ശബരിമല തീര്‍ത്ത മതില്‍

മാതൃസംഘടനയ്ക്കുള്ളിൽ തെരഞ്ഞെടുപ്പു നടത്താനാകാത്ത വിധം ഗ്രൂപ്പു പോരു രൂക്ഷമായ സാഹചര്യത്തിലാണ് അതുപേക്ഷിച്ച് കേരളത്തിൽ സമവായമെന്ന പരീക്ഷണം കോൺഗ്രസ് ഹൈക്കമാൻഡ് നടത്തിയത്.

ശബരിമല തീര്‍ത്ത മതില്‍

ശബരിമല ഒരു വിഷയമാണ്. എന്നാല്‍ അതുമാത്രമല്ല ഇവിടുത്തെ വിഷയം'. നിയമസഭയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും ശബരിമല വിഷയത്തില്‍ സഭാ നടപടികള്‍ സ്തംഭിച്ച വേളയില്‍ നവംബര്‍ 30ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ വാക്കുകളാണിത്. പ്രതിപക്ഷത്തോടു മാത്രമല്ല, ഭരണപക്ഷത്തോടും സഭാദ്ധ്യക്ഷനായ സ്പീക്കര്‍ ചില കാര്യങ്ങള്‍ പറയാതെ പറയുന്നുണ്ട്. ശബരിമല വിധിയും അതിനെ തുടര്‍ന്നു കേരളത്തിലുണ്ടായ സംഭവങ്ങളും അസാധാരണമായ സാഹചര്യമാണ് സൃഷ്ടിച്ചത് എന്നതില്‍ തര്‍ക്കമില്ല. അക്കാര്യം പ്രതിപക്ഷം സഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ചതിലും അപാകതയില്ല. ആദ്യദിവസത്തെ സര്‍ക്കാരിന്റെ മറുപടിയും യഥോചിതം തന്നെ. എന്നാല്‍ അതേ വിഷയം ആവര്‍ത്തിച്ചു അഞ്ചുനാള്‍ സഭയെ സ്തംഭിപ്പിക്കാന്‍ മാത്രമുള്ളതാണോ എന്നതാണ് സ്പീക്കറെ പോലെ ചിന്തിക്കുന്ന ഏതൊരാള്‍ക്കും തോന്നുക. രണ്ടാം ദിവസം മുതല്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും തീര്‍ത്ഥാടകര്‍ക്കു ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു. ഒരേ കാര്യമാണ് പ്രതിപക്ഷം ആവര്‍ത്തിച്ചാവശ്യപ്പെട്ടത്. എന്നാല്‍ ഹൈക്കോടതി പരിഗണിക്കുന്ന വിഷയമാണെങ്കിലും ചില വിട്ടുവീഴ്ചകളിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരും ശ്രമിച്ചതേയില്ല. സഭ സ്തംഭിക്കുന്നതില്‍ ഒട്ടും പ്രയാസമില്ലെന്ന നിലപാടാണ് ഭരണപക്ഷവും സ്വീകരിച്ചത്.

ഈ വിഷയത്തില്‍ മൂന്നു സാമാജികര്‍ സഭാ കവാടത്തില്‍ സത്യഗ്രഹം നടത്തുന്ന സാഹചര്യത്തിലെങ്കിലും വിട്ടുവീഴ്ചയ്ക്കോ സമവായത്തിനോ സര്‍ക്കാര്‍ മുന്‍കൈയെടുത്തില്ല. ഒടുവില്‍ വ്യാഴാഴ്ച സഭയില്‍ സമവായത്തിനും സമരം അവസാനിപ്പിക്കാനും സാദ്ധ്യത തെളിഞ്ഞുവന്നതായിരുന്നു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍ നടന്ന സംസാരവും തുടര്‍ന്നു സ്പീക്കറുടെ ചേമ്പറില്‍ ചര്‍ച്ചയാകാമെന്ന പ്രഖ്യാപനവും പ്രതീക്ഷ നല്‍കി. എന്നാല്‍, നിരോധനാജ്ഞ തുടരാമെന്നുള്ള ഹൈക്കോടതി നിരീക്ഷണം 12 മണിക്കു വന്നതോടെ സര്‍ക്കാര്‍ നിലപാടു മാറ്റി. ഇതിനെ തുടര്‍ന്നു വെള്ളിയാഴ്ചയും പ്രതിപക്ഷം സഭാ നടപടികള്‍ സ്തംഭിപ്പിച്ചു. നടപടികളുമായി സഹകരിക്കാമെന്ന പ്രതിപക്ഷ നേതാവിന്റെ ഉറപ്പ് സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചെങ്കിലും അതെല്ലാം ബഹളത്തില്‍ മുങ്ങി. തിങ്കളാഴ്ചയും ഇതേ വിഷയം സഭയിലെത്തും. ഇനിയൊരു ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ സത്യഗ്രഹസമരം സഭാസമ്മേളനം അവസാനിക്കുന്ന 13 വരെ നീളും. ഫലത്തില്‍ വരും ദിവസങ്ങളും ശബരിമലയുടെ പേരിലുള്ള പോരിന് നിയമസഭ സാക്ഷ്യം വഹിക്കും. ഉത്തരവാദിത്തം കാട്ടാന്‍ പ്രതിപക്ഷവും പിടിവാശിയില്‍ നിന്നു പിന്നാക്കം പോകാന്‍ സര്‍ക്കാരും തയ്യാറായില്ലെങ്കില്‍ സ്പീക്കര്‍ പറഞ്ഞതു പോലെ ജനങ്ങളെ ബാധിക്കുന്ന മറ്റനേകം വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ട നിയമസഭ ശബരിമലയ്ക്കു വേണ്ടി മാത്രമാകും.

