റിസര്‍വ് ബാങ്കിന് കനിവുണ്ടാകണം

ഒരു ലക്ഷം വായ്പയെടുത്താൽ ഒരു കോടി വസൂലാക്കുന്നത് നിയമമല്ല, കൊള്ളയാണ്. ഇത്തരം തീവെട്ടി കൊള്ളകൾ അവസാനിപ്പിക്കാൻ വൈകിയെങ്കിലും നടപടി ഉണ്ടായേ തീരൂ. അത്തരമൊരു ജാഗ്രത്തായ ഇടപെടലിന് കളമൊരുങ്ങട്ടെ എന്നാശിക്കുന്നു

റിസര്‍വ് ബാങ്കിന് കനിവുണ്ടാകണം

ഒരാളും ബാങ്കിനെ സമീപിക്കുന്നത് കടം വാങ്ങാനോ, കടക്കാരനാകാനോ താല്പര്യമുള്ളതുകൊണ്ടല്ല, നിവൃത്തികേട് കൊണ്ടാണ്. ജീവിക്കാനുള്ള നിവൃത്തികേട്. അതേപോലെ ബാങ്കുകൾ ലോൺ നൽകുന്നത് അത് പിന്നീട് എഴുതിത്തള്ളാനല്ല എന്നതും വസ്തുതയാണ്. കടം നൽകിയ വായ്പ തിരിച്ചുപിടിക്കാതിരുന്നാൽ പിന്നെ ബാങ്കിങ് മേഖലയ്ക്കു നിലനില്പുമില്ല. അതിനാൽ മതിയായ ഈടിൽ അനുവദിച്ച വായ്പ ബാങ്കുകൾക്കു തിരിച്ചു ലഭിച്ചേ തീരൂ. ഈക്കാര്യത്തിലൊന്നും ആർക്കും അഭിപ്രായവ്യത്യാസം ഉണ്ടാകാൻ തരമില്ല.

വായ്പ എഴുതിത്തള്ളണമെന്ന ആവശ്യം കേൾക്കാൻ ഇമ്പമുള്ള, കർഷകർക്ക് ആശ്വാസം നൽകുന്ന വാർത്തയാണെങ്കിലും അത് സാമ്പത്തികരംഗത്ത് അസമത്വത്തിന്റെയും അനീതി­യുടെയും പുത്തൻ വാതിലുകൾ തുറക്കാനേ സഹായകമാകൂ. അ­തിനാൽ വാങ്ങിയ വായ്പ തിരിച്ചടയ്ക്കേണ്ടത് എടുത്തവരുടെ ഉത്തരവാദിത്തമാണെന്നതിൽ സംശയമില്ല. എന്നാൽ, പ്രളയം അടക്കമുള്ള ദുരിതങ്ങൾ തീർത്ത കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വായ്പാ അടവുകൾ നിശ്ചിതസമയത്ത് പൂർത്തീകരിക്കാനാവാതെ ആത്മഹത്യാ മുനമ്പിൽ കഴിയുന്നവർക്ക് അത് തിരിച്ചടക്കാൻ പറ്റുന്ന ആ­ശ്വാസ നടപടികളിലേക്ക് നീങ്ങേണ്ടത് സർക്കാറിന്റെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമാണ്. ഈ മാനുഷികമുഖം കൈമോശം വന്നാൽ അത് സമൂഹത്തിലുണ്ടാ­കുന്ന പ്രതിസന്ധിയുടെ ആഴം വളരെ വലുതായിരിക്കും.

കർഷകരുടെ വായ്പകൾ തിരിച്ചുപിടിക്കാൻ സർഫാസി നിയമത്തിന്റെ ബലത്തിൽ ജപ്തി നടപടികളുമായി മുന്നോട്ടു പോകാനാണ് സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ തീരുമാനം. ഇക്കാര്യം അറിയിച്ച് അവർ മാദ്ധ്യ­മങ്ങളിൽ പരസ്യവും നൽകി. ജൂലൈ 31 വരെയുള്ള മൊറട്ടോറിയം പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ ഡിസംബർ 31 വരെ നീട്ടണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം നിരാകരിച്ചാണ് ബാങ്കുകൾ ജപ്തി നടപടിയുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചത്. മൊറട്ടോറിയത്തിന്റെ കാലാവധി നീട്ടാൻ റിസർവ് ബാങ്കിന്റെ അനുമതിയില്ലെന്നാണ് ബാങ്കേഴ്സ് സമിതിയുടെ നിലപാട്. തീർത്തും ശരിയാണത്. ഇതിന്റെ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് ഗവർണറെ നേരിൽ കാണാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വൻകിട കോർപ്പറേറ്റുകളുടെ കോടിക്കണക്കിനു രൂപയുടെ ബാദ്ധ്യതകൾ കേന്ദ്ര സർക്കാർ നിർലജ്ജം എഴുതിത്തള്ളുമ്പോഴാണ് കേരളം തീർത്തും ന്യാ­യമായ ഒരാവശ്യം ആർ.ബി. ഐക്കു മുമ്പിൽ നിരത്തുന്നത്. സർക്കാരിന്റെ ഈ ശ്രമങ്ങൾ ലക്ഷ്യം കാണേണ്ടത് കേരളത്തിന്റെ പൊതു താൽപര്യമാണ്.

