പൊതുജനാരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്ന വ്യാജന്മാര്‍

മനുഷ്യരുടെ ജീവൻവെച്ച് പന്താടുന്ന വ്യാജഡോക്ടർമാർക്കെതിരെ കർശ്ശനനടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് അധികൃതരും പൊലീസും സത്വര ശ്രദ്ധപതിപ്പിക്കണം. ഡോക്ടർമാരുടെ സംഘടനകളും ഇക്കാര്യത്തിൽ ജാഗരൂകരാകേണ്ടതാണ്‌

പൊതുജനാരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്ന വ്യാജന്മാര്‍

'താനെ (മഹാരാഷ്ട്ര): ബാലികയുടെ മരണത്തെതുടർന്ന് വ്യാജഡോക്ടർ അറസ്റ്റിലായി. ഉൽഹാസ് നഗറിൽ സ്വകാര്യ ക്ലിനിക്ക് നടത്തിയിരുന്ന പ്രവേശ് ശർമയെന്ന 49 കാരനാണ് പിടിയിലായത്. വയറുവേദനയെതുടർന്ന് ബാലികയെ ഇയാളുടെ ക്ലിനിക്കിൽ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്കിടെ പെൺകുട്ടിയുടെ നിലമോശമായി. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ഫോറൻസിക് ലബോറട്ടറിയിൽ ആന്തരാവയവങ്ങളുടെ പരിശോധനയിൽ ക്ലിനിക്കിലെ ചികിത്സാപിഴവാണ് മരണകാരണമെന്ന് വ്യക്തമായി. ഇതേ തുടർന്ന് മഹാരാഷ്ട്ര കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ (എം.സി.ഐ.എം) പ്രവേശ് ശർമയുടെ യോഗ്യതകൾ പരിശോധിക്കുകയായിരുന്നു. ഇയാളുടെ ബിരുദം വ്യാജമാണെന്നും ആവശ്യമായ രജിസ്‌ട്രേഷനില്ലാതെയാണ് ചികിത്സ നടത്തിയിരുന്നതെന്നും കണ്ടെത്തി. എം.സി.ഐ എമ്മിന്റെ ശുപാർശപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തു കേസെടുക്കുകയായിരുന്നു.'

കഴിഞ്ഞ ദിവസം പത്രങ്ങൾ പ്രസിദ്ധീകരിച്ച ഒരു വാർത്തയാണിത്. വ്യാജഡോക്ടറുടെ ചികിത്സാപിഴവിന്റെ ഇരയത്രെ ഈ പെൺകുട്ടി. വ്യാജഡോക്ടർമാർ വരുത്തിവെക്കുന്ന ജീവഹാനിക്ക് ഒരു ഉദാഹരണമാണിത്. ഇങ്ങനെ ഒട്ടേറെ സംഭവങ്ങൾ എടുത്തുകാണിക്കാനാവും. ഇന്ത്യയിലെ 57 ശതമാനം അലോപ്പതി ഡോക്ടർമാർക്കും മെഡിക്കൽ ബിരുദമില്ലെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യുയു.എച്ച്.ഒ) പുറത്തിറക്കിയ ഒരു റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന 18.8 ശതമാനം ഡോക്ടർമാർക്ക് മാത്രമേ മെഡിക്കൽ ബിരുദമുള്ളുവെന്നും റിപ്പോർട്ട് എടുത്തുപറയുന്നു.

എന്നാൽ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് എന്നാണ് ഇതേക്കുറിച്ച് ലോക്‌സഭയിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ മറുപടി പറഞ്ഞത്. ഡോക്ടറായി പ്രാക്ടീസ് ചെയ്യാൻ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ ഏറ്റവും ചുരുങ്ങിയ യോഗ്യത മെഡിക്കൽ ബിരുദമാണെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി: ഇതു സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള വിഷയമായതുകൊണ്ട് അവയാണ് കൂടുതൽ ജാഗ്രത പുലർത്തേണ്ടതും ആവശ്യമായ നടപടികളെടുക്കേണ്ടതും. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് നിർദ്ദേശങ്ങൾ നല്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ഒരു സംസ്ഥാനവും വ്യാജഡോക്ടർമാരിൽ നിന്ന് മുക്തമല്ല. കേരളത്തിൽ വിവിധ ജില്ലകളിലായി ആയിരത്തോളം വ്യാജഡോക്ടർമാർ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തിയത്. വ്യാജന്മാരെ കണ്ടെത്തുന്നതിന് മുഖ്യപങ്ക് വഹിച്ചത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (എം.എം.എ) തന്നെയാണ്. അസോസിയേഷൻ അംഗങ്ങൾ സ്വന്തം പ്രദേശത്ത് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരുടെ വിവരങ്ങൾ ശേഖരിച്ചാണ് വ്യാജന്മാ രെ കണ്ടെത്തിയത്. ട്രാവൻകൂർ കൊച്ചി മെഡിക്കൽ കൗൺസിലിൽ (ടി.സി.എം.സി) വ്യാജരജിസ്‌ട്രേഷൻ നേടി ഐ.എം.എയിൽ അംഗമായവരും ഇക്കൂട്ടത്തിലുണ്ടായിരുന്നുവത്രെ.

