി, 2019-ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ വന്നുപോകാവുന്ന ചില അര്‍ത്ഥശങ്കകള്‍ പരിഹരിക്കാന്‍ കഴിഞ്ഞു എന്നാണ് യച്ചൂരി വ്യക്തമാക്കിയത്.

ആദ്യമായി, തെരഞ്ഞെടുപ്പിന് ശേഷം ഒരു ബി ജെ പിയേതര സര്‍ക്കാര്‍ ഉണ്ടാവുകയും അതില്‍ കോണ്‍ഗ്രസ് പങ്കാളിയും ആണെങ്കില്‍ പാര്‍ട്ടിക്ക് പ്രശ്‌നാധിഷ്ഠിത പിന്തുണ നല്‍കാനാവുമോ എന്നതിലുള്ള ആശയക്കുഴപ്പം പരിഹരിക്കാന്‍ കഴിഞ്ഞു എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. രണ്ടാമതായി, സംസ്ഥാനതലത്തില്‍ സി പി ഐ എം തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുന്ന പ്രാദേശിക പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ്മായി ബന്ധമുണ്ടെങ്കില്‍ എന്തുചെയ്യും എന്ന പ്രശ്‌നവും പരിഹരിച്ചതായി സീതാറാം ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ഇതെല്ലാം ചില ഊഹങ്ങള്‍ മാത്രമാണെങ്കിലും പലവിധ സാധ്യതകള്‍ ഉള്ളതായി അദ്ദേഹം കരുതുന്നു.

2019-ലെ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് യാഥാര്‍ഥ്യബോധത്തോടെയുള്ള ഒരു സമീപനമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ അഖിലേന്ത്യ തലത്തിലുള്ള ഏകശിലാ രൂപത്തിലുള്ള ഒരു ഐക്യത്തെക്കാള്‍ പ്രാദേശികതലത്തിലെ രാഷ്ട്രീയസവിശേഷതകളില്‍ ഊന്നിയ ഒരു പ്രതിപക്ഷ ഐക്യനിരയാണ് അദ്ദേഹം വിഭാവനം ചെയ്യുന്നത്. അവയുടെ അഖിലേന്ത്യാതലത്തിലുള്ള കൂടിച്ചേരല്‍ ആയിരിക്കും അടുത്ത പൊതുതെരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യത്തെ നിര്‍ണ്ണയിക്കുക. നേരത്തെ പി ടി ഐക്ക് നല്‍കിയ അഭിമുഖത്തിലും സമാനമായ നിലപാട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. (Congress not main player; regional

adjustments needed in polls: Sitaram Yechury - http://www.newindianexpress.com/nation/2018/apr/24/congress-not-main-player-regional-adjustments-needed-in-polls-sitaram-yechury-1805830.html

പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രെസ്സ് ശക്തമല്ലാത്തതിനാല്‍ പ്രാദേശിക സവിശേഷതകളോടെയുള്ള സഖ്യമാവും ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തോട് ഇണങ്ങുകയെന്നും അദ്ദേഹം പറയുന്നു. സ്ഥൂലതലത്തിലുള്ള ധാരണകള്‍ നടക്കില്ലെന്നും സീതാറാം പറയുന്നു. രാജ്യത്തെ വൈവിധ്യം രാഷ്ട്രീയമടക്കം എല്ലാറ്റിലും പ്രതിഫലിക്കും. 96-ലെ ഐക്യമുന്നണിയുടെയും 2004-ലെ ഐക്യ പുരോഗമന മുന്നണിയുടെയും(യു പി എ) അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നയപരമായ പിന്തുണ മാത്രമേ നല്‍കൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രാഷ്ട്രീയ പ്രമേയത്തെക്കുറിച്ച് കേന്ദ്രനേതൃത്വത്തില്‍ നിലനിന്നിരുന്ന അഭിപ്രായഭിന്നതകള്‍ പരിഹരിച്ചുവെന്നും ഇനി ഒറ്റക്കെട്ടായി പാര്‍ട്ടി കോണ്‍ഗ്രെസ്സ് തീരുമാനം നടപ്പാക്കുമെന്നും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും വ്യക്തമാക്കുന്നുണ്ട്. എങ്കിലും പരാജയപ്പെട്ട തന്റെ 'ഭൂരിപക്ഷ' നിലപാടിന്റെ ചില ബാധകള്‍ ഒഴിഞ്ഞില്ലെന്നു വരികള്‍ക്കിടയില്‍ വ്യക്തമാക്കുന്നുണ്ട് അദ്ദേഹത്തിന്റെ ഒരു അഭിമുഖം.

