അവര്‍ അറിയണം, മുഹമ്മദ് അലി ജിന്ന ആരായിരുന്നു ഇന്ത്യക്ക്?

അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ വിദ്യാര്‍ത്ഥി യൂണിയന്‍ കാര്യാലയത്തില്‍ തൂക്കിയ മുഹമ്മദലി ജിന്നയുടെ ചിത്രവുമായി ബന്ധപ്പെട്ട്, യൂണിവേഴ്‌സിറ്റിക്കെതിരെ ഏത...

അവര്‍ അറിയണം, മുഹമ്മദ് അലി ജിന്ന ആരായിരുന്നു ഇന്ത്യക്ക്?

അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ വിദ്യാര്‍ത്ഥി യൂണിയന്‍ കാര്യാലയത്തില്‍ തൂക്കിയ മുഹമ്മദലി ജിന്നയുടെ ചിത്രവുമായി ബന്ധപ്പെട്ട്, യൂണിവേഴ്‌സിറ്റിക്കെതിരെ ഏതാനും ദിവസങ്ങളായി തീവ്രഹിന്ദുത്വ വാദികള്‍ സമരം ചെയ്തുവരികയാണ്. ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം.പിയും ഇപ്പോള്‍ മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ ആരംഭിച്ച സമരമാണ് വലിയ പ്രതിഷേധത്തിലേക്ക് വഴി വെച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പാക് രാഷ്ട്രപിതാവുകൂടിയായ മുഹമ്മദലി ജിന്ന ഇന്ത്യയ്ക്ക് ആരായിരുന്നു ഒരന്വേഷണം.

19-ാം വയസ്സില്‍ ലണ്ടനില്‍നിന്ന് നിയമബിരുദം നേടിയ ശേഷം 1897-ല്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായാണ് മുഹമ്മദലി ജിന്നയുടെ പൊതുജീവിതം ആരംഭിക്കുന്നത്. ആ വര്‍ഷം ഓഗസ്റ്റ് 24ന് ജിന്ന ഹൈക്കോടതിയില്‍ എന്റോള്‍ ചെയ്തു. രാജ്യത്തെ മേല്‍ത്തരം മധ്യവര്‍ഗത്തില്‍ ബ്രട്ടീഷ് വിരുദ്ധ രാഷ്ട്രീയം രൂപപ്പെട്ടു വരുന്ന കാലമാണത്. മിക്ക രാഷ്ട്രീയനേതാക്കളെയും പോലെ ജിന്നയും കോണ്‍ഗ്രസിലെത്തി. പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന് അധികം പ്രായമായിരുന്നില്ലെങ്കിലും
വാര്‍ഷിക സമ്മേളനങ്ങള്‍ മുറ പോലെ നടന്നിരുന്നു. 1906-ല്‍ കൊല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ജിന്ന ബോംബെയില്‍ നിന്നുള്ള പ്രതിനിധി സംഘത്തിന്റെ നേതാവായി പങ്കെടുത്തു. ദാദാഭായ് നവറോജിയായിരുന്നു സമ്മേളനാധ്യക്ഷന്‍. ലണ്ടനിലെ പഠനക്കാലത്ത് നവറോജിയുമായി ജിന്ന അടുപ്പം സൂക്ഷിച്ചിരുന്നു. ഈ സമ്മേളനത്തില്‍ ജിന്ന മൂന്ന് പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

ഇന്നത്തെ ബംഗ്ലാദേശിലെ ധാക്കയില്‍ 1906-ല്‍ സര്‍വേന്ത്യാ മുസ്ലിംലീഗ് സ്ഥാപിതമായിരുന്നെങ്കിലും അതുമായി ബന്ധപ്പെട്ട് ജിന്ന സഹകരിച്ചിരുന്നില്ല. ആ വര്‍ഷം എ.ഐ.സി.സി സമ്മേളനത്തില്‍ അവതരിപ്പിക്കാനുണ്ടായിരുന്ന നവറോജിയുടെ പ്രസംഗം തയ്യാറാക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ മിതവാദി നേതാക്കളായിരുന്ന നവറോജിയുടെയും ഗോപാലകൃഷ്ണ ഗോഖലയുടെയും സ്വാധീനത്തില്‍ ഉറച്ച കോണ്‍ഗ്രസുകാരനായിരുന്നു ജിന്ന. കുറച്ചുകാലം നവറോജിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായും ജോലി ചെയ്തിട്ടുണ്ട്.

