ഇവരുടെ രാഷ്ട്രീയമല്ല,രാഷ്ട്രീയമൂല്യമാണ് പരിഗണിക്കേണ്ടത്

ഇവിടെ പ്രശ്നം നിയമമോ രാഷ്ട്രീയമോ അല്ല. വളരെ ലളിതമായി പറഞ്ഞാൽ, ജനാധിപത്യ മര്യാദയാണ് പ്രശ്നം. നികുതിപ്പണം എന്തിനെല്ലാം ഉപയോഗിക്കാം എന്നതാണ് അടിസ്ഥാനപ്രശ്നം. പൊതുപ്രവർത്തകനെന്ന നിലയിൽ ലഭിച്ച സൗകര്യങ്ങൾ ജന്മാവകാശങ്ങളാണോ? ജനാധിപത്യ മര്യാദയുടെയും സംസ്ക്കാരത്തിന്റെയും പ്രശ്നമാണിത്‌

ഇവരുടെ രാഷ്ട്രീയമല്ല,രാഷ്ട്രീയമൂല്യമാണ് പരിഗണിക്കേണ്ടത്

കോടതികളിൽനിന്ന് വെള്ളിയാഴ്ച പുറത്തു വന്ന രണ്ടു വാർത്തകൾക്ക് വലിയ രാഷ്ട്രീയപ്രാധാന്യമൊന്നുമില്ല എന്നു പറയാം. ഒന്ന് ഉത്തർപ്രദേശിൽനിന്നും മറ്റൊന്നു ബിഹാറിൽ നിന്നുമാണ്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബി.എസ്.പി നേതാവ് മായാവതി ഉത്തർപ്രദേശിൽ പലേടത്തും ആനകളുടെ പ്രതിമ നിർമ്മിച്ചത് സർക്കാർ ചെലവിലാണ്. ഇതിനു ചെലവായ പണം മായാവതി ട്രഷറിയിൽ അടക്കണം എന്നാണ് കോടതി പറഞ്ഞത്. അവസാന വിധിയായിട്ടില്ല. പ്രതിമ നിർമ്മിച്ചിരുന്നു എന്നത് ആരും നിഷേധിക്കുന്നില്ല. എന്തായിരുന്നു ഇതിന്റെ പ്രചോദനമെന്ന് അറിയാത്തവരുമില്ല. ആരുടെ പ്രതിമയും നിർമ്മിക്കാം, എത്ര കോടിയും ചെലവഴിക്കാം. ആരും ചോദിക്കുകയില്ല. ലോകത്തിലെ ഏറ്റവും വലിയ പ്രതിമ നിർമ്മിക്കാൻ മൂവായിരം കോടി രൂപ ചെലവഴിക്കാം. അത് ആരുടേതാകണമെന്ന് നിഷ്ക്കർഷിക്കാൻ ഭരണഘടനയ്‌ക്കോ സുപ്രിം കോടതിക്കോ പറ്റുകയില്ലല്ലോ. ആനയുടെ പ്രതിമയുണ്ടാക്കാൻ കാരണം, ആന ബി.എസ്.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായതിനാലാണ്.

2008-2009 വർഷത്തെ ഉത്തർപ്രദേശ് ബജറ്റിൽ 194 കോടി രൂപയാണ് പ്രതിമനിർമ്മാണത്തിനു മാറ്റിവച്ചത്. 40 പ്രതിമകൾ പണിയാനായിരുന്നു ഈ തുക. ആറെണ്ണം മുഖ്യമന്ത്രിയുടെ തന്നെ പ്രതിമകളായിരുന്നു. ബാക്കി ആനപ്രതിമകളും. ആനയോടുള്ള ഈ പ്രതിപത്തിക്ക് എന്താണ് കാരണം എന്നു കോടതി ചോദിച്ചുവോ എന്നറിയില്ല. ഭരിക്കുന്ന പാർട്ടിയുടെ തെരഞ്ഞെടുപ്പുചിഹ്നം എന്നതിനപ്പുറം എന്തെങ്കിലും പ്രാധാന്യം ഉള്ളതായി ആർക്കും അറിയില്ല. ആനപ്രതിമയല്ല പശുപ്രതിമയാണ് നിർമ്മിച്ചിരുന്നതെങ്കിൽ ചോദ്യം ചെയ്യാൻ എളുപ്പമാകുമായിരുന്നില്ല. ഗോമാതാവിന്റെ പ്രതിമ ഉണ്ടാക്കരുത് എന്നു പറഞ്ഞാൽ മതവികാരം വ്രണപ്പെടുമല്ലോ. പാവം ആനയ്ക്ക് അങ്ങനെയൊരു പരിഗണന കിട്ടില്ല. അതൊരു തെരഞ്ഞെടുപ്പു ചിഹ്നം മാത്രമാണ്.

ആനയുടെ പ്രതിമകൾക്ക് പുറമെ ഒരുപാട് വേറെ പ്രതിമകളും പദ്ധതിയിലുണ്ടെന്നും എല്ലാറ്റിന്റെയും പിന്നിൽ രാഷ്ട്രീയലക്ഷ്യമാണുള്ളതെന്നും അക്കാലത്ത് കുറ്റപ്പെടുത്തിയ ഒരാളുണ്ട്. അത് അന്നു ബി.എസ്.പിയുടെ ശത്രുപക്ഷത്തു നിന്ന സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആണ്. അഖിലേഷ് പറഞ്ഞത് 40,000 കോടി രൂപ പ്രതിമാ നിർമ്മാണത്തിനു മായാവതി ചെലവഴിച്ചു എന്നായിരുന്നു. അവർ അതു നിഷേധിച്ചു. അന്നു രണ്ടുപേരും ശത്രുപക്ഷങ്ങളിലായിരുന്നു. ഇന്നു രണ്ടു പേരും ഒരേ മുന്നണിയിലെ സഖ്യകക്ഷികളാണ്. അഖിലേഷിനു കാര്യമായൊന്നും പറയാനില്ല. ബി.എസ്.പിയുടെ അഭിഭാഷകർ സുപ്രിം കോടതിയിൽ വാദിക്കും എന്നാണ് അദ്ദേഹം ആശ്വാസപൂർവം വ്യക്തമാക്കിയത്. രണ്ടു പേരും അടുത്ത തെരഞ്ഞെടുപ്പിനു ഒപ്പംനിന്നു പൊരുതാൻ കോപ്പു കൂട്ടുകയാണല്ലോ.

