ഗുരുപൂജയോ ഗുരുവന്ദനമോ?

കൃഷ്ണനും കുചേലനും കൂടിയാണ് സാന്ദീപനിയുടെ പാദപൂജയും ഗുരുപൂജയും വിറകുവെട്ടലും വെള്ളം കോരലും ഒക്കെ ചെയ്തത്. പക്ഷെ എന്നിട്ടും കുചേലൻ ഒരു വൃത്തത്തിൽ...

ഗുരുപൂജയോ ഗുരുവന്ദനമോ?

കൃഷ്ണനും കുചേലനും കൂടിയാണ് സാന്ദീപനിയുടെ പാദപൂജയും ഗുരുപൂജയും വിറകുവെട്ടലും വെള്ളം കോരലും ഒക്കെ ചെയ്തത്. പക്ഷെ എന്നിട്ടും കുചേലൻ ഒരു വൃത്തത്തിൽ വഞ്ചിപ്പാട്ടായി ഒതുങ്ങിയപ്പോൾ കൃഷ്ണൻ ഗാഥ മുതൽ ഗീത വരെയും നീണ്ടും നിവർന്നും കിടന്നു. സംഭവം രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ യുടെ കളിയാണ്, പൂജ വെറും നാടകമാണ് എന്ന് അങ്ങനെ എക്കാലത്തും തിരുവാതിരനിലാവുപോലെ തെളിഞ്ഞു കിടന്നിരുന്ന ഒന്നാണ്.

മനുഷ്യർ പരസ്പരം സൗമ്യതയോടെയും ജനാധിപത്യ മര്യാദയോടെയും പെരുമാറുന്നത് ഒരു നല്ല കാര്യമാണ്. അതൊരു നാഗരികത ഗുണമാണ് എന്നും പറയാം. അതിനു മതത്തിന്റെയോ ആചാരങ്ങളുടെയോ അകമ്പടി ആവ്യശ്യമില്ല. അതുകൊണ്ടാണ് ഗുരുപൂജ ആണോ ഗുരുവന്ദനമാണോ പ്രായമായവരെ നോക്കാനുള്ള സന്ദേശമാണോ എന്നത്തിൽ ഏതായാലും ശരി വിദ്യാഭ്യാസവകുപ്പിന്റെ ആ നിർദ്ദേശം തീർത്തും അനുചിതവും അന്യായവുമാണ്.

വിദ്യാഭ്യാസത്തിന്റെ മതേതര സ്വഭാവം നമ്മുടെ സമൂഹത്തിൽനിന്നും നഷ്ടപ്പെടാൻ തുടങ്ങിയിട്ട് എത്രയോ നാളായി. പൊതുവിദ്യാഭ്യാസ ഉള്ളടക്കത്തിൽപ്പോലും അത്തരം സ്വാധീനങ്ങളുണ്ട്. അതിനുമപ്പുറമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയുള്ള സ്വകാര്യ, മത മാനേജ്‌മെന്റുകൾ വിദ്യാഭ്യാസ പരിസരത്തെ തികച്ചും മതാത്മകമായ അന്തരീക്ഷത്തിൽ നിലനിർത്താൻ വിജയകരമായി ശ്രമിക്കുന്നത്. ന്യൂനപക്ഷ മാനേജ്‌മെന്റുകൾക്കൊപ്പം ഹിന്ദുത്വ രാഷ്ട്രീയ അജണ്ടകളുള്ളവർ കൂടി ഇതിലേക്ക് വന്നതോടെ അസഹനീയമായ വിധത്തിൽ ജീർണമായിക്കൊണ്ടിരിക്കുകയാണ് വിദ്യാഭ്യാസമണ്ഡലം.

ഒരു മതേതര, ജനാധിപത്യ സമൂഹത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും മതേതരമായിരിക്കണം. അതിൽ ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമൊന്നുമില്ല. മത, ഭാഷാ ന്യൂനപക്ഷങ്ങൾക്കുള്ള ഭരണഘടനാപരമായ പ്രത്യേകാവകാശം ന്യൂനപക്ഷമായതിന്റെ പേരിൽ വിദ്യാഭ്യാസ അവകാശങ്ങൾ, അവസരങ്ങൾ എന്നിവ നിഷേധിക്കപ്പെടാതിരിക്കാനും തങ്ങളുടെ ഭാഷ അസ്തിത്വം സ്വതന്ത്രമായി നിലനിർത്താനുമാണ്. എന്നാലിത് മതേതരമായ പൊതുവിദ്യാഭ്യാസ ചട്ടക്കൂട്ടിൽ നിന്നും പുറത്തുകാട്ടാനുള്ള ഒന്നാകരുത്.

എന്നാൽ പലപ്പോഴും ഇതിനെ മതബദ്ധമായ ചുറ്റുപാടുകളും പൊതുപണം കൊണ്ടുനടത്തുന്ന സ്ഥാപനങ്ങളിൽ മതബദ്ധമായ ക്രമങ്ങൾ ഉണ്ടാക്കിവെക്കുകയും ചെയ്യുന്നതിലേക്കാണ് എത്തിയത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അക്രമാസക്തമായ ഇപ്പോഴത്തെ വരവിൽ ഇതിനെ എത്രയോ ഇരട്ടിയായാണ് അവർ ഉപയോഗിക്കുന്നത്. പാഠപുസ്തകങ്ങളുടെ ഹിന്ദുത്വവത്കരണം പോലുള്ള പ്രത്യക്ഷത്തിൽത്തന്നെ പ്രതിലോമകരമായ നീക്കം നടത്തുന്നതിനൊപ്പമാണ് പൊതുസാമൂഹ്യ മണ്ഡലത്തിനെ ഹിന്ദുത്വവത്കരിക്കുകയും അതിലൂടെ തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം എല്ലായിടത്തും എത്തുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നത്.

