തുഷാർ കേസിലെ സീനിയർ വെള്ളാപ്പള്ളിമാർ! നന്മമരത്തിനും മുഖംമൂടിയോ?

നിയമത്തിനു മുമ്പിൽ എല്ലാവരും തുല്യരാണ് എന്നതാണ് നമ്മുടെ ഭരണഘടനാ മതം. എന്നാൽ ചിലർ അതിലേറെ തുല്യരാണ് എന്നുവരുന്നത് ഒരു സർക്കാറിന് ഭൂഷണമോ?

തുഷാർ കേസിലെ സീനിയർ വെള്ളാപ്പള്ളിമാർ! നന്മമരത്തിനും മുഖംമൂടിയോ?

കെ സി റിയാസ്

മലയാളികളുടെ മനസ്സുനിറയെ സ്വപ്നങ്ങളും പ്രത്യാശകളും പകര്‍ന്ന കേരളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മുസലിയാം വീട്ടിൽ അബ്ദുൾ ഖാ­ദർ യൂസഫലി എന്ന ഡോ. എം.എ യുസഫലി. മതസംഘടനകളായാലും രാഷ്ട്രീയ പാർട്ടികളായാലും ശരി, സംസ്ഥാനത്തെ കാക്കത്തൊള്ളായിരം സംഘടനകള്‍ ഒരു നോട്ടം കൊണ്ടുപോലും ഇദ്ദേഹത്തെ നോവിക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. കേരളത്തിലെ മാദ്ധ്യമങ്ങളും ഇതിന് അപവാദമല്ല. എല്ലാവർക്കും അവരുടെ നിലനിൽപ്പും ബിസ്നസ്സുമാണ് വിഷയം. അത്രമാത്രം എല്ലാവർക്കും വേണ്ടപ്പെട്ട തങ്കക്കുടമാണ് സാമൂഹ്യപ്രവര്‍ത്തകനായ ഈ ബിസ്നസ്സുകാരൻ.

തൃശൂര്‍ ജില്ലയിലെ നാട്ടിക സ്വദേശി. രാജ്യത്തും ഗൾഫ് നാടുകളിലും അടക്കം 30ഓളം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലുലു ഗ്രൂപ്പിന്റെ സര്‍വ്വാധിപന്‍. ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളികളില്‍ ഒരാള്‍. ഇന്ത്യയിലെ 25 ശതകോടീശ്വരന്മാരില്‍ ഒരാള്‍. പതിനായിരങ്ങള്‍ക്കാണ് ജോലിയും ജീവിതവും നല്‍കി ഇദ്ദേഹം അ­ത്താണിയാകുന്നത്. ആ നിലയ്ക്ക് എത്രയോ കുടുംബങ്ങളിലെ അന്നവും വെളിച്ചവുമാണ് ആ കരങ്ങള്‍. വിദ്യാഭ്യാസ ജീവകാരുണ്യ സാമൂഹ്യസേവനരംഗത്ത് അടക്കം ഇദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞതിന്റെ എത്രയോ നേർസാക്ഷ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ഈ നന്മ മരം എല്ലാവരെയും സഹായിക്കാറുമുണ്ട്.

ഏറ്റവും ഒടുവിൽ യു.എ.ഇയിൽ അറസ്റ്റിലായ എൻ.ഡി.എ കേരള കൺവീനറും ബി.ഡി.ജെ.എസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളിക്കെതിരെ ബി.ടെക് ബിരുദധാരിയായ തൃശൂർ മതിലകം സ്വദേശി നാസിൽ അബ്ദുല്ല നൽകിയ ചെക്കു കേസിൽ തുഷാറിന് ജാമ്യം ലഭിക്കാനാവശ്യമായ സാമ്പത്തിക ഇടപെടലുകൾ (19 കോടി) നടത്തിയതും യൂസഫലിയാണ്. ദൈവത്തിനും യൂസഫലിക്കും നന്ദിയെന്ന തുഷാർ വെള്ളാപ്പള്ളിയുടെ വാക്കുകളിൽ അത് പ്രകടവുമാണ്.

