കുഞ്ഞൂഞ്ഞും കുമ്മനവും പിന്നെ ചില ആന്ധ്രക്കാര്യങ്ങളും

കുമ്മനം രാജശേഖരന്റെ രാജയോഗവും കുഞ്ഞുഞ്ഞിന്റെ ആന്ധ്രയോഗവും തമ്മില്‍ പരസ്പരം ബന്ധപ്പെടുത്തേണ്ടതായിയിട്ട് ഒന്നുമില്ല. പക്ഷെ, പൊതുതെരഞ്ഞെടുപ്പ്...

കുഞ്ഞൂഞ്ഞും കുമ്മനവും പിന്നെ ചില ആന്ധ്രക്കാര്യങ്ങളും

കുമ്മനം രാജശേഖരന്റെ രാജയോഗവും കുഞ്ഞുഞ്ഞിന്റെ ആന്ധ്രയോഗവും തമ്മില്‍ പരസ്പരം ബന്ധപ്പെടുത്തേണ്ടതായിയിട്ട് ഒന്നുമില്ല. പക്ഷെ, പൊതുതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഇരുവരുടേയും യോഗം കവടി നിരത്തി വിലയിരുത്തിയാല്‍ രാഷ്ട്രതന്ത്രത്തിന്റെ സൂത്രവിദ്യകള്‍ പലതും പിടികിട്ടും. അധികാരത്തിന്റെ താക്കോല്‍സ്ഥാനം തപ്പിനടക്കുന്ന ചെന്നിത്തല നായര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഇണ്ടാസാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രമോഷന്‍. അത് മാലോകര്‍ക്കറിയില്ലെങ്കിലും മലയാളിക്കറിയാം. കുഞ്ഞൂഞ്ഞ് മുഖ്യമന്ത്രിയായിരുന്ന കാലത്ത്, തന്നെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സന്തതസഹചാരികളുമായി നിരവധി തവണ ജനപഥ് 10 കയറി ഇറങ്ങിയതാണ് ചെന്നിത്തല. സരിത കേസില്‍ കുഞ്ഞൂഞ്ഞിനെ പിന്നില്‍ നിന്നും കുത്താന്‍ മൂപ്പര്‍ ഏകെജി ഭവനില്‍ ചെന്നില്ലെങ്കിലും അങ്ങോട്ടേയ്ക്കുളള കുറുക്കുവഴികളില്‍ ഇരുന്ന് കരുക്കള്‍ നീക്കിയിട്ടുണ്ട്. അതവിടെ നില്‍ക്കട്ടെ, കണ്‍ട്രോള്‍ ഇസഡ് അടിച്ച് കൂഞ്ഞൂഞ്ഞിലേക്ക് തന്നെ ചെല്ലാം. ഒരു ഷോട്ട് കട്ട് റ്റു കുഞ്ഞൂഞ്ഞ്.

പുതുപ്പളളിയില്‍ നിന്നും ആന്ധ്രപ്രദേശിലേക്ക് ബഹുദൂരമുണ്ടെന്നും അതുകൊണ്ട് അദ്ദേഹത്തെ ആന്ധ്രയുടെ ഇന്‍ചാര്‍ജ്ജാക്കി അയച്ചത് ശരിയല്ലന്നും ഒരു മുറുമുറുപ്പുണ്ട്. കാര്യം അറിയാത്തവരല്ല ഈ മുറുമുറുക്കുന്നത്. കുഞ്ഞുഞ്ഞിനെ നാടുകടത്താന്‍ എക്‌സ്‌പോര്‍ട്ട്-എംപാര്‍ക്ക് ലൈസന്‍സ് നേരത്തെ തന്നെ കൈക്കലാക്കിയത് ആരാണെന്നും എന്തിനാണെന്നും അറിയാത്തവരുമല്ല. രാഷ്ട്രീയം അറിയുന്നവര്‍ക്ക് നല്ല ബോദ്ധ്യമുളള കാര്യമാണ്. അത് കുഞ്ഞുഞ്ഞും ആന്ധ്രയും തമ്മില്‍ ബഹുദൂരം അടുപ്പം ഉണ്ടെന്നതാണ്. അതൊരു ബല്ലാത്ത അടുപ്പമാണ്. അങ്ങനെ ഒരടുപ്പം കുഞ്ഞാപ്പക്കും ഗുലാംനബിക്കും ഇല്ലെന്നും തറപ്പിച്ച് പറയാം. അങ്ങനെയൊരു സംബന്ധം മിസോറാമിനും കുമ്മനത്തിനു ഇല്ലെന്നത് ചെട്ടിനാട് സിമന്റിനേക്കാള്‍ ഉറപ്പുളള സത്യമാണ്.

