കാലവര്‍ഷം കൃത്യമായ വിനിയോഗം വേണം

അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാതെ ആത്മസ്തുതിയിൽ മുഴുകി സ്വയം നശിക്കുകയാണ് നമ്മളും നമ്മുടെ ഭരണാധികാരികളും. ഇനിയുള്ള കാലത്തെങ്കിലും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്‌ക്കരിച്ചില്ലെങ്കിൽ നമ്മുടെ മഴവെള്ളം ആർക്കും പ്രയോജനപ്പെടാതെ കടലിലേക്ക് ഒഴുകിപ്പോകും

കാലവര്‍ഷം കൃത്യമായ വിനിയോഗം വേണം

അങ്ങനെ, വരും വരും എന്ന പ്രതീക്ഷയോടെ ദാഹിച്ചു മോഹിച്ചു കാത്തിരുന്ന കാലവർഷം കഴിഞ്ഞ ഒരാഴ്ചയിലേറെയായി കേരളത്തിൽ തകർത്തടിച്ചു പെയ്യുകയാണ്. അതിനിടെ, ശക്തമായ മഴ പ്രവചിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെയും ഇതര വിദഗ്ധ ഏജൻസികളുടെയും പ്രവചനങ്ങൾ മുറക്ക് വന്നുകൊണ്ടേയിരുന്നു. കൂടെ സംസ്ഥാന സർക്കാരിന്റെ യെല്ലോ-റെഡ് അലർട്ടുകളും. 'ചൂടുവെള്ളത്തിൽ വീണ പൂച്ച തണുത്ത വെള്ളം കണ്ടാലും പേടിക്കും' എന്ന പഴഞ്ചൊല്ലു പോലെയായിരുന്നു സർക്കാരിന്റെ മുന്നറിയിപ്പുകൾ. കഴിഞ്ഞ വർഷത്തെ പ്രളയത്തിന്റെ തുടക്കത്തിൽ സംഭവിച്ച ചില അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ കാണിച്ച ജാഗ്രതയിൽ തെറ്റില്ല. എന്തൊരു ചൂട് എന്ന് പരിഭവിച്ച് വിയർത്തവർ ഇപ്പോൾ രണ്ടു ദിവസം നിർത്താതെ മഴപെയ്തപ്പോൾ ഈ നാശം മഴ എന്ന് ശപിക്കാനും തുടങ്ങി. അതൊക്കെ മനുഷ്യസഹജമായ ചില ചാപല്യങ്ങൾ മാത്രം.

ഇടവപ്പാതി മുതൽ ഇതുവരെ പെയ്യേണ്ട മഴയിൽ 70 ശതമാനത്തിന്റെ കുറവുണ്ടായി എന്നാണ് കാലവർഷം ശക്തമാവുന്നതിനു മുമ്പേ കണക്കാക്കിയിരുന്നത്. എന്നാൽ, കാലവർഷം ശക്തിപ്പെട്ടതോടെ അത് 29 ശതമാനമായി കുറഞ്ഞു എന്നാണ് റിപ്പോർട്ടുകളിൽ കാണുന്നത്. സംസ്ഥാനത്ത് ജൂൺ ഒന്നു മുതൽ ജൂലൈ 22 വരെ 831.6 എം.എം മഴ ലഭിച്ചുവെന്നാണ് വിദഗ്ദ്ധ ഏജൻസികളുടെ കണക്ക്. ഇക്കാലത്ത് കിട്ടിക്കൊണ്ടിരുന്ന ശരാശരി മഴ 1166.5 എം.എം ആണ്. പച്ചപിടിച്ച പ്രകൃതിഭംഗിയുടെ പേരിൽ ഏറെ പ്രകീർത്തിക്കപ്പെട്ടതാണ് കേരളത്തിന്റെ ഭൂപ്രകൃതി. ഇതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നത് നമ്മുടെ കാലവര്‍ഷമാണ്.

