നിസാമാബാദിലെ കര്‍ഷകരോഷം

ഓരോ ഗ്രാമത്തിൽ നിന്നും അഞ്ചുവീതം കർഷകർ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയായിരുന്നു-185 സ്ഥാനാർത്ഥികൾക്കുമുള്ള ജാമ്യതുക ഗ്രാമകർഷക സമിതിയാണ് നല്കിയത്. സ്ഥാനാർത്ഥികളുടെ എണ്ണം കുത്തനെ കൂടിയതോടെ തെരഞ്ഞെടുപ്പ് കമ്മിഷൻ പൊറുതിമുട്ടി

നിസാമാബാദിലെ കര്‍ഷകരോഷം

തെലങ്കാന സംസ്ഥാനത്തെ നിസാമാബാദ് മണ്ഡലത്തിലെ കർഷകരുടെ പ്രതിഷേധം അതിന്റെ വ്യതിരിക്തത കൊണ്ട് ദേശീയ മാദ്ധ്യമങ്ങളുടെ ശ്രദ്ധനേടിയതാണ്. തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്) നേതാവുമായ കെ. ചന്ദ്രശേഖരറാവുന്റെ മകൾ കെ. കവിത സീറ്റ് നിലനിർത്താൻ മത്സരിക്കുന്ന ഇവിടെ 185 കർഷകരാണ് അവർക്കെതിരെ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചിട്ടുള്ളത്. ഇന്ന് (ഏപ്രിൽ 11) ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 91 മണ്ഡലങ്ങളിൽ നിസാമാബാദും ഉണ്ട്. കൂട്ടപത്രികാ സമർപ്പണത്തിലൂടെ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത സർക്കാരിനെതിരെ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുകയാണ് തെലങ്കാന കർഷകർ. ഈവിധമൊരു പ്രതിഷേധം രാജ്യത്ത് മുമ്പ് നടന്നിട്ടുണ്ടാവില്ല.

എല്ലാകാലത്തും കർഷകരുടെ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് വിഷയമാവാറുണ്ട്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അധികൃതരും ഭരണകൂടവും അതൊക്കെ മറക്കും. ഇനിയത് നടപ്പില്ലെന്ന കർഷകരുടെ സംഘടന ആണയിടുന്നു. ഇത് ഒരു തുടക്കം മാത്രം. തങ്ങളുടെ ആവശ്യങ്ങൾക്ക് നേരെ അനുകൂല സമീപനവും ആവശ്യമായ നടപടികളും ഇല്ലെങ്കിൽ വരും തെരഞ്ഞെടുപ്പുകളിൽ കൂടുതൽ മണ്ഡലങ്ങളിലേക്ക് വ്യത്യസ്തമായ ഈ പ്രതിഷേധമുറ വ്യാപിപ്പിക്കുമെന്നാണ് കർഷക സംഘടനകളുടെ നിലപാട്. ഓരോ ഗ്രാമത്തിൽ നിന്നും അഞ്ചുവീതം കർഷകർ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയായിരുന്നു-185 സ്ഥാനാർത്ഥികൾക്കുമുള്ള ജാമ്യതുക ഗ്രാമകർഷക സമിതിയാണ് നല്കിയത്. മഞ്ഞൾ, ചോളം എന്നിവയാണ് തെലങ്കാന കർഷകരുടെ മുഖ്യകൃഷി.

സ്ഥാനാർത്ഥികളുടെ എണ്ണം കുത്തനെ കൂടിയതോടെ തെരഞ്ഞെടുപ്പ് കമ്മിഷൻ പൊറുതിമുട്ടി. തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷിന് പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചത്. വോട്ടിങ് യന്ത്രത്തിൽ 64 സ്ഥാനാർത്ഥികളെ മാത്രമേ ഉൾപ്പെടുത്താനാവൂ.

കൂട്ട പത്രിക സമർപ്പണ ഭീഷണി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയുമുണ്ട്. നരേന്ദ്രമോദി വീണ്ടും ജനവിധി തേടുന്ന വാരാണസിയിൽ മത്സരിക്കാനൊരുങ്ങി നിൽക്കുകയാണ് തമിഴ്‌നാട്ടിൽ നിന്നുള്ള 111 കർഷകർ. കർഷകരുടെ പ്രശ്നങ്ങളോടുള്ള കേന്ദ്രസർക്കാരിന്റെ നിസ്സംഗ മനോഭാവത്തിൽ പ്രതിഷേധിച്ചാണ് കൂട്ട പത്രിക സമർപ്പണം. കാർഷിക വിളകൾക്ക് ന്യായവില, 60 വയസ്സ് കവിഞ്ഞവർക്ക് 5000 രൂപ പെൻഷൻ തുടങ്ങിയ വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ പാലിച്ചില്ലെന്ന് തമിഴ്‌നാട് കർഷകർ ആരോപിക്കുന്നു.

