ഷുജാത് ബുഖാരി ആരായിരുന്നു?

ജമ്മു-കാശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം തന്നെ, സംശയമില്ല. പക്ഷേ, അത് അകലെയുള്ള പ്രദേശമാണ്. ഭീകരന്മാരും രാജ്യദ്രോഹികളും പാകിസ്താൻ പക്ഷക്കാരും പെരുകിയ...

ഷുജാത് ബുഖാരി ആരായിരുന്നു?

മ്മു-കാശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം തന്നെ, സംശയമില്ല. പക്ഷേ, അത് അകലെയുള്ള പ്രദേശമാണ്. ഭീകരന്മാരും രാജ്യദ്രോഹികളും പാകിസ്താൻ പക്ഷക്കാരും പെരുകിയ പ്രദേശം. കൂട്ടക്കൊലകൾ നടന്നാൽ മാത്രമാണ് നമ്മുടെ പത്രങ്ങൾക്ക് കാശ്മീർ തലക്കെട്ടുകൾ ആകാറുള്ളത്. പ്രമുഖനായ കാശ്മീർ പത്രാധിപർ ഷുജാത് ബുഖാരിയെ വെടിവെച്ചുകൊന്നത് നമുക്ക് രണ്ട് കോളം തലക്കെട്ടുപോലുമായില്ല.

റംസാൻ മാസം മുഴുക്കെ കാശ്മീരീൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു സർക്കാർ. മാസം തീരുന്നതിന് ഒരു നാൾ മുമ്പ്, നോമ്പ് അവസാനിക്കുന്നതിനു മിനുട്ടുകൾ മാത്രമുള്ളപ്പോൾ ശ്രീനഗർ പ്രസ് എൻ്ക്ളേവിൽ മുഴങ്ങിയ വെടിയൊച്ചകൾ ഷുജാത് ബുഖാരിയുടെ ജീവൻ കവരുന്നതിന്റേതായിരുന്നു. അങ്ങനെ ഷുജാത് ബുഖാരിയും നിശ്ശബ്ദനാക്കപ്പെട്ടു. മൂന്നു പതിറ്റാണ്ടിനിടയിൽ കാശ്മീരിൽ രാഷ്ട്രീയാക്രമം കവരുന്ന എത്രാമത്തെ ജീവനായിരുന്നു ഷുജാതിന്റേത്? കണക്കുകളുടെ കൃത്യതയിൽ കാര്യമില്ല. അനേകായിരം ജീവനുകൾ പൊലിഞ്ഞിരിക്കുന്നു. നിരവധി പത്രപ്രവർത്തകർ കൊല ചെയ്യപ്പെട്ടിരിക്കുന്നു. പക്ഷേ, ഒരു ദശകത്തിനിടയിൽ കാശ്മീരിൽ കൊല്ലപ്പെടുന്ന മിതഭാഷിയും മിതവാദിയുമായ ഏറ്റവും ഉയർന്ന പത്രാധിപരാണ് ഷുജാത് ബുഖാരിയെന്ന് അദ്ദേഹത്തെ അറിയുന്നവർ നടുക്കത്തോടെ ഒാർക്കുന്നു.

മനില സർവകലാശാലയിൽ നിന്നു ജേണലിസത്തിൽ മാസേ്റ്റഴ്സ് ബിരുദം നേടിയ ബുഖാരി വേൾഡ് പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സിംഗപ്പൂരിലെ ഏഷ്യൻ സെന്റർ ഫോർ ജേണലിസത്തിന്റെയും ഫെലോഷിപ്പുകൾക്ക് അർഹനായിട്ടുണ്ട്. കാശ്മീരിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ കലാ-സാംസ്കാരിക സംഘടനയായി അഡ്ബീ മർകസ് കംറാസിന്റെ അദ്ധ്യക്ഷൻ കൂടിയായിരുന്ന അദ്ദേഹം. 1996-ൽ തീവ്രവാദി സംഘടനയായ ഇഖ്വാൻ തട്ടിയെടുത്ത് ബന്ദിയാക്കിയ 19 പത്രപ്രവർത്തകരിൽ ഒരാളായിരുന്നു ഷുജാത്. അന്ന് അദ്ദേഹത്തിനു നേരെ ഉയർന്ന റിവോൾവർ ആരോ തട്ടിനീക്കിയതുകൊണ്ടുമാത്രമാണ് അദ്ദേഹം മരണത്തിൽനിന്നു രക്ഷപ്പെട്ടത്. " ആരാണ് ശത്രു ആരാണ് മിത്രം എന്നറിയാൻ കഴിയാത്ത അവസ്ഥയിലാണ് കാശ്മീരിലെ പത്രപ്രവർത്തകർ" എന്ന് അദ്ദേഹം അന്നു ആഗോള സംഘടനയായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പ്രതിനിധികളോട് പറഞ്ഞിരുന്നു.

ദ് ഹിന്ദുവിന്റെ ശ്രീനഗർ ബ്യൂറോ ചീഫ് സ്ഥാനം വെടിഞ്ഞാണ് അദ്ദേഹം ദ് റൈസിങ്ങ് കാശ്മീർ എന്ന പത്രം പത്തുവർഷം മുമ്പ് ആരംഭിച്ചത്. അദ്ദേഹത്തന്റെ പിതാവും ഒരു പത്രപ്രവർത്തകനായിരുന്നു.