http:www.newindianexpress.com/nation/2018/apr/29/electoral-tactics-at-time-of-elections-not-now-prakash-karat-1807733.html

ഒടുവില്‍ പാര്‍ട്ടി കോണ്‍ഗ്രസിനെ അവലോകനം ചെയ്ത് 'പീപ്പിള്‍സ് ഡെമോക്രസി' യില്‍ എഴുതിയ മുഖപ്രസംഗത്തില്‍, ഇരുപത്തി രണ്ടാം കോണ്‍ഗ്രസിനെ ഐക്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കോണ്‍്‌ഗ്രെസ്സ് എന്നാണ് സീതാറാം വിശേഷിപ്പിച്ചത്. പാര്‍ട്ടി കോണ്‍ഗ്രെസിന് സമാപനം കുറിച്ച് നടന്ന മഹാറാലിയില്‍ ഐക്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും സന്ദേശം അണപൊട്ടിയൊഴുകിയെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടി ഐക്യം കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കണം എന്ന ഹോചിമിന്റെ പ്രസ്താവന സീതാറാം ഉദ്ധരിക്കുന്നു. ജനജീവിതത്തിനും ബഹുത്വത്തില്‍ അധിഷ്ഠിതമായ ഇന്ത്യയുടെ സമ്പന്നമായ സമൂഹഘടനക്കും നേരെ ഫാസിസ്റ്റ് ഉന്മുഖമായ ആര്‍ എസ് എസ് നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ആക്രമണത്തെ ചെറുക്കാന്‍ നിലയ്ക്കാത്ത ജനകീയ പോരാട്ടം നടത്തണം എന്നാണ് ആഹ്വാനം ചെയ്യുന്നത്.

നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളുടെ മാരകമായ കടന്നാക്രമണം, ശക്തമായ വര്‍ഗീയ ധ്രുവീകരണം, പാര്‍ലമെന്ററി ജനാധിപത്യ സ്ഥാപനങ്ങളും ഭരണഘടനയേയും ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍, സ്വതന്ത്രമായ വിദേശനയം ഉപേക്ഷിച്ചു അമേരിക്കക്ക് കീഴ്‌പ്പെട്ട് ഇസ്രായേല്‍-അമേരിക്ക അച്ചുതണ്ടിന്റെ ഭാഗമാവാനുള്ള നീക്കം എന്നിവയ്‌ക്കെതിരെ അടിയന്തര പ്രാധാന്യത്തോടെ പോരാടണം എന്നാണ് സീതാറാം ചൂണ്ടിക്കാണിക്കുന്നത്. (http://peoplesdemocracy.in/2018/0429_pd/cpim-

22nd-congress-congress-unity-congress-determination


പാര്‍ലമെന്ററി ഇടപെടലുകളില്‍ മാത്രം ഊന്നിയുള്ള ദീര്‍ഘകാല രാഷ്ട്രീയ ശീലങ്ങള്‍ക്കും പുറമെയുള്ള മേനിപറച്ചിലുകള്‍ക്കപ്പുറം ഇനിയും ഒടുങ്ങിയിട്ടില്ലാത്ത വിഭാഗീയതകള്‍ക്കും ഇടയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ആവര്‍ത്തിക്കുന്ന ഐക്യ,സമരാഹ്വാനങ്ങള്‍ എത്രമാത്രം ഫലവത്താകും എന്ന ചോദ്യം ശത്രുതാപരമായ ഒരു നിലപാടിന്റെയോ ഫലമല്ല. ഇവിടെയാണ് തുടക്കത്തില്‍ പരാമര്‍ശിച്ച ജലന്തര്‍ പാര്‍ട്ടി കൊണ്‍ഗ്രെസ്സിന്റെ പ്രസക്തി.

