ആ തൊപ്പി സൈന്യത്തിന്റെ തലയിരിക്കട്ടെ

പുൽവാമ ഭീകരാക്രണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് സൈനികരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ അത്യപൂർവമായ സംഭവത്തിന് റാഞ്ചിയിലെ വേദി സാക്ഷ്യം വഹിച്ചത്. മാദ്ധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച ടെറിറ്റോറിയൽ ആർമിയിൽ ഓണററി ലഫ്. കേണലായ മഹേന്ദ്രസിങ് ധോണിയാണ് ഈ ആശയത്തിന് തുടക്കമിട്ടത്

ആ തൊപ്പി സൈന്യത്തിന്റെ   തലയിരിക്കട്ടെ

രാഷ്ട്രവിചാരം / എം. അബ്ബാസ്

ഓസ്‌ട്രേലിയക്കെതിരെ റാഞ്ചിയിൽ നടന്ന മൂന്നാം ഏകദിനത്തിൽ തലയിൽ സൈനികത്തൊപ്പി അണിഞ്ഞാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മൈതാനത്തിറങ്ങിയത്. പുൽവാമ ഭീകരാക്രണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് സൈനികരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ അത്യപൂർവമായ സംഭവത്തിന് റാഞ്ചിയിലെ വേദി സാക്ഷ്യം വഹിച്ചത്. മാദ്ധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച ടെറിറ്റോറിയൽ ആർമിയിൽ ഓണററി ലഫ്. കേണലായ മഹേന്ദ്രസിങ് ധോണിയാണ് ഈ ആശയത്തിന് തുടക്കമിട്ടത്. അന്താരാഷ്ട്ര സ്‌പോർട്സ് വസ്ത്രക്കമ്പനിയായ നൈക്കി തൊപ്പി ഉടൻ ഉണ്ടാക്കിത്തരാം എന്നേറ്റതോടെ അത് കളത്തിൽ അണിയാൻ ടീം തീരുമാനിക്കുകയായിരുന്നു.

1962ലെ ഇന്ത്യ ചൈന യുദ്ധം, 1965, 1971 വർഷങ്ങളിലെ ഇന്ത്യ പാക് യുദ്ധങ്ങൾ എന്നിവയ്ക്ക് ശേഷമൊന്നുമില്ലാത്ത 'രാജ്യസ്‌നേഹമാണ്' കോലിയുടെ ടീം റാഞ്ചിയിൽ പുറത്തെടുത്തത്. മൻസൂർ അലിഖാൻ പട്ടൗഡി, അജിത് വഡേക്കർ എന്നിവരായിരുന്നു ഇക്കാലയളവിൽ ടീം ഇന്ത്യയുടെ നായകന്മാർ.

അറിഞ്ഞോ അറിയാതെയോ അത്യന്തം അപകടകരമായ ഒരു കുരുക്കിലാണ് ടീം ഇന്ത്യ ചെന്നു പെട്ടത് എന്നറിയാതെ വയ്യ. ഒന്നാമതായി, സ്‌പോർടസിൽ ഇത്തരം അതിതീവ്ര ദേശസ്‌നേഹ പ്രകടനങ്ങൾ ഒരു കായിക സമിതിയും അംഗീകരിക്കാറില്ല. (ഇന്ത്യയുടെ തീരുമാനത്തിനെതിരെ പാകിസ്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയെ സമീപിച്ചിട്ടുണ്ട്). വേണ്ടത്ര ആലോചനയില്ലാത്ത തീരുമാനമാണ് കളത്തിൽ ടീം നടപ്പാക്കിയത് എന്ന് വ്യാപക വിമർശനമുണ്ട്. ഉദാഹരണത്തിന് ലോകകപ്പിൽ അവരുടെ രാഷ്ട്രത്തിന്റെ തൊപ്പിയിട്ട് പാകിസ്താൻ ഇന്ത്യയ്‌ക്കെതിരെ കളത്തിലിറങ്ങിയാൽ ഇന്ത്യ ആ കളി ബഹിഷ്‌കരിക്കുമോ? ചില പ്രത്യേക സാഹചര്യങ്ങളിൽ ഒഴികെ ഐ.സി.സി മറ്റു തൊപ്പികൾ ധരിക്കാൻ ടീമിന് അനുമതി നൽകുന്നില്ല. (സ്തനാർബുദത്തിനെതിരെ പ്രവർത്തിക്കുന്ന മക്ഗ്രാത്ത് ഫൗണ്ടേഷൻ ധനസമാഹരണത്തിനു വേണ്ടി ഒരു കളിയിൽ പിങ്ക് തൊപ്പിയിട്ട് കളത്തിലിറങ്ങാൻ ഓസ്‌ട്രേലിയക്ക് അനുമതിയുണ്ട്).

