യു.ബി.ഐ തുറുപ്പു ചീട്ടാകുമോ?

മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പോലുള്ള ക്ഷേമപദ്ധതികളുടെ ചിറകരിഞ്ഞാകും യു.ബി.ഐ നടപ്പിൽ വരിക. കർഷകരെ ലക്ഷ്യമിട്ട് ആരംഭിച്ച തൊഴിലുറപ്പു പദ്ധതിക്കായി സർക്കാർ പ്രതിവർഷം 55000 കോടി രൂപയാണ് ചെലവിടുന്നത്. പ്രധാനമന്ത്രി ആവാസ് യോജ്‌ന (ഗ്രാമീൺ), നാഷണൽ റൂറൽ ലിവ്‌ലിഹുഡ് മിഷൻ, ഇന്റഗ്രേറ്റഡ് റൂറൽ ഡവലപ്‌മെന്റ് പ്രോഗ്രാം തുടങ്ങിയ ക്ഷേമപദ്ധതികൾക്കും സർക്കാർ വൻ തോതിൽ പണം ചെലവഴിക്കുന്നുണ്ട്

യു.ബി.ഐ തുറുപ്പു ചീട്ടാകുമോ?

യു.ബി.ഐ തുറുപ്പു ചീട്ടാകുമോ?

ഒരു പൊതുതെരഞ്ഞെടുപ്പിനുള്ള കാഹളം ഇന്ത്യയുടെ അന്തരീക്ഷത്തിലുണ്ട്. ഡൽഹിയിൽ നിന്നു കേൾക്കുന്ന വാർത്തകളിൽ അതിന്റെ ഉൾക്കനം തെളിഞ്ഞുകിടക്കുന്നുണ്ട്. ചരക്കുസേവന നികുതിയിലെ ഇളവുകൾ മുതൽ സാമ്പത്തിക സംവരണം വരെയുള്ള പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പിനെ മുമ്പിൽക്കണ്ടുള്ളതാണ്. മൂന്നാഴ്ചകൾ മാത്രം അകലെയാണ് നരേന്ദ്രമോദി സർക്കാറിന്റെ അവസാന ബജറ്റ്. നോട്ട് അസാധുവാക്കലിനും ജി.എസ്.ടിക്കും ശേഷം മാന്ദ്യം പിടിച്ചുലച്ച രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നേരെയാക്കുക എന്നതിലപ്പുറം, ജനപ്രിയ പ്രഖ്യാപങ്ങളിൽ ഊന്നിനിൽക്കുന്നതാകും ഇത്തവണത്തെ ബജറ്റ്. തെരഞ്ഞെടുപ്പ് തന്നെ കാരണം.

ബജറ്റിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും നിശ്ചിത തുക പ്രതിമാസം നൽകുന്ന യൂണിവേഴ്‌സൽ ബേസിക് ഇൻകം (യു.ബി.ഐ) പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ സാമ്പത്തിക മേഖലയിൽ ശക്തമാണ്. അങ്ങനെയാണ് എങ്കിൽ മോദി ഭരണത്തിന്റെ ട്രംപ് കാർഡാകും ആ തീരുമാനം എന്നതിൽ സംശയമില്ല.

യു.ബി.ഐ ഒരു പുതിയ ആശയമല്ല. 1960കളിൽ മാർട്ടിൻ ലൂഥർ കിങ് പോലുള്ള ഭരണാധികാരികളും മിൽട്ടൺ ഫ്രിഡ്മാനെ പോലെയുള്ളl സാമ്പത്തിക വിദഗ്ദ്ധരും ഈ ആശയം നേരത്തെ അവതരിപ്പിച്ചിട്ടുണ്ട്. സമ്പൂർണ്ണമായി വിജയകരമായിട്ടില്ലെങ്കിലും ചിലയിടങ്ങളിൽ പദ്ധതി നിലനിൽക്കുന്നുണ്ട്. ആദ്യമായി ഒരു രാഷ്ട്രം മുഴുവൻ യു.ബി.ഐ നടപ്പാക്കുന്നത് ഇറാനിലാണ്. യു.എസ്സിലെ അലാസ്‌ക പോലുള്ള ചില നഗരങ്ങളിലും യു.ബി.ഐ നിലവിലുണ്ട്. ഇന്ത്യയിലും പദ്ധതി നടപ്പാക്കാമെന്ന നിർദ്ദേശം 2017ലെ സാമ്പത്തിക സർവേ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. അത് സർക്കാറിന്റെ സജീവ പരിഗണനയിലുണ്ടെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കുകയും ചെയ്തു.

ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് യു.ബി.ഐ എത്രമാത്രം പ്രായോഗികമാണ്? സർക്കാർ ഇത്രയും പണം എവിടെ നിന്ന് കണ്ടെത്തും? തുടങ്ങി ചോദ്യങ്ങൾ നിരവധിയാണ്.

