അടിയൊഴുക്കുകള്‍ ആരെ തുണയ്ക്കും

ഓഖി വിഷയത്തില്‍ തീരമേഖലയില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധവും നഗരവാസികള്‍ക്കിടയിലുള്ള സര്‍ക്കാരിനെതിരായ അതൃപ്തിയും വോട്ടായി മാറുമെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളും പുരോഗമന ആശയങ്ങളുടെ പ്രചാരകരെന്ന പരിഗണനയും തങ്ങളെ തുണയ്ക്കുമെന്നാണ് ഇടതുനേതൃത്വം കരുതുന്നത്.

അടിയൊഴുക്കുകള്‍ ആരെ തുണയ്ക്കും

മൂന്നാം തവണയും തരൂരിനെ തുണയ്ക്കുമോ അനന്തപുരി. കേരളത്തില്‍ താമര വിരിയാന്‍ പാകമുള്ള മണ്ണാണോ തിരുവനന്തപുരം. പിടിച്ചെടുത്തേ അടങ്ങൂ എന്ന വാശിയില്‍ ലക്ഷ്യം നേടാന്‍ ഇടതുമുന്നണിക്കാവുമോ. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുമ്പോള്‍ തലസ്ഥാന മണ്ഡലത്തില്‍ ഉയരുന്ന ചോദ്യങ്ങളിതൊക്കെയാണ്. മത സാമുദായിക സമവാക്യങ്ങള്‍ അളവിലേറെ സ്വാധീനം ചെലുത്തുന്ന തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരത്തിനു തന്നെയാണ് ഇക്കുറിയും സാദ്ധ്യത. ശബരിമല വിഷയം, പ്രളയാഘാതം എന്നീ പ്രശ്‌നങ്ങള്‍ക്കൊപ്പം സവിശേഷമായി ഓഖി ദുരന്തവും ഇവിടെ ചര്‍ച്ചയാവും. പിന്നെ അടിസ്ഥാന സൗകര്യവികസനം, തൊഴില്‍ തുടങ്ങി നഗരകേന്ദ്രീകൃത മണ്ഡലങ്ങളുടെ ചേരുവകളും. എന്‍.എസ്.എസ്, കെ.സി.ബി.സി എന്നീ സമുദായ സംഘടനകളുടെ നിലപാടുകളും ഇവിടെ പ്രധാനമാണ്.

മണ്ഡല ചരിത്രം ഇങ്ങനെ

കേരളം രാഷ്ട്രീയയത്തിലെ അതികായന്മാര്‍ ഒരുപോലെ വിജയപരാജയങ്ങള്‍ രുചിച്ചിട്ടുണ്ട് തലസ്ഥാന നഗരിയില്‍. സ്റ്റേറ്റ് കോണ്‍ഗ്രസ് പിന്തുണയോടെ ജയിച്ച ആനിമസ്‌ക്രീനാണ് തിരുവിതാംകൂര്‍- കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായ തിരുവനന്തപുരത്തെ ആദ്യ പാര്‍ലിമെന്റംഗം. അടുത്ത തവണ ജയിച്ച സ്വതന്ത്രനായ ഈശ്വര അയ്യര്‍ തോല്പിച്ചത് സാക്ഷാല്‍ പട്ടം താണുപിള്ളയെ. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളില്‍ സി.പി.ഐയിലെ എം.കെ കുമാരനും സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ പി. വിശ്വംഭരനും ജയിച്ചപ്പോള്‍ 1971ല്‍ സാക്ഷാല്‍ വി.കെ കൃഷ്ണമേനോനിലൂടെ കോണ്‍ഗ്രസ് സീറ്റു സ്വന്തമാക്കി.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യപഥികരില്‍ ഒരാളായ എം.എന്‍ ഗോവിന്ദന്‍ നായര്‍ ആദ്യതവണ കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരനായ പി. വിശ്വംഭരനെ പരാജയപ്പെടുത്തി. എന്നാല്‍, അടുത്ത തവണ അദ്ദേഹം കോണ്‍ഗ്രസ്സിലെ യുവനേതാവായിരുന്ന എ. നീലലോഹിതദാസന്‍ നാടാരോട് തോറ്റു. പിന്നീട് കോണ്‍ഗ്രസ്സിന്റെ എ.ചാള്‍സ് മൂന്നു തവണ മണ്ഡലം കൈയടക്കി. ഒരു തവണ അദ്ദേഹം തോല്‍പ്പിച്ചത് കവി ഒ.എന്‍.വി കുറുപ്പിനെയാണ്. 1996ല്‍ കെ.വി സുരേന്ദ്രനാഥിലൂടെ സി.പി.ഐ മണ്ഡലം തിരിച്ചുപിടിച്ചെങ്കിലും അടുത്ത തവണ ലീഡര്‍ കെ.കരുണാകരനെ ഇറക്കി കോണ്‍ഗ്രസ് മണ്ഡലംവീണ്ടെടുത്തു. കെ.വി സുരേന്ദ്രനാഥ് ലീഡറോട് പരാജയപ്പെട്ടു.