ഒരു മ­ലയാളി പ്രതിസന്ധിയിൽ അകപ്പെട്ടപ്പോൾ അതിൽ സഹായിക്കുന്നതിൽ എന്താണ് തെറ്റെന്ന് സ്വാഭാവികമായും കരുതുന്നവരുണ്ടാവും. മറിച്ച് ഈ ചെക്ക് കേസിൽ പരാതിക്കാരൻ സമീപിച്ചപ്പോൾ കൈമലർത്തിയ സ്ഥിതിക്ക് കുറ്റാരോപിതനു വേണ്ടി യൂസഫലിയെ പോലുള്ള ഒരാൾ സഹായിച്ചതിലെ 'അധാർമികത'യും ഇരട്ടമുഖവും അദ്ദേഹത്തെ സ്നേഹിക്കന്ന വലിയൊരു വിഭാഗവും ഉന്നയിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, നാസിൽ അബ്ദുല്ലയുമായുള്ള തുഷാറിന്റെ ചെക്ക് കേസിൽ ഈ നന്മ മരത്തിന് ചില നോട്ടപ്പിശകകുകളുണ്ടായി എന്ന് വ്യക്തം. പ്രത്യേകിച്ചും തന്റെ നാട്ടുകാരനായ നാസിലിനോട് നീതി കാണിക്കാൻ ഇദ്ദേഹത്തിനായില്ല!

ചെക്കു കേസിൽ താൻ ഇടപെടാറില്ലെന്നു പറഞ്ഞ് നാസിലിന്റെ കുടുംബാംഗങ്ങളിൽ നിന്നും ഒഴിഞ്ഞുമാറിയ യൂസഫലി പിന്നെ എന്തിനാവും പ്രതിസ്ഥാനത്തുള്ള തുഷാറിനു വേണ്ടി രംഗത്തു വന്നിട്ടുണ്ടാവുക'? ഇതുമാത്രമല്ല, നാസിൽ പറയുന്നത് ശരിയാണെങ്കിൽ ഇതു കൂടി സംഭവിച്ചിരിക്കുന്നു! തുഷാര്‍ അറസ്റ്റിലായശേഷം മദ്ധ്യസ്ഥ റോളിൽ വന്ന, യൂസഫലി. ''...നാസിൽ, അവകാശപ്പെടുന്ന അത്ര തുകയൊന്നും തരാനില്ല എന്നാണല്ലോ തുഷാർ പറയുന്നത്" എന്ന് നാസിലിനോട് പറഞ്ഞുവത്രെ! അപ്പോൾ നാസിൽ:

"ഓക്കേ... സമ്മതിച്ചു. അത്രയും തുക തരാനില്ല എന്ന് പറയുമ്പോൾ എന്തോ ഒരു തുക തരാനുണ്ട് എന്ന് ഉറപ്പാണല്ലോ? ആ തുക നാസിലിനു കൊടുക്കാതിരുന്നത് എന്തുകൊണ്ടാണ് എന്ന് താങ്കൾ തുഷാറിനോട് എന്തേ ചോദിക്കാത്തത്?" എന്ന് യൂസഫലിയോട് തിരിച്ചു ചോദിച്ചതായി പറയുന്നു!. തീർത്തും ന്യായമായ ചോദ്യം. ജാമ്യത്തുക കെട്ടിവയ്ക്കാനേ താൻ സഹായിച്ചിട്ടുള്ളൂവെന്ന് വ്യക്തമാക്കിയ യൂസഫലി ഇക്കാര്യത്തിൽ കൂടി വിശദീകരണം നൽകിയാൽ സംശയങ്ങൾ ദൂരീകരിക്കാനാവും.

പണച്ചാക്കുകളും രാഷ്ട്രീയക്കാരുടെ നീതിബോധവും!

നോട്ടു ബാങ്കിൽ നിന്ന് വോട്ടു ബാങ്കിലേക്കുള്ള ദൂരം എത്രയാണ്? ഈ നോട്ടുബാങ്കും വോട്ടു ബാങ്കും തമ്മിൽ വല്ല ബന്ധവുമുണ്ടോ? എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിളിക്കും മുമ്പേ കാര്യങ്ങളെല്ലാം വേണ്ടത് ചെയ്തുവെന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിളിച്ചുവെന്ന നടേശൻ മുതലാളിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഈ ചോദ്യങ്ങള്‍ക്കു ഏറെ പ്രസക്തിയുണ്ട്.

