ജനവിരുദ്ധവും ധൂര്‍ത്തും ആണ് ഭാഗ്യപരീക്ഷണം

വളരെ ലഘുവായ ഒരു ചോദ്യം നേതാക്കളോടും പാർട്ടികളോടും ചോദിക്കട്ടെ, എം.എൽ.എ പദവി രാജിവച്ചു മാത്രമേ വേറൊരു ജനപ്രതിനിധിസഭയിലേക്ക് മത്സരിക്കാൻ പാടുള്ളൂ എന്നൊരു നിയമവ്യവസ്ഥ ഉണ്ടായിരുന്നുവെങ്കിൽ നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ പാർട്ടി ഇതിനു തുനിയുമായിരുന്നുവോ?

ജനവിരുദ്ധവും ധൂര്‍ത്തും ആണ് ഭാഗ്യപരീക്ഷണം

ജനാധിപത്യവ്യവസ്ഥ നിലനിർത്താനും ശക്തിപ്പെടുത്താനും രാഷ്ട്രം വലിയ സംഖ്യ ചെലവഴിക്കുന്നുണ്ട്. ജനങ്ങളുടെ ഇച്ഛയ്ക്കനുസരിച്ചുള്ള ഭരണം ഉണ്ടാകുക എന്നതാണ് പരമപ്രധാനം. ജനഹിതം പ്രകടിപ്പിക്കുന്നതിനുള്ള വോട്ടിങ് സംവിധാനം കാര്യക്ഷമവും നിഷ്പക്ഷവും സ്വതന്ത്രവുമാക്കുന്നതിന് എത്ര പണം ചെലവു ചെയ്യേണ്ടി വന്നാലും സാരമില്ല എന്നു കരുതുന്നതിൽ തെറ്റൊന്നുമില്ല. അതൊരു നഷ്ടമായി കണക്കാക്കാനുമാവില്ല.

എന്നാൽ, ഒരു സീറ്റ് ഉറപ്പിക്കുന്നതിന് വേണ്ടി മാത്രമായി പാർട്ടികൾക്ക് ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കാൻ, പാഴാക്കാൻ എന്താണ് അവകാശം? നിയമസഭയിലേക്ക് അഞ്ചു വർഷം ചില ചുമതലകൾ നിർവ്വഹിക്കാൻ തെരഞ്ഞെടുത്ത് അയച്ച വ്യക്തിക്ക് രണ്ടു വർഷം കഴിയുമ്പോൾ തനിക്ക് ഈ സഭയിലല്ല മറ്റേ സഭയിൽ പ്രവർത്തിക്കാനാണ് താല്പര്യം എന്നു ബോധോദയം ഉണ്ടാകുമ്പോൾ ആ സഭയിലേക്ക് മത്സരിക്കുകയും അതിന്റെ ഫലമായി നേരത്തെ ജയിച്ച സഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടി വരികയും ചെയ്യുന്നതിൽ ആരും ഒട്ടും അപാകം കാണുന്നില്ല എന്നത് അത്ഭുതമാണ്. മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ലിസ്റ്റ് അനുസരിച്ച് നാല് എം.എൽ.എ മാരെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാൻ സി.പി.എം നിയോഗിക്കുകയാണ്. സി.പി.ഐ രണ്ട് എം.എൽ.എ മാരെ സ്ഥാനാർത്ഥികളാക്കിക്കഴിഞ്ഞു. നാല് സ്ഥാനാർത്ഥികളിൽ രണ്ടും എം.എൽ.എമാർ. യു.ഡി.എഫിന്റെ ലിസ്റ്റ് വന്നിട്ടില്ല. അവരും ചില സീറ്റുകളിലെങ്കിലും എം.എൽ.എ മാരെ ഇറക്കാൻ ആലോചിക്കുന്നതായി സൂചനയുണ്ട്.

ഗൗരവമേറിയ പ്രശ്നങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നുണ്ട്. ഏറ്റവും പ്രധാനം പാവപ്പെട്ട ജനങ്ങളിൽനിന്നു പിരിച്ചുണ്ടാക്കുന്ന നികുതിപ്പണത്തിന് ഈ പാർട്ടികൾ ഒരു വിലയും കല്പിക്കുന്നില്ല എന്നതാണ്. ഒരു നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ എത്ര ചെലവുവരും? ഇത്തവണ മത്സരിക്കുന്നവരെയെല്ലാം ജനങ്ങൾ തെരഞ്ഞെടുത്തയച്ചാൽ ചുരുങ്ങിയത് ആറു സീറ്റിലെങ്കിലും വോട്ടെടുപ്പ് വേണ്ടിവരും. സർക്കാറിനു മാത്രമല്ല ചെലവ്. പാർട്ടികൾ ചെലവഴിക്കുന്നതും ജനങ്ങളുടെ പണം തന്നെയാണ്. അനിവാര്യമായ ചെലവുകൾ ചെയ്‌തേ തീരൂ. സ്ഥാനാർത്ഥികളുടെ വിജയസാദ്ധ്യതയെക്കുറിച്ചുള്ള പാർട്ടി കമ്മിറ്റികളുടെ തീർത്തും ആത്മനിഷ്ഠമായ നിഗമനങ്ങളിൽ നിന്നാണ് സ്ഥാനാർത്ഥികളുടെ പേരുകൾ ഉയർന്നുവരുന്നത്. ഇതെല്ലം ഭാഗ്യപരീക്ഷണങ്ങൾ മാത്രമാണ്. കമ്മിറ്റികളുടെ നിഗമനങ്ങളൊന്നും ശരിയാകണമെന്നില്ല. ജയസാദ്ധ്യത അല്പമൊന്നു വർദ്ധിപ്പിക്കാൻ വേണ്ടി മാത്രം ഇറക്കുന്ന സ്ഥാനാർത്ഥികൾ ജയിച്ചാൽ ജനങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യതയെക്കുറിച്ച് ആരും ചിന്തിക്കാറില്ല. ചിന്തിക്കേണ്ടിയിരിക്കുന്നു. പല സ്ഥാനാർത്ഥികളെയും ഇറക്കുന്നത് ധനപരിഗണനയോടെയാണ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. അതു മറ്റൊരു വിഷയം.

