കെട്ടിക്കിടക്കുന്ന കേസുകള്‍: പരിഗണനാര്‍ഹമായ നിര്‍ദേശങ്ങള്‍

രാജ്യത്തെ വിവിധ കോടതികളിൽ മൂന്ന് കോടിയോളം കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. ഇതിൽ 81 ലക്ഷം ഒരു വർഷം മാത്രം പഴക്കമുള്ളവയാണ്. 50 ലക്ഷം പെറ്റികേസുകളാണ്. എന്നാൽ 25 ലക്ഷം കേസുകൾ 10 വർഷത്തിലധികം പ്രായമുള്ളവയത്രെ

കെട്ടിക്കിടക്കുന്ന കേസുകള്‍: പരിഗണനാര്‍ഹമായ നിര്‍ദേശങ്ങള്‍

നീതിന്യായ നടപടി ക്രമങ്ങളുടെ കാലതാമസം സൂചിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത-കേരളത്തിലെ വിവിധ കോടതികളിൽ 16.83 ലക്ഷം കേസുകൾ തീർപ്പ് കാത്ത് കിടക്കുന്നു. അതിൽ നല്ലൊരു പങ്ക് ക്രിമിനൽ കേസുകളത്രെ- 12.51 ലക്ഷം. ബാക്കി 4.32 ലക്ഷം സിവിൽ കേസുകൾ. കേസുകൾ കെട്ടിക്കിടക്കുന്നതിൽ പ്രഥമസ്ഥാനത്തുള്ളത് എറണാകുളം ജില്ലയാണ്. ഇവിടെ 2.83 ലക്ഷം ക്രിമിനൽ കേസുകളും 45108 സിവിൽ കേസുകളുമാണ് തീർപ്പ് കാത്ത് കിടക്കുന്നത്. തീരുമാനമാവാത്ത കേസുകൾ ഏറ്റവും കുറവുള്ള ജില്ല വയനാടാണ്. ക്രിമിനൽ സ്വഭാവമുള്ള കേസുകൾ 12662; സിവിൽ കേസുകൾ 4611.

തിരക്കേറിയ കാലത്തിനനുസരിച്ച് ജനങ്ങൾ തമ്മിലുള്ള വഴക്കും വക്കാണവും കൂടി, കോടതികളിലെത്തുന്ന തർക്കങ്ങളുടെ തോതും വർദ്ധിച്ചു. അതിനനുസരിച്ച് സംസ്ഥാനത്തെ കോടതികളുടെ എണ്ണം വർദ്ധിച്ചില്ല. കേസുകൾ കെട്ടിക്കിടക്കുന്നതിനുള്ള പരിഹാരമാർഗ്ഗം കോടതികളുടെ എണ്ണവും നീതിന്യായ ഉദ്യോഗസ്ഥരുടെ തസ്തികയും കൂട്ടുകയാണ്. സർക്കാറിന്റെ സത്വര ശ്രദ്ധ ഇതിൽ പതിയേണ്ടതുണ്ട്. പുതിയ കോടതികൾ സ്ഥാപിക്കേണ്ട സ്ഥലങ്ങളുടെ മുൻഗണനാ പട്ടിക ഹൈക്കോടതി സർക്കാറിന് സമർപ്പിച്ചിരുന്നെന്ന് നീതിന്യായ വൃത്തങ്ങൾ സൂചിപ്പിക്കുകയുണ്ടായി. വ്യവഹാര സാന്ദ്രതയേറിയ പ്രദേശങ്ങൾ, സൗകര്യമുള്ള കെട്ടിടങ്ങളുടെ ലഭ്യത, ഗതാഗതസൗകര്യം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചുകൊണ്ട് തയ്യാറാക്കിയതായിരുന്നു മുൻഗണനാപട്ടിക. 2009 ൽ സമർപ്പിച്ച ഈ പട്ടിക അന്നത്തെ സർക്കാർ അംഗീകരിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല. വിവിധ തലങ്ങളിൽ നിന്ന് സമ്മർദ്ദമേറിയതിനെ തുടർന്ന് 2016 ൽ കേരള സർക്കാർ ഹൈക്കോടതിയിൽ നിന്ന് പുതുക്കിയ ലിസ്റ്റ് തേടി. അതനുസരിച്ച് സമർപ്പിച്ച ലിസ്റ്റിലും നടപടികളൊന്നുമുണ്ടായില്ല. പുതിയ കോടതികൾ സ്ഥാപിക്കാനുള്ള നിർദ്ദേശങ്ങൾ ഫയലിലുറങ്ങി! തീർപ്പാകാത്ത കേസുകൾ കോടതികളിൽ കുന്നുകൂടുകയും സാധാരണക്കാരുടെ കോടതി വരാന്തകളിലെ കാത്തിരിപ്പ് നീളുകയും ചെയ്യുന്നുവെന്നതാണ് ഇതിന്റെ ഫലം. കാസർക്കോട്ടും മഞ്ചേരിയിലും അഡീഷനൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതികൾ സ്ഥാപിക്കണമെന്ന് പുതുക്കിയ പട്ടിക നിർദ്ദേശിക്കുന്നുണ്ട്. ഈ ജില്ലകളിൽ നിലവിള്ള ജില്ലാ കോടതികൾക്ക് പുറമേയാണിത്. പുതുതായി 12 സബ് കോടതികൾ/ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതികൾ സ്ഥാപിക്കണമെന്ന് പുതുക്കിയ പട്ടികയിലുണ്ട്. 53 മുൻസിഫ്/മജിസ്‌ട്രേറ്റ്/ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതികൾ സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്.

