വെള്ളിയാഴ്ച ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്കു പകരം ധനമന്ത്രിയുടെ ചുമതല വഹിച്ച പീയൂഷ് ഗോയൽ അവതരിപ്പിച്ച കേന്ദ്രബജറ്റ് ഇടക്കാല ബജറ്റാണ്. പ്രളയത്തിൽ തകർന്ന കേരളത്തെ പുനഃസൃഷ്ടിക്കാനുള്ള ബാദ്ധ്യത നിറവേറ്റേണ്ട സമ്പൂർണ്ണ ബജറ്റാണ് തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചത്. റവന്യൂ കമ്മിയുടെയും ധനകമ്മിയുടെയും കടുത്ത സമ്മർദ്ദവും പ്രതിസന്ധിയും നേരിട്ട് സുതാര്യമായ ഒരു സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കേണ്ട ഉത്തരവാദിത്തം അതുകൊണ്ട് ഐസക്കിന്റെ തെരഞ്ഞെടുപ്പുകാല ബജറ്റിനുണ്ട്

രണ്ട് ബജറ്റുകളുടെ രാഷ്ട്രീയം

Published On: 2019-02-04T18:32:06+05:30
രണ്ട് ബജറ്റുകളുടെ   രാഷ്ട്രീയം

അപ്പുക്കുട്ടൻ വള്ളിക്കുന്ന്

തലേന്നും പിറ്റേന്നുമായി കേരളത്തിന്റെയും കേന്ദ്രത്തിന്റെയും ബജറ്റ് പുറത്തുവന്നത് പൊതുതെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ്. അതുകൊണ്ട് സാമ്പത്തികനയത്തോടൊപ്പമോ അതിലേറെയോ അവയെ നയിക്കുന്നത് തെരഞ്ഞെടുപ്പു രാഷ്ട്രീയമാണ്.

വെള്ളിയാഴ്ച ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്കു പകരം ധനമന്ത്രിയുടെ ചുമതല വഹിച്ച പീയൂഷ് ഗോയൽ അവതരിപ്പിച്ച കേന്ദ്രബജറ്റ് ഇടക്കാല ബജറ്റാണ്. പ്രളയത്തിൽ തകർന്ന കേരളത്തെ പുനഃസൃഷ്ടിക്കാനുള്ള ബാദ്ധ്യത നിറവേറ്റേണ്ട സമ്പൂർണ്ണ ബജറ്റാണ് തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചത്. റവന്യൂ കമ്മിയുടെയും ധനകമ്മിയുടെയും കടുത്ത സമ്മർദ്ദവും പ്രതിസന്ധിയും നേരിട്ട് സുതാര്യമായ ഒരു സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കേണ്ട ഉത്തരവാദിത്തം അതുകൊണ്ട് ഐസക്കിന്റെ തെരഞ്ഞെടുപ്പുകാല ബജറ്റിനുണ്ട്.

കാലാവധി തീരാൻ 46 ദിവസം മാത്രം ബാക്കിയുള്ള സർക്കാറിനുവേണ്ടി, തെരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ ഇല്ലാതാകുന്ന സഭയിൽ ഇടക്കാല ബജറ്റിന്റെ പരിധി ലംഘിച്ചു പീയൂഷ് ഗോയൽ. തെരഞ്ഞെടുപ്പു വർഷത്തിൽ ഇടക്കാല ബജറ്റിൽ വോട്ടർമാരെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങൾ പാടില്ലെന്ന തെരഞ്ഞെടുപ്പു കമ്മിഷന്റെ മാതൃകാ പെരുമാറ്റചട്ടമാണ് ലംഘിക്കപ്പെട്ടു. സർക്കാറിന്റെ അഞ്ചുവർഷ ഭരണത്തിന്റെ യഥാർത്ഥ സാമ്പത്തിക ചിത്രം നൽകുന്ന സാമ്പത്തിക സർവേ ഇത്തവണ അവതരിപ്പിച്ചില്ല. 1961ൽ പ്രധാനമന്ത്രി നെഹ്‌റു തുടക്കമിട്ട ആ കീഴ്വഴക്കവും ആദ്യമായി ലംഘിച്ചു.