ലോക്‌സഭയിലേക്ക് മത്സരിക്കാൻ നിയോഗിക്കപ്പെടുന്ന ഈ എം.എൽ.എ മാർ ആരും നിയമസഭ വിട്ട് ലോക്‌സഭ പൂകാൻ അത്യാഗ്രഹമുള്ളവരല്ല എന്നു നമുക്കറിയാം. അവർ രണ്ടു വർഷം മുമ്പ് കുറെ വാഗ്ദാനങ്ങൾ മുന്നോട്ടുവച്ച് ജനസമ്മതി നേടിയവരാണ്. അവരെ ആശ്രയിച്ച് പല പദ്ധതികളും മണ്ഡലത്തിൽ നടപ്പാക്കപ്പെടുന്നുമുണ്ട്. തീർച്ചയായും, അഞ്ചു വർഷം അവരെ സേവിക്കും എന്നൊരു അലിഖിത കരാറിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ അവർക്ക് വോട്ട് ചെയ്തത്. രണ്ടു വർഷം കഴിഞ്ഞാൽ ഞാൻ ലോക്‌സഭയിലേക്കു പോകും എന്ന് അവർ പറഞ്ഞിരുന്നുവെങ്കിൽ എത്ര പേർ വോട്ടു ചെയ്യുമായിരുന്നു. ഈ കരാർ ഏകപക്ഷീയമായി ലംഘിച്ച് ലോക്‌സഭയിലേക്ക് ഓടിപ്പോകാൻ അവർക്ക് അവകാശമില്ല. അങ്ങനെ ചെയ്യുന്നത് ജനവഞ്ചന തന്നെയാണ്. ഇത് അവർ സ്വമേധയാ ചെയ്യുന്നതല്ലെങ്കിലും അവർ ജനങ്ങളോട് ചെയ്യുന്ന വിശ്വാസവഞ്ചനയുടെ ഗൗരവം കുറക്കുന്നില്ല. വളരെ ലഘുവായ ഒരു ചോദ്യം ഈ നേതാക്കളോടും പാർട്ടികളോടും ചോദിക്കട്ടെ, എം.എൽ.എ പദവി രാജിവച്ചു മാത്രമേ വേറൊരു ജനപ്രതിനിധിസഭയിലേക്ക് മത്സരിക്കാൻ പാടുള്ളൂ എന്നൊരു നിയമവ്യവസ്ഥ ഉണ്ടായിരുന്നുവെങ്കിൽ നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ പാർട്ടി ഇതിനു തുനിയുമായിരുന്നുവോ?

പാർട്ടികളുടെ നേതൃദാരിദ്ര്യം കൂടിയാണ് ഇവിടെ വെളിവാകുന്നത്. കോഴിക്കോട്ടോ ആലപ്പുഴയിലോ ഒന്നും ലോക്‌സഭാ സ്ഥാനാർത്ഥിയാകാൻ യോഗ്യതയുള്ള, എം.എൽ.എ അല്ലാത്ത ഒരാളും സി.പി.എമ്മിലില്ലേ? എം.എൽ.എ ചുമതലയുള്ള ഒരാൾ അതുപേക്ഷിച്ച് എം.പി ആകാൻ തുനിയുന്നു എന്നതുതന്നെ ഒരു അയോഗ്യതയായി ജനങ്ങൾ കാണില്ലേ? പാർട്ടിക്കാർക്ക് അങ്ങനെ തോന്നില്ലായിരിക്കാം. പാർട്ടിക്കാർ അല്ലാത്ത വോട്ടർമാർക്ക് അങ്ങനെ തോന്നേണ്ടതാണ്. ഹർത്താൽ ഉണ്ടാക്കുന്ന നഷ്ടം പാർട്ടികളിൽനിന്ന് ഈടാക്കണം എന്നു പറയുന്ന അത്രതന്നെ ന്യായീകരിക്കാവുന്നതാണ് അനാവശ്യമായ തെരഞ്ഞെടുപ്പുകൾ ഉണ്ടാക്കുന്ന നഷ്ടം പാർട്ടികളിൽ നിന്ന് ഈടാക്കണം എന്നു പറയുന്നതും. അനാവശ്യമായ ഒരു തെരഞ്ഞെടുപ്പ് അനേകകോടി രൂപയുടെ മനുഷ്യാദ്ധ്വാനമാണ് നഷ്ടപ്പെടുത്തുന്നത്. അതും പ്രളയം തകർത്ത ഒരു സംസ്ഥാനത്ത്. തെരഞ്ഞെടുപ്പുകൾ സ്വതന്ത്രം ആയാൽ മാത്രം പോര, ജനവിരുദ്ധം ആകാനും പാടില്ല. പൗര സംഘടനകളും കൂടി ഈ വിഷയത്തെക്കുറിച്ച് ആലോചിക്കാൻ സമയമായി.

Read More >>