370 മാത്രമല്ല, 371 ഉം അറിഞ്ഞിരിക്കണം

കശ്മീരികൾക്കു മാത്രമേ ഇന്ത്യൻ ഭരണഘടന പ്രത്യേക പരിഗണന നൽകുന്നുള്ളൂ എന്നാണ് ചിലർ കരുതുന്നത്. അവർ നാഗാലാൻഡിനെക്കുറിച്ച് കേട്ടിട്ടില്ല. നാഗാലാൻഡിന് പ്രത്യേക ഭരണഘടനയും പതാകയും പാസ്പോർട്ടും ഐക്യരാഷ്ട്രസഭയിൽ പ്രതിനിധിയും ഉണ്ട്. അവിടെ പുറത്തുനിന്ന് ഒരാൾക്ക് സ്ഥലം വാങ്ങാൻ കഴിയില്ല. എന്നാൽ എന്താണ് കശ്മീരിനു മുമ്പെ നാഗന്മാരെ തൊടാത്തത്? തൊട്ടാൽ വിവരമറിയുമെന്നു തന്നെ കാരണം

370 മാത്രമല്ല, 371 ഉം   അറിഞ്ഞിരിക്കണം

ഷെരീഫ് സാഗര്‍

1947 ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു എഴുതി: ഇന്ത്യൻ വീക്ഷണകോണിൽ നിന്നു നോക്കുമ്പോൾ, കശ്മീർ ഇന്ത്യൻ യൂണിയനായി തന്നെ നിൽക്കണം എന്നത് അങ്ങേയറ്റം പ്രധാനമാണ്. പക്ഷേ, നാം അതെത്ര ആഗ്രഹിച്ചാലും ബഹുജനങ്ങളുടെ പിന്തുണയില്ലാതെ നടക്കില്ല. പട്ടാളശക്തി കൊണ്ട് കുറച്ചുനാൾ കശ്മീർ കൈവശംവയ്ക്കാൻ കഴിഞ്ഞേക്കാം. പക്ഷേ, പിന്നീട് ഇതിനെതിരായി ജനവികാരം ആഞ്ഞടിക്കാനാണ് സാധ്യത. അതുകൊണ്ട് അടിസ്ഥാനപരമായി ബഹുജനങ്ങളോട് മനഃശാസ്ത്രപരമായ സമീപനമാണ് ഇക്കാര്യത്തിൽ കൈക്കൊള്ളേണ്ടിവരിക. ഇന്ത്യൻ യൂണിയനിൽ ചേരുന്നതാണ് തങ്ങൾക്ക് ഗുണകരമെന്ന് ജനങ്ങൾക്ക് ബോധ്യം വരുത്തണം. യൂണിയനിൽ താൻ സുരക്ഷിതനല്ലെന്ന് ഒരു ശരാശരി മുസ്‌ലിമിന് തോന്നിയാൽ പിന്നെ അവൻ മറ്റെവിടെയാണ് സുരക്ഷിതമെന്ന് അന്വേഷിക്കും; അത് സ്വാഭാവികം. ഇതു മനസ്സിൽവച്ചു വേണം മുന്നോട്ടു നീങ്ങാൻ; ഇല്ലെങ്കിൽ നാം പരാജയപ്പെടും.

കശ്മീരിനെ സംബന്ധിച്ച ഒരു ഭരണാധികാരിയുടെ ഏറ്റവും പക്വമായ വാക്കുകളായിരുന്നു അത്. അശാന്തിയുടെ താഴ്വരയായി മാറിയ ആ മണ്ണിന്റെ മനസ്സറിഞ്ഞുകൊണ്ടാണ് നെഹ്റു തീരുമാനങ്ങളെടുത്തത്. വൈവിദ്ധ്യങ്ങളുടെ ആശയമായ ഇന്ത്യ ജനാധിപത്യത്തിന്റെ മനോഹാരിത അടയാളപ്പെടുത്തിയത് ഇത്തരം തീരുമാനങ്ങളിലൂടെയായിരുന്നു. ഇന്ത്യയിൽ പാർക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും ഹൃദയവികാരം ഏറെക്കുറെ ഉൾക്കൊണ്ടാണ് ഇന്ത്യൻ ജനായത്ത സംവിധാനം രൂപപ്പെടുത്തിയത്. രാജ്യത്തിന്റെ വ്യതിരിക്തമായ പാരമ്പര്യങ്ങളെയും തനത് സംസ്കാരങ്ങളെയും അത് ഉൾക്കൊണ്ടു. അരുക്കാക്കപ്പെട്ട ന്യൂനപക്ഷങ്ങളെയും ദലിതരെയും പരിഗണിച്ചു. ഇതിനെയെല്ലാം ഒറ്റയടിക്ക് തകിടം മറിച്ച് ഒറ്റ ഇന്ത്യ ഉണ്ടാക്കാനുള്ള പുറപ്പാടിലാണ് ബി.ജെ.പി.