നിലവിലെ ക്ഷേമപദ്ധതികൾ നിലനിർത്തിക്കൊണ്ട് ഏതായാലും പദ്ധതി ആസൂത്രണം ചെയ്യാനാകില്ല. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പോലുള്ള ക്ഷേമപദ്ധതികളുടെ ചിറകരിഞ്ഞാകും യു.ബി.ഐ നടപ്പിൽ വരിക. കർഷകരെ ലക്ഷ്യമിട്ട് ആരംഭിച്ച തൊഴിലുറപ്പു പദ്ധതിക്കായി സർക്കാർ പ്രതിവർഷം 55000 കോടി രൂപയാണ് ചെലവിടുന്നത്. പ്രധാനമന്ത്രി ആവാസ് യോജ്‌ന (ഗ്രാമീൺ), നാഷണൽ റൂറൽ ലിവ്‌ലിഹുഡ് മിഷൻ, ഇന്റഗ്രേറ്റഡ് റൂറൽ ഡവലപ്‌മെന്റ് പ്രോഗ്രാം തുടങ്ങിയ ക്ഷേമപദ്ധതികൾക്കും സർക്കാർ വൻ തോതിൽ പണം ചെലവഴിക്കുന്നുണ്ട്. ഇത്തരം പദ്ധതികളെല്ലാം ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ടാണ്. നഗരമേഖലകളിൽ ഇത്തരം പദ്ധതികൾ ഭവനവായ്പകളുമായി ബന്ധപ്പെട്ടാണ്. മദ്ധ്യവർഗ വോട്ടർമാർക്കിടയിൽ ബി.ജെ.പിക്കുള്ള സ്വാധീനം കണക്കിലെടുത്ത് നഗരപദ്ധതികളിൽ സർക്കാർ കൈവയ്ക്കാനിടയില്ല.

പണലഭ്യത കണക്കിലെടുത്ത് മേൽത്തട്ടു പരിധി വച്ച് പദ്ധതി നടപ്പാക്കുന്നതിന്റെ പ്രായോഗികതയാണ് സർക്കാർ ആലോചിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കു പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 66 ശതമാനവും ഗ്രാമീണ മേഖലയിലാണ് ജീവിക്കുന്നത്. ഇത് ഏകദേശം 90 കോടിയോളം വരും. ഇവർക്ക് പ്രതിമാസം എത്ര രൂപ നൽകാനാകും എന്നതാണ് ചോദ്യം. ഇക്കാര്യത്തിൽ പെൻഷനുമായി ബന്ധപ്പെട്ട ഒരു കണക്ക് പരിശോധിക്കുന്നത് രസകരമായിരിക്കും. രാജ്യത്തെ 14 സംസ്ഥാനങ്ങൾ 500 ൽ കുറയാത്ത സംഖ്യ പ്രതിമാസം വാർദ്ധക്യ പെൻഷൻ നൽകുന്നുണ്ട്. ഡൽഹി, ഗോവ, കേരളം തുടങ്ങിയ ചെറു സംസ്ഥാനങ്ങൾ നൽകുന്നത് രണ്ടായിരം രൂപയാണ്. സാമൂഹിക പെൻഷനുകൾ, ഗ്രാമീണ ക്ഷേമപദ്ധതികൾ തുടങ്ങിയവ സയോജിപ്പിച്ച് യു.ബി.ഐ നടപ്പാക്കാൻ സർക്കാർ തീരുമാനിക്കുകയാണെങ്കിൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല.

വൈരം മറന്ന് ഒരുമിക്കുന്നവർ

രാഷ്ട്രീയത്തിൽ എല്ലാകാലത്തേക്കുമുള്ള ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നാണ് ചൊല്ല്. അതിനെ അന്വർത്ഥമാക്കും വിധം, കാൽ നൂറ്റാണ്ട് നീണ്ട രാഷ്ട്രീയ വൈരം മറന്ന് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഒരുമിച്ചു നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി(ബി.എസ്.പി)യും അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടി(എസ്.പി)യും. യു.പിയിലെ 80 സീറ്റിൽ 78 ഇടത്താണ് സഖ്യം മത്സരിക്കുക. 38 വീതം മണ്ഡലങ്ങളിൽ രണ്ടു പാർട്ടികളും മത്സരിക്കും. സോണിയാഗാന്ധിയുടെയും രാഹുൽഗാന്ധിയുടെയും തട്ടകമായ റായ്ബറേലി, അമേഠി എന്നിവിടങ്ങളിൽ ഇരുകക്ഷികളും സ്ഥാനാർത്ഥികളെ നിർത്തില്ല.

വൈരികളുടെ സഖ്യപ്പെടലിൽ നഷ്ടം കോൺഗ്രസ്സിനും ബി.ജെ.പിക്കുമാണ്. രണ്ടു കക്ഷികളും യു.പിയിൽ ഏറെ വിയർക്കും. 2014ൽ രണ്ടു സീറ്റും 7.53 ശതമാനം വോട്ടും വാങ്ങിയ കോൺഗ്രസ്സിനാണ് ഏറ്റവും വലിയ നഷ്ടം. 2009ൽ 21ൽ നിന്നാണ് കഴിഞ്ഞ തവണ കോൺഗ്രസ് രണ്ടിലേക്ക് ചുരുങ്ങിയത്.

