വോട്ടെടുപ്പിനു തലേന്നു വരെ നേതാക്കളെ കാലുമാറ്റാം

തെരഞ്ഞെടുപ്പ് സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രചാരണങ്ങൾ രാജ്യത്തെവിടെയും ഇപ്പോഴില്ല. അപൂർവ്വം ചില സർക്കാറേതര സംഘടനകൾ നടത്തുന്ന ശ്രമങ്ങളാകട്ടെ സമൂഹം അറിയാതെ പോവുകയുമാണ്‌. പാർട്ടികൾ, പണവും അധികാരവും അധാർമ്മികതയും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമം തുടരുന്നു

വോട്ടെടുപ്പിനു തലേന്നു വരെ നേതാക്കളെ കാലുമാറ്റാം

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന് വോട്ടെടുപ്പിനുള്ള സന്നാഹങ്ങൾ വേഗത്തിൽ നടക്കുന്ന അവസാനഘട്ടത്തിലും പാർട്ടി നേതാക്കളുടെ കാലുമാറ്റങ്ങൾ അവസാനിച്ചിട്ടില്ല. പ്രമുഖന്മാർ ഉൾപ്പെടെ പലരും മാറാൻ സമയം കാത്തിരിക്കുന്നതായും കേൾക്കുന്നു. കാലുമാറ്റം വോട്ടെടുപ്പിന്റെ തലേന്നുവരെ നടത്താനും ഈ രാജ്യത്ത് സ്വാതന്ത്ര്യമുണ്ട്. ഇത്രത്തോളം ഇല്ലെങ്കിലും പണ്ടും ഈ പ്രവണതയുണ്ട്. ഇത്രയുംകാലം കൊണ്ടുനടന്ന പാർട്ടി ഇത്ര മോശമായ പാർട്ടിയായിരുന്നു എന്നു പലർക്കും തിരിച്ചറിവുണ്ടാകുന്നത് വളരെ വൈകിയാണ്. നല്ല ഉദാഹരണം നമ്മുടെ നാട്ടുകാരനായ ടോം വടക്കനാണ്. വടക്കൻ വടക്ക് വളർന്ന നേതാവാണ്. ടെലിവിഷൻ ചാനലുകളിൽ ഇംഗ്ലീഷ് കലർന്ന മലയാളത്തിൽ കോൺഗ്രസ്സിനെ ന്യായീകരിക്കാൻ എപ്പോഴും എത്താറുള്ള ആളായതു കൊണ്ട് സുപരിചിതനാണ്. അദ്ദേഹം കോൺഗ്രസ്സിൽ നിന്നു രാജിവയ്ക്കുകയും ആലോചിക്കാൻ അധികമൊന്നും സമയമെടുക്കാതെ ബി.ജെ.പി യിൽ ചേരാൻ തീരുമാനിക്കുകയും അന്നു തന്നെ ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ വലിയ ബൊക്കെ കൊടുത്തു സ്വീകരിക്കുകയും ചെയ്യുന്നത് കണ്ടു.

ടോം വടക്കൻ വലിയ നേതാവാണോ ചെറിയ നേതാവാണോ എന്നതു പ്രസക്തമല്ല. ചാനലുകളിലൂടെ സുപരിചിതനായതു കൊണ്ട് അദ്ദേഹത്തിന്റെ രാജി കോൺഗ്രസ് അനുഭാവികളെ ചെറുതായെങ്കിലും ഞെട്ടിച്ചു കാണും. പുൽവാമയിൽ ഭീകരവാദിവാദികൾ നടത്തിയ ആക്രമണത്തോട് കോൺഗ്രസ് പ്രതികരിച്ച രീതിയോടുള്ള എതിർപ്പാണ് രാജിക്കു കാരണം എന്ന അദ്ദേഹത്തിന്റെ ന്യായീകരണത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. സംഭവം നടന്ന സമയത്ത് അദ്ദേഹം അതിനെക്കുറിച്ച് യാതൊന്നും പറഞ്ഞിരുന്നില്ല എന്നതും, അദ്ദേഹം കേരളത്തിൽ മത്സരിക്കാൻ സീറ്റ് തെരയുകയായിരുന്നു എന്നതും കേരളത്തിൽ ബി.ജെ.പി യുടെ സ്ഥാനാർത്ഥിയാകാൻ പോകുന്നു എന്നതുമെല്ലാം ഇതിനോട് ചേർത്തു വായിക്കേണ്ട കാര്യങ്ങൾ തന്നെയാണ്.