കർഷകരെ കൈവിടില്ലെന്നും അവരെ ദ്രോഹിക്കുന്ന ഒരു നടപടിക്കും കൂട്ടുനിൽക്കില്ലെന്ന‌ും സംസ്ഥാന സർക്കാർ അർത്ഥശങ്കയ‌്ക്ക‌് ഇടയില്ലാത്തവിധം വ്യക്തമാക്കിയത‌് ആശാവഹമാണ‌്. നമ്മുടെ ബാങ്കുകൾക്ക് പാവങ്ങളുടെ കിടപ്പാടം ജപ്തി ചെയ്യാനെ കഴിവുള്ളൂ. കോടാനു കോടികൾ ലോണെടുത്തു മുങ്ങുന്നവരുടെ രോമത്തിൽ തൊടാൻ പോലും ആവുന്നില്ലെന്നത് അതീവ ഗൗരവതരമാണ്. ആയിരക്കണക്കിനു കോടി രൂപ വായ്പയെടുത്ത വിജയ് മല്യമാരും നീരവ് മോദിമാരും മറ്റും കേന്ദ്ര സർക്കാരിന്റെയും മറ്റു ഉന്നത സംവിധാനങ്ങളുടെയും അറിവോടും ഒത്താശയിലും നികുതി വെട്ടിപ്പും ലോൺ തട്ടിപ്പും നടത്തുന്നത് തുടർക്കഥയാക്കുമ്പോൾ കർഷകരുടെ ദീനരോദനം കേൾക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. അതിനാൽ കോർപ്പറേറ്റുകളുടെ അഞ്ചുലക്ഷം കോടിയുടെ വായ‌്പകൾ എഴുതിത്തള്ളിയവർ കർഷകരുടെ കണ്ണീര‌് കാണാതെ പോകരുത‌്. കടുത്ത വിളനാശവും വസ‌്തുനാശവും സംഭവിച്ച മഹാപ്രളയത്തിനു ശേഷം മതിയായ നഷ്ടപരിഹാര തുക പോലും ലഭിക്കാത്തവർ നമുക്കു ചുറ്റും ഒത്തിരിയുണ്ട്. ഒന്നു നിവർന്നുനിൽക്കാൻ പോലും സാധിക്കാത്ത ഇവരെ വീണ്ടും ദ്രോഹിക്കുന്ന സമീപനം ആരിൽനിന്നും ഉണ്ടാവതല്ല. നിരാലംബരും അവശരുമായ, സ്വന്തം അടുപ്പ് പുകയാത്ത ഇവർക്കു പിറകേ, വേട്ടനായ്ക്കളെ അഴിച്ചുവിടുന്നതുപോലെ പെരുമാറരുത്. ഒരല്പം സാവകാശം മാത്രമാണ് അവർ ആവശ്യപ്പെട്ടത്. ഒപ്പം പിഴപ്പലിശയിൽ ചെറിയൊരു ഇളവും വേണം. ആ വഴിക്കു ചിന്തിക്കാൻ ബന്ധപ്പെട്ടവർ എത്ര നേരത്തെ തയ്യാറാകുമോ അത്രയും ആശ്വാസം. അതിനാൽ ആർ.ബി.ഐ ഉൾപ്പെടെയുള്ള മറ്റു ധനകാര്യ സ്ഥാപനങ്ങളുമെല്ലാം സർക്കാർ സ്വീകരിച്ച ഉദാര സമീപനത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് തീർത്തും മനുഷ്യത്വപരമായ സമീപനത്തിന് പച്ചക്കൊടി കാണിക്കണമെന്നാണ് ഞങ്ങൾക്കു പറയാനുള്ളത്.

ഒരാളെയും, സ്ഥാപനത്തെയും ഇല്ലാതാക്കാനല്ല, എടുത്ത വായ്പ പൂർണ്ണമായും അവരിൽനിന്നു തന്നെ ഈടാക്കാനുള്ള നേരിയൊരു സാവകാശം മാത്രം. ഒപ്പം ബാങ്കിങ് രംഗത്തെ കഴുത്തറപ്പൻ പ്രവണതകൾ തിരിച്ചറിയാനും തിരുത്താനും ബന്ധപ്പെട്ടവരിൽനിന്ന് നടപടി ഉണ്ടാവണം. ഒരു ലക്ഷം വായ്പയെടുത്താൽ ഒരു കോടി വസൂലാക്കുന്നത് നിയമമല്ല, കൊള്ളയാണ്. ഇത്തരം തീവെട്ടി കൊള്ളകൾ അവസാനിപ്പിക്കാൻ വൈകിയെങ്കിലും നടപടി ഉണ്ടായേ തീരൂ. അത്തരമൊരു ജാഗ്രത്തായ ഇടപെടലിന് കളമൊരുങ്ങട്ടെ എന്നാശിക്കുന്നു.

Read More >>