ദേശീയതയും സ്‌പോർട്‌സും തമ്മിൽ മുറിച്ചുമാറ്റാനാകാത്ത ഇഴയടുപ്പമുണ്ട്. ജഴ്‌സി, പതാക, ദേശീയ പതാക തുടങ്ങിയ ഒട്ടേറെ ചിഹ്നങ്ങൾ കായിക വേദികളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. എന്നാൽ സൈനികമായ അടയാളങ്ങൾ വേദികളിൽ പ്രദർശിപ്പിക്കാറില്ല.

ഈ വേളയിൽ ഓർക്കേണ്ട ഒരു സംഭവമുണ്ട്, വിഭജനത്തിന്റെ മുറിപ്പാടുകളിൽ ഇന്ത്യയും പാകിസ്താനും നീറി നിൽക്കുമ്പോൾ ഇന്ത്യൻ കളിക്കാർ പാക് രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ മരണത്തിൽ ശ്രദ്ധാഞ്ജലി നൽകിയ സന്ദർഭം.

സര്‍, അത് പുതിയ ട്രെന്‍ഡല്ല , അതിന്റെ പേരാണ് ജനാധിപത്യം

ഗാന്ധിനഗർ അദ്‌ലാജിലെ തെരഞ്ഞെടുപ്പ് റാലിയിൽ ഈയിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ഇങ്ങനെയാണ്. ' എല്ലാ കാര്യങ്ങളും സർക്കാർ ചെയ്തു നൽകണം എന്ന ജനം പ്രതീക്ഷിക്കുന്നത് ഒരു ട്രൻഡ് ആയിട്ടുണ്ട്. ചെയ്യാത്ത കാര്യങ്ങളിൽ അവർ സർക്കാറിൽ നിന്ന് ഉത്തരം ആവശ്യപ്പെടുന്നു. നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യം ഇങ്ങനെയായിരുന്നില്ല. സമുദായ ക്ഷേമം ലക്ഷ്യം വെച്ചു പ്രവർത്തിക്കുന്ന സാമൂഹിക സംഘടനകളെ നാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിൽ നിന്ന് നമ്മൾ രാഷ്ട്രീയ നേട്ടം ലക്ഷ്യം വയ്ക്കുന്നില്ല' - എല്ലാറ്റിനോടും കലഹിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന ഒരു വിഭാഗം (പ്രതിപക്ഷത്തെ ആയിരിക്കണം ഉദ്ദേശിച്ചത്) ഉണ്ടായി വരുന്നുണ്ട് എന്നതാണ് നമ്മുടെ പ്രധാനമന്ത്രിയുടെ ആധി. അത് പുതിയ പ്രവണതയാണ് എന്ന് അദ്ദേഹം വിശ്വസിക്കുകയും ചെയ്യുന്നു.


രാഷ്ട്രമീമാംസയിൽ ബിരുദമെടുത്ത പ്രധാനമന്ത്രിക്ക് ആരോഗ്യപരമായ ജനാധിപത്യത്തിന്റെ അടയാളങ്ങളെ കുറിച്ച് ക്ലാസെടുക്കേണ്ടതുണ്ടാകില്ല. ഒരു കാര്യം മാത്രമേ പറയാനുള്ളൂ. സർ, അതിപ്പോഴത്തെ ട്രൻഡല്ല, അതിന്റെ പേരാണ് ജനാധിപത്യം.

പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു മുതൽ ഇങ്ങേത്തലയിൽ നരേന്ദ്രമോദി വരെയുള്ള പ്രധാനമന്ത്രിമാരും മറ്റെല്ലാ രാഷ്ട്രീയക്കാരും അവർ പൊതുജീവിതത്തിൽ നിൽക്കുന്നിടത്തോളം സമൂഹത്തോട് കണക്കുപറയേണ്ടി വരും. ആ കണക്കു ചോദിക്കുന്നതിൽ അസ്വസ്ഥതകൾ ഉണ്ടെങ്കിൽ അത് ഏകാധിപത്യത്തിന്റെ ജീൻ ഉള്ളിൽ എവിടെയോ വിത്തിട്ടു കിടക്കുന്നതു കൊണ്ടാണ്. അതു കിളിർക്കാൻ രാജ്യം അനുവദിച്ചിട്ടില്ല. അതിനു തുനിഞ്ഞ ഒരു പ്രധാനമന്ത്രിയെ മൂലക്കിരുത്തിയ ചരിത്രമാണ് രാജ്യത്തെ ജനാധിപത്യത്തിന്റേത്.

സ്തുതിപാഠകരായ രാഷ്ട്രീയക്കാരും വാഴ്ത്തുപാട്ടു മാത്രം പാടുന്ന മാദ്ധ്യമങ്ങളും മതി എന്ന് ഭരണകൂടത്തിന് ആഗ്രഹിക്കാവുന്നതാണ്. ആഗ്രഹിക്കാനേ പറ്റൂ, നിർബന്ധം പിടിക്കാനാവില്ല. ജനാധിപത്യം നിലനിൽക്കുന്നിടം കാലം മാദ്ധ്യമങ്ങൾ ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കും. ബാലാകോട്ടിൽ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ അംഗസഖ്യയിലെ വൈരുദ്ധ്യത്തെ കുറിച്ചും ആക്രമണത്തെ കുറിച്ചും വരെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. അതേക്കുറിച്ചുള്ള ചോദ്യമാണ് ഇപ്പോൾ ഭരണകൂടത്തെയും അതിന്റെ അധിപനെയും ചൊടിപ്പിച്ചത്. ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുകയാണ് ജനാധിപത്യത്തിന്റെ കാതൽ. ഉത്തരങ്ങൾ കിട്ടിയില്ലെങ്കിൽപ്പോലും.

മോഷ്ടിക്കപ്പെട്ട രേഖകൾ

റഫാൽ രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷണം പോയി എന്ന അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിന്റെ വെളിപ്പെടുത്തൽ സുപ്രിംകോടതി ഞെട്ടലോടെയാണ് കേട്ടത്. ഒരു മാസമായി രേഖകൾ മോഷണം പോയിട്ടും നിങ്ങൾ എന്തെടുക്കുകയായിരുന്നു എന്നായിരുന്നു കോടതിയുടെ ചോദ്യം. രേഖയുടെ പകർപ്പാണ് പുറത്തുപോയത് എന്ന് എ.ജി പിന്നീട് വിശദീകരിച്ചെങ്കിലും പുതിയ റഫാൽ കറാരുമായി ബന്ധപ്പെട്ട് എന്തോ ചീഞ്ഞുനാറുന്നുണ്ട് എന്ന് വ്യക്തം. രേഖ കൊണ്ടു പോയവർ ദേശസുരക്ഷാ നിയമപ്രകാരം നടപടി നേരിടേണ്ടി വരും എന്നാണ് സർക്കാറിന്റെ ഭീഷണി.

ആദ്യമായല്ല സർക്കാറുകളിൽ നിന്ന് രേഖകൾ പുറത്തു പോകുന്നത്. എന്നാൽ ഭീഷണി ആദ്യമായാണ്. ലോകത്തെ തന്നെ ഞെട്ടിച്ച പാനമ രേഖകൾ പുറത്തു കൊണ്ടുവന്നത് (മോഷ്ടിച്ചത്) ജർമൻ പത്രമായ സീതുങാണ്. വിയറ്റ്‌നാം യുദ്ധവുമായി ബന്ധപ്പെട്ട പെന്റഗൺ രേഖകൾ യു.എസ് പ്രതിരോധ സെക്രട്ടറിയേറ്റിൽ നിന്നാണ് വാഷിങ്ടൺ പോസ്റ്റ് ചോർത്തിയത്; 1971ൽ. 'മോഷ്ടിക്കപ്പെട്ട' ഈ രേഖകൾ എല്ലായ്‌പ്പോഴും പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. ആ ചരിത്രമാണ് ഹിന്ദു ചോർത്തിയ റിപ്പോർട്ടിലൂടെ റഫാലിൽ ഇന്ത്യയിൽ ആവർത്തിക്കുന്നത്.