'വിവാഹ റാഗിങ്ങി'ന് എതിരെ പൊലീസ്

സുഹൃത്തുക്കളുടെ വിവാഹത്തോടനുബന്ധിച്ച് അതിരുവിട്ടകളികളിലും കോപ്രായങ്ങളിലും ഏർപ്പെടരുതെന്നു തങ്ങളുടെ അണികളോട് രാഷ്ട്രീയപാർട്ടികൾക്ക് നിർദ്ദേശിക്കാവുന്നതാണ്. അതോടൊപ്പം ഇക്കാര്യത്തിൽ ബോധവൽക്കരണം നടത്തുകയുമാവാം

വിവാഹ റാഗിങ്ങിന് എതിരെ പൊലീസ്

വിവാഹത്തിലാണ് ഭൂമിയിലെ പരമോന്നത ആഹ്ലാദമുള്ളത് -വില്യം ലയോൺ ഫെൽപ്‌സ്

എല്ലാ മതങ്ങളും വ്യത്യസ്ത സമൂഹങ്ങളും പവിത്രമേറിയ ഒരു ചടങ്ങായിട്ടാണ് വിവാഹത്തെ കാണുന്നത്. കുടുംബാംഗങ്ങളും ബന്ധുക്കളും ഒത്തുകൂടുന്നു; ആശംസകളർപ്പിക്കുന്നു; ഒരു കുടുംബം രൂപംകൊള്ളുന്നതിന്റെ ആദ്യഘട്ടം. എന്നാൽ പല വിവാഹച്ചടങ്ങുകളിലും കാണിക്കുന്ന കോപ്രായങ്ങൾ വിവാഹംതന്നെ ഒരു പേടിസ്വപ്നമായി മാറ്റുന്നുണ്ട്. വരന്റെ സുഹൃത്തുക്കളാണ് ഇതിലെ പ്രതികൾ. ഈ കോപ്രായങ്ങൾ പലപ്പോഴും റാഗിങ്ങുപോലുമാവുന്നുണ്ട്. ഇതുമൂലം പലരുടെയും മാനസിക നില താറുമാറായതും ജീവിതം തന്നെ തകർന്നതുമായ ഉദാഹരണങ്ങൾ പോലുമുണ്ട്. ഈ സാഹചര്യത്തിലാണ് കേരള പൊലീസിന്റെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലെ മുന്നറിയിപ്പിന് പ്രസക്തിയേറുന്നത്. കോളജ് റാഗിങ്ങിന് സമാനമായ സംഭവങ്ങളാണ് വിവാഹദിവസത്തെ ആഘോഷങ്ങളിൽ കാണുന്നതെന്ന് പൊലീസ് പറയുന്നു. ക്രമസമാധാനപ്രശ്നങ്ങൾക്ക് വരെ ഇത്തരം സംഭവങ്ങൾ ഇടയാക്കുന്നുണ്ട്. വിവാഹറാഗിങ്ങിനെക്കുറിച്ചും വിക്രിയകളെക്കുറിച്ചും പരാതി ലഭിച്ചാൽ ഇടപെടുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കുന്നുണ്ട്.

കണ്ണൂർ അഞ്ചുകണ്ടിയിൽ വിവാഹച്ചടങ്ങിനായി ഒത്തുകൂടിയ ആളുകൾ ആ വീട്ടിലേക്ക് ശവപ്പെട്ടിയുമായി വിലാപയാത്ര വരുന്നതു കണ്ട് അമ്പരന്നു. ശവപ്പെട്ടിയിൽ കിടത്തിയത് വരനെയാണെന്നറിഞ്ഞപ്പോൾ അവരുടെ അമ്പരപ്പ് ഏറി. ഏറെനേരം കഴിഞ്ഞില്ല വരൻ ശവപ്പെട്ടിയിൽ നിന്ന് ചാടിയിറങ്ങി ഇളിഭ്യമുഖഭാവത്തോടെ വിവാഹവീട്ടിലേക്കു കയറിവന്നു. വരനെ സുഹൃത്തുക്കൾ നിർബന്ധിച്ച് ശവപ്പെട്ടിയിൽ കിടത്തിയതായിരുന്നു. ഏതായാലും ഈ സംഭവം കല്ല്യാണവീട്ടിലെ ആഹ്ലാദകരമായ അന്തരീക്ഷം തകർത്തു. രോഷാകുലരായ നാട്ടുകാർ ശവപ്പെട്ടി തോട്ടിലേക്ക് വലിച്ചെറിഞ്ഞു. സദ്യക്കിടയിൽ വധുവിന് കൊടുക്കുന്ന വെള്ളത്തിൽ അല്പം ഉപ്പ് ചേർക്കുക പോലെയുള്ള നിരുപദ്രവകരമായ പ്രവൃത്തികളായിരുന്നു മുമ്പ് വിവാഹവീട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത്തരം തമാശകൾ അതിരുകടക്കുകയാണിപ്പോൾ.

കണ്ണൂർ ജില്ലയിൽ സുഹൃത്തുക്കൾ വരനെ തട്ടിക്കൊണ്ടുപോയ സംഭവംവരെ ഉണ്ടായി. വരൻ വീട്ടിലെത്താതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നല്കി. തുടർന്ന് അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം ജില്ലയിലെ വാഴക്കാട് സുഹൃത്തുക്കളുടെ വിക്രിയക്കിടക്ക് അലങ്കാരവസ്തുക്കളും തോരണങ്ങളും കത്തിചാമ്പലായി. വരന് വൻതുക നഷ്ടപരിഹാരം നൽകേണ്ടി വന്നു.