1912-ലെ വാര്‍ഷിക സമ്മേളനത്തിലും ജിന്ന പങ്കെടുത്തു. രാജ്യത്തെ സുപ്രധാന ഭരണഘടനാ സ്ഥാപനങ്ങളിലെ ഇന്ത്യന്‍ പ്രതിനിധാനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനുള്ള കോണ്‍ഗ്രസ് സംഘത്തിന്റെ തലവനായി ജിന്ന 1914-ല്‍ ലണ്ടനിലേക്ക് തിരിച്ചു. ഗോഖലെക്കൊപ്പം ലണ്ടനിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും ലണ്ടന്‍ ഇന്ത്യന്‍ അസോസിയേഷന്‍ എന്ന സംഘടന രൂപീകരിക്കാന്‍ മുന്‍കയ്യെടുക്കുകയും ചെയ്തു. വര്‍ഷാവസാനം തന്നെ ഇന്ത്യയിലേക്ക് വന്ന ജിന്ന കോണ്‍ഗ്രസ് പ്രതിനിധിയായി 1914-ല്‍ ഇംഗ്ലണ്ടിലേക്കു തന്നെ തിരിച്ചു. അദ്ദേഹത്തിന്റെ അന്നത്തെ പ്രസ്താവനകള്‍ക്ക് ലണ്ടനിലെ ലോകപ്രശസ്ത പത്രമായ ടൈംസ് നല്ല പ്രാധാന്യമാണ് നല്‍കിയിരുന്നത്.

വിഭിന്ന ആശയസംഹിതകളുടെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട കോണ്‍ഗ്രസും മുസ്്‌ലിംലീഗും 1915-ല്‍ ആദ്യമായി സംയുക്ത വാര്‍ഷിക സമ്മേളനം നടത്തിയതിനു പിന്നില്‍ ജിന്നയുടെ കൂടി കരങ്ങളുണ്ടായിരുന്നു. ബോംബെയായിരുന്നു സമ്മേളന വേദി. 1916 ല്‍ ലഖ്‌നോവിലും ഇരുകക്ഷികളും ഒന്നിച്ച് സമ്മേളിക്കുകയുണ്ടായി.

ബോംബെയില്‍ പ്രാക്ടീസ് ചെയ്യുന്ന വേളയില്‍ ലോകമാന്യതിലകിന്റെയും ബോംബെ ക്രോണിക്കിള്‍ എഡിറ്റര്‍ ബി.ജി ഹോര്‍ണിമാന്റെയും കേസുകള്‍ വാദിച്ച് രാഷ്ട്രീയക്കാര്‍ക്കിടയില്‍ പേരു സമ്പാദിച്ചു. അക്കാലത്ത് ശക്തിപ്പെട്ട ഹോം റൂള്‍ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു ജിന്ന. പ്രസ്ഥാനത്തിന്റെ അമരക്കാരി ആനി ബസന്റിനെ അറസ്റ്റു ചെയ്തതിനെ തുടുര്‍ന്ന് ബോംബെ ഹോംറൂള്‍ ലീഗ് പ്രസിഡണ്ടായിരുന്ന ജിന്നയും സമരരംഗത്തിറങ്ങി.

1915- ല്‍ ഗോഖലയുടെയും മേത്തയുടെയും മരണം, നവറോജിയുടെ ലണ്‍ണ്ടന്‍ വാസം എന്നിവ കോണ്‍ഗ്രസിലെ മിതവാദി ഗ്രൂപ്പിനെ ക്ഷയിപ്പിച്ചു. മാനസികമായി കോണ്‍ഗ്രസില്‍ നിന്നകന്ന ജിന്ന 1916-ല്‍ മുസ്്‌ലിംലീഗ് നേതൃത്വത്തിലെത്തി. ഹിന്ദു-മുസ്്‌ലിം മൈത്രിക്കായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇരു കക്ഷികളും ഒപ്പിട്ട ലഖ്‌നോ സന്ധി പ്രസിദ്ധമാണ്. പ്രവിശ്യകളിലെ ഹിന്ദു-മുസ്ലിം പ്രാതിനിധ്യമായിരുന്നു 1916- ലെ കോണ്‍ഗ്രസ്-ലീഗ് സംയുക്ത സമ്മേളനത്തില്‍ ഒപ്പിട്ട ഉടമ്പടിയുടെ കാതല്‍. ഉടമ്പടി പൂര്‍ണാര്‍ത്ഥത്തില്‍ ഒരിക്കല്‍ പോലും നടപ്പാക്കിയില്ല. ഈ സമ്മേളനത്തില്‍ വെച്ചാണ് ഹിന്ദു-മുസ്്‌ലിം മൈത്രിയുടെ അംബാസിഡറാണ്് ജിന്നയെന്ന് സരോജിനി നായിഡു അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

