അവര്‍ വര്‍ഷത്തില്‍ ഒരുദിവസം ഭരണഘടനയെ പുകഴ്ത്തും

ഭരണഘടനയുടെ സൃഷ്ടിയായ ഇന്ത്യൻ നിയമസംവിധാനത്തിനു പുല്ലുവില കല്പിക്കാതെയാണ് ഇതേ ആളുകൾ ഭരണഘടനാദിനം ആചരിക്കാൻ തീരുമാനിച്ച അതേ ആളുകൾ ബാബ്‌റി മസ്ജിദ് കെട്ടിടം തകർത്തത്

അവര്‍ വര്‍ഷത്തില്‍ ഒരുദിവസം ഭരണഘടനയെ പുകഴ്ത്തും

രണഘടനാദിനം ആചരിക്കാന്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷമേ ആയിട്ടുള്ളൂ. 2015-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്, അതു വരെ നിയമദിനമായിരുന്ന നവംബര്‍ 26 ഭരണഘടനാദിനമായി പ്രഖ്യാപിച്ചത്. തീര്‍ച്ചയായും അങ്ങേയറ്റം ശ്ലാഘനീയമായ ഒരു തീരുമാനമായിരുന്നു അത്. 2015 നവംബര്‍ 11 നു ബി.ആര്‍ അംബേദ്കറുടെ 125ാം ജന്മദിനച്ചടങ്ങിലാണ് നിയമദിനം ഭരണഘടനാ ദിനമായി പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത്. നിയമത്തേക്കാള്‍ പ്രധാനം ഭരണഘടന തന്നെ. നിയമങ്ങളും നിയമവാഴ്ചയും ഈ രാജ്യത്തുണ്ടായത് അതിനെ ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടന ഉണ്ടായതു കൊണ്ടാണ്. ഭരണഘടനയുടെ പ്രാധാന്യം തന്നെയാണ് ജനങ്ങളെ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ബോദ്ധ്യപ്പെടുത്തേണ്ട മഹാ തത്ത്വം.

ഭരണഘടനാ ദിനം നവംബര്‍ 25 ആകാഞ്ഞതു മഹാഭാഗ്യം എന്നു ഭരണഘടനാ നിര്‍മ്മാതാക്കളായ ദേശീയ നേതാക്കള്‍ സ്വര്‍ഗ്ഗത്തിലിരുന്ന ആശ്വസിക്കുന്നുണ്ടാവാം. കാരണം, ആ ദിവസം അയോദ്ധ്യയില്‍ ചിലതു നടന്നു. വിശ്വഹിന്ദു പരിഷത്ത് മഹാറാലി നടത്തിയത് ഭരണഘടനയുടെ മാഹാത്മ്യം വിളിച്ചു പറയാനൊന്നും ആയിരുന്നില്ല. ബാബ്റി മസ്ജിദ് അടിച്ചു തകര്‍ക്കാന്‍ നേതൃത്വം നടത്തിയ അതേ പ്രസ്ഥാനം, മസ്ജിദ് തകര്‍ത്ത അതേ സ്ഥലത്ത് രാമക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെടാനാണ് ഭരണഘടനാദിനത്തലേന്നു റാലി നടത്തിയത്. ഭരണഘടനാ ദിനം ആചരിക്കാന്‍ തീരുമാനമെടുത്തവരുടെ അനുയായികള്‍ തന്നെയാണ്, ഭരണഘടന കാറ്റില്‍ പറത്തി അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നത്.

രാജ്യം ഭരിക്കുന്നത് ജനസംഖ്യയുടെ മൂന്നിലൊന്നു ജനങ്ങള്‍ വോട്ടു ചെയ്തു ജയിപ്പിച്ച ബി.ജെ.പിയല്ല എന്നു എല്ലാവര്‍ക്കും അറിയാം. ഭരിക്കുന്നത് ആര്‍.എസ് എസ്സാണ്. ഇന്ത്യന്‍ രാഷ്ട്രപതി ആര്‍.എസ്.എസ്സുകാരനാണ്, ഉപരാഷ്ട്രപതി ആര്‍.എസ്.എസ്സുകാരനാണ്. പ്രധാനമന്ത്രി ആര്‍.എസ്.എസ്സുകാരനാണ്. കേന്ദ്രമന്ത്രിമാരില്‍ ബഹുഭൂരിപക്ഷവും ആര്‍.എസ്.എസ്സുകാരാണ്. ബഹുഭൂരിപക്ഷം സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ആര്‍.എസ്.എസ്സുകാരാണ്. ഈ ആര്‍.എസ്.എസ്സിനു വോട്ടര്‍മാരോട് ഒരു ബാദ്ധ്യതയുമില്ല. അതുകൊണ്ടാണ് ഇന്ത്യ ഭരിക്കുന്നതു ഭരണഘടനാ ബാഹ്യ അധികാര കേന്ദ്രമാണ് എന്നു പറയുന്നത്. പാര്‍ലമെന്റില്‍ എന്തു നിയമം കൊണ്ടുവരണം, ഇന്ത്യാസര്‍ക്കാര്‍ എന്തു നയം സ്വീകരിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് ഈ ഭരണഘടനാബാഹ്യ അധികാര കേന്ദ്രമാണ്. ഭരണഘടനയുടെ സൃഷ്ടിയായ ഇന്ത്യന്‍ നിയമസംവിധാനത്തിനു പുല്ലുവില കല്പിക്കാതെയാണ് ഇതേ ആളുകള്‍- ഭരണഘടനാദിനം ആചരിക്കാന്‍ തീരുമാനിച്ച അതേ ആളുകള്‍- ബാബ്റി മസ്ജിദ് കെട്ടിടം തകര്‍ത്തത്. ജുഡീഷ്യറിക്കു നല്‍കിയ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് അവര്‍ അതു ചെയ്തത്.