സുരേന്ദ്രനു ജയില്‍ മോചനം

ദീര്‍ഘനാളത്തെ ജയില്‍വാസത്തിനു ശേഷം ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ മോചിതനായി. ജയിലില്‍ കഴിഞ്ഞ സുരേന്ദ്രന്‍ കൂടുതല്‍ കരുത്തനായാണ് പുറത്തിറങ്ങുന്നതെന്നാണ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള പറയുന്നത്. എന്നാല്‍ ഹൈക്കോടതി നിരീക്ഷണം സുരേന്ദ്രനെ സംബന്ധിച്ച് അത്ര ആശ്വാസകരമല്ല. ശബരിമലയില്‍ അമ്പതു വയസു കഴിഞ്ഞ സ്ത്രീയെ തടഞ്ഞ് ഉപദ്രവിച്ചതില്‍ സുരേന്ദ്രനു നേരിട്ടു പങ്കുള്ളതായി നിരീക്ഷിച്ച കോടതി ജാമ്യവ്യവസ്ഥ പാലിക്കാനല്ലാതെ മൂന്നു മാസത്തേക്കു പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ച ശേഷം ശബരിമലയിലെത്തി തുടര്‍ന്നും പ്രതിഷേധങ്ങള്‍ക്കു നേതൃത്വം കൊടുക്കാമെന്ന പാര്‍ട്ടിയുടെ കണക്കുകൂട്ടലുകളാണ് ഹൈക്കോടതി ഉത്തരവിലൂടെ തെറ്റിയത്. രാഷ്ട്രീയലക്ഷ്യത്തോടെ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന പ്രവണതയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതും വരുംനാളുകളില്‍ സുരേന്ദ്രനും ഒപ്പം ബി.ജെ.പിക്കും പ്രതിസന്ധി സൃഷ്ടിക്കും. പ്രത്യേകിച്ചും ശബരിമല വിഷയവുമായി ബന്ധപ്പെട്ട അനേകം കേസുകളില്‍ പാര്‍ട്ടിനേതാക്കള്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍.

പാര്‍ട്ടിക്കുള്ളിലുയര്‍ന്നു വന്ന വിഭാഗീയ പ്രവണതകള്‍, സുരേന്ദ്രന്റെ ജയില്‍വാസത്തോടെ കൂടുതല്‍ ശക്തിപ്പെടാനാണ് സാദ്ധ്യത. സുരേന്ദ്രന്റെ അറസ്റ്റിനു ശേഷം സംസ്ഥാന പ്രസിഡന്റുള്‍പ്പെടെ വേണ്ടവിധം പ്രതികരിച്ചില്ലെന്ന പരാതിയാണ് വി.മുരളീധര വിഭാഗം കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചത്. വിവാദമായ പരമാര്‍ശങ്ങളിലൂടെ ശബരിമല വിഷയത്തില്‍ ബി.ജെ.പി നേടിയ മേല്‍ക്കൈ ഇല്ലാതാക്കിയത് സംസ്ഥാന പ്രസിഡന്റാണെന്ന വിമര്‍ശനവും ഈ വിഭാഗം ഉന്നയിച്ചു. എന്നാല്‍ മനഃപൂര്‍വ്വം വിഭാഗീയതയുണ്ടെന്നു വരുത്തുന്ന നടപടികളാണ് എതിര്‍ചേരിയില്‍ നിന്നുണ്ടായതെന്ന വിശദീകരണമാണ് ശ്രീധരന്‍പിള്ളയെ അനുകൂലിക്കുന്നവര്‍ നല്‍കുന്നത്. എന്തായാലും ശബരിമല വിഷയത്തില്‍ സമരത്തില്‍ നിന്നു പിന്നാക്കം പോയിട്ടില്ലെന്നു തെളിയിക്കാന്‍ കൂടിയാണ് സെക്രട്ടറിയേറ്റു പടിക്കല്‍ ആറുദിവസമായി എ.എന്‍ രാധാകൃഷ്ണന്‍ നിരാഹാര സമരം നടത്തുന്നത്. കേന്ദ്ര-സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന സമരത്തോടെ പാര്‍ട്ടി അണികളെ കൂടുതല്‍ സമരസജ്ജരാക്കാനായെന്നും ബി.ജെ.പി വിലയിരുത്തുന്നു. നിരാഹാര സമരത്തിന്റെയും സുരേന്ദ്രന്റെ ജയില്‍ മോചനത്തിന്റെയും പശ്ചാത്തലത്തില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ക്കു ബി.ജെ.പി രൂപം നല്‍കിയേക്കും.