1919-ല്‍ പഞ്ചാബിലെ അമൃത്സറില്‍ ഇന്ത്യയെ നടുക്കിയ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നു. റൗലത്ത് ആക്ടിനെ തുടര്‍ന്നുണ്ടായ കൂട്ടക്കൊല ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യയൊട്ടാകെ കടുത്ത രോഷാഗ്നി ഉയര്‍ത്തി. ദക്ഷിണാഫ്രിക്കയില്‍ നിന്നു ഇന്ത്യയിലെത്തിയ മഹാത്മാഗാന്ധി തന്റെ രാഷ്ട്രീയത്തിന് വിളനിലമൊരുക്കിയത് ഈ രോഷത്തില്‍ നിന്നായിരുന്നു. മൊണ്ടേഗ്-ചെംസ്‌ഫോഡ് ഭരണപരിഷ്‌കാര റിപ്പോര്‍ട്ട് പ്രകാരം അതേവര്‍ഷം തന്നെ ഇന്ത്യാ ഗവണ്‍മെന്റ് ആക്ട് നിലവില്‍ വന്നു. ബ്രിട്ടീഷ് നേതൃത്വത്തില്‍ ഇന്ത്യന്‍ ഭരണനവീകരണത്തിനായി രൂപംകൊണ്ട മൊണ്ടേഗ്-ചെംസ്‌ഫോഡ് പദ്ധതി പ്രകാരം രൂപീകരിച്ച കേന്ദ്രനിയമസഭയിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തു.

ഒന്നാം ലോകയുദ്ധത്തിനുശേഷം ഉസ്മാനിയാ ഖിലാഫത്തിനെതിരെയുള്ള ബ്രിട്ടീഷ് നടപടിയില്‍ പ്രതിഷേധിച്ച് 1919- മുതല്‍ 1924-വരെ ഇന്ത്യയില്‍ രൂപം കൊണ്ട ഖിലാഫത്ത് സമരത്തിന് ഗാന്ധിജി പിന്തുണ പ്രഖ്യാപിച്ചു. ജിന്നയും ഗാന്ധിജിയും വഴി പിരിയുന്നതിന്റെ തുടക്കം കൂടിയായിരുന്നു ഖിലാഫത്ത് സമരം. ഖിലാഫത്തിനെ പിന്തുണക്കാനുള്ള ഗാന്ധിയുടെ തിരുമാനത്തെ ജിന്ന ശക്തിയായി എതിര്‍ത്തു. മതഭ്രാന്തരായ മുസ്്‌ലിംകള്‍ക്ക് വളംവെച്ചുനല്‍കുന്നതാണ് ഗാന്ധിയുടെ തീരുമാനം എന്ന നിലപാടിലായിരുന്നു ജിന്ന. ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഇന്ദുലാല്‍ യാജ്ഞിയടക്കം നിരവധി കോണ്‍ഗ്രസുകാര്‍ ഈ നയത്തെ വിമര്‍ശിച്ചിരുന്നു.