പണമിടപാട് കേസിൽ മലയാളികൾ വിദേശത്ത് അറസ്റ്റിലാകുന്നതും ജാമ്യത്തിൽ ഇറങ്ങുന്നതും പുതിയ കാര്യമല്ല. പിന്നെ എന്തുകൊണ്ടാണ് തുഷാർ വെള്ളാപ്പള്ളിയ്ക്കെതിരായ ഈ ചെക്ക് കേസിന് ഇത്ര രാഷ്ട്രീയമാനം കൈവന്നത്?

തുഷാർ അറസ്റ്റിലായപ്പോൾ കേരള മുഖ്യമന്ത്രി, തുഷാറിന് നിയമപരിരക്ഷ ആവശ്യപ്പെട്ടും തുഷാറിന്റെ ആ­രോഗ്യത്തിൽ ആശങ്ക അറിയിച്ചും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് അയച്ച കത്താണ് ഇതിൽ ആദ്യത്തേത്. ഒരു മലയാളി ചെക്ക് കേസിൽ പിടിയിലാവുന്നത് ഇതാദ്യമല്ല. ഇങ്ങനെ എത്രയോ കേസുകൾ ഗൾഫ് നാടുകളിലുണ്ട്. ഇത്തരമൊരു ഇടപെടൽ ഏതെല്ലാം പ്രവാസികളുടെ കാര്യത്തിലുണ്ടായി? ഭരണകക്ഷി ചെയ്യുന്ന എന്തിലും ഏതിലും കുറ്റവും കുറവുകളും തിരയുന്ന പ്രതിപക്ഷ പാർട്ടികളാവട്ടെ ഈ നിമിഷം വരെയും പരാതിക്കാരന് അനുകൂലമായോ കുറ്റാരോപിതന് എതിരെയോ ഒരക്ഷരം പറയാൻ തയ്യാറായിട്ടില്ലെന്നതും ഇതോട് ചേർത്തുവായിക്കണം.

തുഷാറിനെ ജാമ്യത്തിലിറക്കാൻ കാണിച്ച താൽപ്പര്യത്തിന്റെ നൂറിലൊരംശം പോലും അയാളാൽ കബളിപ്പിക്കപ്പെട്ട നാസിൽ അബ്ദുല്ലയ്ക്ക് കിട്ടാനുള്ള പണത്തിന്റെ കാര്യത്തിൽ ഉണ്ടായില്ലെന്നു ചുരുക്കം. അതിനിടെ, പത്തു വർഷം മുമ്പത്തെ ചെക്ക് വ്യാജമെന്ന തുഷാറിന്റെ ആരോപണം തള്ളിയ അജ്മാനിലെ കോടതി എന്തുകൊണ്ട് ഇത്രയായിട്ടും കേസ് നൽകിയില്ലെന്ന് പ്രതിയോട് ചോദിക്കുകയുണ്ടായി. അപ്പോഴും, കോടതിക്ക് പുറത്ത് പരാതി പിൻവലിപ്പിക്കാനും കേസ് ഒത്തുതീർപ്പാക്കാനുമുള്ള തിരക്കിട്ട ശ്രമങ്ങൾ തുടർന്നുവെങ്കിലും ഇതുവരെയും ലക്ഷ്യം കണ്ടിട്ടില്ലെന്നാണ് വിവരം.

ഏറ്റവും ഒടുവിൽ, ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് തുഷാര്‍ നൽകിയ ഹരജി അജ്മാന്‍ കോടതി തള്ളിയിരിക്കുകയാണ്. യു.എ.ഇ പൗരന്റെ പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ച് സ്വന്തം പാസ്പോർട്ട് തിരികെ വാങ്ങി എളുപ്പം നാട്ടിലേക്കു പിടിക്കാമെന്ന മോഹമാണ് ഇതോടെ പൊലിഞ്ഞത്.

തുഷാറിന് ജാമ്യം നൽകുന്നതിനോ തിരിച്ചു കേരളത്തിലേക്കു വരുന്നതിനോ ഇവിടെ ആരും എതിരല്ല. പക്ഷേ, നിയമവും നീതിയും കളിയാടണമെന്ന കാര്യത്തിലെ നിർബന്ധമുള്ളൂ. പണമുള്ളവന് ഒരു നീതി, പണമില്ലാത്ത പണിക്കാരന് മറ്റൊരു നീതി എന്ന സമീപനത്തോടാണ് വിയോജിപ്പ്. അക്കാര്യമാണ് കോടതിയിൽനിന്നും ഭരണകൂടത്തിൽനിന്നും നാം പ്രതീക്ഷിക്കുന്നത്.

