ജനതയുടെ മന്ത്രി രാജിവച്ചില്ലെങ്കിലേ അല്‍ഭുതമുള്ളൂ

ചോദിച്ചേടത്തു ലോക്സഭാ സീറ്റ് കിട്ടാത്തതിന്റെ പേരില്‍ മുന്നണി മാറിയ വീരേന്ദ്രകുമാറിന്റെ ജനതാദള്‍ ഒടുവില്‍ ഒരു നിയമസഭാംഗത്വം പോലും ഇല്ലാതെ പാപ്പരായ ശേഷമാണ് ഇടതുമുന്നണിയിലേക്കു മടങ്ങിയത്.

ജനതയുടെ മന്ത്രി രാജിവച്ചില്ലെങ്കിലേ അല്‍ഭുതമുള്ളൂ

ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭയിലെ ജനതാദള്‍-എസ്സിന്റെ മന്ത്രി മാത്യൂ ടി തോമസ് രാജിവയ്ക്കുമെന്നും പകരം കെ.കൃഷ്ണന്‍കുട്ടി മന്ത്രിയാകും എന്നുമുള്ള വാര്‍ത്ത വന്നപ്പോള്‍ രാഷ്ട്രീയം നിരീക്ഷിക്കുന്നവരെല്ലാം ഓര്‍ത്തിരിക്കുക എന്തേ ഇത് ഇത്ര വൈകി എന്നാവണം. മന്ത്രിമാര്‍ വാഴാത്ത ജനതാകുടുംബത്തെ കുറിച്ച് ഇന്നു പല പത്രങ്ങളും പ്രത്യേക ലേഖനങ്ങളെഴുതിയിട്ടുണ്ട്. പക്ഷേ, സാധാരണക്കാര്‍ ഇതിനെക്കുറിച്ച് ഒട്ടും വേവലാതിപ്പെട്ടു കാണില്ല. ആരായാലെന്ത് എന്നു സ്വയം ചോദിച്ചാവും അവര്‍ മൗനം പാലിച്ചിരിക്കുക. രാഷ്ട്രീയംതന്നെ അത്രമേല്‍ അര്‍ത്ഥശൂന്യമായിട്ടുണ്ടല്ലോ.

എന്തുകൊണ്ടാണ് മാത്യു ടി തോമസ്സിനെ മന്ത്രിസ്ഥാനത്തു നിന്നിറക്കി വിട്ടത്? ഇതു പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ്, ആരോടും മറുപടി പറയാന്‍ ബാദ്ധ്യതയില്ല എന്നാവും പാര്‍ട്ടി നേതൃത്വം കരുതുന്നത്. തീര്‍ച്ചയായും ആരു മന്ത്രിയാകണം എന്നും എത്രകാലം മന്ത്രിയാകണം എന്നുമെല്ലാം തീരുമാനിക്കുന്നത് പാര്‍ട്ടി തന്നെയാണ്. പക്ഷേ, ഇത്തരം മാറ്റങ്ങളെല്ലാം ജനങ്ങള്‍ക്കു ബോദ്ധ്യപ്പെടുന്നതാവണം എന്ന കാര്യത്തില്‍ സംശയം വേണ്ട.

മാത്യൂ ടി. തോമസ്സിനെ മാറ്റി കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടിയുടെ ഏതു ഘടകമാണ്? ഈ വിഷയത്തില്‍ ചര്‍ച്ചകളൊന്നും ഔദ്യോഗികമായി നടന്നതായി സൂചനയില്ല. പാര്‍ട്ടി സംസ്ഥാനക്കമ്മിറ്റി തീരുമാനിച്ചിട്ടു തന്നെയാണോ മാത്യൂ ടി തോമസ് മന്ത്രിയായതും ഇപ്പോള്‍ രാജിവച്ചതും? രണ്ടര വര്‍ഷം കഴിഞ്ഞാല്‍ കൃഷ്ണന്‍കുട്ടിക്കു മന്ത്രിസ്ഥാനം കൈമാറാം എന്ന് അപ്പോള്‍ തീരുമാനിച്ചിരുന്നുവോ എന്ന കാര്യത്തില്‍പ്പോലും പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമാണ് ഉള്ളത്. ഒടുവില്‍ രാജിവയ്ക്കാന്‍ അഖിലേന്ത്യാ പ്രസിഡന്റ് ദേവെ ഗൗഡ പറഞ്ഞതു കൊണ്ട് മാത്യൂ ടി.തോമസ് രാജിവച്ചു. ഭാഗ്യം, മാത്യൂ ടി. തോമസ് മാന്യനായതുകൊണ്ട് രാജിവച്ചു. രാജി നല്‍കാതെ വിവാദം സൃഷ്ടിക്കാനോ പാര്‍ട്ടി പിളര്‍ത്താനോ ഒന്നും അദ്ദേഹം ശ്രമിച്ചില്ല.

ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയില്‍ നിന്ന് എം.പി വീരേന്ദ്രകുമാര്‍ രാജിവയ്ക്കേണ്ടി വന്ന സാഹചര്യം ഓര്‍മ്മ വരുന്നു. മാത്യു ടി. തോമസ്സിന്റെ കാര്യത്തില്‍ അത്രയൊന്നും സംഭവിച്ചിട്ടില്ലല്ലോ എന്ന് ആശ്വസിക്കാം. മന്ത്രിയായി നാലാംനാളാണ് വീരേന്ദ്രകുമാര്‍ രാജിവച്ചത്. സ്വമേധയാ രാജിവച്ചതാണ് എന്നു നടിച്ചെങ്കിലും പാര്‍ട്ടിക്കാര്‍ക്കെല്ലാം അറിയാം അന്നത്തെ അഖിലേന്ത്യാ പ്രസിഡന്റ് എസ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടതുകൊണ്ടാണു രാജിവച്ചത് എന്ന്. പാര്‍ട്ടിക്കകത്ത് അത്യാവശ്യം ചര്‍ച്ച പോലും നടത്താതെയാണ് വീരേന്ദ്രകുമാറിന്റെ പേര് മുഖ്യമന്ത്രിക്കു കൈമാറിയത്. പാര്‍ട്ടിക്ക് അകത്തും പുറത്തും പേരും പെരുമയും ഉള്ള നേതാവായിട്ടു പോലും അദ്ദേഹത്തിന് സ്ഥാനം നിലനിര്‍ത്താനായില്ല.

കെ.കൃഷ്ണന്‍കുട്ടി മന്ത്രിയാകാന്‍ അയോഗ്യനായതുകൊണ്ടല്ല ഈ മന്ത്രിമാറ്റം വിമര്‍ശിക്കപ്പെടുന്നത്. ജല-കാര്‍ഷിക വിഷയങ്ങളില്‍ അക്കാദമിക് പണ്ഡിതന്മാരെക്കാള്‍ അറിവും അനുഭവവും ഉള്ള പൊതുപ്രവര്‍ത്തകനാണ് കൃഷ്ണന്‍കുട്ടി. നാലു പതിറ്റാണ്ടോളം മുമ്പാണ് അദ്ദേഹം ആദ്യമായി നിയമസഭാംഗമായത്. പലവട്ടം ചിറ്റൂറിനെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തിയ അദ്ദേഹത്തിനു മുമ്പ് മന്ത്രിയാകാന്‍ കഴിയാതെ പോയത്, ജയിച്ചപ്പോഴൊന്നും അദ്ദേഹത്തിന്റെ പാര്‍ട്ടി ഉള്‍പ്പെടുന്ന മുന്നണിക്കു ഭൂരിപക്ഷം കിട്ടാഞ്ഞതു കൊണ്ടു മാത്രമാണ്. നദീജലവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന സംസ്ഥാനമാണു കേരളം. മിക്കതും തമിഴ് നാടുമായുള്ള തര്‍ക്കവിഷയങ്ങളായി വര്‍ഷങ്ങളായി നിലനില്‍ക്കുന്നുമുണ്ട്. ഭൂവുടമ മാത്രമല്ല, ശരിക്കുമൊരു കര്‍ഷകന്‍ തന്നെയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം മന്ത്രിസഭയ്ക്ക് അറിവും അനുഭവസമ്പത്തും പ്രദാനം ചെയ്യും എന്ന കാര്യത്തിലാര്‍ക്കും സംശയമില്ല.

ജനതാദളുമായി ബന്ധപ്പെട്ട ഒരു വിഷയം കൂടി ഇതിനിടെ ഉയര്‍ന്നു വരുന്നുണ്ട്. മന്ത്രിമാറ്റം പോലെ അതും നേരിട്ട് ജനങ്ങളെ ബാധിക്കുന്ന ഒന്നല്ല. എന്തിനാണ് ഇടതുമുന്നണിയില്‍ രണ്ടു ജനതാദളുകള്‍? ചോദിച്ചേടത്തു ലോക്സഭാ സീറ്റ് കിട്ടാത്തതിന്റെ പേരില്‍ മുന്നണി മാറിയ വീരേന്ദ്രകുമാറിന്റെ ജനതാദള്‍ ഒടുവില്‍ ഒരു നിയമസഭാംഗത്വം പോലും ഇല്ലാതെ പാപ്പരായ ശേഷമാണ് ഇടതുമുന്നണിയിലേക്കു മടങ്ങിയത്. ലോക് തന്ത്രിക് ജനതാദള്‍ എന്നാണ് ഈ പാര്‍ട്ടിയുടെ ഇപ്പോഴത്തെ പേര്. പേരെന്തായാലും തന്ത്രമെന്തായാലും ഇതും ഒരു ജനതാദള്‍ ആണ്. ഒരു മുന്നണിയില്‍ രണ്ട് ജനതാ ദളുകള്‍ ആവശ്യമുണ്ടോ എന്ന് അവര്‍ ചര്‍ച്ച ചെയ്യട്ടെ. മന്ത്രിമാറ്റം പോലെ ജനങ്ങള്‍ക്ക് ഇതിലും ഒന്നും പറയാനാവില്ല. ഒരു പാര്‍ട്ടിയായിക്കഴിഞ്ഞാല്‍ അത്രയും തലവേദന മുന്നണിക്കു കുറയും എന്നു മാത്രം. കെ.കൃഷ്ണന്‍കുട്ടിക്കു മന്ത്രി എന്ന നിലയില്‍ വിജയകരമായി പ്രവര്‍ത്തിക്കാന്‍ ഇതു ഏറെ സഹായകരമാകുകയും ചെയ്യും.