കേരളത്തെക്കുറിച്ച് പറയുമ്പോൾ ഇവിടുത്തെ ജലസമൃദ്ധിയെ പറ്റിയും എല്ലാവരും വാചാലരാവും. എന്നാൽ, വസ്തുതകളിലേക്ക് ചെല്ലുമ്പോൾ ഇതെല്ലം ചില തെറ്റിദ്ധാരണകളും ഫലമാണെന്ന് തിരിച്ചറിയാനാവും. ജലസമൃദ്ധിയെ പറ്റി പറയുമ്പോൾ കടുത്ത ജലക്ഷാമവും കേരളം അഭിമുഖീകരിക്കുന്നുണ്ട് എന്ന യാഥാർത്ഥ്യം മറക്കരുത്. അതിനുള്ള ഏറ്റവും മികച്ച ഉദാഹരണമായിരുന്നു 2018ലെ പ്രളയത്തിനു ശേഷമുള്ള കേരളത്തിന്റെ അവസ്ഥ. മഴ ശമിച്ച് വെള്ളം ഒഴിഞ്ഞുപോയതിന് ശേഷം സംസ്ഥാനം കടുത്ത വരൾച്ചയെയാണ് അഭിമുഖീകരിക്കാൻ പോകുന്നതെന്ന് പല വിദഗ്ദ്ധ ഏജൻസികളും മുന്നറിയിപ്പ് നൽകിയിരുന്നു.

ഒരു മഹാപ്രളയം അനുഭവിച്ചതിന്റെ ഒരു ചെറിയ ലാഞ്ചന പോലും അവശേഷിപ്പിക്കാതെയാണ് പ്രളയജലം ഒഴുകിപ്പോയത്. കടുത്ത വരൾച്ചയെ കുറിച്ചുള്ള മുന്നറിയിപ്പ് തീർത്തും ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഇക്കൊല്ലത്തെ വേനൽക്കാലം. ഇടവപ്പാതിയിൽ കാലവർഷം തുടങ്ങാതെ വന്നപ്പോൾ സംസ്ഥാനത്തെ പല പ്രദേശങ്ങളും കടുത്ത കുടിവെള്ളക്ഷാമം അനുഭവിച്ചു. ആൾനാശവും കോടിക്കണക്കിനു രൂപയുടെ സ്വത്തു വകകളും നഷ്ടപ്പെട്ട ഒരു പ്രളയം കഴിഞ്ഞിട്ട് ഒരു വർഷം തികയും മുമ്പേ സംസ്ഥാനം കടുത്ത കുടിവെള്ളക്ഷാമത്തിലേക്ക് പോകാൻ കാരണമെന്ത്? പ്രളയത്തിൽ നിന്നും നാം എന്തു പഠിച്ചു?

ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോഴാണ് നമ്മുടെ ഭരണാധികാരികളുടെ ഭാവനാശൂന്യതയും സ്വാർത്ഥവും വികസന സങ്കല്പങ്ങളിലെ വരേണ്യപക്ഷപാതിത്വവും മറ്റും കാണുക. കഴിഞ്ഞ കുറേക്കാലമായി ഇടതു-വലതു ഭേദമന്യേ പിന്തുടർന്ന ഭരണനയങ്ങൾ നമ്മുടെ പ്രകൃതിയെയും പരിസ്ഥിതിയെയും എത്രമാത്രം താളം തെറ്റിച്ചുവെന്നതിന്റെ ബഹിർസ്പുരണമായിരുന്നു കഴിഞ്ഞവർഷത്തെ കൊടും പ്രളയം എന്നതിൽ വിദഗ്ദ്ധർക്കൊ ഇതേപ്പറ്റി പഠിച്ചവർക്കോ സംശയങ്ങൾ ഇല്ല; രാഷ്ട്രീയ നേതൃത്വങ്ങൾക്ക് അഭിപ്രായഭേദം കാണുമെങ്കിലും.