ഉപ്പു തിന്നവർ വെള്ളം കുടിക്കണം

ദുബൈയിലെ ബോയിങ് കൺസ്ട്രക്ഷൻസ് എന്ന തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള കമ്പനിയുടെ ഇലക്ട്രിക്കൽ ജോലികളുടെ ഉപകരാറെടുത്ത വകയിൽ നൽകാനുള്ള തുക (കോടികൾ) തന്നില്ലെന്നും ഇതേ തുടർന്ന് മറ്റുള്ളവർക്കുള്ള ബാദ്ധ്യതകൾ തീർക്കാനാവാതെ തനിക്കു ആറു മാസം ജയിലിൽ കഴിയേണ്ടി വന്നുവെന്നും കടുത്ത മാനസിക വ്യഥയിൽ കുടുംബം സാമ്പത്തികമായും ആരോഗ്യപരമായും തകർന്നുവെന്നും നാസിൽ അബ്ദുല്ലയും അദ്ദേഹത്തിന്റെ കുടുംബവും വ്യക്തമാക്കുന്നു. ഏഴു വർഷമാണ് ജയിൽവാസം വിധിച്ചതെങ്കിലും സ്പോൺസറുടെ മരണത്തോടെ മക്കൾക്ക് അലിവുണ്ടായതാണ് നാസിലിന്റെ ജയിൽ മോചനത്തിന് വഴി ഒരുക്കിയതെന്നും പറയുന്നു. ഇതിനകം ബിസ്നസ്സ് പാടെ തകർന്നു. നാട്ടിൽ പോകാനാവാത്ത വിധം ബാദ്ധ്യതകൾ ഇപ്പോഴും തുടരുന്നു.

ഈ സമയം തുഷാറിന്റെ അച്ഛനും എസ്.എൻ.ഡി.പി യോഗം നേതാവുമായ വെള്ളാപ്പള്ളി നടേശൻ, ബി.ജെ.പി നേതാവ് അഡ്വ. പി.എസ് ശ്രീധരൻപിള്ള, തുഷാറിനെ ജാമ്യത്തിലിറക്കിയ വ്യവസായ പ്രമുഖൻ ഡോ. എം.എ യൂസഫലി അടക്കമുള്ളവരുടെ വാതിൽ മുട്ടിയെങ്കിലും അവരാരും തിരിഞ്ഞുനോക്കിയില്ലത്രെ!

എന്നാൽ നാസിലിന് സാമ്പത്തികമായി ഒന്നും നൽകാനില്ലെന്നും കള്ള ചെക്കും നിലനിൽപ്പില്ലാത്ത വാദങ്ങളുമാണ് നാസിൽ അബ്ദുല്ല ഉന്നയിക്കുന്നതെന്നുമാണ് ജാമ്യത്തിലിറങ്ങിയ, ആരോപണ വിധേയനായ തുഷാർ വെള്ളാപ്പള്ളിയുടെ വാദം. ഇവിടെ നാസിൽ അബ്ദുല്ലയാണോ തുഷാർ വെള്ളാപ്പള്ളിയാണോ സത്യം പറയുന്നത്? ആര് ആരെയാണ് കബളിപ്പിച്ചത്? ഇരുവരുടെയും വാദമുഖങ്ങൾ കോടതിയുടെ പരിഗണനയിലിരിക്കെ അതിലെ ശരിതെറ്റുകൾ കോടതി തന്നെ വിധിക്കട്ടെ.

നിയമപരമായി ചെയ്യാവുന്നത് ചെയ്യണമെന്നാണ് മുഖ്യമന്ത്രിയുടെ കത്തിലെ ആകത്തുകയെങ്കിലും രണ്ട് മലയാളികൾ തമ്മിലുള്ള ചെക്ക് കേസിൽ സംസ്ഥാനം ഇടപെടേണ്ട അടിയന്തര സാഹചര്യം എന്തായിരുന്നു? വെള്ളാപ്പള്ളി നടേശൻ അറിയും മുമ്പേ പ്രശ്നത്തിൽ ഇടപെട്ട് അക്കാര്യം അദ്ദേഹത്തെ വിളിച്ച് അറിയിക്കാൻ കാണിച്ച തിടുക്കത്തിന് പിന്നിൽ എന്താവും? ഇനി ഉണ്ടായാൽ തന്നെയും മലയാളികൾ തമ്മിലുള്ള ഒരു സാമ്പത്തിക പ്രശ്നത്തിൽ കുറ്റാരോപിതനു വേണ്ടിയോ പരാതിക്കാരനു വേണ്ടിയോ എവിടെയാണ് സർക്കാർ നിലകൊള്ളേണ്ടത് എന്നിത്യാദി ചോദ്യങ്ങളും അവശേഷിക്കുന്നു.