സുപ്രിം കോടതിയില്‍ ഇതു സംബന്ധിച്ച് കേസ് തുടരുമ്പോള്‍ തന്നെയാണ് ഇക്കൂട്ടര്‍ കേസ്സിനെ അവഗണിച്ച് അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയണം എന്നാവശ്യപ്പെടുന്നത്. കേസ് പരിഗണിക്കുകയോ കോടതി തീരുമാനമെടുക്കുകയോ വേണ്ട, തീരുമാനം സംഘപരിവാര്‍ എടുത്തോളാം എന്നാണവര്‍ പറയുന്നത്. സംഘപരിവാറിന്റെ ഈ നിലപാടിന് ഇന്നു ഇന്ത്യയില്‍ തടസ്സം ഭരണഘടനയും ഭരണഘടനാ സൃഷ്ടിയായ നിയമവ്യവസ്ഥയുമാണ്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇറക്കിയാല്‍ പിറ്റേന്നു രാമക്ഷേത്രം ഉയര്‍ന്നു തുടങ്ങണം എന്നവര്‍ ആഗ്രഹിക്കുന്നു. ഭരണഘടനയും ജുഡീഷ്യറിയും ആണ് ഇതിനു തടസ്സം. മുഖ്യശത്രു ഭരണഘടന തന്നെയാണ്. കാരണം, ഭരണഘടന വെറുമൊരു രേഖയല്ല. അതു ഒരു പ്രത്യയശാസ്ത്രം തന്നെയാണ്. മതനിരപേക്ഷത, അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യസമത്വം, തുല്യാവകാശം, നിയമവാഴ്ച തുടങ്ങിയ നിരവധി മഹാതത്ത്വങ്ങളെ പ്രതിനിധാനംചെയ്യുന്ന സ്ഥാപനമാണത്. ഈ തത്ത്വങ്ങള്‍ അവഗണിച്ച് ഒരു ഭരണകൂടത്തിനും ഭരണഘടനാവിരുദ്ധമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയില്ല. ഇന്ത്യന്‍ ജനാധിപത്യത്തെ, മതനിരപേക്ഷതയെ, മനുഷ്യസമത്വത്തെ, അവശജനവിഭാഗങ്ങളുടെ മോചനത്തെ, ലിംഗസമത്വത്തെ...ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരം അനേകമനേകം മഹാതത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യം മുന്നോട്ടു പോകുന്നത്.

കേരളത്തില്‍ നടക്കുന്ന ശബരിമല പ്രക്ഷോഭത്തിനും ഇതേ തോതിലുള്ള ഭരണഘടനാ വിരുദ്ധതയുണ്ട്. പരമോന്നത നീതിപീഠം സമയമെടുത്ത് വിചാരണ നടത്തിയാണ് സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും ഉണ്ടെന്നും ശബരിമല ക്ഷേത്രത്തില്‍ അവര്‍ക്കു പ്രവേശനം നിഷേധിക്കാന്‍ പാടില്ലെന്നുമുള്ള വിധി പ്രസ്താവിച്ചത്. കേസ് നടക്കുമ്പോഴോ വിധി പ്രഖ്യാപിച്ചപ്പോള്‍ പോലുമോ യുവതീപ്രവേശം എന്ന ആശയത്തെ ചോദ്യം ചെയ്തിട്ടില്ലാത്തവര്‍ ഒരു വീണ്ടുവിചാരമെന്നോണമാണ് കോടതി വിധിക്കെതിരെ ക്ഷേത്രസന്നിധിയിലുള്‍പ്പെടെ അക്രമാസക്തമായ സമരം നടത്തിയത്. സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികളുടെ വിധി വരാന്‍ പോലും കാത്തുനില്‍ക്കാന്‍ അവര്‍ തയ്യാറല്ല. എത്രയോ കാലം ഈ ക്ഷേത്രത്തില്‍ യുവതികള്‍ പ്രവേശിച്ചിട്ടുണ്ടെന്നും ചിലരുടെ സൗകര്യത്തിനു വേണ്ടി നടപ്പാക്കിയതാണ് ഈ പുതിയ ആചാരമെന്നും അറിയുന്നവര്‍തന്നെയാണ് പ്രക്ഷോഭവുമായി ഇറങ്ങിയത്. അവര്‍ക്കൊരു ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. സുപ്രിം കോടതിയെയും ഭരണഘടനയെയും ഇടിച്ചുതാഴ്ത്തുക. മതാധിഷ്ഠിത രാജ്യം എന്ന സങ്കല്പത്തിന്റെ മുഖ്യശത്രു ഇന്ത്യന്‍ ഭരണഘടനയാണ്.

Read More >>