വിവാഹവീട്ടിലെ പല തമാശകളും പലപ്പോഴും സകലസീമകളും ലംഘിച്ച് ആഭാസങ്ങളായി പരിണമിക്കാറുണ്ടെന്ന് പൊലീസിന്റെ ഫേസ്ബുക്ക് പേജ് ചൂണ്ടിക്കാട്ടുന്നു. കല്യാണദിവസം വരനെയും വധുവിനെയും അസാധാരണമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുക, വാഹനം തടഞ്ഞുനിർത്തി റോഡിൽ നടത്തുക, നടക്കുമ്പോൾ അവരുടെ നല്ല ചെരുപ്പ് വാങ്ങി പഴയതും കീറിയതുമായ ചെരുപ്പുകൾ നല്കുക, ഗുഡ്‌സ് വണ്ടിയിലും ജെ.സി.ബിയിലും കയറ്റുക, പഴയകാര്യങ്ങളും വട്ടപ്പേരും ചേർത്തു ഫ്ളക്സ് സ്ഥാപിക്കുക, വധുവരന്മാരെ കണ്ടംവെച്ച പഴയ കുടചൂടിക്കുക, ചെണ്ടകൊട്ടി ആനയിക്കുക, വഴിനീളെ പടക്കം പൊട്ടിക്കുക, മുറിയിൽ ചാണകവെള്ളം തളിക്കുക, തവളകളെ കയറ്റിവിടുക എന്നുവേണ്ട കൂട്ടുകാരുടെ മനസ്സിൽ വിരിയുന്ന എന്തു വിക്രിയകൾക്കും വരനും വധുവും ഇരയാകേണ്ടിവരുന്നുണ്ട്.

റാഗിങ്ങിൽ രോഷംപൂണ്ട് സദ്യതട്ടിത്തെറിപ്പിക്കുന്ന വീഡിയോ ഈയിടെ വൈറലായിരുന്നു. വരന്റെ കൂട്ടുകാരുടെ പരിധിവിട്ട പ്രവൃത്തികൾ മൂലം വിവാഹച്ചടങ്ങ് കൂട്ടത്തല്ലിൽ കലാശിച്ച സംഭവങ്ങളുണ്ട്. മദ്യപാനം, പടക്കം പൊട്ടിക്കൽ, റോഡ് ഷോ, ബാൻഡ് മേളം, മറ്റു പരാക്രമങ്ങൾ എന്നിവ സുഹൃത്തുക്കൾ തമ്മിലും വീട്ടുകാരും സമീപവാസികളും തമ്മിലും തർക്കങ്ങൾക്ക് ഇടവരുത്തുന്ന സാഹചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പുമായി രംഗത്തുവന്നത്. 'തമാശയുടെ പേരിലുള്ള ഇത്തരം നടപടികൾ അതിരുവിട്ട് മറ്റൊരാളുടെ ദുഃഖത്തിൽ സന്തോഷിക്കുന്ന വൈകൃതമായി മറുമ്പോഴാണ് അത് സാമൂഹികവിപത്തായി തീരുന്നത്; ഇത്തരം നടപടികൾ മൂലം രക്ഷിതാക്കൾ അനുഭവിക്കുന്ന മാനസിക വേദന ഇക്കൂട്ടർ മനസ്സിലാക്കുന്നില്ല.' ഫേസ്ബുക്ക് കുറിപ്പിൽ പൊലീസ് പറയുന്നു. കൂട്ടുകാർ ഒരുക്കുന്ന ഇത്തരം പരിപാടികൾ പുതുജീവിതം തുടങ്ങുന്നവരുടെ മേൽ കരിനിഴൽ വീഴ്ത്തരുതെന്ന് പൊലീസ് നിർദ്ദേശിക്കുന്നുമുണ്ട്. വിവാഹച്ചടങ്ങ് സ്വകാര്യ പരിപാടിയാണെങ്കിലും പരാതി ലഭിച്ചാൽ ഇടപെടാൻ തന്നെയാണ് പൊലീസ് തീരുമാനം. മുമ്പ് ചില ജില്ലകളിൽ മാത്രം അരങ്ങേറിയ വിവാഹാനുബന്ധ വൈകൃത പരിപാടികൾ ഇപ്പോൾ എല്ലാ ജില്ലകളിലും കാണുന്നതുകൊണ്ടാണ് നിയമനടപടികളിലേക്ക് പൊലീസ് നീങ്ങുന്നതത്രെ.

പൊലീസിന്റെ മുന്നറിയിപ്പുകൊണ്ട് മാത്രമല്ല രാഷ്ട്രീയ പാർട്ടികൾക്കും സാമൂഹിക പ്രവർത്തനത്തിലേർപ്പെട്ട സംഘടനകൾക്കും വിവാഹ റാഗിങ് തടയുന്നതിൽ ഉത്തരവാദിത്തമുണ്ട്. സുഹൃത്തുക്കളുടെ വിവാഹത്തോടനുബന്ധിച്ച് അതിരുവിട്ടകളികളിലും കോപ്രായങ്ങളിലും ഏർപ്പെടരുതെന്നു തങ്ങളുടെ അണികളോട് രാഷ്ട്രീയപാർട്ടികൾക്ക് നിർദ്ദേശിക്കാവുന്നതാണ്. അതോടൊപ്പം ഇക്കാര്യത്തിൽ ബോധവൽക്കരണം നടത്തുകയുമാവാം.

Read More >>