1930-കളില്‍ നടന്ന മൂന്ന് വട്ടമേശ സമ്മേളനങ്ങളില്‍ ആദ്യ രണ്ടിലും ജിന്ന പങ്കെടുത്തു. 30 നവംബറില്‍ നടന്ന ആദ്യ സമ്മേളനത്തില്‍ 58 പ്രതിനിധികളാണ് ഉണ്ടായിരുന്നത്. മൂന്നാമത്തേതിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയുണ്ടായില്ല. 1930-മുതല്‍ 34 വരെ ജിന്നയുടെ രാഷ്ട്രീയ പ്രവര്‍ത്തനം ലണ്ടന്‍ കേന്ദ്രീകരിച്ചായിരുന്നു. ഹാംപ്‌സറ്റഡ് ഹീത്തിലായിരുന്നു അക്കാലത്തെ താമസം. ഇന്ത്യയിലിരിക്കുന്നതിനേക്കാള്‍ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷ് പാര്‍ലമെന്റിലെത്തുക എന്നതായിരുന്നു ജിന്നയുടെ പദ്ധതി. തന്റെ രാഷ്ട്രീയ ഗുരു ദാദാഭായ് നവറോജിയുടെ രാഷ്ട്രീയ ശൈലിയായിരുന്നു ഇക്കാര്യത്തില്‍ ജിന്നയുടെ വഴികാട്ടി.

ലണ്ടനില്‍ നിന്നു തിരിച്ചുവന്ന് ഇന്ത്യന്‍ മുസ്്‌ലിംകളുടെ നേതൃത്വം ഏറ്റെടുക്കാന്‍ ജിന്നക്ക് അക്കാലത്ത് കടുത്ത നിര്‍ബന്ധങ്ങളുണ്ടായി. പാക്കിസ്താന്റെ ആദ്യപ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്‍ മധുവിധു ആഘോഷിക്കാന്‍ ലണ്ടനിലെത്തിയ സമയത്ത് ജിന്നയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. മടങ്ങിവരാന്‍ ആവശ്യപ്പെട്ട് ലീഗ് കൗണ്‍സിലും ജിന്നക്ക് കത്തയച്ചു. ബ്രിട്ടനിലെ ഹാംപ്‌സ്റ്റഡില്‍ സ്വന്തമായുണ്ടായിരുന്ന വീട് വില്‍ക്കുകയും 1934 -ന്റെ അവസാനം ഇന്ത്യയില്‍ തിരിച്ചെത്തുകയും ചെയ്തു.

ജിന്നയുടെ അസാന്നിധ്യത്തിലും 1934-ഒക്ടോബറില്‍ ജിന്നയെ ബോംബെ മുസ്്‌ലിംകള്‍ കേന്ദ്രനിയമ നിര്‍മാണ സഭയിലേക്ക് തെരഞ്ഞെടുത്തു. 1935-ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് നടപ്പാക്കി. രണ്ടു വര്‍ഷത്തിനു ശേഷമാണ് നിയമം പ്രാബല്യത്തില്‍ വന്നത്. വിദേശകാര്യം, ആഭ്യന്തരം തുടങ്ങിയ പ്രധാന വകുപ്പുകളില്‍ യാതൊരു നിയന്ത്രണവും നല്‍കാത്ത ആക്ടായിരുന്നു അത്. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 1937-ല്‍ നടന്ന പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു മേല്‍ക്കൈ. 11 പ്രവിശ്യകളിലെ 1585-സീറ്റുകളിലേക്കുള്ള ജനവിധിയില്‍ മുസ്്‌ലിംലീഗിന് ആധിപത്യമുള്ള ബംഗാള്‍, പഞ്ചാബ്, സിന്ധ് എന്നീ പ്രവിശ്യകളിലൊഴികെ എല്ലാ പ്രവിശ്യയിലും കോണ്‍ഗ്രസ് അധികാരത്തിലേറി.1930-ല്‍ അലഹാബാദിലെ ലീഗു സമ്മേളനത്തില്‍ മഹാകവി അല്ലാമാ ഇഖ്ബാലിന്റെ പ്രഭാഷണത്തില്‍ നിന്ന് ജന്മമെടുക്കുകയും ഒരു കവിയുടെ സ്വപ്‌നം എന്നു പറഞ്ഞ് ജിന്ന തള്ളുകയും ചെയ്ത മുസ്്‌ലിംകള്‍്ക്ക് പ്രത്യേക രാഷ്ട്രം എന്ന നിര്‍ദേശം 1940 മാര്‍ച്ച് 23 ന് ലീഗ് അംഗീകരിച്ചു.
ലാഹോര്‍ പ്രമേയം എന്ന പേരില്‍ അതറിയപ്പെടുന്നു. ലീഗിന്റെ പരമമായ ലക്ഷ്യം പാക്കിസ്താനാണെന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.
1942-ല്‍ അദ്ദേഹം ലീഗ് മുഖപത്രമായ ദ ഡോണ്‍ ആരംഭിച്ചു.