മതവുമായി ബന്ധപ്പെട്ടാണ് നന്മയുള്ളത് എന്നാണു ഒരു അനുഷ്ഠാനം പോലെ നാം പറഞ്ഞുകൊണ്ടിരിക്കുന്നത്. വാസ്തവത്തിൽ നേരെ തിരിച്ചാണ് എന്ന് എത്രയോ എളുപ്പത്തിൽ അറിയുമ്പോഴും അതങ്ങനെത്തന്നെ നാം പറയും. ജനാധിപത്യവിരുദ്ധമായ, സ്ത്രീവിരുദ്ധമായ മതരീതികളെ അറിയാതെപോലും മുറിപ്പെടുത്താതിരിക്കാൻ നാം ശ്രദ്ധിക്കും. ജാതിവ്യവസ്ഥയുടെ നിലനിൽപ്പിനെ അതിന്റെ രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് വിലയിരുത്തുന്ന, അതിനെ എതിർക്കുന്ന ഒരു പാഠം പോലും ഇല്ലെന്ന് ഉറപ്പാക്കിയാണ് നാം കുട്ടികളെ പഠിപ്പിക്കുന്നത്.

മതേതര, ജനാധിപത്യ, ലിംഗനീതി മൂല്യങ്ങളല്ല നാം സമൂഹത്തിലും വിദ്യാലയങ്ങളിലും പുലർത്തുന്നത്. പരസ്പര ബഹുമാനത്തിലുള്ള ഒരു അദ്ധ്യാപക-വിദ്യാർത്ഥി ബന്ധം പോലും നമുക്കന്യമാണ്‌. പീഡകരായ പരമാധികാരികളോ അങ്ങനെയാകാൻ തങ്ങൾക്കെപ്പോഴും സാധ്യതയും ശേഷിയുമുണ്ട് എന്ന് കരുതുന്നവരോ ആണ് നമ്മുടെ അദ്ധ്യാപക സമൂഹത്തിലെ വലിയൊരു വിഭാഗം. ഇത് ഒന്നാം ക്ലാസ് മുതൽ സർവ്വകലാശാല തലം വരേയും അങ്ങനെയാണ്. ഈ ബന്ധത്തെ ജനാധിപത്യവത്കരിക്കാനല്ല ഈ ഗുരുപൂജ, മറിച്ച് ഇത്തരം ജീര്‍ണമായ അധീശ ബന്ധങ്ങളെ നിലനിർത്താനാണ്. പ്രായമായവർക്ക് ന്യായമായ ജീവിതസാഹചര്യങ്ങൾ ഉണ്ടാകുന്നു എന്ന് ഒരു സമൂഹം ഉറപ്പുവരുത്തേണ്ടത് വൃദ്ധസദനത്തിൽപോയി അവരെ കാഴ്ച്ചവസ്തുക്കളാക്കിയിട്ടല്ല. സമൂഹത്തെ കൂടുതൽ ക്ഷേമ പരിപാടികളിലൂടെ ജനാധിപത്യവത്കരിച്ചാണ്. ഇത്തരത്തിലുള്ള എല്ലാ സാമൂഹ്യ-രാഷ്ട്രീയ ചുമതലകളെയും കയ്യൊഴിയുകയും നന്മ എന്നാൽ ഒരുതരം ജീർണമായ ആചാരവിനയമാണെന്ന് വരുത്തിത്തീർക്കുകയും ചെയ്യേണ്ടത് ഒരു രാഷ്ട്രീയ ആവശ്യമാണ്.

വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ പോകുന്നത് പഠിക്കാനാണ്. അത് ലോകത്തെ എല്ലാ കാര്യങ്ങളും പഠിക്കാനല്ല . വിവേചനങ്ങളില്ലാത്ത ഒരന്തരീക്ഷത്തിൽ സമപ്രായക്കാർക്കൊപ്പം പൊതുജനാധിപത്യ സമൂഹം അംഗീകരിച്ച ഒരു പാഠ്യക്രമത്തിലൂടെ കടന്നുപോകാനാണ്. മറ്റു കാര്യങ്ങളിൽ ഒരു വിദ്യാർത്ഥി ഒരു സ്വതന്ത്രവ്യക്തിയാണ്. അവരും അധ്യാപകരും തമ്മിലുള്ള ബന്ധം ഈ ക്രമത്തിനുള്ളിലെ പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമാകണം. പകരം ഇത്തരം കോപ്രായങ്ങൾ കാണിച്ചുകൂട്ടുന്നത് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും തങ്ങളുടെ ജനാധിപത്യപരമായ സാമൂഹ്യ പദവികളെക്കുറിച്ച് നാനാവിധ തെറ്റിദ്ധാരണകൾ ഉണ്ടാക്കാനെ ഇടവരുത്തൂ.

പൗരന്മാരോട് എങ്ങനെയാണ് ജനാധിപത്യബഹുമാനത്തോടെ പെരുമാറേണ്ടതെന്ന്‌ ഞെട്ടിക്കുന്ന വേഗത്തിൽ മറന്നുകൊണ്ടിരിക്കുന്ന ഒരു ഭരണകൂടത്തിന്റെ വന്ദനശ്ലോകങ്ങൾ വെറും കാപട്യമാണ്.

Next Story
Read More >>