രണ്ടു ഹെക്ടർ താഴെ ഭൂമിയുള്ള കൃഷിക്കാർക്ക് പ്രതിമാസം 500 രൂപ എന്ന നിലയിൽ വർഷം 6000 രൂപ നാലു ഗഡുക്കളായി അക്കൗണ്ടിൽ എത്തിക്കുമെന്നാണ് വാഗ്ദാനം.

അസംഘടിത തൊഴിലാളികൾക്ക് പ്രതിമാസം 3000 രൂപ പെൻഷൻ പ്രഖ്യാപിച്ച പദ്ധതി, 5 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് പൂർണ്ണ ആദായനികുതി ഇളവ് – ഇതെല്ലാം ബജറ്റ് അനുസരിച്ചും ഇടക്കാല ബജറ്റ് എന്ന നിലയിലും ചട്ടങ്ങളുടെയും വിശ്വാസ്യതയുടെയും ധാർമ്മികതയുടെയും അതിരുകൾ തകർത്തു. തെരഞ്ഞെടുപ്പു കമ്മിഷന്റെ മാതൃകാ ചട്ടങ്ങളെ ലംഘിക്കുന്നത് ഒളിച്ചുപിടിക്കാൻ മുൻകാല പ്രാബല്യത്തോടെ 2018 – 19ലെ ബജറ്റിൽ 20,000 കോടി രൂപ ഉൾപ്പെടുത്തുകപോലും ചെയ്തു. 2000 രൂപ പ്രധാനമന്ത്രിയുടെ സമ്മാനമായി ചെറുകിട കർഷകർക്ക് മാർച്ചിൽതന്നെ എത്തിക്കും. വിദേശത്തെ കള്ളപ്പണത്തിൽനിന്ന് ഓരോ പൗരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ എത്തിക്കുമെന്ന മോദിയുടെ വാഗ്ദാനം പരിഹാസ്യമായതുകൊണ്ടു കൂടിയാവാം ഇത്.


ഈ പ്രഖ്യാപനങ്ങൾക്ക് എവിടെനിന്നാണ് വരവ്, കുറവ്, എവിടെ ആരെയൊക്കെ ബാധിക്കും അതൊന്നും വ്യക്തമാക്കുന്നില്ല. ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന നിലയിൽ വിദഗ്ധനായ മന്ത്രി പീയൂഷ് ഗോയലിനെക്കൊണ്ട് തെരഞ്ഞെടുപ്പു പത്രിക ബജറ്റാക്കി തുന്നിക്കെട്ടി അവതരിപ്പിച്ചു ബി.ജെ.പി.

പച്ചനിറത്തിലുള്ള കുപ്പായമണിഞ്ഞ് സഭയിൽ ഇരുന്ന പ്രധാനമന്ത്രി, ജാലവിദ്യക്കാരനെന്ന മട്ടിലുള്ള ധനമന്ത്രിയുടെ പ്രഖ്യാപന പ്രകടനങ്ങൾക്കും അവകാശവാദങ്ങൾക്കും തുടരെത്തുടരെ കയ്യടിച്ചു. 'മോദി, മോദി' എന്ന് ഭരണപക്ഷത്തുനിന്ന് അംഗങ്ങൾ ആർപ്പുവിളിച്ചു. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുമ്പുതന്നെ എൻ.ഡി.എയുടെ തെരഞ്ഞെടുപ്പു പ്രചാരണം പ്രതീകാത്മകമായി ലോകസഭയിൽനിന്ന് ആരംഭിച്ചു.