1999ല്‍ കോണ്‍ഗ്രസിലെ വി.എസ് ശിവകുമാര്‍ സി.പി.ഐയിലെ കണിയാപുരം രാമചന്ദ്രനെ പരാജയപ്പെടുത്തി. 2004ല്‍ പി.കെ വാസുദേവന്‍നായരെ ഇറക്കി മണ്ഡലം സി.പി.ഐ തിരിച്ചു പിടിച്ചു. തുടര്‍ന്നു 2005ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ പന്ന്യന്‍ രവീന്ദ്രന്‍ സീറ്റുനിലനിര്‍ത്തി. 2009ല്‍ സി.പി.ഐയില്‍ നിന്നു സീറ്റു പിടിച്ചെടുത്ത ശശി തരൂര്‍ 2014ലും സീറ്റ് നിലനിര്‍ത്തി.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കഴക്കൂട്ടത്തും പാറശാലയും നെയ്യാറ്റിന്‍കരയിലും ഇടതുമുന്നണി വിജയിച്ചപ്പോള്‍ വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കോവളം എന്നിവിടങ്ങളില്‍ യു.ഡി.എഫാണ് ജയിച്ചത്. നേമത്ത് ബി.ജെ.പി അട്ടിമറി ജയം നേടി.സ്ഥാനാര്‍ത്ഥികളാവാന്‍ ആരൊക്കെ

മൂന്നാമങ്കത്തിന് ശശി തരൂര്‍ ഒരുങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെങ്കിലും സിറ്റിംഗ് എം.പിമാരില്‍ മാറ്റമില്ലാത്തവരുടെ പട്ടികയില്‍ തരൂരിന്റെ പേരുണ്ടെന്നാണ് സൂചന. ഏതു കാറ്റിലും കോളിലും അടിതെറ്റാതെ തരൂര്‍ കയറിവരുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

ഇടതുമുന്നണിയില്‍ സി.പി.ഐയുടെതാണ് സീറ്റ്. എല്ലാവരും ഉറ്റുനോക്കുന്നതും സി.പി.ഐയെയാണ്. തങ്ങള്‍ ജയിച്ചുവന്ന സീറ്റു നഷ്ടപ്പെട്ടുവെന്നു മാത്രമല്ല, 2014 ലെ പരാജയം പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്കും നടപടിക്കും വരെ കാരണമായി. പാര്‍ട്ടിക്കാരനാവും സ്ഥാനാര്‍ത്ഥിയെന്നാണ് സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര്‍ അനില്‍ പറയുന്നത്. ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള ചില നീക്കങ്ങള്‍ ഇടതുമുന്നണി നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് നമ്പി നാരായണന്‍.

മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, കെ.ഇ ഇസ്മായില്‍ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. തരൂരിനെതിരെ പൊതുസമ്മതനെ കണ്ടെത്തണമെന്നാണ് സി.പി.എം നിലപാട്. തിരുവനന്തപുരം ഏറ്റെടുത്ത് പകരം കൊല്ലം സി.പി.ഐക്കു നല്‍കാമെന്ന നിര്‍ദ്ദേശം സി.പി.എം വച്ചെങ്കിലും സി.പി.ഐ തയ്യാറായില്ല.

ബി.ജെ.പി ഇക്കുറി തിരുവനന്തപുരത്ത് ഒരുങ്ങുന്നത്. അരയുംതലയും മുറുക്കി രംഗത്തിറങ്ങും. ജയിപ്പിച്ചെടുക്കേണ്ട മണ്ഡലങ്ങളുടെ പട്ടികയില്‍ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എഴുതിവെച്ച മണ്ഡലമായതുകൊണ്ടു സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളരുതെന്നു പാര്‍ട്ടിക്കു നിര്‍ബന്ധമുണ്ട്. എം.എല്‍.എ ആയ ഒ രാജഗോപാല്‍, തന്നെ പരിഗണിക്കരുതെന്നു പാര്‍ട്ടിയോടു പറഞ്ഞുകഴിഞ്ഞു. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനിലേക്കാണ് അടുത്ത നോട്ടം. കുമ്മനമാകുമ്പോള്‍ ആര്‍.എസ്.എസ് സജീവമാകുമെന്നും സാമുദായക വോട്ടുകളുടെ ഏകീകരണം ബി.ജെ.പിക്കു അനുകൂലമാകുമെന്നും പാര്‍ട്ടി കരുതുന്നു. സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള, സുരേഷ് ഗോപി എന്നിവരുടെ പേരുകളും പാര്‍ട്ടിവൃത്തങ്ങളില്‍ പ്രചരിക്കുന്നു.