സി പി ഐ എമ്മിന്റെ രൂപീകരണം

1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 7 വരെ കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഏഴാം പാര്‍ടി കോണ്‌ഗ്രെസ്സില്‍ വച്ചാണ് സി പി ഐ. എം രൂപീകരിച്ചത്. അവിഭക്ത കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ദീര്‍ഘകാലമായി നിലനിന്ന അഭിപ്രായഭിന്നതകള്‍ക്കൊടുവില്‍ 1964 ഏപ്രില്‍ 11 ന് സി പി.ഐ ദേശീയ കൗണ്‌സിലില്‍ നിന്ന് 32 പേര്‍ ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ തെനാലിയില്‍ ജൂലൈ 7 മുതല്‍ 11വരെ നടന്ന അഖിലേന്ത്യാ കണ്‍വെന്‍ഷന്‍ ആണ് കൊല്‍ക്കത്തയില്‍ ഏഴാം പാര്‍ടി കോണ്‍ഗ്രെസ്സ് നടത്താന്‍ തീരുമാനിച്ചത്. സി പി ഐ എമ്മിന്റെ പാര്‍ട്ടി പരിപാടിയുടെ കരട് കോണ്‍ഗ്രെസിസില്‍ അവതരിപ്പിച്ചതും അതിനെ തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ നിര്‍ണ്ണായകമായി ഇടപെട്ടതും എം.ബസവപുന്നയ്യ ആയിരുന്നു. ഇടിമുഴക്ക സമാനമായ കൈയ്യടിയോടെയാണ് അദ്ദേഹത്തിന്റെ ഓരോ ഇടപെടലുകളോടും പ്രതിനിധികള്‍ പ്രതികരിച്ചതെന്ന് ബിമന്‍ ബസു ഓര്‍ക്കുന്നുണ്ട്.

http://peoplesdemocracy.in/2014/1109_pd/seventh-party-congress-milestone-our-movement-and-struggle

ദേശീയ-സാര്‍വദേശീയ സംഭവവികാസങ്ങള്‍, ഇന്ത്യന്‍ ഭരണകൂടത്തിന്റെ വര്‍ഗസ്വഭാവം, തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളുടെ സാഹചര്യം, ബഹുജനപ്രസ്ഥാനങ്ങളുടെയും സമരങ്ങളുടെയും മുന്‍ഗണനാക്രമം നിശ്ചയിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത പാര്‍ട്ടി കോണ്‌ഗ്രെസ്സ് ഒടുവില്‍ പാര്‍ട്ടി പരിപാടിയും ഭരണഘടനയും അംഗീകരിച്ചാണ് സമാപിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പി സുന്ദരയ്യയെ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍, സോവിയറ്റ് യൂനിയത്തിലേത് അടക്കമുള്ള സാര്‍വദേശീയ രംഗത്തെ സഹോദരപ്പാര്‍ട്ടികള്‍ സി പി ഐ എമ്മിനെ അംഗീകരിച്ചിരുന്നില്ല. എട്ടാം കോണ്‍ഗ്രെസ്സ് 1968 ല്‍ കൊച്ചിയിലും ഒമ്പതാം കോണ്‍ഗ്രെസ്സ് 1972 ല്‍ മധുരയിലും ചേരുകയുണ്ടായി. ഈ രണ്ട് കോണ്‍ഗ്രെസ്സുകളിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായത് സുന്ദരയ്യ തന്നെയായിരുന്നു. ഇതിനിടയില്‍ 1968 ല്‍ പശ്ചിംബംഗാളിലെ ബര്‍ദാനില്‍ ചേര്‍ന്ന പ്ലീനത്തില്‍ വച്ച് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര രേഖയും അംഗീകരിച്ചു.

