ആരാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി; ബ്രിട്ടീഷ് സേനയെ വിറപ്പിച്ച ധീരയോദ്ധാവിനെ കുറിച്ച് അറിയേണ്ട പത്തു കാര്യങ്ങള്‍

ബ്രിട്ടീഷുകാര്‍ക്കും അവരെ സഹായിക്കുന്ന ഹിന്ദു-മുസ്‌ലിം ജന്മിമാര്‍ക്ക് എതിരെ ആയിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം.

ആരാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി; ബ്രിട്ടീഷ് സേനയെ വിറപ്പിച്ച ധീരയോദ്ധാവിനെ കുറിച്ച് അറിയേണ്ട പത്തു കാര്യങ്ങള്‍

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന പൗരത്വനിയമത്തിനെതിരെയുള്ള പോരാട്ടം രാജ്യത്തുടനീളം ശക്തിപ്പെടുന്നതിനിടെ, കേരളത്തില്‍ ഓര്‍ക്കപ്പെടുന്ന പേരാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേത്. മലബാര്‍ സായുധ സമരത്തില്‍ ബ്രിട്ടീഷുകാരെ വിറപ്പിച്ച വാരിയംകുന്നത്തിന്റെ പിന്‍തലമുറ, നിലവിലെ ഭരണകൂടത്തെ എങ്ങനെ ഭയക്കാനാണ് എന്ന് ഇപ്പോള്‍ തെരുവുപ്രസംഗങ്ങളിലും മുദ്രാവാക്യങ്ങളിലും സ്ഥിരമായി കേട്ടുവരുന്നു. ഇന്ന് (ജനുവരി 20) വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ 96-ാം രക്തസാക്ഷി ദിനമാണ്. മലബാര്‍ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ 1922 ജനുവരി 20നാണ് മലപ്പുറത്തു വച്ച് വാരിയംകുന്നത്തിന്റെ വധശിക്ഷ സര്‍ക്കാര്‍ നടപ്പാക്കിയത്.

ആരായിരുന്നു വാരിയം കുന്നത്ത്കുഞ്ഞഹമ്മദ് ഹാജി- അദ്ദേഹത്തെ കുറിച്ച് അറിയേണ്ട പത്തുകാര്യങ്ങള്‍.

1- ജനനവും ബാല്യവും

1866ല്‍ മലപ്പുറം ജില്ലയിലെ പാണ്ടിക്കാടിനടുത്ത് നെല്ലിക്കുത്തില്‍ ജനനം. മാതാവ് തുവ്വൂരിലെ പൗരപ്രമുഖന്‍ പാവറട്ടി ഉണ്ണിമമ്മദ് സാഹിബിന്റെ മകള്‍ കുഞ്ഞായിശുമ്മ ഹജ്ജുമ്മ. പിതാവ് വാരിയന്‍കുന്നത്ത് മൊയ്തീന്‍ കുട്ടി ഹാജി.

വള്ളുവങ്ങാട് കുന്നുമ്മല്‍ പ്രൈമറി സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. ആലി മുസ്‌ലിയാരുടെ ഇളയ സഹോദരന്‍ എരിക്കുന്നന്‍ മമ്മദ് കുട്ടി മുസ്‌ലിയാര്‍, കാരക്കാടന്‍ കുന്നുമ്മല്‍ മമ്മു മൊല്ല തുടങ്ങിയവരില്‍ നിന്ന് മതപഠനവും നടത്തി.

2- ഇംഗ്ലീഷ് വിരുദ്ധ പോരാട്ടത്തിന്റെ തുടക്കം

1894ല്‍ മണ്ണാര്‍ക്കാട് ലഹളയില്‍ പങ്കെടുത്തെന്ന കുറ്റത്തിന് പിതാവ് മൊയ്തീന്‍ കുട്ടി ഹാജി, പിതൃസാല്യന്‍ പുന്നക്കാടന്‍ ചേക്കുട്ടി ഹാജി എന്നിവരെ ബ്രിട്ടീഷുകാര്‍ അന്തമാനിലേക്ക് നാടുകടത്തി. ഇതോടെ അധിനിവേശ ശക്തികള്‍ക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്താന്‍ കുഞ്ഞഹമ്മദ് ഹാജി തീരുമാനിച്ചു.