ഒരുക്കങ്ങള്‍ എവിടം വരെ

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതു മുതല്‍ യു.ഡി.എഫ് ക്യാമ്പില്‍ മുമ്പെങ്ങുമില്ലാത്ത ചിട്ടയായ പ്രവര്‍ത്തനമാണ് നടക്കുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ലോക്സഭാ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ മാത്രം ചുമതലപ്പെടുത്തിയ ഭാരവാഹികളുണ്ട്. മണ്ഡലം പരിധിയിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളും ബൂത്ത് കമ്മിറ്റികളും ഇതിനകം രണ്ടുതവണ ചേര്‍ന്നു കഴിഞ്ഞു. ബൂത്തു തലത്തില്‍ അഞ്ചുവീതം പ്രവര്‍ത്തകരെ തിരഞ്ഞെടുത്ത് അവര്‍ക്കു പരിശീലനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഡി.സി.സി നേതൃത്വം.

മണ്ഡലം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. നിയമസഭാ മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ ഏറെക്കുറെ രൂപീകരിച്ചുകഴിഞ്ഞു. പിഴവുകളില്ലാത്ത പ്രവര്‍ത്തനം സാദ്ധ്യമായാല്‍ തരൂരിനെ അട്ടിമറിക്കാനാകുമെന്നാണ് മുന്നണി കണക്കുകൂട്ടുന്നത്. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതു വരെ കാത്തിരിക്കാതെ നിയമസഭാ മണ്ഡലങ്ങളില്‍ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കുകയാണ് എല്‍.ഡി.എഫ്. സി.പി.എം സംഘടനാ തലത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കണ്‍വെന്‍ഷന്‍, ശില്‍പ്പശാല എന്നിവ നടന്നുവരുന്നു.

ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട മണ്ഡലങ്ങളിലൊന്നാണ് ബി.ജെ.പിക്ക് തിരുവനന്തപുരം. കഴിഞ്ഞ ആറുമാസമായി ബി.ജെ.പിയുടെ സംഘടനാ സംവിധാനം ഇതിനായി കര്‍മ്മരംഗത്തുണ്ടെന്നു ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ് പറയുന്നു. തെരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരണം നടന്നു കഴിഞ്ഞു. സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കു പരിശീലന പരിപാടി നടത്തിയതോടെ ആ വിധത്തിലുള്ള മുന്നേറ്റത്തിനു വഴിതുറന്നുവെന്നു നേതാക്കള്‍ അവകാശപ്പെടുന്നു.

വികസനക്കുതിപ്പില്ല:

ജി.ആര്‍ അനില്‍

(സി.പി.ഐ ജില്ലാ സെക്രട്ടറി)

പത്തുവര്‍ഷം എം.പിയായിട്ടും തിരുവനന്തപുരത്തിന് എണ്ണിപ്പറയാവുന്ന നേട്ടങ്ങളൊന്നും ശശി തരൂര്‍ കൊണ്ടുവന്നിട്ടില്ലെന്നു സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര്‍ അനില്‍. 2014ല്‍ ചൂണ്ടിക്കാണിച്ചവ തന്നെയാണ് ഇക്കുറിയും മുന്നോട്ടുവയ്ക്കുന്നത്.

പലപ്പോഴും എം.പിയുടെ സാന്നിദ്ധ്യം മണ്ഡലത്തില്‍ അനുഭവപ്പെടുന്നില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നേടിയെടുക്കുന്നതില്‍ സമ്പൂര്‍ണ്ണ പരാജയമാണ് തരൂര്‍. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങളുടെ പകുതിപോലും തലസ്ഥാന മണ്ഡലത്തില്‍ നടത്താനായിട്ടില്ല.

വിഴിഞ്ഞം, വിമാനത്താവളം എന്നീ വിഷയങ്ങളില്‍ തരൂര്‍ ഇടപെട്ടതേയില്ല. സ്വാഭാവിക വികസനത്തിനപ്പുറം മണ്ഡലത്തില്‍ ഒന്നും നടന്നിട്ടില്ലെന്നും അനില്‍ പറഞ്ഞു.

