ചേലക്കരയിലെ അപരൻ

ഡമ്മി സ്ഥാനാർത്ഥികളേയും അപര സ്ഥാനാർത്ഥികളെയുമെല്ലാം കാണാറുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെന്ന രീതിയിൽ വോട്ടു ചോദിച്ച് ആളുകളെ സമീപിക്കുന്ന 'അപരൻ' ആദ്യത്തെ അനുഭവമായിരുന്നു.

ചേലക്കരയിലെ അപരൻ

കെ. മോഹനന്‍

കാലം 1965. കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്ന് ഏതാനും മാസങ്ങൾക്കകമാണ് തെരഞ്ഞെടുപ്പ് വന്നത്. ഇ.എം.എസ് ഒഴികെയുള്ള സി.പി.എമ്മിന്റെ പ്രധാന നേതാക്കളെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. തെരഞ്ഞെടുപ്പിൽ 52ഓളം പേർ സി.പി.എമ്മിന് വേണ്ടി മത്സരിച്ചത് ജയിലിൽ കിടന്നുകൊണ്ടായിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന 1964ലെ ഡിസംബർ 20നായിരുന്നു ഞാൻ ദേശാഭിമാനിയിൽ ജോലിക്ക് ചേർന്നത്. തെരഞ്ഞെടുപ്പ് വന്നതോടെ അത് പാർട്ടിയുടെ നിലനിൽപ്പിന്റെ കൂടി പ്രശ്നമായി മാറി. കോഴിക്കോട് ദേശാഭിമാനിയിലായിരുന്ന എന്നോട് ഇ.എം.എസിനു വേണ്ടി പ്രവർത്തിക്കാൻ പട്ടാമ്പിയിലേക്ക് പോകാനാണ് പാർട്ടി പറഞ്ഞത്. ഒരു രഹസ്യ വിവരപ്രകാരം പട്ടാമ്പിയിൽ ഇ.എം.എസിന്റെ സ്ഥിതി പരുങ്ങലിലാണെന്നതാണ് എന്നെ നിയോഗിക്കാൻ കാരണമായത്. സി.പി.ഐ പിന്തുണയോടെ ഒരു തങ്ങളാണ് അന്ന് ഇ.എം.എസിനെതിരെ പട്ടാമ്പിയിൽ മത്സരിച്ചിരുന്നത്. അഡ്വ. കുഞ്ഞിരാമപ്പൊതുവാളിനോട് 300 രൂപയും വാങ്ങി ഞാൻ പട്ടാമ്പിക്ക് പോയി.

എന്നാൽ അവിടെ എത്തിയപ്പോൾ ഇ.എം.എസ് എന്നോടുപറഞ്ഞു വലിയ പ്രശ്നമൊന്നുമില്ലെന്ന്. പകരം സംവരണ മണ്ഡലമായ ചേലക്കരയിൽ പോയി സ്ഥാനാർത്ഥി സി.കെ ചക്രപാണിയെ സഹായിക്കാൻ ആവശ്യപ്പെട്ടു.

ചക്രപാണി നേരത്തെ എന്റെ സുഹൃത്തായിരുന്നു. പാർട്ടി പിളർന്നപ്പോൾ ഞങ്ങൾ ഒന്നിച്ചാണ് പാർട്ടി ഓഫിസിൽ നിന്നും ഇറങ്ങിപ്പോന്നത്.

ചേലക്കര എനിക്കത്ര പരിചയമുള്ള പ്രദേശമായിരുന്നില്ല. സ്ഥാനാർത്ഥിയായി രംഗത്തുള്ള ചക്രപാണിക്കും ആ പ്രദേശത്ത് വലിയ പിടിപാടുണ്ടായിരുന്നില്ല. സി.പി.എം സ്ഥാനാർത്ഥിയായി ശരിയായ നോമിനേഷൻ കൊടുത്തത് ചക്രപാണിയായിരുന്നില്ല; മറ്റൊരാളായിരുന്നു. എന്നാൽ സംവരണ മണ്ഡലം എന്ന നിലയിൽ അദ്ദേഹത്തിന്റെ ജാതിക്ക് ചെറിയൊരു പ്രശ്നമുണ്ടായിരുന്നു. തലപ്പളളി താലൂക്കിൽ അദ്ദേഹത്തിന്റെ ജാതി സംവരണത്തിൽ ഉൾപ്പെട്ടിരുന്നില്ല. അങ്ങനെയൊരു പ്രശ്നം വന്ന് നോമിനേഷൻ തള്ളിപ്പോകുമോ എന്നു ഭയന്നാണ് ചക്രപാണിയെ ഡമ്മി സ്ഥാനാർത്ഥിയാക്കിയത്. പേടിച്ചതുപോലെ നോമിനേഷൻ തള്ളി. ചക്രപാണി സ്ഥാനാർത്ഥിയായി.