രണ്ടാം ലോകയുദ്ധ ശേഷം ബ്രിട്ടീഷുകാര്‍ അയച്ച ക്രിപ്‌സ് മിഷന്റെ പരാജയ ശേഷം 1942-ല്‍ കോണ്‍ഗ്രസ് ആഗസ്റ്റ് കലാപം ആരംഭിച്ചപ്പോള്‍ ലീഗ് അതില്‍ പങ്കെടുത്തില്ല. കോണ്‍ഗ്രസ് നേതാക്കളെ ബ്രിട്ടീഷ് ഭരണകൂടം ജയിലിലടച്ചു. 1944-ജൂലൈ 24 ന് ജിന്നയെ കാണാന്‍ ഗാന്ധി ആഗ്രഹം പ്രകടിപ്പിച്ചു. സെപ്തംബര്‍ ഒമ്പതിന് ബോംബെയിലെ ജിന്നയുടെ വീടായ മലബാര്‍ ഹില്ലിലായിരുന്നു കൂടിക്കാഴ്ച. വിഭജന വിഷയത്തില്‍ രണ്ടാഴച് സംഭാഷണം നടന്നെങ്കിലും ഇരുവരും വിട്ടുവീഴ്ചക്കൊരുങ്ങിയില്ല. 1945-ഡിസംബറില്‍ ഇന്ത്യയില്‍ നിയമനിര്‍മാണ സഭയിലേക്ക്് പൊതുതെരഞ്ഞെടുപ്പ് നടന്നു. പാക്കിസ്താന്‍ എന്ന ഒറ്റലക്ഷ്യമായിരുന്നു ലീഗിന്റെ പ്രചാരണായുധം. മുസ്്‌ലിംകള്‍ക്ക് സംവരണം ചെയ്ത എല്ലാ സീറ്റിലും ജയിച്ച് ലീഗ് നൂറുശതമാനം വിജയം കൈവരിച്ചു. ജിന്നയെ എതിര്‍ത്ത ഹുസൈന്‍ ലാല്‍ജി പരിതാപകരമായി തോറ്റു. 46 ല്‍ ജനുവരിയില്‍ പ്രവിശ്യകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ലീഗ് 75 ശതമാനം മുസ്്‌ലിം വോട്ടും നേടി. 1937- നേക്കാള്‍ 4.4 ശതമാനം വോട്ടു കൂടുതല്‍. രാഷ്ട്രീയത്തില്‍ ജിന്ന കൂടുതല്‍ കരുത്ത് നേടി. ഇന്ത്യന്‍ മുസ്്‌ലിംകളുടെ അനിഷേധ്യ നേതാവായി ജിന്ന വാഴ്ത്തപ്പെടുകയും ചെയ്തു. മുസ്്‌ലിംലീഗ് എം.എല്‍.എമാരുടെ കണ്‍വെന്‍ഷനും സത്യപ്രതിജ്ഞാ ചടങ്ങും ഡല്‍ഹിയില്‍ നടന്നു. പാക്കിസ്താന്‍ രൂപീകരണത്തില്‍ വലിയ ആത്മവിശ്വാസമാണ് ഈ വിജയം ജിന്നക്കു നല്‍കിയത്.

1946-ഫെബ്രുവരിയില്‍ രാഷ്ട്രീയ നേതാക്കളുമായുള്ള ചര്‍ച്ചക്ക് ബ്രിട്ടീഷ് കാബിനറ്റ് സംഘം ഇന്ത്യയിലെത്തി. മെയ് 16 ന് ദീര്‍ഘകാല പദ്ധതിയും ജൂണ്‍ 16 ന് ഇടക്കാല പദ്ധതിയും പ്രഖ്യാപിക്കപ്പെട്ടു. പ്രവിശ്യകള്‍ക്ക് സ്വയംഭരണാധികാരമുള്ള ഐക്യ ഇന്ത്യ സ്റ്റേറ്റായിരുന്നു ദീര്‍ഘകാല പദ്ധതി. നെഹ്‌റുവിന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ രണ്ടിന് ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടെങ്കിലും ലീഗ് ആദ്യം മന്ത്രിസഭയില്‍ ചേരാന്‍ വിസമ്മതിച്ചു. ലിയാഖത്തലിഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ലീഗ് യോഗം ഏറെ നേരത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഒക്ടോബര്‍ 16 ന് മന്ത്രിസഭയില്‍ ചേരാന്‍ തീരുമാനിച്ചത്. ഇക്കാലത്ത് രാജ്യമൊട്ടുക്കും വര്‍ഗീയ കലാപങ്ങള്‍ നടന്നു. ദീര്‍ഘകാല പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജിന്നയും ലിയാഖത്തലിയും നെഹ്‌റുവും വേവലിന്റെ ക്ഷണപ്രകാരം ഡിസംബറില്‍ ലണ്ടനിലേക്ക് പോയി. ഡിസംബര്‍ ആറിന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലും തീരുമാനമായില്ല.