ചെക്ക് മടങ്ങുന്നതും അതിന്റെ പേരിൽ ചെക്ക് നൽകി കബളിപ്പിച്ചവർ അകത്താകുന്നതും ഇതാദ്യമല്ല. എന്നാൽ പരാതിക്കാരന് അനുകൂലമല്ല, കുറ്റാരോപിതനെ നിയമപരമായി സഹായിക്കണമെന്ന് ആവശ്യപ്പെടുന്നത് നല്‍കുന്ന സന്ദേശം എന്താണ്? ഒപ്പം ആറു മാസം ജയിലിലായ മലയാളിയോട് ഈ സഹതാപം എന്തുകൊണ്ടാണ് ഇല്ലാതെ പോയത്? ഏറ്റവും ചുരുങ്ങിയത് ഒരു കത്ത് അയക്കും മുമ്പ് ആ കേസിലെ ഇര ആര് എന്നെങ്കിലും അന്വേഷിച്ചിരുന്നെങ്കില്‍ ഇവ്വിധമൊരു പേരുദോഷം ഉണ്ടാകുുമായിരുന്നോ?

നിയമത്തിനു മുമ്പിൽ എല്ലാവരും തുല്യരാണ് എന്നതാണ് നമ്മുടെ ഭരണഘടനാ തത്വം. എന്നാൽ ചിലർ അതിലേറെ തുല്യരാണ് എന്നുവരുന്നത് ഒരു സർക്കാറിന് ഭൂഷണമോ? നാസിൽ അബ്ദുല്ലയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും മുഖ്യമന്ത്രി കൂടിയാണ് പിണറായി. അദ്ദേഹത്തിനു പിന്നില്‍ ഒരു വോട്ടുബാങ്കോ സാമ്പത്തിക നിക്ഷേപങ്ങളോ ഇല്ലെന്നു മാത്രമേയുള്ളൂ.

ഒരു ക്രിമിനൽ കേസിലെ പ്രതിക്ക്, ഒരു വൻകിട വ്യവസായിക്കു വേണ്ടി ഭരണഘടനാ സത്തയ്ക്കു നിരയ്ക്കാത്ത അധാർമിക നടപടിയാണ് സർക്കാറിൽനിന്ന് ഉണ്ടായത്. ഇത് അങ്ങേയറ്റം പരിഹാസ്യമാണ്. നിയമത്തിനു മുമ്പിൽ എല്ലാവർക്കും ഒരു പരിരക്ഷയേ ഉള്ളൂ. ഇത് വനിതാ മതിൽ ഉണ്ടാക്കിയവർ­ക്കും അത് പൊളിച്ചവർക്കുമെല്ലാം ബാധകമാകേണ്ടതാണ്. അതല്ലാതെ പണവും പദവികളുമുള്ള, തങ്ങൾക്ക് ഇഷ്ടപ്പെട്ടവർക്കും ഇഷ്ടപ്പെടാത്തവർക്കും എന്ന തരത്തിലാകരുത് ഒരാളുടെയും നീതിബോധം പ്രവർത്തിക്കേണ്ടത്.

ചതിവേലകള്‍ ആരുടെ ഭാഗത്തായാലും അതോട് സന്ധി ചെയ്യാത്ത നിലപാടാണ് കരണീയമായിട്ടുള്ളത്. സമ്പന്ന പുത്രന്മാര്‍ക്ക് ഒരു നീതി, സമ്പത്തില്ലാത്ത സാധാരണക്കാര്‍ക്കു മറ്റൊരു നീതി എന്ന സീനിയര്‍ വെള്ളാപ്പള്ളിമാരുടെ മനോഭാവം ആര്‍ക്കായാലും അംഗീകരിക്കാവതല്ല; അതിനാല്‍ ഇത്തരം ഫെയര്‍ പ്ലേ ട്രോഫികളുടെ പിന്നാമ്പുറം ഇനിയെങ്കിലും ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് ജാഗ്രത തുടരാം.

Read More >>