എന്താണ് കുഞ്ഞുഞ്ഞും ആന്ധ്രപ്രദേശും തമ്മിലുളള ബന്ധം എന്നല്ലേ? അത് ഒരു സാംസ്ാകാരിക-സാമൂഹിക-സാമ്പത്തിക ബന്ധമാണ്. നമ്മള്‍ ആരും അറിയാത്ത ഒരു രാഷ്ട്രീയ ഗുരു കുഞ്ഞുഞ്ഞിന്് ആന്ധ്രയിലുണ്ടായിരുന്നു. വൈ എസ് ആര്‍ എന്ന ചുരുക്ക പേരില്‍ അറിയിപ്പെടുന്ന വൈ എസ്‌ രാജശേഖര റെഡ്ഡിയാണ് അത്. ക്രൈസ്തവനായ റെഡ്ഡിയുടെ ചില പിയാര്‍ വേലകള്‍ നേരത്തെ കൂഞ്ഞുഞ്ഞ് കേരളത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. കുഞ്ഞുഞ്ഞു മാത്രമല്ല, രാഷ്ട്രീയത്തില്‍ ഭീഷ്മാചാര്യന്‍ എന്നറിയപ്പെടുന്ന സാക്ഷാല്‍ കലൈജ്ഞര്‍ കരുണാനിധി പോലും വൈ എസ് ആര്‍ പീ ആര്‍ ടൂള്‍സ് അനുകരിച്ചിട്ടുണ്ട്. അതില്‍ ഉള്‍പ്പെടുന്ന ഒന്നായിരുന്നു കരുണാനിധിയുടെ ഒരു രൂപാ അരി എന്ന പദ്ധതി. ദക്ഷിണേന്ത്യാക്കാരുടെ പി ആര്‍ ഗുരുവാണ് വൈ എസ് ആര്‍ എന്ന സത്യം ചില ഐ എ എസ്സുക്കാര്‍ക്ക് നന്നായിട്ട് അറിയാം. മാത്രമല്ല, കേരള പ്രദേശ് കോണ്‍ഗ്രസിലെ ക്രൈസ്തവ-നായര്‍ ധ്രൂവീകരണം പോലെ ആന്ധ്രപ്രദേശ് കോണ്‍ഗ്രസിലും ഒരു അഭ്യന്തര കലഹം ഉണ്ടായിരുന്നു. ആ കലഹമാണ് പാര്‍ട്ടിയെ അവിടെ മുച്ചൂടും ഇല്ലാതാക്കിയതും. അതുപോട്ടെ, കുഞ്ഞുഞ്ഞിന്റെ രാഷ്ട്രീയ കരിയറില്‍ പുതിയ പദവി വല്ല ഗുണവും ഉണ്ടാക്കുമോയെന്നതാണ് ചോദ്യം.

2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കണം. എങ്കില്‍, കുഞ്ഞുഞ്ഞ് ഇമ്മിണി വലിയ കൂഞ്ഞുഞ്ഞാകുമെന്നതില്‍ സംശയിക്കേണ്ടതില്ല. പക്കേങ്കില്‍ മോദിക്ക് ഭരണതുടര്‍ച്ച സംഭവിച്ചാല്‍ കുഞ്ഞുഞ്ഞിന്റെ കാര്യം കഷ്ടമാണ്. പക്ഷെ, ഒരു തുറുപ്പ് ഗുലാന്‍ കുഞ്ഞുഞ്ഞിനെ കാത്ത് ആന്ധ്രപ്രദേശിലുണ്ട്. വൈ എസ് ആറിന്റെ പിന്‍ഗാമിയായി ക്രൈസ്തവ-റെഡ്ഡി സമുദായങ്ങള്‍ക്ക് പുതിയ മിശീഹയായി പ്രവര്‍ത്തിക്കാം എന്നതാണ് അത്. ഒരേ -ഒരു കെണിയുണ്ടെന്നുമാത്രം. അതിന് നായിഡുവിഭാഗവും ഉപരിവര്‍ഗ്ഗ ഹിന്ദുക്കളും എങ്ങനെ സമ്മതിക്കുമെന്ന കാര്യമാണ് പ്രശ്‌നം. അവര്‍ തമ്മിലുളള അധികാര വടംവലിക്കിടെയാണ് വൈ എസ് ആര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കത്തി ചാമ്പലായത്. അദ്ദേഹത്തിന്റെ ദുരൂഹമരണത്തില്‍ മനം നൊന്ത് 110 പേര്‍ ആത്മഹത്യ ചെയ്തു. പെട്ടെന്നു തന്നെ കളരിയില്‍ ഇറങ്ങിയ മകന് ദിശ തെറ്റി മലക്കം മറയേണ്ടി വന്നു. പുതിയ വിളനിലം കുഞ്ഞുഞ്ഞിന് വിത്തിറക്കാന്‍ അനുകൂലമാണെങ്കിലും ഇടക്കിടെ പിന്നോട്ട് നോക്കാതെ നടന്നു ഉയരുക അസാദ്ധ്യം. എന്‍ഡിഎയുമായി ഏതാണ്ട് പിരിഞ്ഞ ആന്ധ്രപാര്‍ട്ടികളെ ചേര്‍ത്തുകെട്ടി ഒരു ശ്രമം നടത്താന്‍ കഴിഞ്ഞാല്‍ ശ്രീമാന്‍ കൂഞ്ഞുഞ്ഞിന് തന്റെ രാഷ്ട്രീയ കരിയരില്‍ ഒരു സുവര്‍ണ്ണ ലിഖിതം എഴുതി ചേര്‍ക്കാം. പക്ഷെ, വൈ എസ് ആറിന്റെ തിരിച്ചറിയാത്ത മൃതദേഹം കാണുന്ന മലയാള മനോരമ ഫോട്ടോഗ്രാഫ് എപ്പോഴും ഓര്‍മ്മയിലുണ്ടാകണം എന്നുമാത്രം.

ഏതായാലും, ഭാവി മുഖ്യമന്ത്രി ശ്രീമാന്‍ ചെന്നിത്തലക്ക് ആശംസകള്‍, മിസോറം ഗവര്‍ണര്‍ കുമ്മനം ജിക്കും ആശംസകള്‍. എന്തിന് കുറവ് വരുത്തണം. കുഞ്ഞൂഞ്ഞ് ആന്ധ്രയില്‍ പോയി വിജയം വരിക്കട്ടെ, നല്ല നമസ്‌കാരം.

Read More >>