1947-മാര്‍ച്ചില്‍ മൗണ്ട്ബാറ്റന്‍ ഇന്ത്യയുടെ വൈസ്രോയിയായി. ജൂണ്‍ രണ്ടിന് ലീഗ്-കോണ്‍ഗ്രസ് നേതാക്കളെ വിളിച്ച് ബാറ്റണ്‍ ചര്‍ച്ച നടത്തി. ജൂണ്‍ മൂന്നിന് രാജ്യം ഇന്ത്യ-പാക്കിസ്താന്‍ എന്നീ രണ്ടു സ്വതന്ത്ര രാഷ്ട്രങ്ങളായി വിഭജിക്കാന്‍ തീരുമാനമായി. ജൂണ്‍ 10 ന് ലീഗും 13 ന് കോണ്‍ഗ്രസും വിഭജനപദ്ധതിക്ക് അംഗീകാരം നല്‍കി. നാട്ടുരാജ്യങ്ങള്‍ക്ക് അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ഏതെങ്കിലും രാഷ്ട്രത്തില്‍ ചേരാനുള്ള സ്വാതന്ത്ര്യവും നല്‍കി. കോണ്‍ഗ്രസ് പദ്ധതിയെ എതിര്‍ക്കുകയും ലീഗ് അനുകൂലിക്കുകയും ചെയ്തു. ഓഗസ്റ്റ് ഏഴിന് ജിന്ന ഡല്‍ഹിയില്‍ നിന്നു കറാച്ചിയിലേക്കു യാത്രയായി. 1947-ആഗസ്റ്റ് 14 ന് പാക്കിസ്താനും 15 ന്് ഇന്ത്യയും സ്വതന്ത്ര്യ രാജ്യങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. ജിന്ന പാക്കിസ്താന്റെ ഒന്നാം ഗവര്‍ണര്‍ ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. പാക്കിസ്താന്‍ നിയമനിര്‍മാണ സഭയുടെ പ്രസിഡണ്ടും അദ്ദേഹമായിരുന്നു. പാക്കിസ്താന്‍ ഗവര്‍ണര്‍ ജനറലായിരിക്കെ മാസം ഒരു രൂപയായിരുന്നു അദ്ദേഹത്തിന്റെ ശമ്പളം. ഓഗസ്റ്റ് 15 നാണ് പാക്കിസ്താനിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റത്. അതിനു ശേഷം പ്രധാനപ്പെട്ട ചുരുക്കം പരിപാടികളിലേ ജിന്ന പങ്കെടുത്തുള്ളൂ. കശ്മീര്‍ പ്രശ്‌നമുണ്ടായപ്പോള്‍ ലാഹോറിലും സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്താന്റെ ഉദ്ഘാടനത്തിന് കറാച്ചിയിലുമായിരുന്നു അദ്ദേഹത്തിന്റെ പരിപാടികള്‍. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 48 ജൂണില്‍ അദ്ദേഹം വിശ്രമത്തിനായി ക്വറ്റയിലെത്തി.