കേൾക്കുമ്പോൾ ഇമ്പമുള്ള മുദ്രാവാക്യമാണിത്. ഒരേയൊരിന്ത്യ, ഒരൊറ്റ ജനത. എന്നാൽ യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാതെ ഈ മുദ്രാവാക്യം ഉയർത്തുന്നത് കാപട്യമാണ്. ഇന്ത്യ എന്ന വികാരത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെങ്കിലും ഓരോ ജനതയും അവരുടെ സാംസ്‌കാരികമായ അസ്തിത്വത്തെയും പാരമ്പര്യത്തെയും മാനിക്കുന്നു. അതിനെയെല്ലാം അറുത്തെറിഞ്ഞ് ഹിന്ദുത്വസംസ്‌കാരം മാത്രം മതിയെന്ന ആധിപത്യ സിദ്ധാന്തത്തിലേക്കാണ് ബി.ജെ.പി രാജ്യത്തെ നയിക്കുന്നത്. ഒറ്റ രാത്രികൊണ്ട് കശ്മീരിനെ ശ്വാസം മുട്ടിച്ച് 370 ാം വകുപ്പ് എടുത്തുകളഞ്ഞത് അതിന്റെ ആദ്യ പടിയാണ്. ഒരു പ്രദേശത്തെ നിയമസഭയെയും സാമാജികരെയും രാഷ്ട്രീയ നേതാക്കളെയും ജനങ്ങളെയുമെല്ലാം കൂച്ചുവിലങ്ങിട്ടാണ് ഈ ജനാധിപത്യവിരുദ്ധ നടപടി അരങ്ങേറിയത്. ഭരണഘടന തിരുത്താൻ നിഷ്പ്രയാസം സാധിക്കുമെന്ന അഹന്തയോടെയാണ് ഇടപെടൽ. ഇനി പതിയെ ഏക സിവിൽ കോഡ് വരും. സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ അതേ ന്യായവുമായി സംവരണം തന്നെ എടുത്തുകളയും. ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും അനുവദിച്ച അവകാശങ്ങളൊക്കെ ഹനിക്കപ്പെടും. കശ്മീരികൾക്കു മാത്രം പ്രത്യേക അവകാശങ്ങൾ എന്ന നിഷ്‌കളങ്കമെന്നു തോന്നിക്കുന്ന ആ ചോദ്യം എന്തിന് പ്രത്യേക വിഭാഗങ്ങൾക്കു മാത്രം പ്രത്യേക അവകാശങ്ങൾ എന്ന ചോദ്യമായി പരിഗണിക്കും.