ആശയകാലുഷ്യത്തിന്റെ ഒന്നരപ്പതിറ്റാണ്ട്

ഇക്കാലയളവിനിടയില്‍ തന്നെയാണ് നക്‌സല്‍ബാരിയിലെ കര്‍ഷകമുന്നേറ്റവും സി.പി.ഐ. എമ്മില്‍ ഭിന്നിപ്പും ഉണ്ടായത്. അക്കാലത്ത് പാര്‍ട്ടിയുടെ പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന കനുസന്യാലും ജില്ലാ കമ്മിറ്റി അംഗമായിരുന്ന ചാരുമജുദാറും മറ്റുമായിരുന്നു ഇതിന്റെ നേതൃത്വത്തില്‍. ഇത് സി പി ഐ എമ്മില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. തൊഴിലാളി-കര്‍ഷക മുന്നണി എന്ന വിപ്ലവത്തെ സംബന്ധിച്ച അടിസ്ഥാന പരികല്പനയെ നിരാകരിച്ച ചാരു മജുദാറിന്റെ ഇടതുവ്യതിയാനത്തെ നേരിടാന്‍ ഏറെ പാടുപെടേണ്ടി വന്ന് ശൈശവാവസ്ഥയില്‍ തന്നെ പാര്‍ട്ടിക്ക്. ഇക്കാര്യത്തില്‍ സംഘടനാപരമായ തിരിച്ചടി ഏറെ നേരിട്ടത് ആന്ധ്രാപ്രദേശിലായിരുന്നു. നാഗിറെഡ്ഢി, ചന്ദ്രപുല്ല റെഡ്ഢി,ഡി.വി റാവു എന്നീ മൂന്നു കേന്ദ്രകമ്മിറ്റി അംഗങ്ങളെ തന്നെ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. ഇതേതുടര്‍ന്ന് സി പി ഐ എം പോളിറ്റ്ബ്യുറോ ആന്ധ്രാപ്രദേശിലെ സഖാക്കളെ അഭിസംബോധന ചെയ്ത് ഒരു കത്ത്-ആന്ധ്രാ കത്ത്- അയക്കുകയുണ്ടായി. അതുകൊണ്ടു തന്നെ രൂപീകരിക്കപ്പെട്ടു വളരെ ചെറിയ കാലയളവിനുള്ളില്‍ പാര്‍ട്ടിക്ക് ഇടതുപക്ഷവ്യതിയാനത്തിനെതിരായ ആശയസമരത്തില്‍ ഏര്‍പ്പെടേണ്ടി വന്നു. 1960- കള്‍ക്കൊടുവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രെസില്‍ ഉണ്ടായ ഇന്ദിക്കേറ്റു-സിന്‍ഡിക്കേറ്റ് ഭിന്നിപ്പിലും പിളര്‍പ്പിലും തുടര്‍ന്ന് നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് ഇന്ദിരാപക്ഷത്തെ പിന്തുണക്കേണ്ടി വന്നു. മാലിഖാന്‍ നിര്‍ത്തലാക്കാനും ബാങ്ക് ദേശസാല്‍ക്കരിക്കാനുമുള്ള ഇന്ദിരാഗാന്ധിയുടെ തീരുമാനത്തെയും പാര്‍ട്ടി അനുകൂലിച്ചു.