ഒരു കാലത്ത് ലാഭകരമായിരുന്നു കാർഷിക വൃത്തി. ഇന്നത് നഷ്ടസ്വപ്നമാണ്. വിത്തിന്റെയും വളങ്ങളുടെയും വില വർദ്ധന, ഗുണമേന്മ കുറഞ്ഞ വിത്തുകൾ, ജലസേചനത്തിന്റെ അപര്യാപ്തത, ബാങ്കുകളുടെ ജപ്തി ഭീഷണി തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളാണ് കർഷകർ അഭിമുഖീകരിക്കുന്നത്. 30000-ൽ അധികം കർഷകർ നാസിക്കിൽ നിന്ന് മുംബൈയിലേക്ക് ലോങ് മാർച്ച് നടത്തിയതു മാദ്ധ്യമങ്ങളിലെ പ്രധാനവാർത്തയായിരുന്നു. ടാറിന്റെ ചൂടിൽ വീണ്ടുകീറിയ കാലുമായി നടന്നുനീങ്ങുന്ന കർഷകന്റെ ചിത്രം അനുകമ്പയർഹിക്കുന്നതായിരുന്നു. പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവാതെ കർഷകർ ആത്മഹത്യയിൽ അഭയം പ്രാപിച്ച സംഭവങ്ങൾ നിരവധിയാണ്.

കർഷകർ നേരിടുന്ന മറ്റൊരു പ്രശ്നം സർക്കാറിന്റെ ക്ഷേമപദ്ധതികൾ നടപ്പിൽ വരുത്തുന്നതിലുള്ള കാലതാമസവും ഉദ്യോഗസ്ഥരുടെ അലംഭാവവുമത്രെ. കാർഷികവായ്പകൾക്കുള്ള മൊറട്ടൊറിയം കാലാവധി ഡിസംബർ 31 വരെ നീട്ടുന്നതിനുള്ള കേരള സർക്കാർ തീരുമാനം അനിശ്ചിതത്തിലായത് ഇപ്പറഞ്ഞതിനുള്ള ഉദാഹരണമാണ്. മഹാപ്രളയത്തെ തുടർന്നും മറ്റുമായി കെടുതിയിലകപ്പെട്ട കേരളത്തിലെ കർഷകർക്കെതിരായ ജപ്തി നടപടികൾ നിർത്തിവെക്കുന്നത് ഡിസംബർ 31 വരെ നീട്ടാൻ പ്രത്യേക യോഗം ചേർന്നാണ് കേരളത്തിലെ ഇടതുസർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് ഉദ്യോഗസ്ഥർ ഇറക്കാൻ വൈകി. അപ്പോഴേക്കും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. തുടർന്നു സർക്കാർ മൊറട്ടൊറിയം നീട്ടാൻ തീരുമാനിച്ച മന്ത്രിസഭായോഗം സംബന്ധിച്ച ഫയൽ അനുമതിക്കായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്ക് (സി.ഇ.ഒ) അയച്ചു. സി.ഇ.ഒ അനുകൂല അഭിപ്രായത്തോടെ കേന്ദ്ര ഇലക്ഷൻ കമ്മിഷന് സമർപ്പിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ കൂടുതൽ വിശദീകരണം തേടി ഫയൽ മടക്കി അയച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥ പിടിപ്പുകേട് കാരണം മൊറട്ടൊറിയം ഡിസംബർ 31 വരെ നീട്ടാനുള്ള തീരുമാനം സ്തംഭനാവസ്ഥയിലായി. ഇതര സംസ്ഥാനങ്ങളിലും സമാനസംഭവങ്ങൾ എടുത്തുകാണിക്കാനാവും. ഇത്തരം സംഭവങ്ങൾ കർഷകർക്കിടയിൽ നിരാശയും രോഷവും വളരാനാണ് ഇടയാക്കുക.

കർഷക ക്ഷേമ പദ്ധതികൾ യഥാസമയം പ്രഖ്യാപിക്കുകയും പ്രാവർത്തികമാക്കുകയും വേണം. അതല്ലെങ്കിൽ നിസാമാബാദ് രീതിയിലുള്ള പ്രതിഷേധം വരും തെരഞ്ഞെടുപ്പുകളിൽ വ്യാപിപ്പിക്കാൻ കർഷകർ തുനിഞ്ഞേക്കും. കർഷകർ സമ്പന്നമായാൽ രാഷ്ട്രവും സമ്പന്നമാവും-മഹാരാഷ്ട്രയിലെ പ്രമുഖ മെന്റലിസ്റ്റ് അമിത് കാലാന്ദ്രിയുടെ ഈ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്. അതിനനുസൃതമായ അനുഭാവം കർഷകരോട് ഭരണകൂടത്തിനും സമൂഹത്തിനുമുണ്ടാവണം.

Read More >>