2004-ൽ, അഞ്ചുവർഷത്തെ വാജ്‌പേയി ഗവണ്മെന്റിന്റെ ഭരണത്തിന്റെ അവസാനം ഇന്ത്യ തിളങ്ങി എന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. ഇപ്പോൾ പുതിയ ഇന്ത്യ സ്വാർത്ഥകമാക്കുമെന്നാണ് പീയൂഷ് ഗോയൽ അവകാശപ്പെട്ടത്. എല്ലാവർക്കും വീട്, ശൗച്യാലയം, വൈദ്യുതി, കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കൽ, സ്ത്രീകൾക്കും യുവാക്കൾക്കും ഇഷ്ടാനുസരണം സ്വപ്നം സഫലീകരിക്കാനുള്ള അവസരങ്ങൾ- ഇതാണ് പുതിയ ഇന്ത്യ. ഭീകരാക്രമണത്തിൽനിന്നും വർഗ്ഗീയതയിൽ നിന്നും ജാതിയിൽ നിന്നും അഴിമതിയിൽ നിന്നും സ്വജനപക്ഷപാതത്തിൽ നിന്നും സ്വതന്ത്രമാകുന്ന ഒരു ഇന്ത്യ! 2030 ആകുമ്പോഴേക്കും പത്തു ദർശനങ്ങൾ നടപ്പാക്കുമെന്നും ബജറ്റ് പ്രസംഗം ഉറപ്പുനൽകി. ദാരിദ്ര്യവും പോഷകാഹാരക്കുറവും നിരക്ഷരതയും ഇല്ലാത്ത, വൻ വളർച്ചയുടെയും തുല്യതയുടെയും സുതാര്യതയുടെയും ആധുനിക സമൂഹമാക്കി ഇന്ത്യയെ മാറ്റിയെടുക്കും.

ഇക്കാലമത്രയും കർഷകരുടെ ആവശ്യങ്ങളോട് മുഖംതിരിഞ്ഞുനിന്ന മോദി ഗവണ്മെന്റ് അവർക്ക് സ്ഥിരമായ ഒരു വാർഷിക വരുമാന പദ്ധതി പതിനൊന്നാം മണിക്കൂറിലാണ് പ്രഖ്യാപിച്ചത്. 2018-19ൽ ധനക്കമ്മി 3.3 ശതമാനമാക്കിയിരുന്നു. പക്ഷെ, 2019-20 ലെ ബജറ്റിൽ ധനകമ്മി 3.40 ആയി ഉയർന്നു. അടുത്തവർഷവും ഇതേ നിരക്കായിരിക്കും. കൃഷിക്കാരുടെ വരുമാന പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതുകൊണ്ടാണ് ധനകമ്മി ഉയർന്നതെന്ന് പീയൂഷ് ഗോയൽ വെളിപ്പെടുത്തി. നടപ്പുവർഷത്തിൽ 20,000 കോടിയും 2019-20ൽ 75,000 കോടി രൂപയും കൃഷിക്കാർക്കുവേണ്ടി നീക്കിവെക്കേണ്ടിവന്നതുകൊണ്ടാണിത്.

പാർലമെന്റിനു മുമ്പിലും രാജ്യവ്യാപകമായും കൃഷിക്കാർ നടത്തിയ അതിശക്തമായ പ്രതിഷേധ പ്രകടനങ്ങൾക്ക് ഒടുവിൽ ഫലമുണ്ടായി. രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്നും വൻകിടക്കാരുടെ കോടികളുടെ കടം എഴുതിത്തള്ളുമ്പോൾ സർക്കാർ കൃഷിക്കാരെ സഹായിക്കാൻ തയ്യാറല്ലെന്നുമുള്ള രാഹുൽ ഗാന്ധിയുടെ തുടർച്ചയായ വിമർശനങ്ങളും ഓർക്കാം.

കൃഷിക്കാർക്കൊപ്പം ഇടത്തരക്കാരെയും കൂടെനിർത്താനാണ് ആദായനികുതി ഇനത്തിൽ ഇളവ് പ്രഖ്യാപിച്ചത്. അതോടൊപ്പം കോടിക്കണക്കിനാളുകൾ പണിയെടുക്കുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പിന്തുണനേടാനാണ് പെൻഷൻ പദ്ധതി.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പത്തുകോടി തൊഴിൽ വാഗ്ദാനംചെയ്ത് അധികാരത്തിൽ വന്ന മോദി സർക്കാറിന്റെ അവസാനബജറ്റിൽ തൊഴിൽരഹിതരെ സംബന്ധിക്കുന്ന പരാമർശങ്ങളില്ല. നാഷണൽ സാമ്പിൾ സർവേയുടെ പുതിയ റിപ്പോർട്ടുപ്രകാരം തൊഴിലില്ലായ്മ കഴിഞ്ഞ 45 വർഷങ്ങളിലെ ഏറ്റവും വലിയ നിരക്കായ 6.1ൽ എത്തിയിട്ടുണ്ടെന്ന വാർത്ത വലിയ വിവാദമായി. വിദ്യാഭ്യാസ മേഖലയെപ്പറ്റിയും ബജറ്റ് നിശ്ശബ്ദമാണ്.