1967-ല്‍ കേരളത്തില്‍ ഉണ്ടായ, സി പി ഐ ഉള്‍പ്പെട്ട സപ്തകക്ഷി മുന്നണി മന്ത്രിസഭയുടെ നേതൃസ്ഥാനം സി പി ഐ എമ്മിനായിരുന്നു. പശ്ചിമ ബംഗാളില്‍ 67 ലും 69 ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയി സി പി ഐ എം മാറിയെങ്കിലും മുഖ്യമന്ത്രിസ്ഥാനം ബംഗ്ലാ കോണ്‍ഗ്രെസ്സിനു നല്‍കി. 1971 ല്‍ നടന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൂക്ക് സഭയാണ് ഉണ്ടായതെങ്കിലും അംഗസംഖ്യയില്‍ ഒന്നാമത് സി പി ഐ എം ആയിരുന്നു. തുടര്‍ന്ന് രാഷ്ട്രപതി ഭരണത്തില്‍ 72 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വ്യാപകമായ കൃത്രിമം നടത്തി കോണ്‌ഗ്രെസ്സ് അധികാരം പിടിച്ചു. പിന്നീട്, സിദ്ധാര്‍ത്ഥ ശങ്കര്‍ റേയുടെ നേതൃത്വത്തില്‍ നടന്ന അര്‍ദ്ധ ഫാസിസ്റ്റ് ഭീകരതയ്ക്കാണ് ബംഗാള്‍ സാക്ഷ്യംവഹിച്ചത്. കേരളത്തിലും 70-കളുടെ തുടക്കത്തില്‍ രൂക്ഷമായ അടിച്ചമര്‍ത്തലുകള്‍ പാര്‍ട്ടി നേരിട്ടു. ചുരുക്കത്തില്‍, 64 മുതല്‍ 74 വരെയുള്ള പത്തു വര്‍ഷക്കാലത്തു പാര്‍ട്ടിക്കുള്ളിലും പുറത്തും നിലനിന്ന മേല്‍പരാമര്‍ശിച്ച സാഹചര്യങ്ങള്‍ കാരണം ജനകീയ ജനാധിപത്യ വിപ്ലവത്തിലേക്കുള്ള അടവ് നയം രൂപപ്പെടുത്താനും വര്‍ഗ-ബഹുജന സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുതാനോ ഉള്ള സാവകാശം പാര്‍ട്ടിക്ക് ലഭിച്ചില്ല. ഇതോടൊപ്പം അപ്രതീക്ഷിതമായ അടിയന്തരാവസ്ഥാ പ്രഖ്യാപനവും 77-ലെ തെരഞ്ഞെടുപ്പില്‍ സംഭവിച്ച കൊണ്‍ഗ്രസ്സിന്റെ തകര്‍ച്ചയും ജനതാപാര്‍ട്ടിയുടെ വിജയവും. ഇങ്ങനെ സങ്കീര്‍ണ്ണമായ ഒരു സാഹചര്യത്തിലാണ്, 1972 ലെ മധുര പാര്‍ട്ടി കോണ്‍ഗ്രെസ് കഴിഞ്ഞു ആറു വര്‍ഷത്തിന് ശേഷം 78-ല്‍ പത്താം കോണ്‍ഗ്രെസ്സ് ജലന്തറില്‍ ചേര്‍ന്നത്. ഇതിനിടയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.സുന്ദരയ്യയുടെ വിയോജനക്കുറിപ്പ് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് മുമ്പാകെ എത്തിയിരുന്നു. ഒപ്പം നയാവലോകനം സംബന്ധിച്ച എം. ബസവപുന്നയ്യയുടെ മറ്റൊരു രേഖയും പാര്‍ട്ടിക്കുള്ളില്‍ എത്തി. അതിന് മുമ്പത്തെ ആന്ധ്രാക്കത്തും. ഏതാണ്ട് ഒന്നരപ്പതിറ്റാണ്ട് കാലത്തെ അവ്യവസ്ഥിതത്വത്തിനും ആശയകാലുഷ്യത്തിനും ഇടയിലാണ് സി പി ഐ എമ്മിന്റെ പത്താംകോണ്‍ഗ്രെസ്സ് ജലന്തരില്‍ ചേര്‍ന്നത്.

ഭാഗം ഒന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
http://www.thalsamayam.in/india-opinion-special/dr-iv-babu-analyzing-what-outcome-cpi-m-22-party-congress-751635145

തുടരും

Story by
Next Story
Read More >>