മത സാമുദായിക സമവാക്യങ്ങള്‍ അളവിലേറെ സ്വാധീനം ചെലുത്തുന്ന തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരത്തിനു തന്നെയാണ് ഇക്കുറിയും സാദ്ധ്യത. ശബരിമല വിഷയം, പ്രളയാഘാതം എന്നീ പ്രശ്നങ്ങള്‍ക്കൊപ്പം സവിശേഷമായി ഓഖി ദുരന്തവും ഇവിടെ ചര്‍ച്ചയാവും. പിന്നെ അടിസ്ഥാന സൗകര്യവികസനം, തൊഴില്‍ തുടങ്ങി നഗരകേന്ദ്രീകൃത മണ്ഡലങ്ങളുടെ ചേരുവകളും

വികസന നേട്ടങ്ങള്‍ നിരവധി: എം.പി

കഴക്കൂട്ടം-കാരോട്, മുക്കോല-കളിയിക്കാവിള ദേശീയപാതാ വികസനം, തിരുവനന്തപുരം-നെയ്യാറ്റിന്‍കര റോഡ് വികസനം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, വിമാനത്താവളം ടെര്‍മിനല്‍, ഐസര്‍, 24 ഓളം തീവണ്ടികള്‍, റെയില്‍വെ സ്റ്റേഷനുകളുടെ നവീകരണം, ആയുര്‍വേദ ഗവേഷണ കേന്ദ്രം, കേന്ദ്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ടെക്നോ പാര്‍ക്കിന്റെ മൂന്നാം ഘട്ട വികസനം, റോഡുകള്‍, പാലങ്ങള്‍, ആര്‍.സി.സി വികസനം തുടങ്ങി നേട്ടങ്ങളേറെയുണ്ട് എണ്ണിപ്പറയാന്‍.

എം.പി ഫണ്ടു വിനിയോഗത്തില്‍ മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് രണ്ടുതവണ ഒന്നാം സ്ഥാനത്തെത്തുവാന്‍ തരൂരിന് കഴിഞ്ഞു. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കോര്‍പ്പറേഷന്റെ എല്ലാ വാര്‍ഡുകളിലും വികസനത്തിന്റെ അടയാളങ്ങള്‍ കാണാനാകും.

അടിയൊഴുക്കുകള്‍ ആരെ തുണയ്ക്കും

മാറിയ രാഷ്ട്രീയസാഹചര്യം പൂര്‍ണ്ണമായും അനുകൂലമാകുമെന്നു യു.ഡി.എഫ് കരുതുന്നു. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. ഭൂരിപക്ഷ സമുദായത്തിലെ ചില വിഭാഗങ്ങള്‍ ഇത്തവണ നല്ല പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷ. ഓഖി വിഷയത്തില്‍ തീരമേഖലയില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധവും നഗരവാസികള്‍ക്കിടയിലുള്ള സര്‍ക്കാരിനെതിരായ അതൃപ്തിയും വോട്ടായി മാറുമെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളും പുരോഗമന ആശയങ്ങളുടെ പ്രചാരകരെന്ന പരിഗണനയും തങ്ങളെ തുണയ്ക്കുമെന്നാണ് ഇടതുനേതൃത്വം കരുതുന്നത്. വിവിധ മതവിഭാഗങ്ങളുടെ പിന്തുണ, തീരമേഖലയിലുള്ള പാര്‍ട്ടി സ്വാധീനം, പുതിയ കക്ഷികളുടെ മുന്നണി പ്രവേശനം എന്നിവയും അനുകൂലമാവുമെന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍ ശബരിമല വിഷയത്തില്‍ പ്രബല സമുദായത്തില്‍ നിന്നുള്ള പ്രതിഷേധം മറികടക്കാനാവുമോ എന്ന ആശങ്ക ഇടതുപാളയത്തിലുണ്ട്.

വൈകാരിക തലങ്ങള്‍ ഉപയോഗിച്ചുള്ള വോട്ടു നേടല്‍ തന്ത്രത്തിന് തിരുവനന്തപുരത്ത് വലിയ സാദ്ധ്യതയില്ലെന്നു ബി.ജെ.പി തിരിച്ചറിയുന്നുണ്ട്. എന്നാല്‍ യുവാക്കളിലും പുതിയ വോട്ടര്‍മാരിലും അവര്‍ പ്രതീക്ഷ പുലര്‍ത്തുന്നു. 2014ല്‍ ഒ.രാജഗോപാല്‍ നേടിയ വോട്ടില്‍ നാല്പതു ശതമാനത്തോളം യുവാക്കളുടെയായിരുന്നു എന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാര്‍ തലസ്ഥാനത്തിനും സംസ്ഥാനത്തിനാകെയും ചെയ്ത നേട്ടങ്ങളുടെ പട്ടിക നിരത്തിവെച്ചു മണ്ഡലം സ്വന്തമാക്കാമെന്ന് ബി.ജെ.പി കരുതുന്നു.

2018ലെ വോട്ടര്‍പട്ടികയുടെ അന്തിമ കണക്കു പ്രകാരം മണ്ഡലത്തില്‍ 2.46 ലക്ഷത്തോളം പുതിയ വോട്ടര്‍മാരുണ്ട്. ഇവരാണ് ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുക.

Read More >>