ടി ഷര്‍ട്ടും ജീന്‍സുമായി രാഹുല്‍ വരട്ടെ....

അവിടവിടെ കീറിയ ഖദര്‍ ഷര്‍ട്ട് വലിയ ട്രെയ്ഡ് മാര്‍ക്കായി കൊണ്ടു നടക്കുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും. പുതിയ ഷര്‍ട്ട് വാങ്ങിയാലും...

ടി ഷര്‍ട്ടും ജീന്‍സുമായി രാഹുല്‍ വരട്ടെ....

അവിടവിടെ കീറിയ ഖദര്‍ ഷര്‍ട്ട് വലിയ ട്രെയ്ഡ് മാര്‍ക്കായി കൊണ്ടു നടക്കുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും. പുതിയ ഷര്‍ട്ട് വാങ്ങിയാലും അവിടവിടെ കുറച്ച് കീറും എന്ന ഖ്യാതിയും ഒരു കോണ്‍ഗ്രസ് നേതാവിനുണ്ട്. അസൂയാലുക്കള്‍ പറയുന്നതാവണം. കേരളത്തിലെ കോണ്‍ഗ്രസ്സുകാരെ കണ്ടാണോ രാഹുല്‍ഗാന്ധി പഠിക്കുന്നത് എന്ന ചോദ്യം ചിലരെങ്കിലും ഉയര്‍ത്തിയിരിക്കുന്നു. അവര്‍ ഒരു മുന്നറിയിപ്പു നല്‍കുന്നുണ്ട്. കാലം മാറിയിരിക്കുന്നു.കീറിയ ഖദറുകുപ്പായം വാരിവലിച്ച് പുതച്ചു കൊണ്ടൊന്നും നരേന്ദ്ര മോദിയെ നേരിട്ടു കളയാമെന്ന വ്യാമോഹം വേണ്ട. രാഹുല്‍ വേറെ താടിയും മോടിയും കണ്ടെത്തിയേ തീരൂ.

അതിന് എന്തെല്ലാം വേണമെന്നു നോക്കാം. രാഷ്ട്രീയത്തില്‍ ജയിക്കാന്‍ രാഷ്ട്രീയം മാത്രം പോര എന്നതാണ് ആദ്യപാഠം. എന്ത് ഉടുക്കുന്നു എങ്ങനെ ഉടുക്കുന്നു എന്നത് അതിപ്രധാനമാണ്. ഇക്കാര്യത്തില്‍ വസ്ത്രനിരീക്ഷകര്‍, ഹാ അങ്ങനെയും ഒരു കൂട്ടരുണ്ട്, പറയുന്നത് കേട്ടോളൂ. ഇന്ത്യയിലെ ഏറ്റവും നന്നായി വസ്ത്രം ധരിക്കുന്ന രാഷ്ട്രീയ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഏറ്റവും മോശമായി വസ്ത്രം ധരിക്കുന്ന നേതാവ് രാഹുല്‍ ഗാന്ധിയാണ്. പോരേ!

ശശി തരൂര്‍, കപില്‍ സിബല്‍ തുടങ്ങിയ ഉപദേശകരൊന്നും ഉപദേശിക്കാഞ്ഞിട്ടാണോ എന്നറിയില്ല. ഉപദേശിച്ചിട്ടും ഫലമില്ലാത്തതുമാവാം. കേരള മുഖ്യമന്ത്രിയെപ്പോലെ മാധ്യമ, ധനകാര്യ, ശാസ്ത്രകാര്യ, നിയമകാര്യ ഉപദേശകരെ നിയമിക്കുന്ന കാര്യം പിന്നെ ആലോചിക്കാം. ആദ്യം ഒരു വസ്ത്രകാര്യ ഉപദേഷ്ടാവാണ് വേണ്ടത്. അതില്ലാതെ മോദിയെ വെല്ലുക പ്രയാസമാണ്.

മൂന്നു നിയമങ്ങളാണ് ഇക്കാര്യത്തിലുള്ളത്. ആദ്യമായി, നേതാവ് നന്നായി വസ്ത്രം ധരിക്കണം. നന്നായി വസ്ത്രം ധരിച്ച ഒരാള്‍ ആളുകള്‍ക്ക് നല്‍കുന്ന സന്ദേശം എന്തെന്നോ? ഈ ആള്‍ക്കു സ്വന്തം ജീവിതത്തിനു മേല്‍ നല്ല നിയന്ത്രണമുണ്ട് എന്നു തന്നെ. സ്വന്തം ജീവിതത്തിന്‍മേല്‍ നിയന്ത്രണമില്ലാത്ത ഒരാളെ എങ്ങനെയാണ് രാജ്യത്തിന്റെ നിയന്ത്രണം ഏല്‍പ്പിക്കുക?

രണ്ടാമത്തെ തത്ത്വം- വസ്ത്രം നന്നായാല്‍ മാത്രം പോരാ, വ്യത്യസ്തവുമാവണം. വെറും വെള്ള പൈജാമ-കുര്‍ത്ത ധരിക്കുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ നില്‍ക്കുന്ന നേതാവിനെ എങ്ങനെ വ്യത്യസ്തനായി കാണാനാവും?

മൂന്നാമതായി, വസ്ത്രത്തിന്റെ സ്വഭാവം ഇടക്കിടെ മാറാന്‍ പാടില്ല. ഒരേ ടൈപ്പ് വസ്ത്രമാവണം ധരിക്കുന്നത്. അതു സ്ഥിരതയുടെ സൂചനയാണ്. സ്ഥിരതയാണ് വിശ്വാസം ഉണ്ടാക്കുന്ന പ്രധാന ഘടകം. ഇടക്കിടെ മാറിക്കൊണ്ടിരിക്കുന്ന ആളെ എങ്ങനെ വിശ്വസിക്കും?