നിരവധി പോത്തുവണ്ടികളുടെ ഉടമസ്ഥനായിരുന്നു ഹാജി. അന്നത്തെ പ്രധാന യാത്രാവാഹനമായിരുന്നു പോത്തുവണ്ടി. വാഹനമുടമകളെ സംഘടിപ്പിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ അണിനിരത്താന്‍ അദ്ദേഹം രഹസ്യനീക്കങ്ങള്‍ നടത്തി. ചില പണ്ഡിതര്‍ക്ക് രഹസ്യക്കത്തുകള്‍ എഴുതി. ഇത് ബ്രിട്ടീഷ് അധികൃതരുടെ കൈകളിലെത്തി.

3 - മക്കയിലേക്ക് നാടുവിടുന്നു

ബ്രിട്ടീഷുകാര്‍ അറസ്റ്റു ചെയ്യാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതോടെ വേഷപ്രച്ഛന്നനായി കുഞ്ഞഹമ്മദ് ഹാജി മക്കയിക്കേ് കടന്നു. മൂന്നു വര്‍ഷം മക്കയില്‍ കഴിഞ്ഞ അദ്ദേഹം അവിടെ വച്ച് അറബി ഭാഷ പഠിച്ചു. 1921ലെ മലബാര്‍ സമരത്തിന് ആറോ ഏഴോ വര്‍ഷം മുമ്പാണ് നാട്ടില്‍ തിരികെയെത്തിയത്.

മക്കയില്‍ നിന്ന് വന്ന ശേഷം ജന്മദേശത്ത് താമസിക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തിന് അനുമതി നല്‍കിയില്ല. കുറച്ചുകാലം പോത്തുവെട്ടിപ്പാറയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ താമസം.

4- ഖിലാഫത്തിന്റെ മുന്നണിയിലേക്ക്

ഗാന്ധിജി, മൗലാനാ മുഹമ്മദലി, ഷൗക്കത്തലി തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ ഖിലാഫത്ത് പ്രസ്ഥാനത്തില്‍ തുടക്കം മുതല്‍ തന്നെ ഹാജി പങ്കാളിയായി. കോണ്‍ഗ്രസ് നേതാവായിരുന്ന എം.പി നാരായണമേനോനാണ് അദ്ദേഹത്തിന് ഖിലാഫത്ത് സമിതിയില്‍ അംഗത്വം നല്‍കിയത്.

ആലി മുസ്‌ലിയാര്‍, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍, എം.പി നാരായണമേനോന്‍ തുടങ്ങിയവര്‍ ആയിരുന്നു ഖിലാഫത്ത് പ്രസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍.

5- ബ്രിട്ടീഷുകാര്‍ക്കെതിരെ പരസ്യമായി

1921 ഓഗസ്റ്റില്‍ തിരൂരങ്ങാടിയില്‍ പട്ടാളം മാപ്പിളമാര്‍ക്കു നേരെ നടത്തിയ നരനായാട്ടിനു ശേഷമാണ് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷുകാര്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നത്.

ആഗസ്റ്റ് 22ന് ആറായിരത്തില്‍ അധികം വരുന്ന ആയുധധാരികളുമായി അദ്ദേഹം ആലിമുസ്‌ലിയാരെ രക്ഷിക്കനായി പുറപ്പെട്ടു. ഇതില്‍ അഞ്ഞൂറു പേര്‍ ഹിന്ദു പടയാളികള്‍ ആയിരുന്നു എന്ന് സര്‍ദാര്‍ ചന്ദ്രോത്ത് തന്റെ ആത്മകഥയില്‍ വിവരിക്കുന്നു.6- ഖിലാഫത്ത് സേനയുടെ കേണല്‍