സുധീരന്റെ ഉപദേശം

കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പുരാഷ്ട്രീയം പുതിയ കാര്യമൊന്നുമല്ല. എന്നാല്‍ തീര്‍ത്തും ദുര്‍ബ്ബലമായ സംഘടനാ സാഹചര്യത്തിലും പാര്‍ട്ടിയെ അടിമുടി ക്ഷീണിപ്പിക്കും വിധം ഗ്രൂപ്പുപ്രവര്‍ത്തനം സജീവമായി മുന്നോട്ടു കൊണ്ടു പോകുന്ന കോണ്‍ഗ്രസ്സിലെ ചില നേതാക്കള്‍ക്കെതിരെ കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ പരസ്യമായി രംഗത്തുവന്നു. വിഷയം യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പാണ്. ശബരിമല വിഷയത്തിലുള്‍പ്പെടെ പാര്‍ട്ടിയും മുന്നണിയും സര്‍ക്കാരിനും ബി.ജെ.പി-ആര്‍.എസ്.എസ് സംഘടനകള്‍ക്കെതിരെയും ശക്തമായ പ്രതിഷേധങ്ങള്‍ നടത്തിവരുന്നതിനിടെയാണ് പോഷക സംഘടനയില്‍ സംഘടനാ തെഞ്ഞെടുപ്പിനുള്ള അംഗത്വ വിതരണം നടക്കുന്നത്. തീര്‍ത്തും ആരോഗ്യകരമായ മത്സരത്തിനു പകരം വിവിധ ഗ്രൂപ്പു മാനേജര്‍മാരുടെ ഇംഗിതത്തിനനുസരിച്ചുള്ള കളികളാണ് യൂത്ത് കോണ്‍ഗ്രസ്സില്‍ നടക്കുന്നതെന്നാണ് സുധീരന്‍ പറയുന്നത്. അംഗത്വ വിതരണത്തിനായി ഗ്രൂപ്പുനേതാക്കള്‍ ലക്ഷങ്ങള്‍ ചെലവിടുന്നതായും അദ്ദേഹം പറയുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സമരസംഘടനയായി യൂത്ത് കോണ്‍ഗ്രസ്സി നെ മാറ്റുന്നതിന് പകരം ഗ്രൂപ്പുമേധാവിത്വം നേടാനുള്ള കരുവായി ഉപയോഗിക്കുന്നതിനെ സുധീരന്‍ കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിച്ചു.

മാതൃസംഘടനയ്ക്കുള്ളില്‍ തെരഞ്ഞെടുപ്പു നടത്താനാകാത്ത വിധം ഗ്രൂപ്പു പോരു രൂക്ഷമായ സാഹചര്യത്തിലാണ് അതുപേക്ഷിച്ച് കേരളത്തില്‍ സമവായമെന്ന പരീക്ഷണം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയത്. എന്നാല്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളില്‍ തെരഞ്ഞെടുപ്പ് നടത്താതെ മുന്നോട്ടു പോകാനാവില്ലെന്ന രാഹുല്‍ഗാന്ധിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നു കഴിഞ്ഞ രണ്ടു തവണയും തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നുണ്ട്. എ, ഐ, പാരമ്പര്യ ഐ തുടങ്ങി ഗ്രൂപ്പടിസ്ഥാനത്തില്‍ അംഗത്വവിതരണം നടത്തി സംഘടനാ നേതൃത്വം കൈപ്പിടിയിലൊതുക്കുവാനുള്ള നീക്കത്തിനിടയിലാണ് സുധീരന്റെ വെടിപൊട്ടിക്കല്‍.