ഈ നിയമങ്ങളെല്ലാം അറിയുന്ന ആളാണ് ഇന്ത്യന്‍ പ്രധാനമന്ത്രി. അദ്ദേഹത്തിനു പുറത്തറിയില്ലെങ്കിലും കെങ്കേമന്‍ ഉപദേഷ്ടാക്കളുണ്ട്. വസ്ത്ര ഉപദേഷ്ടാവിന് സാമൂഹ്യമാധ്യമ ഉപദേഷ്ഠാവിന് ഉള്ളതിനേക്കാള്‍ പ്രാധാന്യം ഉണ്ടെന്നു വേണം മനസ്സിലാക്കാന്‍. ഇതാണ് മോദിയും രാഹുലും തമ്മിലുള്ള നിര്‍ണായക വ്യത്യാസം.

ഹാഫ് കൈ കുര്‍ത്ത മോദി സ്ഥിരം വസ്ത്രമായി സ്വീകരിച്ചത് ഗുജറാത്ത് മുഖ്യമന്ത്രി ആയ കാലത്താണ്. ആ കുര്‍ത്തയ്ക്ക് അദ്ദേഹം പാറ്റന്റെടുത്തു എന്നു വേണം കരുതാന്‍. മറ്റൊരു പ്രമുഖനെയും ആ വേഷത്തില്‍ അധികം കണ്ടിട്ടില്ലല്ലോ. നീണ്ട കുര്‍ത്തക്കൈ വെറുതെ പല വട്ടം തിരുകിക്കയറ്റി സമയം കളയുന്ന ആളല്ല മോദി എന്നതാണ് ആ വസ്ത്രം നല്‍കിയ സന്ദേശം. പ്രധാനമന്ത്രിയായ ശേഷം അതിലും പരിഷ്‌കാരങ്ങള്‍ വരുത്തി. നെഹ്‌റു അനുയായികള്‍ ഉപയോഗിക്കാത്ത നെഹ്‌റു ജാക്കറ്റ് ഇപ്പോള്‍ മോദിയുടെ സ്വന്തം വസ്ത്രമാണ്. സ്ലീവുകള്‍ക്കു നീളം കൂടി. അതു അരക്കൈയേക്കാള്‍ ഔപചാരികമായി. വിദേശയാത്രകളില്‍ ഈ വേഷം തിളങ്ങിനിന്നു. രാഷ്ട്രനേതാക്കളുടെ കൂട്ടത്തില്‍ മോദി വ്യത്യസ്തമായി.

രാഷ്ട്രനേതാക്കളുടെ ഫോട്ടോയും പ്രസംഗവും പത്രത്തില്‍ മാത്രം കാണുന്ന കാലം പോയിക്കഴിഞ്ഞു. ചാനലുകള്‍ തിളങ്ങുന്നത് വേഷവും നടപ്പും ശരീരഭാഷയുമാണ്, സംസാരഭാഷയല്ല. ഇനി അതിലും മോദി മോശക്കാരനല്ലല്ലോ.

ഇനി എന്താണ് രാഹുലിന്റെ പ്രശ്‌നമെന്നു നോക്കാം. അദ്ദേഹത്തിന്റെ വെള്ള പൈജാമ-കുര്‍ത്തയില്‍ എടുത്തുപറയത്തക്കെ ഒരു പ്രത്യേകതകളുമില്ല. വ്യത്യസ്തതയില്ല എന്നതും സഹിക്കാം. തനിക്കു പറ്റിയതല്ല ഈ വേഷം എന്നദ്ദേഹത്തിനുതന്നെ തോന്നുന്നുണ്ടെന്ന മട്ടിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. ഇടക്കിടെ കൈ കൊണ്ട് കുര്‍ത്തക്കൈ വലിച്ചുകയറ്റിക്കൊണ്ടിരിക്കും. ഒരു പ്രസംഗത്തിനിടയില്‍ ഇത് എത്ര തവണ ചെയ്യുന്നു എന്നാരെങ്കിലും എണ്ണിനോക്കേണ്ടതാണ്. കുപ്പായക്കൈയുടെ മേല്‍പ്പോലും നിയന്ത്രണമില്ലെന്നതാണോ അദ്ദേഹം നല്‍കുന്ന സന്ദേശം?

ഒരാള്‍ തന്റെ തനിമയില്‍തന്നെ പ്രത്യക്ഷപ്പെടുന്നതാണ് വിശ്വാസ്യത സൃഷ്ടിക്കുക എന്ന് ആര്‍ക്കാണ് അറിയാത്തത്. എന്തുകൊണ്ടു രാഹുലിന് ടി ഷര്‍ട്ടും ജീന്‍സും തന്റെ യൂണിഫോം ആയി സ്വീകരിച്ചുകൂടാ?യുവത്വത്തിേെന്റ പ്രതീകമല്ലേ അത്? ഗ്രാമങ്ങളില്‍പ്പോലും ക്യാമറ ഫോണും ജീന്‍സുമായല്ലേ യുവാക്കള്‍ നടക്കുന്നത്. അമ്പത് എത്തിയിട്ടില്ലാത്ത, ഇപ്പോഴും ഒരു പയ്യന്റെ ഭാവചലനങ്ങളുള്ള ഈ യുവാവ് എത്രയും നേരത്തെ കുര്‍ത്ത പൈജാമ ഉപേക്ഷിക്കുന്നുവോ അത്രയും നന്ന്.

( ദ് പ്രിന്റ് ഡോട്ഇന്‍ പ്രസിദ്ധീകരണത്തിലെ ലേഖനത്തോട് കടപ്പാട്)


Story by
Next Story
Read More >>