അക്കാലത്തെ ഡപ്യൂട്ടി കളക്ടറും മാപ്പിള ലഹള എന്ന കൃതിയുടെ കര്‍ത്താവുമായ സി. ഗോപാലന്‍ നായര്‍ വാരിയം കുന്നത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെ;

' മാപ്പിള റിട്ടയേഡ് ഇന്‍സ്‌പെക്ടര്‍ ഖാന്‍ ബഹാദൂര്‍ ചേക്കുട്ടിയെ കൊലപ്പെടുത്തിയാണ് അയാള്‍ തന്റെ സ്ഥാനാരോഹണം നടത്തിയത്. ഹിന്ദുക്കളുടെ രാജാവും മുഹമ്മദീയരുടെ അമീറും ഖിലാഫത്ത് സേനയുടെ കേണലുമായി അയാള്‍ സ്വയം ചമഞ്ഞു. രോമത്തൊപ്പി, ഖിലാഫത്ത് യൂണിഫോമും ബാഡ്ജും, കൈയില്‍ ഒരു വാള്‍ ഇതായിരുന്നു അയാളുടെ വേഷം. ഏറനാടും വള്ളുവനാടും ഉള്‍പ്പെടെ തന്റെ രാജ്യത്ത് അയാള്‍ പൂര്‍ണ്ണ സ്വരാജ് നടപ്പാക്കി. കൊള്ളയും കവര്‍ച്ചയും മൂലം രാജ്യനിവാസികള്‍ക്ക് വലിയ കഷ്ടത നേരിട്ടതായി താന്‍ മനസ്സിലാക്കുന്നുവെന്നും അതിനാല്‍ ഇക്കൊല്ലം (1921) താന്‍ അവരുടെ മേല്‍ നികുതി ചുമത്തുന്നതല്ലെന്നും യുദ്ധഫണ്ടിലേക്ക് സംഭാവന വാങ്ങുന്നതും അടുത്തകൊലം നികുതി ഈടാക്കുന്നതുമാണെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. തന്റെ രാജ്യാതിര്‍ത്തി വിട്ടു പോകുന്നവര്‍ക്ക് അദ്ദേഹം പാസ്‌പോര്‍ട്ട് നല്‍കി. (മലബാര്‍ കലാപം)

7- ഹിന്ദു-മുസ്‌ലിം സൗഹാര്‍ദ്ദം

മലബാര്‍ സമരത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊള്ളയ്ക്കും കൊലയ്ക്കും അദ്ദേഹം അറുതിയുണ്ടാക്കി. ബ്രിട്ടീഷുകാര്‍ക്കും അവരെ സഹായിക്കുന്ന ഹിന്ദു-മുസ്‌ലിം ജന്മിമാര്‍ക്ക് എതിരെ ആയിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. ഹിന്ദുക്കളെ ഉപദ്രവിക്കരുതെന്നും തടവുകാരായി പിടിക്കുന്നവരെ തന്റെ അനുമതിയോടെ അല്ലാതെ വധിക്കരുത് എന്നും അദ്ദേഹം ഉത്തരവു പുറപ്പെടുവിച്ചിരുന്നു.

കുഞ്ഞഹമ്മദ് ഹാജിയും സംഘവും മഞ്ചേരിയില്‍ താമസിക്കുന്ന വേളയില്‍ പുല്ലൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് എന്നയാള്‍ നടത്തിയിരുന്ന ബാങ്ക് കൊള്ളടിക്കാനുള്ള ചിലരുടെ തീരുമാനം നടക്കാതെ പോയി. ബാങ്കു കാക്കുവാന്‍ സ്വന്തം ഭടന്മാരെയാണ് ഹാജി കാവല്‍ നിര്‍ത്തിയത്. പല ഹിന്ദുക്കളും മാപ്പിളമാരും ബാങ്കില്‍ ചെന്ന് പണ്ടങ്ങള്‍ മടക്കി വാങ്ങിക്കൊണ്ടു പോയിരുന്നു എന്ന് കെ. മാധവന്‍ നായര്‍ മലബാര്‍ കലാപത്തില്‍ എഴുതിയിട്ടുണ്ട്.