ഞാൻ ചേലക്കരയിലെത്തുമ്പോൾ ചക്രപാണി ഒരു തട്ടിൻപുറത്ത് പായ വിരിച്ച് കിടക്കുകയായിരുന്നു. യാതൊരു പ്രതീക്ഷയുമില്ലാത്ത മണ്ഡലം. മാത്രമല്ല, സി.പി.എമ്മിന് പ്രവർത്തിക്കാനുള്ള സാമ്പത്തിക ശേഷിയോ ആൾബലമോ ഒന്നും ഉണ്ടായിരുന്നില്ല. ടിന്ന് വെട്ടിയുണ്ടാക്കിയ അരിവാൾ ചുറ്റിക നക്ഷത്രം ന്യൂസ് പേപ്പറിന് മുകളിൽ വെച്ച് പെയിന്റടിച്ചാണ് പോസ്റ്ററായി ഉപയോഗിച്ചത്. നോട്ടീസടിക്കാൻ പോലും പണമുണ്ടായിരുന്നില്ല. പണം തന്ന് സഹായിക്കാൻ സമ്പന്നർ തയ്യാറുമല്ല. എങ്കിലും ആളുകൾക്ക് സ്ഥാനാർത്ഥിയുടെ പേരും പാർട്ടിയുടെ വിവരങ്ങളും അറിയാൻ വളരെ കുറച്ച് നോട്ടീസ് അടിച്ചു. കയ്യിലുണ്ടായിരുന്ന കടം വാങ്ങിയ 300 രൂപയ്ക്ക് കാറെടുത്ത് സ്ഥാനാർത്ഥിയെ മണ്ഡലത്തിന്റെ ചില ഭാഗങ്ങളിലൊക്കെ കൊണ്ടുപോയി. ഒരു ഭാഗത്ത് മലമ്പ്രദേശമായിരുന്നു മണ്ഡലം. തൃശൂർ ജില്ലയിലായിരുന്നുവെങ്കിലും പാലക്കാടിന്റെ സ്വഭാമാണ്.

എന്തായാലും സ്ഥാനാർത്ഥിയേയും കൂട്ടി വോട്ടർമാരെ നേരിൽ കാണുകയെന്നത് മലമ്പ്രദേശത്ത് അപ്രായോഗികമായിരുന്നു. അതോടെ ഞങ്ങളൊരു ഉപായം എടുത്തു. ആ പ്രദേശത്ത് സി.പി.എം എന്നൊന്നും പറഞ്ഞാൽ അറിയുമായിരുന്നില്ല. ഇ.എം.എസിന്റെ ഒരു പാർട്ടി പുതുതായി ഉണ്ടായിട്ടുണ്ട് എന്നുമാത്രമേ പലർക്കും അറിയൂ. സ്ഥാനാർത്ഥി ആരാണെന്നോ രൂപമെന്താണെന്നോ എന്നൊന്നും അറിയില്ല. ഇത് ഞങ്ങൾ ഉപയോഗപ്പെടുത്തി. മണ്ഡലത്തിന്റെ എത്തിച്ചേരാൻ പ്രയാസമില്ലാത്ത ഭാഗങ്ങളിൽ ചക്രപാണി സന്ദർശനം നടത്താൻ തീരുമാനിച്ചു. മലമ്പ്രദേശങ്ങളിൽ 'സ്ഥാനാർത്ഥി ചക്രപാണിയായി' ഞാനാണ് പോയത്. അവിടെ എല്ലാവരേയും ചക്രപാണിയായി ഞാൻ പരിചയപ്പെട്ടു.