പരിശോധനയില്‍ ശ്വാസകോശത്തിന് അസുഖം ബാധിച്ചതായി കണ്ടെത്തി. കൂടിയാല്‍ രണ്ടു വര്‍ഷം മാത്രമേ ജിന്ന അതിജീവിക്കൂ എന്നായിരുന്നു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. 48 സെപ്തംബര്‍ 11 ശനിയാഴ്ച രാത്രി 10.25ന് ജിന്ന കറാച്ചിയിലെ ആസ്പത്രിയില്‍ വെച്ച് മരിച്ചു. വാര്‍ത്ത കേട്ട് പ്രധാനമന്ത്രി ലിയാഖത്തലി ഖാന്‍ 12 മണിയോടെ അടിയന്തര മന്ത്രിസഭ യോഗം കൂടി. പുലര്‍ച്ചെ നാലിനാണ് യോഗം അവസാനിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മരണ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയത്. പിറ്റേന്ന് വൈകുന്നേരം കൃത്യം മൂന്ന് മണിക്ക് ജനാസ മൃതശരീരം പൂര്‍ണമായ സൈനികാഭിവാദ്യങ്ങളോടെ ഖബറടക്കത്തിനായെടുത്തു. ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാ എന്നെഴുതിയ ഗവര്‍ണര്‍ ജനറലിന്റെ നീലപ്പതാക ജനാസയുടെ മുകളില്‍ പുതപ്പിച്ചു. റോയല്‍ പാക്കിസ്താന്‍ നാവിക സേനയിലെ ഭടന്മാരാണ് മയ്യത്ത് ചുമന്നിരുന്നത്. മൂന്ന് കിലോമീറ്റര്‍ നീളത്തില്‍ അകമ്പടിയായി രണ്ടുലക്ഷത്തോളം പേര്‍ ഭൗതികദേഹത്തെ അനുഗമിച്ചു. വൈകിട്ട് അഞ്ചിനായിരുന്നു ഖബറടക്കം.

ജിന്നയുടെ മരണത്തില്‍ അനുശോചിച്ച് ലോകമെമ്പാടും യോഗങ്ങള്‍ ചേര്‍ന്നു. സെപ്തംബറില്‍ ചേര്‍ന്ന മദിരാശി അസംബ്ലി അദ്ദേഹത്തോടുള്ള ആദരസൂചകമായി അഞ്ചുമിനിറ്റ് നടപടിക്രമങ്ങള്‍ നിര്‍ത്തിവെച്ചു മൗനമാചരിച്ചു. മുഖ്യമന്ത്രി ഒ.പി രാമസ്വാമി റെഡ്ഢിയാര്‍ അവതരിപ്പിച്ച അനുശോചന പ്രമേയം സഭ പാസാക്കി. ജിന്നാ സാഹിബ് മരിച്ചതില്‍ സഭക്കുള്ള വ്യസനം ജിന്നാ സാഹിബിന്റെ കുടുംബമുള്‍പ്പെടെയുള്ള പാക്കിസ്താനിലെ ജനങ്ങളെ അറിയിക്കാന്‍ പ്രമേയം സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കു ശേഷം ലീഗ് ഉപനേതാവ് ബി.പോക്കര്‍ സാഹിബും പ്രസംഗിച്ചു. ബോംബെ, കല്‍ക്കത്ത, മദിരാശി തുടങ്ങിയിടങ്ങളിലെ സര്‍ക്കാര്‍ മന്ദിരങ്ങളില്‍ ദുഖസൂചകമായി ദേശീയ പതാകകള്‍ താഴ്ത്തിക്കെട്ടി. ദല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തി ദുഖത്തില്‍ പങ്കുകൊണ്ടു. ഗുജറാത്തിലെ സൂറത്തില്‍ സമ്പൂര്‍ണ ഹര്‍ത്താല്‍ ആചരിച്ചു. ദല്‍ഹിയിലെ പത്രങ്ങള്‍ കറുത്ത ബോര്‍ഡോടു കൂടിയാണ് ജിന്നയുടെ മരണവാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഹിന്ദു താത്പര്യങ്ങളോട് ചായ്‌വു കാണിക്കുന്ന ഹിന്ദുസ്ഥാന്‍ ടൈംസ് മുഴുപ്പേജ് ചരമക്കുറിപ്പ് പ്രസിദ്ധീകരിച്ചു. ഓസ്റ്റര്‍ലിയിലെ ടെന്നീസ് ക്രിക്കറ്റു മത്സരങ്ങളില്‍ പങ്കെടുത്തിരുന്ന ബ്രിട്ടീഷ്, ഇന്ത്യന്‍ കളിക്കാര്‍ രണ്ടുമിനിട്ടു നേരം മൗനമവലംബിച്ചു.