വനിതാമതില്‍

ശബരിമല വിഷയത്തില്‍ പ്രതിപക്ഷത്തെയും സംഘപരിവാറിനെയും പ്രതിരോധിക്കാനുള്ള വന്‍മതിലൊരുക്കുകയാണ് സര്‍ക്കാര്‍. നവോത്ഥാനത്തിന്റെ ബാനറില്‍ സര്‍ക്കാര്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാമതില്‍, സ്ത്രീ സമത്വത്തിനും നവോത്ഥാനമൂല്യങ്ങളുയര്‍ത്തിപ്പിടിക്കാനും വേണ്ടിയാണെന്നു പറയുമ്പോഴും ലക്ഷ്യമിടുന്നത് രാഷ്ട്രീയ പ്രചാരണവും പ്രതിരോധവുമാണ്. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി വന്നതു മുതല്‍ വിശ്വാസി സമൂഹത്തെ സര്‍ക്കാരിനും പ്രത്യേകിച്ച് സി.പി.എമ്മിനും എതിരായി തിരിച്ചുവിടുന്ന രാഷ്ട്രീയ പ്രചാരണമാണ് ബി.ജെ.പി, ആര്‍.എസ്.എസ്സും കോണ്‍ഗ്രസ്സും നടത്തിയത്. ഇതിലൂടെ സ്വന്തം പാര്‍ട്ടി അണികളിലുള്‍പ്പെടെ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായി പാര്‍ട്ടി തന്നെ വിലയിരുത്തിയിരുന്നു. സ്ത്രീ സമത്വം എന്ന പ്രഖ്യാപിത നയമാണ് ശബരിമല വിധിക്കു മുമ്പും തുടര്‍ന്നും പാര്‍ട്ടി സ്വീകരിക്കുന്നതെന്ന വിശദീകരണം മുഖവിലക്കെടുക്കാത്തവര്‍ പാര്‍ട്ടിയില്‍ തന്നെയുണ്ട്. എന്നാല്‍ നവോത്ഥാന ആശയങ്ങള്‍ ബലികഴിച്ചുള്ള നിലപാടില്‍ പാര്‍ട്ടിക്കു മുന്നോട്ടുപോകാനും കഴിയില്ല. അസാധാരണമായ ഈ സാഹചര്യത്തിലാണ് തങ്ങളുടെ നിലപാടുയര്‍ത്തി പ്രചാരണം എന്ന ആശയം പാര്‍ട്ടിക്കുണ്ടായത്. ഇതു നടപ്പിലാക്കാന്‍ എല്ലാ സാമുദായിക സംഘടനകളെയും ഒരുമിച്ചു നിര്‍ത്തണം എന്നു കൂടി തീരുമാനിച്ചതിന്റെ ഭാഗമായാണ് നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളെ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തത്. ഈ യോഗത്തില്‍ പങ്കെടുത്തവരെ പോലെ തന്നെ വിട്ടുനിന്നവരും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. എന്തായാലും ആ യോഗത്തില്‍ നിന്നുയര്‍ന്നു വന്ന നിര്‍ദേശം എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ വനിതാമതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞവരും അയോദ്ധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കാന്‍ പോയവരും വനിതാമതില്‍ സംഘാടകരിലുണ്ടെങ്കിലും അതൊന്നും സര്‍ക്കാര്‍ കാര്യമായെടുക്കുന്നില്ല. പ്രതിപക്ഷവും ബി.ജെ.പിയും കടുത്ത ഭാഷയില്‍ എതിര്‍പ്പ് വ്യക്തമാക്കിയെങ്കിലും കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാമതിലിലൂടെ രാഷ്ട്രീയ ബദല്‍ തീര്‍ക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ ലക്ഷ്യം.

ആശങ്കകള്‍ക്കു വിരാമമായി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പശ്ചിമഘട്ട മലനിരകളുള്‍പ്പെടുന്ന 3115 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണം നീക്കികൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് കേരളത്തിന് ഏറെ ആശ്വസം പകരുന്നതായി. 2013 നവംബര്‍ 13ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവു പ്രകാരം 13,108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോല മേഖല(ഇ.എസ്.എ)യായി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ഡോ.ഉമ്മന്‍ വി ഉമ്മന്റെ നേതൃത്വത്തിലുള്ള സമിതിയെ വിശദമായ പഠനത്തിന് നിയോഗിച്ചത്.

ഈ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ 2014ല്‍ ഇറക്കിയ കരട് വിജ്ഞാപനം അതേപടി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചു. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തീരുമാനം വന്നെങ്കിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുമുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രധാന പ്രചരണ വിഷമായി ഉപയോഗിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തുടര്‍ന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കും.കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ ദേശീയ ഹരിത ട്രൈബ്യൂണലില്‍ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാല്‍ പ്രത്യേകിച്ചും.

Read More >>