ചരിത്രമോ ഇന്ത്യൻ സാഹചര്യങ്ങളോ അറിയാത്തവർ അപ്പറഞ്ഞത് ശരിയാണല്ലോ എന്ന് ന്യായീകരിച്ച് കൂട്ടുനിൽക്കും. ഇന്ത്യ ഏകശിലാത്മകവും ഏകശൈലീ കേന്ദ്രീകൃതവുമായ ഭരണത്തിലേക്ക് ചുവടു മാറും. അതോടെ എല്ലാം തീരും. കശ്മീരികൾക്കു മാത്രമേ ഇന്ത്യൻ ഭരണഘടന പ്രത്യേക പരിഗണന നൽകുന്നുള്ളൂ എന്നാണ് ചിലർ കരുതുന്നത്. അവർ നാഗാലാൻഡിനെക്കുറിച്ച് കേട്ടിട്ടില്ല. നാഗാലാൻഡിന് പ്രത്യേക ഭരണഘടനയും പതാകയും പാസ്പോർട്ടും ഐക്യരാഷ്ട്രസഭയിൽ പ്രതിനിധിയും ഉണ്ട്. സൈന്യവും പ്രത്യേക സ്വാതന്ത്ര്യദിനവുമുണ്ട്. ഗോത്ര നിയമമാണ് നിയമം. അവിടെ പുറത്തുനിന്ന് ഒരാൾക്ക് സ്ഥലം വാങ്ങാൻ കഴിയില്ല. എന്നാൽ എന്താണ് കശ്മീരിനു മുമ്പെ നാഗന്മാരെ തൊടാത്തത്? തൊട്ടാൽ വിവരമറിയുമെന്നു മാത്രമല്ല, തൊടാതിരിക്കാനുള്ള പണിയൊക്കെ അവർ നേരത്തെ ചെയ്തു വച്ചിട്ടുമുണ്ട്. വിശാല നാഗാലാൻഡ് അഥവാ നാഗാലിം എന്ന പുതിയ സ്വതന്ത്രാധികാരപ്രദേശം ഇവിടെ വരാൻ പോവുകയാണ്. നരേന്ദ്ര മോദിയുടെ ആശീർവാദത്തോടെയാണ് ഈ നീക്കം. ഒരു രാജ്യം, ഒരു നിയമം എന്ന നയം നാഗാലിമിന്റെ കാര്യത്തിൽ ബി.ജെ.പിക്കില്ല. നാഗാ പോരാളികളുമായി കരാർ ഒപ്പിട്ട മോദിയുടെ ദൂതൻ ആർ. എൻ രവിയാണ് ഇപ്പോഴത്തെ ഗവർണർ.

ആർട്ടിക്കിൾ 370 നു ശേഷം ഒരു 371 ഉണ്ട്. നാഗാലാൻഡിനും അസമിനും മണിപ്പൂരിനും സിക്കിമിനും മിസോറാമിനും പ്രത്യേക പദവികൾ നൽകുന്ന വകുപ്പുകളാണ്. ഇന്ത്യൻ പാർലമെന്റ് പാസ്സാക്കുന്ന ഒരു നിയമവും ഈ സംസ്ഥാനങ്ങളുടെ അനുവാദമില്ലാതെ നടപ്പാകില്ല. ഗോത്ര കോടതികളാണ് വിധി പറയുന്നത്. നാഗാലാൻഡിലെ ജനങ്ങളുടെ ആചാരക്രമത്തിനു മാറ്റം വരുത്തുന്ന നിയമനിർമ്മാണം പാടില്ലെന്ന് 371 ാം വകുപ്പ് ഊന്നിപ്പറയുന്നു. അനുച്ഛേദം 371 എ (നാഗാലാൻഡ്), അനുച്ഛേദം 371 ബി (അസം), അനുച്ഛേദം 371 സി (മണിപ്പൂർ), അനുച്ഛേദം 371 എഫ് (സിക്കിം), അനുച്ഛേദം 371 ജി( മിസോറാം) എന്നീ വകുപ്പുകൾ കശ്മീർ ചർച്ചകളിൽ എവിടെയും കടന്നുവരില്ല. കശ്മീരിനെക്കുറിച്ച് പറയുന്ന അതേ ന്യായം ഈ സംസ്ഥാനങ്ങളുടെ കാര്യത്തിലും പ്രസക്തമാണ്. എന്നാൽ കശ്മീരിന്റെ കാര്യത്തിലുള്ള ശുഷ്‌കാന്തി ബി.ജെ.പി, നാഗാലാൻഡിലും മറ്റും പ്രകടിപ്പിക്കാത്തതെന്ത്? ആ ചോദ്യത്തിൽ തന്നെ ഉത്തരവും സ്പഷ്ടമായതുകൊണ്ട് അധികം പറയുന്നില്ല.

(കുറിപ്പ്: നെഹ്റുവിന്റെ വാചകങ്ങൾക്ക് രാമചന്ദ്ര ഗുഹയുടെ ഇന്ത്യ ഗാന്ധിക്കു ശേഷം എന്ന പുസ്തകത്തോട് കടപ്പാട്)

Next Story
Read More >>