വ്യാജന്മാർ പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് മനസ്സിലാക്കി കേരളസർക്കാർ നടപടികൾ ആരംഭിച്ചത് സ്വാഗതാർഹമാണ്. ഐ.എം.എയുടെ പിന്തുണയോടെ ആരോഗ്യവകുപ്പ് അധികൃതർ ഈയിടെ മിന്നൽ പരിശോധന നടത്തി. മെഡിക്കൽ പ്രഫഷൻ നൈതികവും സദാചാരപരവും ആയിരിക്കണമെന്നും കൃത്യമായ രോഗനിർണ്ണയവും അപകട രഹിത ചികിത്സയും ലഭിക്കണമെന്നും ആഗ്രഹിക്കുന്ന എല്ലാവരും പിന്തുണയ്ക്കുന്നതാണ് സർക്കാർ നടപടികൾ. ആദ്യഘട്ടമെന്ന നിലയിലാണ് മിന്നൽ പരിശോധന. അനന്തരനടപടികൾ തുടർന്നുണ്ടാവുമത്രെ. ഒരിടത്ത് പിടിക്കപ്പെട്ടാൽ മറ്റൊരിടത്ത്‌പോയി പ്രാക്ടീസ് ചെയ്യുകയെന്നതാണ് വ്യാജന്മാരുടെ തന്ത്രം. ഇവർക്കെതിരെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം ജാമ്യം ലഭിക്കാവുന്ന കുറ്റമേ ചുമത്താനൊക്കുകയുള്ളു. ചികിത്സാരംഗത്തു നിന്ന് കുറച്ചുകാലത്തേക്ക് മാറ്റിനിർത്താമെന്നതു മാത്രമേ നിയമനടപടികൾകൊണ്ട് കഴിയൂ. ഈ സ്ഥിതിവിശേഷം മാറണം. വ്യാജന്മാരെ ആജീവനാന്തം ചികിത്സാരംഗത്തുനിന്ന് തടയുന്നതിനു ഉതകുന്ന നിയമനിർമ്മാണം വേണം.

ആരോഗ്യവകുപ്പ് അധികൃതരും പൊലീസുമൊന്നും എളുപ്പത്തിൽ എത്തിപ്പെടാത്ത ഉൾനാടൻ ഗ്രാമങ്ങളിലും മലയോരപ്രദേശങ്ങളിലുമാണ് വ്യാജന്മാരുടെ കൊയ്ത്ത്. വൈദ്യശാസ്ത്രബിരുദം സംബന്ധിച്ച് ഗ്രാമീണരുടെ അജ്ഞത ഇവർ മുതലാക്കുകയാണ്.

മനുഷ്യരുടെ ജീവൻവെച്ച് പന്താടുന്ന വ്യാജഡോക്ടർമാർക്കെതിരെ കർശ്ശനനടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് അധികൃതരും പൊലീസും സത്വര ശ്രദ്ധപതിപ്പിക്കണം. ഡോക്ടർമാരുടെ സംഘടനകളും ഇക്കാര്യത്തിൽ ജാഗരൂകരാകേണ്ടതാണ്. യോഗ്യരായ ഡോക്ടർമാർക്ക് കൂടി പേരുദോഷമുണ്ടാക്കുന്നതാണ് വ്യാജ ഡോക്ടർമാരുടെ പ്രവൃത്തികൾ. വ്യാജന്മാരെ നിയമത്തിന്റെ മുന്നിലെത്തിക്കുന്നതിൽ പൊതുജനങ്ങൾക്കും ഏറെപങ്ക് വഹിക്കാനാവും. വ്യാജന്മാരെക്കുറിച്ച് സൂചനകിട്ടിയാൽ ജനങ്ങൾക്ക് തന്നെ അധികൃതരെ അറിയിക്കാവുന്നതേയുള്ളു. പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണിയാണ് വ്യാജഡോക്ടർമാർ സൃഷ്ടിക്കുന്നതെന്ന ബോധം ബഹുജനങ്ങൾക്കുമുണ്ടാവണം.

Read More >>