അഴിമതിയെക്കുറിച്ച്, അഴിമതിമുക്ത ഭരണം നൽകിയെന്നും സുതാര്യതയുടെ യുഗം യാഥാർത്ഥ്യമാക്കിയെന്നും മാത്രമാണ് മന്ത്രി അവകാശപ്പെട്ടത്. റഫാൽ അഴിമതി ആരോപണം രാജ്യത്ത് തിളച്ചുമറിയുകയാണ്. വ്യവസായമേഖലയെക്കുറിച്ചും മൗനംപാലിച്ചു. നോട്ടു റദ്ദാക്കിയതിനെപ്പറ്റി വലുതായൊന്നും പറഞ്ഞില്ല. കള്ളപ്പണം ഇല്ലാതാക്കാൻ പ്രതിജ്ഞാബദ്ധമായ ഗവണ്മെന്റ് എന്ന നിലയിൽ കഴിഞ്ഞ നാലരവർഷങ്ങളിൽ സ്വീകരിച്ച നടപടികളുടെ കൂട്ടത്തിൽ നോട്ടു റദ്ദാക്കലിനെ പരാമർശിച്ചു.

കേരളം ഇന്ത്യയിലെ വെറുമൊരു സംസ്ഥാനം മാത്രമല്ല പ്രളയംകാരണം പുനർനിർമ്മിക്കേണ്ട, വളർച്ചയും ആവാസവ്യവസ്ഥയും തകർക്കപ്പെട്ട, പ്രത്യേക പരിഗണന വേണ്ട സംസ്ഥാനമാണ്. പ്രകൃതി സൗഹൃദപരവും വികസനോന്മുഖവുമായും മുന്നോട്ടു കൊണ്ടുപോകേണ്ട സംസ്ഥാന സർക്കാറിന് കൈത്താങ്ങ് നൽകേണ്ട ബാദ്ധ്യത കേന്ദ്ര സർക്കാറിനുണ്ട്. അവരുടെ ബജറ്റ് അത് നിറവേറ്റിയില്ല.

പ്രളയംകൊണ്ട് സംസ്ഥാനത്തിനുണ്ടായ നഷ്ടം 31,000 കോടി രൂപയാണെന്ന് അന്താരാഷ്ട്ര ഏജൻസികൾ കണക്കാക്കുന്നു. ഇതിലേക്ക് കേന്ദ്രസർക്കാർ ആകെ നൽകിയത് 3000 കോടിരൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നും ലഭിച്ചത് 3229 കോടിരൂപ. ഇതിൽനിന്ന് അടിയന്തര പ്രളയാനന്തര കാര്യങ്ങൾക്ക് ചെലവഴിച്ചത് 1733 കോടി രൂപ.

പ്രളയനഷ്ടമേറ്റവർക്ക് അടിയന്തര ദുരിതാശ്വാസം ഇനിയും പൂർത്തിയാക്കിയിട്ടില്ല. പ്രളയം ഒന്നിപ്പിച്ച കേരളീയരെ ശബരിമല പ്രശ്നത്തിന്റെ പേരിൽ രാഷ്ട്രീയമായി വീണ്ടും ഭിന്നിപ്പിച്ചു. പുനർനിർമ്മാണ അജണ്ടയും നവകേരള ലക്ഷ്യവും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവർക്കും ലോക് സഭാ തെരഞ്ഞെടുപ്പ് എന്ന രാഷ്ട്രീയ അജണ്ട മാത്രമായി.

ഈ പശ്ചാത്തലത്തിൽ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് വിഭാവനം ചെയ്യുന്നത് 1,15,354 കോടി രൂപയുടെ വരവും 1,24,125 കോടി ചെലവുമാണ്. പ്രളയ ദുരിതാശ്വാസത്തിന് 4700 കോടിരൂപ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ നികുതിവരുമാനം 10 ശതമാനത്തിൽ മുരടിച്ചുനിൽക്കുന്നു. ചെലവ് പ്രതിവർഷം 16.17 ശതമാനം കൂടുന്നു. നവകേരള നിർമ്മിതി ലക്ഷ്യമിട്ട് 25 പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.