ഷുജാത് ബുഖാരി തീവ്രവാദികൾക്കു വേണ്ടിയോ ഇന്ത്യാഭരണാധികാരികൾക്കു വേണ്ടിയോ എഴുതുകയും വാദിക്കുകയും ചെയ്ത പത്രാധിപരായിരിന്നില്ല. അദ്ദേഹം സ്വതന്ത്ര കാശ്മീരിനു വേണ്ടിയും വാദിച്ചിട്ടില്ല. പക്ഷേ, അക്രമങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരെ നിരന്തരം ശബ്ദമുയർത്തിയിരുന്നു. ഇന്ത്യൻ പത്രങ്ങൾക്കു വേണ്ടിയേ അദ്ദേഹം എഴുതിയിരുന്നുള്ളൂ. അവയിൽ ദ് ഇന്ത്യൻ എക്സ്പ്രസ്സും ദ് ഹിന്ദുവും പെടുന്നു. ഷുജാത് ബുഖാരി തീവ്രവാദി അക്രമങ്ങൾക്കെതിരെ ഉയർത്തിയ അതേ കർക്കശശബ്ദം പാവപ്പെട്ട കാശ്മീരികൾ അനുഭവിക്കേണ്ടി വരുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചും പൊലീസ്-പട്ടാള അതിക്രമങ്ങളെക്കുറിച്ചും ഉയർത്തിയിരുന്നു. ഏറ്റവും ഒടുവിൽ കാശമീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് എെക്യരാഷ്ട്രസഭാ പ്രതിനിധിസംഘം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ വസ്തുതകളെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളും അദ്ദേഹം നിർഭയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ പേരിൽ വിമർശിക്കപ്പെട്ടിട്ടുമുണ്ട് അദ്ദേഹം.

കാശ്മീരിൽ ഇൗ വിധം കൊല്ലപ്പെടുന്ന ആദ്യത്തെ പത്രപ്രവർത്തകനല്ല ഷുജാത്. പതിനെട്ടു പത്രപ്രവർത്തകർ കൊല ചെയ്യപ്പെട്ടതായി കോളമിസ്റ്റ് മനോജ് ജോഷി ഒരു കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. 1990-ൽ ശ്രീനഗർ ദൂർദർശൻ തലവൻ ലസ്സ കോൾ ഇൗ നിരയിൽ ആദ്യത്തെ ആളായി. കാശ്മീരി പണ്ഡിറ്റുകളിൽ നിന്നുയർന്നു വന്ന അപൂർവം മാധ്യമപ്രവർത്തകരിൽ ഒരാൾ എന്നതാവാം അദ്ദേഹം കൊലചെയ്യപ്പെടാൻ കാരണം. ഒരു വശത്ത് പൊലീസ്-പട്ടാള പക്ഷത്തിന്റെയും മറുവശത്ത് ഭീകരരുടെയും ഭീഷണികൾക്കും സമ്മർദ്ദങ്ങൾക്കും നടുവിൽ നിന്നു കൊണ്ടുള്ള അപകടകരമായ പത്രപ്രവർത്തനമാണ് അവർ നടത്തിപ്പോന്നിരുന്നത്. എന്നിട്ടും അവർ പത്രപ്രവർത്തനം എന്ന ആവേശം കൈവെടിയാൻ കൂട്ടാക്കിയിരുന്നില്ല. വെടിയൊച്ചകൾ മുഴങ്ങുന്ന കാശ്മീരിലേക്കാണ് ഷുജാത് ബുഖാരിയും പേനയേന്താൻ കടന്നുവന്നത്. നിർഭയം അദ്ദേഹം പത്രപ്രവർത്തനം തുടർന്നുപോന്നു. കാശ്മീരിൽ മാത്രമല്ല ഇന്ത്യയ്ക്കകത്തും പുറത്തും ഏറെ വായനക്കാരുടെ ആദരവ് നേടിയ നിരീക്ഷകനായിരുന്ന ഷുജാത്.വികസനം മാത്രമാണ് കാശ്മീരിലെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം എന്ന പ്രധാനമന്ത്രി നിരന്തരം അവർത്തിക്കുന്ന നയത്തെ ചോദ്യം ചെയ്തുകൊണ്ട് ഷുജാത് ബുഖാരി മെയ് 25ന് ദ് വയർ ഒാൺലൈൻ മാഗസീനിൽ എഴുതിയ ലേഖനത്തിൽ, കാശ്മീർ പ്രശ്നത്തിന്റെ രാഷ്ട്രീയവശം ഒരിക്കലും വിസ്മരിക്കപ്പെട്ടുകൂടെന്നാണ് ആവർത്തിച്ചു ചൂണ്ടിക്കാട്ടിയത്. കാശ്മീരിൽ ഒരു മാസം വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് ഷുജാത് ബുഖാരി, അക്രമങ്ങളുടെ അവസാനിക്കാത്ത പരമ്പരകൾക്ക അന്ത്യമാകും ഇതെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. പക്ഷേ, വെടിനിർത്തൽ മാസത്തിന്റെ അവസാനത്തോടെ അക്രമം പുനരാരംഭിക്കുന്നതിന്റെ ആദ്യസൂചനയായി കൊല ചെയ്യപ്പെട്ടത് ഷുതാത് തന്നെ ആയി. വെടിനിർത്തൽ ഇവിടെ അവസാനിക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികൾ തന്നെയാവണം വെടിയുതിർത്തതെന്നു കരുതാം. ഭീകരർ എല്ലാം കയ്യടക്കുന്ന നാട്ടിൽ നിർഭയം പത്രപ്രവർത്തനം നടത്തി ജീവാഹുതി ചെയ്ത ഷുജാത് ബുഖാരിക്കു മുന്നിൽ മുഴുവൻ ഇന്ത്യയും ഒരു നിമിഷം ശിരസ്സ് കുനിക്കേണ്ടതുണ്ട്.

Next Story
Read More >>