കേരളമൊട്ടാകെ ജിന്നയുടെ മരണത്തില്‍ സ്തംഭിച്ചു. റേഡിയോ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിനിന്നാണ് ജനം ആ വാര്‍ത്തയറിഞ്ഞത്. വിവിധ സ്ഥലങ്ങളിലെ വിശേഷങ്ങള്‍ ചന്ദ്രിക ദിനപത്രം ചുരുക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. മയ്യഴിയില്‍ നിന്നുള്ള വാര്‍ത്ത ഇങ്ങനെ: 'ഇന്നലെ കാലത്തു മുതല്‍ ഇവിടങ്ങളില്‍ പ്രചരിച്ചു വന്ന ഖാഇദെ അഅ്‌സമിന്റെ ചരമവാര്‍ത്ത 11 മണിയായപ്പോഴേക്ക് സ്ഥിരീകരിക്കപ്പെടുകയുണ്ടായി. വിദ്യാലയങ്ങള്‍ പരേതനോടുള്ള ബഹുമാന സൂചകമായി രണ്ടുദിവസത്തേക്ക് കല്‍പ്പനയായി പ്രഖ്യാപിക്കപ്പെടുകയും ഇവിടത്തെയും പരിസരങ്ങളായ അഴിയൂര്‍, അഴീക്കല്‍ എന്നിവിടങ്ങളിലെയും മിക്ക പീടികകളും പൂട്ടി ഹര്‍ത്താലാചരിക്കുകയുമുണ്ടായി. പരേതന്റെ ആ്ത്മശാന്തിക്കായുള്ള പ്രാര്‍ത്ഥനകളും ജനാസ നമസ്‌കാരവും ഇന്നു വൈകുന്നേരം അഴിയൂര്‍ ജുമുഅ മസ്ജിദില്‍ വെച്ചു നടന്നു. മുസ്‌ലിം ലീഗ് നേതാവ് ഇസ്്മാഈല്‍ സാഹിബിന്റെ നിര്‍ദേശപ്രകാരം കേരളത്തിലെ മുസ്്‌ലിം പള്ളികളില്‍ ജിന്നക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനയും മയ്യത്ത് നമസ്‌കാരവും നടന്നു.

കേരളത്തിലെ പ്രമുഖ സിനിമാ തിയ്യേറ്ററുകളില്‍ ജിന്നയുടെ സംസ്‌കാരച്ചടങ്ങുകളുടെ വീഡിയോ ദൃശ്യങ്ങള്‍ സിനിമക്കു മുമ്പെ കാണിച്ചിരുന്നു. പ്രത്യേക അറിയിപ്പ് എന്ന തലക്കെട്ടില്‍ കോഴിക്കോട് ക്രൗണ്‍ ടാക്കീസിന്റെ പരസ്യം ഇങ്ങനെ; 'പത്രങ്ങള്‍ മുഖേനയും നോട്ടീസ്സുകള്‍ വഴിയായും പരസ്യപ്പെടുത്തിയതനുസരിച്ചു ജിന്നാസാഹിബിന്റെ അന്ത്യയാത്രയെ സംബന്ധിച്ചും മറ്റുമുള്ള ന്യൂസ് റീലുകള്‍ പ്രസിദ്ധപ്പെടുത്താന്‍ സാധിക്കാതെ വന്നതില്‍ ഞങ്ങള്‍ നിര്‍വ്യാജം വ്യസനിക്കുകയും പൊതുജനങ്ങളെ അപ്രതീക്ഷിതമായിട്ടാണെങ്കിലും നിരാശപ്പെടുത്തേണ്ടി വന്നതില്‍ മാപ്പു ചോദിക്കുകയും ചെയ്തുകൊള്ളുന്നു. ഞങ്ങള്‍ ബുക്ക് ചെയ്ത ന്യൂസ് റീല്‍ കൃത്യസമയത്തു എത്തിച്ചേരാത്തതു കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചത്. ഇന്നു പ്രസ്തുത ന്യൂസ് റീല്‍ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നും ഇന്നു മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നതാണെന്നും പൊതുജനങ്ങളെ സസന്തോഷം അറിയിച്ചു കൊള്ളുന്നു'


Story by
Next Story
Read More >>