അടിത്തട്ടിൽ ദുർബലമായ കോൺഗ്രസ്സിനേക്കാൾ കഴിഞ്ഞ തവണ 80ൽ 71 സീറ്റു നേടിയ ബി.ജെ.പിയുടെ സാദ്ധ്യതകൾക്കു മേലാണ് പുതിയ സഖ്യം കരിനിഴൽ വീഴ്ത്തുന്നത്. മോദി തരംഗമുണ്ടായ 2014ൽ 43.3 ശതമാനം വോട്ടാണ് ബി.ജെ.പി നേടിയത്. ബി.എസ്.പി,എസ്.പി, ആർ.എൽ.ഡി എന്നീ കക്ഷികൾ നേടിയത് 42.65 ശതമാനം വോട്ടും. ഈയിടെ നടന്ന ഗോരഖ്പൂർ, ഫുൽപൂർ, ഖൈറാന സീറ്റുകളിലെ വിജയവും പ്രതിപക്ഷ സഖ്യത്തിന് പ്രതീക്ഷ പകരുന്നുണ്ട്.

യുവാക്കളുടെ ഇന്ത്യ

ഇന്നലെയായിരുന്നു ദേശീയ യുവജന ദിനം. ഇന്ത്യൻ യുവതയുടെ ചിന്താമണ്ഡലങ്ങളെ സക്രിയമായ സ്വാധീനിച്ച സ്വാമി വിവേകാനന്ദന്റെ ജന്മവാർഷിക ദിനം. യുവജനദിനത്തിൽ യുവ ഇന്ത്യ എവിടെയാണ് എന്ന അന്വേഷണം രസകരമായിരിക്കും. 2011ലെ സെൻസസ് പ്രകാരം നമ്മുടെ രാജ്യത്ത് 70 ശതമാനം പേരും 35 വയസ്സിനു താഴെയുള്ളവരാണ്. 2020 ഓടെ ലോകത്തെ ഏറ്റവും വലിയ യുവരാഷ്ട്രമായി ഇന്ത്യ മാറും. ശരാശരി ഇന്ത്യക്കാരന്റെ പ്രായം ആ വർഷത്തോടെ 29 വയസ്സാകും. ആൺ-പെൺ അനുപാതത്തിൽ വലിയ വ്യത്യാസം ഇക്കാലത്തുണ്ടാകും എന്നതാകും ശ്രദ്ധേയമായ കാര്യം.

15-19 വയസ്സുള്ള ആയിരം ആണുങ്ങൾക്ക് 884 സ്ത്രീകളാണ് 2020ലുണ്ടാകുക. 20-24 പ്രായത്തിനിടയിലുള്ളവരിൽ ആയിരം പുരുഷന്മാർക്ക് 935എന്നതാണ് വനിതാ അനുപാതം. 'നഷ്ടപ്പെട്ട സ്ത്രീകൾ' വരും കാലത്തെ സാമൂഹിക-സാമ്പത്തിക മേഖലയിൽ അഭിമുഖീകരിക്കേണ്ട ഒരു വെല്ലുവിളി തന്നെയാകും. അതേസമയം, 10-14 വയസ്സിനിടയിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും സാക്ഷരതാ നിരക്കിൽ ശുഭപ്രതീക്ഷയുണ്ട്. പുരുഷന്മാരുടേത് 92.2 ശതമാനവും സ്ത്രീകളുടേത് 90 ശതമാനവും. നിലവിൽ യഥാക്രമം അത് 88.8 ഉം 77.3 ഉം ശതമാനമാണ്. തൊഴിൽ മേഖലയിലെ പ്രാതിനിധ്യക്കുറവും വെല്ലുവിളി ഉയർത്തും. 20-24 വയസ്സിനുള്ളിലുള്ളവരിലെ പകുതി പേർക്ക് മാത്രമാണ് നിലവിൽ തൊഴിലുള്ളൂ.

ഹൃദയസ്തംഭനം, രക്തസമ്മർദ്ദം, പ്രമേഹം, അതിസമ്മർദ്ദം തുടങ്ങിയ അസുഖങ്ങളും വളർന്നു വരുന്ന തലമുറയിൽ കൂടുതലാണെന്ന് 25നും 35നും ഇടയിൽ വയസ്സുള്ളവരിൽ നടത്തിയ സ്വകാര്യ സർവേ പറയുന്നു. ഇതിൽ 67 ശതമാനം പേർക്കാണ് ഹൃദയസംബന്ധിയായ അസുഖം കണ്ടെത്തിയത്. മുപ്പത് ശതമാനത്തിലേറെ പേർക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ട്. 22 ശതമാനം പേർ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്.