കാലാകാലങ്ങളായി തുടർന്ന വികസന നയങ്ങളിൽ നിന്നുള്ള വഴിമാറ്റം അനിവാര്യമാണെന്ന ചിന്ത ഭരണക്കാർക്ക് ഇല്ലെന്നതിന്റെ അനുഭവങ്ങളാണ് ഈ കാലാവർഷത്തിലും നമ്മൾ കാണുന്നത്. ശക്തമായ കാലവർഷത്തെ തുടർന്ന് ലഭിച്ച വെള്ളം സംഭരിച്ച് നിർത്തി അന്നന്ന് ശോഷിച്ചു പോകുന്ന ഉപരിതല- ഭൂഗർഭ ജലശേഷി വർദ്ധിപ്പിക്കാനും ഉള്ള എന്തെന്ത് നടപടികളാണ് ഇത്തവണ നാം കൈക്കൊണ്ടത്. ജലസമൃദ്ധിയെ പറ്റി വാചാലരാവുമ്പോഴും അതിന്റെ അളവിലും ഗുണത്തിലും മറ്റിതര പ്രദേശങ്ങളെ അപേക്ഷിച്ച് നാം പിന്നിലാണ്. നമ്മുടെ നദികളുടെ വൃഷ്ടിപ്രദേശം ഇപ്പോഴും വനനശീകരണത്താലും മറ്റും നാശോന്മുഖമാണ്. അതുകൊണ്ടു തന്നെ അവിടങ്ങളിൽ സംഭരിക്കപ്പെടുന്ന വെള്ളം ഭൂഗർഭ ജലമായി മാറാതെ കുത്തിയൊലിച്ച് നദികളിലൂടെ കടലിലേക്ക് ഒഴുകിപ്പോവുകയാണ്. നദീതീരങ്ങളിലെ കൃഷിയിടങ്ങളിലെ അമിതമായ രാസവളപ്രയോഗം നദീജലത്തെ മലിനമാക്കുന്നുണ്ട്. വ്യവസായശാലകളിലെയും നഗരപ്രദേശങ്ങളിലെ ആശുപത്രികൾ, താമസസ്ഥലങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തുന്ന മലിനജലവും നദികളിലേക്കാണ് എത്തുന്നത്. അതുകൊണ്ടു തന്നെ കുടിക്കാനും കുളിക്കാനും കൃഷിയിടങ്ങളിലെ ജലസേചനത്തിനും മറ്റും ഉപയോഗിക്കുന്ന വെള്ളത്തിൽ കൂടിയ നിലയിലുള്ള മാലിന്യം ഉള്ളതായും തെളിഞ്ഞിട്ടുണ്ട്.

ഇതോടൊപ്പം തണ്ണീർത്തട സംരക്ഷണം, തീരദേശ സംരക്ഷണം, ക്വറികളിലെ ഖനനം സംബന്ധിച്ച നിയമം തുടങ്ങിയ പരിസ്ഥിതി സംരക്ഷണ സംബന്ധിയായ പല നിയമങ്ങളും ദുർബലപ്പെടുത്തിയതും വർഷക്കാലത്തെ ജലസംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചുരുക്കത്തിൽ അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാതെ ആത്മസ്തുതിയിൽ മുഴുകി സ്വയം നശിക്കുകയാണ് നമ്മളും നമ്മുടെ ഭരണാധികാരികളും. ഇനിയുള്ള കാലത്തെങ്കിലും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്‌ക്കരിച്ചില്ലെങ്കിൽ നമ്മുടെ മഴവെള്ളം ആർക്കും പ്രയോജനപ്പെടാതെ കടലിലേക്ക് ഒഴുകിപ്പോകും. ഓരോ വേനൽക്കാലത്തും കുടിവെള്ളക്ഷാമത്തെപ്പറ്റി നാം സ്വയം ശപിക്കുകയും ചെയ്യും.

Next Story
Read More >>