പ്രളയം വിഴുങ്ങിയതിന്റെ ആഘാതത്തിലും ഉൽക്കണ്ഠയിലും കഴിയുന്ന സംസ്ഥാനത്തെ ജനങ്ങളിൽ നിന്ന് വിലകൾക്ക് ഒരുശതമാനം സെസ് ചുമത്തി വരുമാനം കണ്ടെത്താനാണ് ബജറ്റിലെ നിർദ്ദേശം. പ്രളയക്കെടുതി പേറുന്ന ജനങ്ങൾ വാങ്ങുന്ന അവശ്യ വസ്തുക്കൾക്ക് ഒരുശതമാനം സെസ് കൊടുക്കുക, അതിന്റെ പേരിൽ സംസ്ഥാനത്ത് ഉയരുക വിലക്കയറ്റത്തിന്റെ മറ്റൊരു പ്രളയമാകും.

ഇതിൽനിന്ന് ആശ്വാസമായി പാവപ്പെട്ടവർക്ക് ധനമന്ത്രി അവരുടെ ക്ഷേമപെൻഷനിൽ 100 രൂപ വർദ്ധിപ്പിച്ചത് കേമമായെന്ന് പലരും എടുത്തുപറയുന്നു. ഒരു വർഷത്തേക്ക് മോദിയുടെ സർക്കാർ ഒരു കർഷക കുടുംബത്തിന് (പ്രകൃതി ദുരന്തത്തിൽപ്പെട്ടവർക്കു മാത്രം) പ്രതിമാസം 500 രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതും സംസ്ഥാന സർക്കാറിന്റെ 100 രൂപ പദ്ധതിയും താരതമ്യപ്പെടുത്തേണ്ടതുണ്ട്. മനുഷ്യദുരന്തത്തിന്റെ തുലാസിൽ ഈ സമാശ്വാസ സഹായം തൂക്കിനോക്കേണ്ടതുണ്ട്.

സംസ്ഥാനം അതിഗുരുതരമായ ധനപ്രതിസന്ധിയിലാണെന്നും ധനസ്ഥിതി മെച്ചമാക്കാനോ വരുമാനം വർദ്ധിപ്പിക്കാനോ കഴിഞ്ഞില്ലെന്നും പറയുന്ന ധനമന്ത്രിയാണ് ധനക്കമ്മി മൂന്നു ശതമാനമായും റവന്യൂകമ്മി ഒരു ശതമാനമായും കുറയ്ക്കാൻ ലക്ഷ്യമിടുന്നത്. ജി.എസ്.ടി വരുമാനം നിലവിലെ 10 ശതമാനത്തിൽനിന്ന് ഉയർത്തി 30 ശതമാനമാക്കുമെന്ന് പറയുന്നു. നോൺ പ്ലാൻ റവന്യൂ ചെലവുകൾ വെട്ടിക്കുറയ്ക്കാൻ ആവില്ലെന്നും പറയുന്നു. 11,866 കോടി നികുതി കുടിശിക ഉണ്ടായിരുന്നെന്ന് കഴിഞ്ഞ ബജറ്റിൽ പറഞ്ഞത് പിരിക്കാനാകാതെയാണ് ജനങ്ങളെ വീണ്ടും പിഴിയുന്നത്. ഈ വൈരുദ്ധ്യങ്ങൾ കാണാതെ എൽ.ഡി.എഫ് ഗവണ്മെന്റിന്റെ ബജറ്റിനെയും സമീപിക്കാനാവില്ല.

42 ലക്ഷം കുടുംബങ്ങൾക്ക് സഹായം ലഭിക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതി, രണ്ടാം കുട്ടനാട് പാക്കേജ്, ഇടുക്കിയിലും വയനാട്ടിലും പ്രളയാനന്തര പദ്ധതികൾ, സിയാൽ മാതൃകയിൽ കോട്ടയത്ത് റബ്ബർ കമ്പനി ഇവ എടുത്തുപറയേണ്ടതുണ്ട്.