ഏതു ദിവസവും നേതാക്കൾക്ക് പാർട്ടി മാറാം. നാമനിർദ്ദേശപത്രിക സമർപ്പിച്ച ശേഷം പാർട്ടി മാറുന്നതു പോലും നിയമപരമായി തടയപ്പെട്ടിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം, സർക്കാർ ഉദ്യോഗസ്ഥന്മാരും മന്ത്രിമാരും സ്ഥാനാർഥികളുമെല്ലാം ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതിലൊന്നും നേതാക്കളുടെ പാർട്ടിമാറ്റം വിഷയമല്ല. എന്തായാലും, ടോംവടക്കൻ ഒറ്റപ്പെട്ട പ്രതിഭാസമല്ല. പാർട്ടി മാറൽ സാധാരണ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണോ അതല്ല, ന്യായീകരിക്കാനാവാത്ത, പരോക്ഷമായ തെരഞ്ഞെടുപ്പ് അഴിമതിയാണോ എന്നതു മാത്രമാണ് ഇവിടെ ചർച്ച ചെയ്യേണ്ടത്. ഈ പാർട്ടി മാറ്റങ്ങൾ ഏറെയും തെരഞ്ഞെടുപ്പ് അഴിമതി തന്നെയാണ്. പണവും സ്ഥാനാർത്ഥിത്വവും ഉൾപ്പെടെയുള്ള കോഴകൾ ഇതിന്റെ പിന്നിലുണ്ട്. നൂറിൽ ഒന്ന് ഒരു പക്ഷേ, കളങ്കമില്ലാത്ത പാർട്ടി മാറ്റമാവാം.

ശ്രദ്ധേയരായ വ്യക്തികളെ പാർട്ടി മാറ്റുന്നതിനുള്ള ആസൂത്രിത നീക്കം ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ട് എന്നത് പകൽ പോലെ വ്യക്തമാണ്. പ്രമുഖന്മാർ പാർട്ടിയിൽ ചേരും എന്ന അവകാശവാദം ബി.ജെ.പി നേതാക്കൾ ഒന്നു രണ്ടു വർഷമായി ഉയർത്തുന്നുണ്ട്. ആരെയെല്ലാമോ പണംകൊടുത്തു വരെ മാറ്റിക്കാൻ ശ്രമിക്കുന്നതായ വാർത്തകളുമുണ്ടായിരുന്നു. പക്ഷേ, കാര്യമായി ഒന്നും നടന്നില്ല. ആകെ കിട്ടിയത് വടക്കനെയാണ്. ഇത്തരം പല മാറ്റങ്ങൾ ഒന്നിച്ച് പ്രഖ്യാപിച്ച് വലിയ തരംഗമാണ് എന്നു വരുത്താനുള്ള ശ്രമവും ഫലവത്തായിട്ടില്ല. ഇതു തീർത്തും നിയമാനുസൃതമായ ഒരു തെരഞ്ഞെടുപ്പ് തന്ത്രമായിരിക്കാം. എന്നാൽ, ഇതിനു വേണ്ടി ഉപയോഗിക്കുന്ന തന്ത്രങ്ങളിൽ എത്രത്തോളം ധാർമ്മികതയുണ്ട് എന്ന് വോട്ടർമാർ പരിശോധിക്കേണ്ടതായുണ്ട്. കാലുമാറ്റങ്ങളിൽ ധനപരമായുള്ള കൊടുക്കൽ വാങ്ങലുകൾ ജനങ്ങൾ അറിയാൻ പോകുന്നില്ല. എന്നാൽ, ഇവയിലുടെയുള്ള സ്ഥാനകൈമാറ്റങ്ങൾ എല്ലാവരും കാൺകെ മാത്രമേ നടത്താനാവൂ.

തെരഞ്ഞെടുപ്പ് അഴിമതികൾ ഇല്ലാതാക്കാൻ വേണ്ടിയുള്ള നീണ്ട പോരാട്ടങ്ങളും പ്രക്ഷോഭങ്ങളും രാജ്യത്ത് നടന്നിട്ടുണ്ട്. ഇന്നത്തെ മാതൃകാ പെരുമാറ്റച്ചട്ടം ഉൾപ്പെടെയുള്ള പല സംവിധാനങ്ങളും ഇങ്ങനെ ഉണ്ടായതാണ്. തെരഞ്ഞെടുപ്പ് കമ്മിഷനും ജുഡീഷ്യറിയും നടപ്പാക്കിയ പരിഷ്ക്കാരങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയ കുറെയെല്ലാം അഴിമതിരഹിതവും സുതാര്യവും ആക്കുന്നതിനു സഹായിച്ചിട്ടുണ്ട്. ഇനിയുമേറെ ചെയ്യാനുമുണ്ട്. നിർഭാഗ്യവശാൽ, രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങൾ നേരെ വിപരീതമായ ദിശയിലാണ് പോകുന്നത്.

തെരഞ്ഞെടുപ്പ് സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രചാരണങ്ങൾ രാജ്യത്തെവിടെയും ഇപ്പോഴില്ല. അപൂർവ്വം ചില സർക്കാറേതര സംഘടനകൾ നടത്തുന്ന ശ്രമങ്ങളാകട്ടെ സമൂഹം അറിയാതെ പോവുകയുമാണ്. പാർട്ടികൾ, പണവും അധികാരവും അധാർമ്മികതയും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമം തുടരുന്നു. ഇത്തരം ജനാധിപത്യവിരുദ്ധ പ്രവണതകൾ ചെറുക്കാൻ എന്തു ചെയ്യാൻ കഴിയും എന്ന് ഉറക്കെ ചിന്തിക്കേണ്ട സമയമായിരിക്കുന്നു. വോട്ടർമാർ അവരുടെ വിവേചനബുദ്ധി ഉപയോഗപ്പെടുത്തേണ്ട വിഷയം കൂടിയാണ് ഇത്.