തെരഞ്ഞെടുപ്പു കഴിഞ്ഞ് വോട്ടെണ്ണലായി. അവസാന ബൂത്തുവരെ ചക്രപാണി ഇഞ്ചോടിഞ്ചായിരുന്നു. കോൺഗ്രസിലെ കെ.കെ ബാലകൃഷ്ണനായിരുന്നു എതിർ സ്ഥാനാർത്ഥി. അദ്ദേഹമാകട്ടെ ആ പ്രദേശത്ത് ഏറെ പ്രസിദ്ധനാണ്. മാത്രമല്ല പിന്നോക്ക വിഭാഗക്കാരിലെ കേമനുമായിരുന്നു. അവസാന ബൂത്തിലെ വോട്ടെണ്ണുന്നതിന് മുമ്പുവരെ ചക്രപാണി വിജയിക്കും എന്നതായിരുന്നു നില. ജയിച്ചാൽ ചെലവ് ചെയ്യണമെന്ന് പോളിങ് ഓഫീസർ പറഞ്ഞു. നാട്ടിൽ പോകാൻ പോലും പണമില്ലാത്ത ഞങ്ങൾ എങ്ങനെ ചെലവു ചെയ്യാനാണെന്ന് ചോദിച്ചപ്പോൾ പണം കടം തരാമെന്നായി അദ്ദേഹം. എങ്കിലും അവസാന ബൂത്തിലെ ഫലം വന്നപ്പോൾ 102 വോട്ടിന് ചക്രപാണി പരാജയപ്പെട്ടു.

ജയിച്ചെങ്കിലും എതിർസ്ഥാനാർത്ഥി കെ.കെ ബാലകൃഷ്ണൻ വന്ന് എന്നെ കെട്ടിപ്പിടിച്ചിട്ടു പറഞ്ഞു: ഉണ്ണീ, ഞാൻ ജയിച്ചെങ്കിലും നിങ്ങളാണ് ശരിക്കും ജയിച്ചവർ. അദ്ദേഹം എല്ലാവരേയും ഉണ്ണി എന്നായിരുന്നു വിളിക്കാറുണ്ടായിരുന്നത്. ഞങ്ങളുടെ പ്രവർത്തനമാണ് അന്ന് ജയത്തോളം എത്തിച്ചത്. പിന്നീട് തിരുവനന്തപുരത്തു നിന്നും കാണുമ്പോഴൊക്കെ അദ്ദേഹം എന്നോട് സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്.

42,000 ത്തിൽ ഏറെ വോട്ടുകളാണ് അന്ന് ചക്രപാണി നേടിയത്. സി.പി.ഐക്ക് കേവലം 1500 വോട്ടാണ് ലഭിച്ചത്.

ഡമ്മി സ്ഥാനാർത്ഥികളേയും അപര സ്ഥാനാർത്ഥികളെയുമെല്ലാം കാണാറുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെന്ന രീതിയിൽ വോട്ടു ചോദിച്ച് ആളുകളെ സമീപിക്കുന്ന 'അപരൻ' ആദ്യത്തെ അനുഭവമായിരുന്നു. സ്ഥാനാർത്ഥിയായി ആളുകളെ കണ്ട ഞാൻ ശരിയായ സ്ഥാനാർത്ഥിയല്ലെന്ന് അന്നാട്ടുകാർക്ക് അറിയില്ലായിരുന്നു. എന്നേയും ചക്രപാണിയേയും ആളുകൾക്ക് അറിയില്ല എന്നതു തന്നെയാണ് ഗുണകരമായത്.

കെ.കരുണാകരൻ മാളയിലും നേമത്തും മത്സരിച്ച തെരഞ്ഞെടുപ്പിൽ നേമത്ത് സി.പി.എമ്മിനു വേണ്ടി മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഞാൻ പത്രപ്രവർത്തനം തന്നെയാണ് ആഗ്രഹിച്ചത്. 1967ൽ ഇ.എം.എസ് മുഖ്യമന്ത്രിയായപ്പോൾ പേഴ്‌സണൽ അസിസ്റ്റന്റായി നിർദ്ദേശിച്ചെങ്കിലും അതിന് താല്പര്യമുണ്ടായിരുന്നില്ല. എന്നാൽ ഇ.കെ നായനാർ മുഖ്യമന്ത്രിയായപ്പോൾ 1980 മുതൽ 82 വരെ അദ്ദേഹത്തിന്റെ പേഴ്‌സണൽ അസിസ്റ്റന്റായി പ്രവർത്തിച്ചു. തൊട്ടുപിന്നാലെ രാജ്യസഭാംഗമായി- 1982 മുതൽ 88 വരെ. എം.പി സ്ഥാനം ഒഴിഞ്ഞ പിറ്റേ ദിവസം തിരുവനന്തപുരം ദേശാഭിമാനിയിൽ റസിഡന്റ് എഡിറ്ററായി.

(ദേശാഭിമാനി ജനറൽ എഡിറ്ററായിരുന്ന ലേഖകൻ കേരള പ്രസ് അക്കാദമി മുൻ ചെയർമാനാണ്)