രണ്ടാമത്തെ കോടതി വാർത്ത വന്നത് ബിഹാറിൽനിന്നാണ്. അതിൽ, മറ്റൊരു സമാജ്‌വാദി പ്രസ്ഥാനമായ രാഷ്ട്രീയ ജനതാദളിന്റെ നേതാവ് ലാലുപ്രസാദ് യാദവിന്റെ പുത്രൻ തേജസ്വി യാദവ് ആണ് കഥാപാത്രം. നന്നെ ചെറുപ്പക്കാരനാണ്. 30 വയസ്സാകുന്നേയുള്ളൂ. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാപ്രതിപക്ഷനേതാവാണ്. 26ാം വയസ്സിൽ, ബിഹാർ പോലൊരു വലിയ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായിരുന്ന ആളാണ്. നിതീഷ് കുമാർ കളംമാറ്റിച്ചവിട്ടിയപ്പോൾ തേജസ്വിനി ഒപ്പം ചവിട്ടിയില്ലെന്നതു തന്നെ വലിയ കാര്യം. എന്തായാലും, ഉപമുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് രണ്ടു വർഷമാകാറായിട്ടും അദ്ദേഹം അന്നു കിട്ടിയ സർക്കാർ വക വീട് ഒഴിഞ്ഞില്ല. ഒഴിയാൻ നിർബന്ധിക്കരുത് എന്നു ആവശ്യപ്പെട്ടാണ് അദ്ദേഹം കോടതി കയറിയത്. അച്ഛനും അമ്മയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒക്കെ ആയിരുന്ന ഒരു കുടുംബത്തിലെ ഇളംതലമുറക്കാരനാണ് തേജസ്വി. പക്ഷേ കോടതി ഒന്നും സമ്മതിച്ചില്ല. ചുമ്മാ കോടതിയുടെ സമയം മെനക്കെടുത്തിയതിനു നല്ലൊരു സംഖ്യ പിഴ ചുമത്തുകയും ചെയ്തു.

ഇവിടെ പ്രശ്നം നിയമമോ രാഷ്ട്രീയമോ അല്ല. വളരെ ലളിതമായി പറഞ്ഞാൽ, ജനാധിപത്യ മര്യാദയാണ് പ്രശ്നം. നികുതിപ്പണം എന്തിനെല്ലാം ഉപയോഗിക്കാം എന്നതാണ് ചോദ്യം. പൊതുപ്രവർത്തകനെന്ന നിലയിൽ ലഭിച്ച സൗകര്യങ്ങൾ ജന്മാവകാശങ്ങളാണോ? ജനാധിപത്യ മര്യാദയുടെയും സംസ്ക്കാരത്തിന്റെയും പ്രശ്നമാണിത്. സർക്കാർപ്പണം എന്തിനെല്ലാം ഉപയോഗിക്കാം എന്നതു സംബന്ധിച്ച് കൃത്യമായ നിയമങ്ങൾ കാണും. പക്ഷേ, പൊതുക്ഷേമം എന്ന വാക്കുപോലും പല തരത്തിൽ വ്യാഖ്യാനിക്കാമെന്നിരിക്കേ എന്തും ദുരുപയോഗം ചെയ്യാം. വിനോദസഞ്ചാരികളെ ആകർഷിക്കാൻ നിർമ്മിച്ച പാർക്കിൽ പക്ഷികളുടെയും പാമ്പിന്റെയും രൂപങ്ങൾ സ്ഥാപിക്കാം. ഒപ്പം ആനയുമാകട്ടെ എന്ന് ഒട്ടും ദുരുദ്ദേശ്യമില്ലാതെയും തീരുമാനിക്കാം. മറിച്ചും തീരുമാനിക്കാം. സ്ഥാനമൊഴിഞ്ഞ ആ നിമിഷം സർക്കാറിന്റെ ഭവനവും കാറുമെല്ലാം തിരിച്ചേൽപ്പിച്ച് നടന്നു പോയ സോഷ്യലിസ്റ്റ് നേതാക്കൾ ജീവിച്ച രാജ്യത്താണ് തേജസ്വിമാരും ജീവിക്കുന്നത്. പുതിയ തലമുറയിലും പ്രതീക്ഷ സാദ്ധ്യമാവില്ല എന്ന അവസ്ഥ വളരെ ദയനീയമാണ്. അവർ ഫാസിസത്തിനും വർഗ്ഗീയതയ്ക്കുമെതിരെ ശബ്ദിക്കുന്നു എന്നതിന്റെ പേരിൽമാത്രം അവരുടെ തത്ത്വദീക്ഷയില്ലാത്ത പൊതുജീവിതത്തെ ആരും വിമർശിക്കാതിരുന്നു കൂടാ. കണ്ടില്ലെന്നു നടിക്കുന്നതും മൗനം ദീക്ഷിക്കുന്നതും അതിലേറെ വലിയ കുറ്റമാണ്.

Read More >>