പുല്ലൂര്‍ നമ്പൂതിരിക്കുണ്ടായ നഷ്ടം മഞ്ചേരിയിലെ ഖജാന പൊളിച്ചപ്പോള്‍ കിട്ടിയ പണം കൊണ്ടാണ് കുഞ്ഞഹമ്മദ് ഹാജി നികത്തിക്കൊടുത്തത്.

8- നിലമ്പൂര്‍ ആസ്ഥാനമായ ഭരണം

പൂക്കോട്ടൂരില്‍ യുദ്ധം നടക്കുന്നു എന്ന വാര്‍ത്ത കേട്ട് കുഞ്ഞഹമ്മദ് ഹാജിയും അനുയായികളും മഞ്ചേരിയില്‍ നിന്ന് പൂക്കോട്ടൂരിലേക്ക് തിരിച്ചു. അവിടെ എത്തിയപ്പോഴേക്കും പട്ടാളം അവിടെ നിന്ന് പോയിരുന്നു. അവിടെ നിന്ന് കൊണ്ടോട്ടിയിലെത്തി. ബ്രിട്ടീഷ് അനുഭാവി ആയിരുന്ന കൊണ്ടോട്ടി തങ്ങളുമായി പോരടിച്ചെങ്കിലും അതില്‍ വിജയം കണ്ടില്ല. പിന്നീട് നിലമ്പൂരിലെത്തി.

നിലമ്പൂരായിരുന്നു പിന്നീട് ഖിലാഫത്ത് ഭരണത്തിന്റെ കേന്ദ്രം. തന്റെ അധീനതയിലുള്ള പ്രദേശങ്ങള്‍ അദ്ദേഹം പലര്‍ക്കായി വിഭജിച്ചു നല്‍കി. സഹോദരന്‍ മൊയ്തീന്‍ കുട്ടി ഹാജി, പിതൃവ്യപുത്രന്‍ കുഞ്ഞുട്ടിഹാജി, ചക്കുംപുറത്ത് ആലിക്കുട്ടി, ഉണ്ണിത്തറി, കോയാമു ഹാജി എന്നിവര്‍ക്കായിരുന്നു ഇതിന്റെ ചുമതല.

ഹിന്ദുക്കളും മുസ്‌ലിംകളും തന്റെ പ്രജകള്‍ ആണെന്നും അവരെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണ് എന്നും അദ്ദേഹം കരുതി.

പാറാവ്, നികുതി, പാസ്‌പോര്‍ട്ട്്, പട്ടാളക്കോടതി, രജിസ്റ്ററുകള്‍, രശീതി തുടങ്ങിയവ അദ്ദേഹത്തിന്റെ നാട്ടുരാജ്യത്തില്‍ ഉണ്ടായിരുന്നു. ഹിന്ദു സ്ത്രീകളെ മാനഭംഗപ്പെടുത്തി എന്ന കുറ്റത്തിന് മൂന്നു സ്വന്തം പടയാളികള്‍ക്ക് ഈ പട്ടാളക്കോടതി വധശിക്ഷ വിധിച്ചിരുന്നു.

9- ഗറില്ലായുദ്ധങ്ങള്‍ക്കൊടുവില്‍ കീഴടങ്ങുന്നു

പാണ്ടിക്കാട്ടെ ഒരു ഖൂര്‍ഖാ ക്യാമ്പില്‍ ഹാജിയുടെ ഗറില്ലാ പോരാളികള്‍ ഒരറ്റ രാത്രി കടന്നു കയറി 75 പേരെ വകവരുത്തി. പാണ്ടിക്കാട്ടെ പട്ടാള ക്യാമ്പ് ആക്രമിക്കാന്‍ ചെമ്പ്രശ്ശേരി തങ്ങളുമായി ചേര്‍ന്ന് പദ്ധതി ആസൂത്രണം ചെയ്തു. ഈ സംഘട്ടനത്തില്‍ 230 മാപ്പിളമാരും നാലു പട്ടാളക്കാരും കൊല്ലപ്പെട്ടു. പോരാട്ടം രൂക്ഷമായതോടെ ചെമ്പ്രശ്ശേരി തങ്ങളും സംഘവും പൊലീസില്‍ കീഴടങ്ങി.

