എംബസിയിലെ പൂച്ച

ഇടവഴിയിലെ പൂച്ച, വട്ടം ചാടിയ പൂച്ച, ചൂടു വെള്ളത്തില്‍ വീണ പൂച്ച. കലമുടയ്ക്കുന്ന പൂച്ച, കണ്ണടച്ച് പാലു കുടിക്കുന്ന പൂച്ച...നിരവധി പൂച്ചകളെ നാം കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. ആരാണീ എംബസിയിലെ പൂച്ച ?

എംബസിയിലെ പൂച്ചഎംബസിയിലെ പൂച്ച

ഇക്വഡോര്‍ : വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയൻ അസാൻജ് കഴിഞ്ഞ 6 വര്‍ഷമായി കഴിയുന്നത് ഇക്വഡോറിലെ എംബസിക്കുള്ളിലാണു. യു.എസ്.ബ്രിട്ടണ്‍ തുടങ്ങിയ വമ്പന്‍ രാജ്യങ്ങളോട് പോരാടി , നിരവധി കേസുകളുമായാണു അസാൻജ് ഇക്വഡോറില്‍ രാഷ്ട്രീയ അഭയം തേടിയത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ അന്തര്‍ദേശീയ മാദ്ധ്യമരംഗത്ത് ഏറ്റവുമധികം ചലനങ്ങള്‍ ഉണ്ടാക്കിയ ഈ 47 കാരന്‍ എംബസിയിലെ മുറിയില്‍ ഒറ്റയ്ക്കല്ല. എംബസിയിലെ ഏകാന്തവാസം നേരിടാന്‍ മക്കള്‍ സമ്മാനിച്ച പൂച്ചയുമുണ്ട്. എംബസി ക്യാറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ പൂച്ചയും വാര്‍ത്തകളിലെ താരമാണു.

ജൂലിയന്‍ അസാന്‍ജുമായി ഏറ്റവും ഒടുവില്‍ വന്ന വാര്‍ത്തയിലെ പ്രധാന താരം എംബസി പൂച്ചയാണു.അസാന്‍ജ് , എംബസിയിലെ താമസ സ്ഥലത്ത് പാലിക്കേണ്ട പുതിയ നിബന്ധനകള്‍ പുറത്തിറക്കിയിരിക്കുകയാണു ഇക്വഡോര്‍. മറ്റ് രാജ്യങ്ങള്‍ക്കെതിരെയുള്ള വിവാദപ്രസ്താവനകൾ ഒഴിവാക്കണം എന്നതുള്‍പ്പടെയുള്ള നിബന്ധനകളില്‍ പൂച്ചയുടെ സംരക്ഷണവും ഉള്‍പ്പെടുന്നു. മെഡിക്കല്‍ ബില്ലുകള്‍ , ടെലഫോണ്‍ ചാര്‍ജ്ജ് എന്നിവ ജൂലിയന്‍ നല്‍കണം . പൂച്ചയുടെ നോട്ടവും സംരക്ഷണവും ജൂലിയന്‍ തന്നെ നിര്‍വ്വഹിക്കണം എന്നിവയാണു പുതിയ നിബന്ധനകള്‍. ഇക്വഡോറിന്റെ പുതിയ നിബന്ധനകള്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണു ജൂലിയന്റെ അഭിഭാഷകന്‍.

വാര്‍ത്തയിലെ പൂച്ചയിലേക്ക് തന്നെ വരാം. സ്വന്തമായി ട്വിറ്റര്‍ അക്കൌണ്ടുള്ള പൂച്ചയാണിത്. എംബസി ക്യാറ്റ് എന്ന് തന്നെയാണു ഐഡി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പ്രത്യക്ഷമായും പരോക്ഷമായും ജൂലിയന്‍ അസാന്‍ജ്, തന്റെ രാഷ്ട്രീയവും നിലപാടുകളും വ്യക്തമാക്കിയിരുന്നതും ഈ എംബസി ക്യാറ്റ് ട്വിറ്റര്‍ ഐഡിയിലൂടെയായിരുന്നു.

ഇത് തന്നെയാണു ഇക്വഡോര്‍ അധിക്യതരെ ചൊടിപ്പിച്ചിരിക്കുന്നതും. മറ്റ് രാജ്യങ്ങളെ എഴുത്തിലൂടെ ആക്രമിക്കുന്നു എന്ന കാരണം പറഞ്ഞ് മാര്‍ച്ച് മാസത്തില്‍ ജൂലിയന്റെ ഇന്റെര്‍ നെറ്റ് ബന്ധം ഇക്വഡോര്‍ റദ്ദാക്കിയിരുന്നു.

2016 മെയ് 9 നാണു ഈ വാര്‍ത്താപൂച്ച എംബസിയിലെത്തിയത്.

Read More >>