സ്ത്രീ ശാക്തീകരണത്തിനുള്ള വിഹിതം നാലു ശതമാനം ഉയർത്തി 16 ശതമാനമാക്കിയത്, 18 ശതമാനം വരുന്ന വയോജനങ്ങളുടെ സേവനത്തിന് കുടുംബശ്രീയെ നിയോഗിക്കാനുള്ള പദ്ധതി തുടങ്ങി പഴയതും പുതിയതും ചേർത്തുള്ള പദ്ധതികൾ പ്രഖ്യാപിച്ചത് ബജറ്റിലെ ശ്രദ്ധേയമായ നടപടിയാണ്. 55,000 കോടിരൂപയുടെ ആകാശ റെയിൽപാതയുമുണ്ട്. ശബരിമലയിലെ പ്രതിസന്ധിക്ക് 100 കോടിരൂപ ദേവസ്വം ബോർഡിന് നഷ്ടപരിഹാരം. കിഫ്ബിയിലൂടെ 20,000 കോടിയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ.

എന്നാൽ സിയാൽ മാതൃകയിൽ റബ്ബർ കമ്പനി സ്ഥാപിക്കുമെന്നു പറയുകയും അതിൽ സർക്കാർ 26 ശതമാനമംമാത്രം ഓഹരി മുടക്കി ഒരു സ്വകാര്യ ടയർ നിർമ്മാണ കമ്പനിയെ നേതൃപങ്കാളിയാക്കുകയും ചെയ്യുമെന്നുള്ള പ്രഖ്യാപനം പരിശോധിക്കേണ്ടിവരും, സിയാലും കണ്ണൂർ വിമാനത്താവളവും സർക്കാറിന് ഭൂരിപക്ഷ ഓഹരികളുള്ള പദ്ധതികളാണെന്നിരിക്കെ.

ബജറ്റിൽ പൊന്മാനായി അവതരിപ്പിച്ചു കാണുന്നത് ഭരണഘടനാ വിധേയമല്ലാത്ത കിഫ്ബി എന്ന സാമ്പത്തിക സഹായ സ്രോതസ്സിനെയാണ്. കേന്ദ്രവിഹിതവും സംസ്ഥാന സമാഹരണവുമില്ലാതെ നവകേരളസൃഷ്ടി എന്ന ലക്ഷ്യം കിഫ്ബി സാക്ഷാൽക്കരിക്കുമെന്നത് അവിശ്വസനീയം മാത്രമല്ല ദുരൂഹവുമാണ്. ലോകബാങ്കിൽനിന്നോ ഐ.എം.എഫിൽനിന്നോ സഹായം സ്വപ്നം കാണുന്നുണ്ടെന്ന് സംശയിച്ചാൽ തെറ്റില്ല.

കേന്ദ്രം സംസ്ഥാനങ്ങളുടെ ചെലവിൽ ധനപ്രതിസന്ധി മറികടക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്രബജറ്റ് വിലയിരുത്തി സി.പി.എം പൊളിറ്റ് ബ്യൂറോയുടെ വിമർശം ശ്രദ്ധേയമാണ്. ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ നടപ്പുവർഷത്തെ കേന്ദ്ര സർക്കാറിന്റെ റവന്യൂ വരുമാനം ഉയർത്തിയത് ഉദാഹരണം. ജി.എസ്.ടിയിലെ സംസ്ഥാനങ്ങളുടെ പങ്കിൽനിന്ന് 23639 കോടിരൂപ ഇതിനായി കുറച്ചു. സമാനമായി സംസ്ഥാന ജി.എസ്.ടി കുറയുമെന്ന് പി.ബി പറയുന്നു.

പി.ബി അംഗം നയിക്കുന്ന കേരള സർക്കാറിന്റെ ബജറ്റ് പ്രസംഗത്തിൽ മോദി ഗവണ്മെന്റിനെതിരെ ഇത്തരമൊരു രാഷ്ട്രീയ വിമർശം ധനമന്ത്രി തോമസ് ഐസക് പക്ഷേ ഉന്നയിച്ചിട്ടില്ല. നരേന്ദ്രമോദി ഗവണ്മെന്റിന്റെയും പിണറായി ഗവണ്മെന്റിന്റെയും സാമ്പത്തിക – നയ രാഷ്ട്രീയം ഒന്നാണെന്ന് ആത്യന്തികമായി രണ്ടു ബജറ്റും വ്യക്തമാക്കുന്നു.

Top Stories
Share it
Top