രാജ്യവ്യാപകമായി തന്നെ ഈ പ്രശ്നം നിലനിൽക്കുന്നുണ്ട്. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിജയവാഡയിലെ ഒരു ചടങ്ങിൽ പറഞ്ഞത് ഇന്ത്യൻ ജുഡീഷ്യറി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കോടതികളിൽ തീർപ്പാവാതെ കെട്ടിക്കിടക്കുന്ന കേസുകളാണെന്നാണ്. രാജ്യത്തെ വിവിധ കോടതികളിൽ മൂന്ന് കോടിയോളം കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. ഇതിൽ 81 ലക്ഷം ഒരു വർഷം മാത്രം പഴക്കമുള്ളവയാണ്. 50 ലക്ഷം പെറ്റികേസുകളാണ്. എന്നാൽ 25 ലക്ഷം കേസുകൾ 10 വർഷത്തിലധികം പ്രായമുള്ളവയത്രെ.

കെട്ടിക്കിടക്കുന്ന കേസ്സുകളുടെ കാര്യത്തിൽ പരമോന്നത കോടതിയിലെ അവസ്ഥ വിവരിക്കുന്ന മൂന്നു കത്തുകൾ ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയക്കുകയുണ്ടായി. കത്തിൽ അദ്ദേഹം പരിഹാര നിർദ്ദേശങ്ങളും മുന്നോട്ട് വെച്ചു. സുപ്രിം കോടതി ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുക, ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 62 ൽ നിന്ന് 65 ആയി ഉയർത്തുക, കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ മാത്രമായി റിട്ടയർ ചെയ്ത സുപ്രിം കോടതി-ഹൈക്കോടതി ജഡ്ജിമാർക്ക് ഒരു നിശ്ചിതകാലത്തേക്ക് പുനർനിയമനം നല്കുക തുടങ്ങിയവയാണ് ഇതിലെ നിർദ്ദേശങ്ങൾ. സുപ്രിം കോടതിയിൽ മാത്രം 40 ലക്ഷത്തോളം കേസുകൾ തീർപ്പ് കാത്ത് കിടക്കുന്നു. ഇതിൽ 26 കേസുകൾ കാൽനൂറ്റാണ്ടിലേറെ പഴക്കമേറിയവ; 100 എണ്ണത്തിന് 20 കൊല്ലത്തിലേറെ പഴക്കമുണ്ട്; 593 കേസുകൾ 15 വർഷത്തിലധികവും 4977 കേസുകൾ 10 വർഷത്തിലധികവും പ്രായമുള്ളവയാണ്. അടുത്തകാലത്താണ് സുപ്രിം കോടതി ജഡ്ജിമാരുടെ 31 തസ്തികകൾ നികത്തിയത്. ഇത് സുപ്രിംകോടതിയുടെ പരിഗണനക്ക് വരുന്ന കേസ്സുകളുടെ എണ്ണത്തിന് മതിയാവില്ല. അതുകൊണ്ട് സുപ്രിം കോടതിയിലെ ജഡ്ജിമാരുടെ തസ്തിക 37 ആയെങ്കിലും തീരുമാനിക്കണമെന്ന് കത്തിൽ പറയുന്നുണ്ട്.

ഹൈക്കോടതി ജഡ്ജിമാരുടെ എണ്ണം 895 ൽ നിന്ന് 1079 ആയി ഏതാനും വർഷങ്ങൾക്ക് മുമ്പ് വർദ്ധിപ്പിക്കുകയുണ്ടായി. ഇതിന് ആനുപാതികമായ വർദ്ധന സുപ്രിം കോടതി ജഡ്ജിമാരുടെ കാര്യത്തിലുണ്ടായിട്ടില്ല. ഹൈക്കോടതി ജഡ്ജിമാരുടെ തസ്തികകളിൽ തന്നെ 399 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. ആകെയുള്ളതിന്റെ 37 ശതമാനം വരുമിത്. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ ഉണ്ടാവണം. ഹൈക്കോടതി ജഡ്ജിമാരുടെ റിട്ടയർമെന്റ് പ്രായം ഉയർത്തണമെന്ന നിർദ്ദേശം നടപ്പാക്കാൻ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ദീർഘകാല പരിചയം നല്കുന്ന ഉൾക്കാഴ്ച കേസുകളുടെ വേഗമേറിയ തീർപ്പിനും യുക്തിഭദ്രമായ വിധി പ്രസ്താവത്തിനും ഒരു ന്യായാധിപനെ സഹായിക്കും. അതുകൊണ്ടാണ് വിരമിക്കൽ പ്രായം 65 ആയി വർദ്ധിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറയുന്നത്. ഇരകൾക്ക് വൈകാതെ നീതി ലഭ്യമാക്കുന്നതിന് ഉതകുന്ന നിർദ്ദേശങ്ങളാണ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് മുന്നോട്ട് വെക്കുന്നത്. അത് പരിഗണിക്കേണ്ടതും ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതും ഭരണകൂടമാണ്.

Read More >>