ആയുധം വച്ചു കീഴടങ്ങിയാല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാമെന്ന് ദൂതന്മാര്‍ മുഖേന ബ്രിട്ടീഷുകാര്‍ ഹാജിയെ അറിയിച്ചു. ഹാജിയുമായി അടുപ്പമുണ്ടായിരുന്ന ഇന്‍സ്്‌പെക്ടര്‍ രാമനാഥ അയ്യരെയും സുബേദാര്‍ കൃഷ്ണപ്പണിക്കരെയും കോണ്‍സ്റ്റബ്ള്‍ ഗോപാല മേനോനെയുമാണ് ഇതിനായി ഉപയോഗിച്ചത്.

1922 ജനുവരി ആറിന് കുഞ്ഞഹമ്മദ് ഹാജിയും അംഗരക്ഷകരായ 20 പേരും കല്ലാമൂലയില്‍ പൊലീസിനു മുമ്പാകെ കീഴടങ്ങി. ആയുധം താഴെ വച്ച് ഹസ്തദാനത്തിനായി കൈ നീട്ടിയപ്പോള്‍ ബ്രിട്ടീഷ് സൈന്യം കൈയില്‍ വിലങ്ങു വയ്ക്കുകയായിരുന്നു.

ഹാജിയെയും സംഘത്തെയും മഞ്ചേരിയിലേക്ക് കൊണ്ടുപോയി. ഇതു കാണാനായി വണ്ടൂര്‍ മുതല്‍ മഞ്ചേരി വരെ റോഡിന് ഇരുവശവും ആളുകള്‍ തടിച്ചു കൂടിയിരുന്നു. മലപ്പുറം തുക്ടി കച്ചേരിയില്‍ വച്ച് പട്ടാളക്കോടതി ഹാജിക്ക് വധശിക്ഷ വിധിച്ചു.

10- ധീരനായി മരണത്തിലേക്ക്

1922 ജനുവരി 20-ന് രാവിലെ 10 മണിക്ക് മലപ്പുറം കോട്ടക്കുന്നിന്റെ വടക്കെ ചെരിവില്‍ വെച്ചാണ് ഹാജിയുടെ വധശിക്ഷ നടപ്പിലാക്കിയത്. കേണല്‍ ഹംഫ്രിയോടും ഹിച്ച്കോക്കിനോടും അന്ത്യാഭിലാഷമായി ഹാജി പറഞ്ഞത്. 'കൊല്ലുന്നവരെ കണ്ണ് മൂടിക്കെട്ടുന്ന ഒരു ശീലം നിങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ കേട്ടിരിക്കുന്നു. എന്നെ വെടിവെക്കുമ്പോള്‍ കണ്ണുകളിലെ കെട്ടുകള്‍ അഴിച്ചുമാറ്റണം, ചങ്ങലകള്‍ ഒഴിവാക്കണം, എനിക്ക് നിവര്‍ന്ന് നിന്ന് മരിക്കണം. എന്റെ നെഞ്ചത്ത് തന്നെ നിങ്ങള്‍ വെടിവെക്കണം'' - ഹാജിയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ നെഞ്ചില്‍ തന്നെയാണ് പട്ടാളം വെടിവച്ചത്.

അവസാനത്തെ ആഗ്രഹപ്രകാരം രണ്ടു റക്അത്ത് നമസ്‌കരിക്കാന്‍ ബ്രിട്ടീഷ് പട്ടാളം ഹാജിക്ക് അനുമതി നല്‍കി.

മൃതദേഹത്തോടൊപ്പം ഹാജിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാറിന്റെ എല്ലാ രേഖകളും ബ്രിട്ടീഷുകാര്‍ കത്തിച്ചു കളഞ്ഞു.

Next Story
Read More >>